ഒരാളും ദൈവവും മാത്രമുള്ള നോവൽ
കഴിഞ്ഞ 15 – 16 വര്‍ഷങ്ങള്‍ക്ക് മുൻപ് ആണ് ആടുജീവിതം എന്ന നോവലിന്റെ ആദ്യമായ ചിന്തകൾ വരുന്നത് . 2005 ന്റെ തുടക്കത്തിൽ ആണ് എന്ന് തോന്നുന്നു . 2008 ലാണ് പ്രസിദ്ധീകരിക്കപ്പെട്ടത് എങ്കിലും അതിനും മൂന്നു വർഷങ്ങൾക്കു മുൻപ് തന്നെ ആടുജീവിതം എന്ന നോവൽ എന്റെ മനസ്സിൽ രൂപം കൊള്ളുകയും പിന്നീട് അതെ തുടർന്ന് അതിന്റെ രചന സംഭവിക്കുകയും ആയിരുന്നു . ഇപ്പോൾ തിരിഞ്ഞു നോക്കുമ്പോൾ സത്യത്തിൽ ഒരു അത്ഭുതമാണ് എനിക്ക് ഉള്ളത് കാരണം അന്ന് ഒരു സാധാരണ പ്രവാസി എഴുത്തുകാരനായിരുന്ന ഒരാൾ വളരെ കുറച്ചു കഥകൾ പ്രസിദ്ധീകരിച്ചിട്ടുള്ള ഒന്നുരണ്ടു നോവലുകൾ എഴുതിയിട്ടുള്ള ഒരാളുടെ കൃതി മലയാളം ഏറ്റെടുക്കുകയും പരക്കെ സ്വീകരിക്കുകയും ഇപ്പോൾ രണ്ടുലക്ഷം കോപ്പികളിൽ എത്തപ്പെടുകയും ഒക്കെ ചെയ്യുന്നത് വളരെ അഭിമാനത്തോട് കൂടി സന്തോഷത്തോടു കൂടി അതിനെ ഞാൻ സ്വീകരിക്കയാണ് .
ഇവിടെ സൂചിപ്പിച്ചതു പോലെ പ്രവാസി ആയിരുന്ന കാലത്താണ് അത് എഴുതിയത് . അപ്പോഴേക്കും ഏതാണ്ട് 17 ഓളം വർഷങ്ങൾ ഞാൻ പൂർത്തിയായി കഴിഞ്ഞിരുന്നു ആ നോവലിന്റെ രചനവേളയിൽ. അത്രയും കാലം കൊണ്ട് ഗൾഫ് മേഖലയിൽ പലതരത്തിലുള്ള ജീവിതങ്ങളെ കാണുകയും അനുഭവങ്ങൾ മനസ്സിലാക്കുകയും ചെയ്തതോടു കൂടി മലയാളി ഇന്നോളം വിചാരിച്ചിരിക്കുന്ന ഒന്നല്ല ഗൾഫ് ജീവിതമെന്നും അതിനും അപ്പുറത്തു പച്ചയായ ചില യാഥാർഥ്യങ്ങൾ ഉണ്ട് എന്നും കേരളീയ സമൂഹത്തോടും മലയാളി സമൂഹത്തോടും പറയുക എന്ന എന്റെ ഉത്തരവാദിത്തമായി കരുതിയതിന്റെ തുടർച്ചയായിട്ടാണ് യഥാർത്ഥത്തിൽ ആടുജീവിതം എന്ന നോവൽ സംഭവിക്കുന്നത്.
ഒരാളും ദൈവവും മാത്രമുള്ള ഒരു നോവൽ എന്നുള്ള സങ്കൽപം എന്റെ മനസ്സിൽ കൊണ്ട് നടന്നിരുന്നു . എന്താണ് അതിന്റെ രൂപമെന്നോ ഭാവമെന്നോ എങ്ങനെയാണു അതിനു ആശയം കൊടുക്കുക എന്നോ എനിക്കറിയില്ലായിരുന്നു . ഒരാൾ മാത്രമുള്ള ഒരു നോവലിനെ കുറിച്ച് എപ്പോഴെങ്കിലും എഴുതും എന്ന് കൂട്ടുകാരോടോക്കെ പറഞ്ഞു കൊണ്ടേയിരുന്നു. ആ സമയത്താണ് വളരെ യാദൃശ്ചികം എന്നോണം ഇവിടെ സൂചിപ്പിച്ച നജീബ് എന്ന സുഹൃത്തിനെ കണ്ടു മുട്ടുകയും അദ്ദേഹം കടന്നുപോയ വഴികളിലൂടെ വീണ്ടും മനസ്സുകൊണ്ട് സഞ്ചരിക്കാനുള്ള ഒരു സൗമനസ്സ് അദ്ദേഹം കാണിക്കുകയും ചെയ്തത് . അങ്ങനെ ഏതാണ്ട് ഒരു വർഷത്തിലും അധികം അദ്ദേഹത്തോടുള്ള നിരന്തരമായാ സഹവാസത്തിനു ശേഷമാണു ഞാൻ യാദർത്ഥത്തിൽ എഴുതാൻ ആഗ്രഹിച്ച നോവൽ ഇതാണ് എന്നും ഗൾഫ് ജീവിതത്തിന്റെ യഥാർത്ഥ മുഖം പകർത്തപ്പെടാൻ ഇതുപോലെ മറ്റൊരു കഥ ഇല്ല എന്നും ഞാൻ എന്റെ മനസ്സിൽ കൊണ്ട് നടന്ന ഒരു മനുഷ്യൻ മാത്രമുള്ള നോവൽ എന്ന ആ സങ്കല്പത്തിലേക്കു എത്തപെടാൻ ഏറ്റവും ഉചിതമായ വേള ഇതാണ് എന്നൊക്കെ തീരുമാനിക്കപ്പെടുന്നത് അവിടെ വെച്ചാണ്. അങ്ങനെയാണ് ആടുജീവിതം എന്ന് പറയുന്ന നോവൽ എഴുതുന്നത് .
