ഭാരതീയ സാഹിത്യത്തിലെ ഒഴിച്ചുകൂടാനാവാത്ത ഒരു വ്യക്‌തിത്വം തന്നെയാണ് കാളിദാസൻ.നൂറ്റാണ്ടുക
ൾക്കിപ്പുറവും ധാരാളമായി വായിക്കപ്പെടുകയും , നിരവധി പഠനങ്ങൾ നടത്തപ്പെടുകയും ചെയ്യുന്നവയാണ് കാളിദാസ കൃതികൾ. അദ്ദേഹത്തിന്റെ ജീവിതകാലത്തെ കുറിച്ചോ ,കുടുംബത്തെ ക്കുറിച്ചോ വ്യക്തമായ വിവരങ്ങൾ ഒന്നും തന്നെ ലഭ്യമല്ല. അതെ കുറിച്ച് പല കഥകൾ കേൾക്കാമെങ്കിലും ഒന്നിനും ഒരു തീർച്ചയില്ല എന്നുള്ളത് ഒരു ന്യൂനത തന്നെയാണ്.
വിക്രമാദിത്യരാജ സദസ്സിലെ നവരത്നങ്ങളിൽ ഒരാളായിരുന്നു കാളിദാസൻ എന്ന് മാത്രമാണ് നമുക്കറിയാവുന്നത്. പക്ഷെ ഏതു വിക്രമാദിത്യൻ ആയിരുന്നു ആ രാജാവ് എന്ന് ചോദിച്ചാൽ കണ്ണു മിഴിക്കേണ്ടി വരും. എങ്കിൽ കൂടിയും ബിസി ഒന്നാം നൂറ്റാണ്ടാണ് കാളിദാസന്റെ ജീവിതകാലമെന്നാണ് അനുമാനിക്കപ്പെടുന്നത്. എന്നാൽ കാളിദാസൻ ഒരു സാങ്കൽപ്പിക കഥാപാത്രമാണെന്നും ചിലർ അഭിപ്രായപ്പെട്ടു കണ്ടിട്ടുണ്ട്.
കാളിദാസന്റെ ജീവിത കഥയെ ആധാരമാക്കി നിരവധി ഐതിഹ്യങ്ങൾ പ്രചാരത്തിലുണ്ട്. ഇരിക്കുന്ന കൊമ്പു മുറിക്കുന്ന ഒരു വിഡ്ഢിയുടെയും , ദേവിയുടെ അനുഗ്രഹം നേടി പണ്ഡിതനായ കഥകളുമൊക്കെ അക്കൂട്ടത്തിൽ പെടുന്നു. ഏഴു കൃതികളാണ് കാളിദാസന്റേതായി അംഗീകരിക്കപ്പെട്ടിട്ടുള്ളത്. ആ ഏഴെണ്ണത്തിൽ കാവ്യ വിഭാഗത്തിൽ പെടുന്ന ഒരു കൃതിയാണ് മേഘദൂതം. ബാക്കിയുള്ളവ നാടക ഗ്രന്ഥങ്ങളാണ്.
കാളിദാസനെ കഥാപാത്രമാക്കി മലയാളത്തിൽ അത്രയൊന്നും നോവലുകൾ വന്നിട്ടില്ല. കൂടുതലും പഠനങ്ങളാണ് പുറത്തു വന്നിട്ടുള്ളത്. കാളിദാസന്റെ മേഘദൂത് എന്ന കൃതി രചിക്കാനിടയായ സംഭവങ്ങളെ നോവൽ രൂപത്തിൽ അവതരിപ്പിച്ചിരിക്കുകയാണ് സുധീർ പറൂര് എന്ന എഴുത്തുകാരൻ.
സുഹൃത്തുക്കളായ മൂന്നു ചെറുപ്പക്കാർ ഒരു ഹിമാലയ പര്യടനം നടത്തുന്നതോടെയാണ് നോവൽ അതിന്റെ കാഴ്ചകളുടെ കെട്ടഴിച്ചു വിട്ടിരിക്കുന്നത്. പലരെയും വഴി തെറ്റിച്ചിട്ടുളളപോലെ ആ ഹിമാലയൻ യാത്ര അവരെയും വേറൊരിടത്തേക്കു കൊണ്ടുപോയി. ബാബജി എന്ന് വിളിക്കുന്ന ഒരു പണ്ഡിതനായ വൃദ്ധനെയാണവർ അവിടെ കണ്ടുമുട്ടിയത് . അവിടെ വെച്ച് പഴക്കം ചെന്ന ഒരു താളിയോലക്കെട്ടു പരിശോധിക്കാൻ അവർക്കു സാധിക്കുന്നു. കാളിദാസന്റെ ജീവിതവുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ അതിലുണ്ടായിരുന്നു. ഭോജരാജ സദസ്സിലെ ശങ്കരകവി എഴുതിവെച്ച ചില കുറിപ്പുകളായിരുന്നു അതിലുണ്ടായിരുന്നത്.
അതിൽ കാളിദാസന്റെ മനസിനെ കീഴടക്കിയ ഒരു പെൺകുട്ടിയെ കുറിച്ചു പറയുന്നുണ്ട്. പരസ്പരം ഇഷ്ടപ്പെട്ടിരുന്ന അവർക്കിടയിൽ ഒരു പ്രതിബന്ധമായി നിന്നിരുന്നത് സാക്ഷാൽ ഭോജരാജാവ് തന്നെയായിരുന്നു. രാജാവിനിഷ്ടപ്പെട്ട ആ പെൺകുട്ടിയെ കാളിദാസന് എങ്ങനെ സ്വന്തമാക്കാനാണ്?
കാളിദാസൻ രാജാവിന് ഏറ്റവും പ്രിയപ്പെട്ടവൻ തന്നെയാണ്, പക്ഷേ കാളിദാസന് അവളോടുള്ള താല്പര്യം രാജാവിന് അത്ര സുഖിച്ചില്ല എന്ന് മാത്രമല്ല,കാളിദാസനെ ഒഴിവാക്കാൻ കടന്ന കൈകൾ തന്നെ കൈകൊള്ളുകയും ചെയ്തു. പക്ഷേ ആ പ്രതിസന്ധികളൊക്കെ കാളിദാസൻ അതിജീവിക്കുകയും ചെയ്തു . ആ പെൺകുട്ടിയുടെ മാതാവിന്റെ നീക്കങ്ങൾ അദ്ദേഹത്തെ രക്ഷപ്പെടുത്തി എന്നാണ് പറയപ്പെടുന്നത് . കാളിദാസനെ മോഹിപ്പിച്ച ആ പെൺകുട്ടിയാണ് മാളവിക.
തന്റെ സാഹിത്യ ലോകവും, രാജാവിന്റെ സൗഹൃദവും , സ്നേഹഭാജനവുംമൊക്കെ സൃഷ്ടിക്കുന്ന ആത്മസംഘർഷങ്ങളും ,വിരഹവും, വെല്ലുവിളികളുമൊക്കെയാണ് മനോഹരമായി നോവലിൽ വരച്ചു വെച്ചിരിക്കുന്നത്. കാളിദാസന്റെ കഥകളെ അവതരിപ്പിക്കുമ്പോൾ ഉണ്ടായിരിക്കേണ്ട ഭാഷയും, പ്രയോഗങ്ങളും അതിന്റെ നിലവാര സാമർഥ്യവും വേണ്ടയിടങ്ങളിൽ പ്രതിഷ്ഠിച്ചുകൊണ്ടു തന്നെയാണ് എഴുത്തുകാരൻ ഈ നോവലിനെ മികച്ചതാക്കിയിരിക്കുന്നത്.
സാഹിത്യത്തിൽ സന്ദേശകാവ്യങ്ങൾക്ക് വഴികാട്ടിയായി ഭവിച്ചത് മേഘസന്ദേശമാണ് എന്നാണ് പറയപ്പെടുന്നത്. പ്രിയജന വിരഹം എങ്ങനെ മനുഷ്യ മനസ്സിനെ ബാധിക്കുന്നു എന്നതാണല്ലോ മേഘസന്ദേശത്തിന്റെ ഉള്ളടക്കം. സ്വാനുഭവത്തിൽ നിന്നുമെടുത്താണ് ഈ കൃതി കാളിദാസൻ രചിച്ചത് എന്നാണ് കഥകൾ.
സുധീർ പറൂര് ഈ നോവലിൽ അവതരിപ്പിച്ചിരിക്കുന്നത് കാളിദാസനെ സംബന്ധിച്ച ഒരു ഒരു കഥയെ ആസ്പദമാക്കിയാണെന്ന് സൂചിപ്പിച്ചല്ലോ . മേഘസന്ദേശം പിറന്നതിന് പിന്നിൽ മറ്റൊരു കഥ കൂടിയുണ്ട്. കാളിദാസൻ സ്നേഹിച്ചത് രാജാവിന്റെ തന്നെ സഹോദരിയെ തന്നെയായിരുന്നു എന്നതായിരുന്നു ആ കഥയിലുള്ളത്.
കഥകൾ എന്തു തന്നെയായാലും കാളിദാസന്റെ ഒരു അത്യുജ്ജ്വല കൃതി തന്നെയാണ് മേഘസന്ദേശം എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. ആകാശത്ത് കുട്ടികൊമ്പനെ പോലെ തോന്നിക്കുന്ന മേഘകൂട്ടത്തിനോട് നായകൻ തന്റെ പ്രണയ സന്ദേശം പ്രണയിനിയ്ക്ക് എത്തിക്കാൻ വേണ്ടി പറഞ്ഞ് കേൾപ്പിക്കുന്നതാണല്ലോ മേഘസന്ദേശം. കാളിദാസന്റെ കൃതികളുടെ പ്രകൃതി വർണ്ണനകളും ,ഉപമകളും അതി മനോഹരമാണ്. മേഘയാത്രികൻ എന്ന നോവലിലും അതിന്റെ ചില അനുരണനങ്ങൾ കാണാം.
തീർച്ചയായും മലയാളത്തിൽ വന്നിട്ടുള്ള മികച്ച കൃതികകളുടെ തട്ടിൽ കയറ്റിയിരുത്തേണ്ട നോവൽ തന്നെയാണ് മേഘയാത്രികൻ എന്ന നോവൽ.