ഇടയ്ക്കു ഇവിടെ സൂചിപ്പിച്ചതുപോലെ എഴുതിക്കഴിഞ്ഞ ശേഷം പലതരം തിരസ്കാരങ്ങൾ നേരിട്ട കൃതിയാണ് ഇത് . ഒരു നോവൽ മത്സരത്തിൽ ഒരു പുരസ്കാരം ഒരു പ്രോത്സാഹന സമ്മാനം പോലും ലഭിക്കാതെ പോയിട്ടുണ്ട് . ഒരു വാരിക ഖണ്ഡശ്ശ:യായി പ്രസിദ്ധീകരിക്കാനുള്ള ആ ശ്രമത്തിൽ നിന്ന് അവർ പിന്മാറുകയുണ്ടായി. ഇതൊക്കെ കഴിഞ്ഞതിനു ശേഷമാണ് വളരെ യാദൃശ്ചിക മായി ഗ്രീൻ ബുക്ക്സ് പ്രസാധനം ഏറ്റെടുക്കുകയും ഈ പുസ്തകത്തെ ഇത്രത്തോളം എത്തിക്കുകയും ചെയ്തത് . ആദ്യമേ തന്നെ ഗ്രീൻബുക്‌സിനോടുള്ള നന്ദി രേഖപ്പെടുത്തുകയാണ് . ഇതുപോലെ ഒരു ചടങ്ങ് സംഘടിപ്പിക്കുവാൻ അവർ കാണിച്ചുള്ള സൗമനസ്യം ഞാൻ അത് സന്തോഷപൂർവം സ്വീകരിക്കുന്നു . ആടുജീവിതത്തെ സംബന്ധിച്ച എന്റെ മറ്റൊരു സന്തോഷം എന്നത് സാഹിത്യത്തെ ഇഷ്ടപ്പെടുന്ന ആളുകൾ മാത്രമല്ല ജീവിതത്തിന്റെ നാനാതുറയിൽഉള്ള ആളുകൾ സാഹിത്യത്തെ തങ്ങളുടെ ജീവിതത്തിന്റെ പ്രധാന ഭാഗമായി കാണാത്ത സാധാരണക്കാർ പോലും ആടുജീവിതം വായിക്കുകയും അതിനെ കൊണ്ട് നടക്കുകയും ആഘോഷിക്കുകയും ചെയ്തു എന്നുള്ളതാണ് ഒരു എഴുത്തുകാരൻ എന്ന നിലയിൽ സന്തോഷം നൽകുന്ന അനുഭവം.
സാഹിത്യത്തിൽ ഉണർവ്വ്
ഇത് മാത്രമല്ല വ്യക്തിപരമായ സന്തോഷം എന്ന നിലയിൽ അല്ലെങ്കിൽ സാഹിത്യത്തെ സ്നേഹിക്കുന്ന ഒരാളെന്ന നിലയിൽ മലയാള സാഹിത്യം ഏതാണ്ട് അസ്തമിച്ചു എന്ന് വിചാരിക്കപ്പെട്ട കാലത്താണ് ഒരു നോവൽ വരികയും അത് പരക്കെ വായിക്കുകയും അതെ തുടർന്ന് മലയാള സാഹിത്യത്തിന് ഒരു വലിയ ഉണർവ്വ് ഉണ്ടാവുകയും ധാരാളം പുതിയ നോവലുകൾ ഉണ്ടാവുകയും അത് അന്തർദേശീയ ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്ത ഒരു സാഹചര്യത്തിലേക്ക് തിരിഞ്ഞു പോക്ക് . അതിനു ആടുജീവിതം പോലെയുള്ള ഒരു നോവൽ അർഹമായി എന്നത് വളരെ സന്തോഷം നല്‍കുന്ന കാര്യമാണ് .കഴിഞ്ഞ 16 വർഷത്തിനിടയിൽ പലതരം പുരസ്കാരങ്ങളുടെയും സ്നേഹ ആദരവുകൾക്കുമൊക്കെയിടയിലൂടെ ഈ നോവൽ ഇവിടെ എത്തി നിൽക്കുന്നു എന്നുള്ളത് വളരെ അത്ഭുതം തോന്നിപ്പിക്കുന്ന അഭിമാനം തോന്നിപ്പിക്കുന്ന എന്നെ കൂടുതൽ വിനയാന്വിതനാക്കുന്ന എന്റെ സാഹിത്യത്തെ കൂടുതൽ ഗൗരവമുള്ളതു ആക്കുവാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങൾ ആയിനിലനിൽക്കുകയാണ്.
തൻറെ ഔദ്യോഗികമായ ഭരണ നിർവഹണ തിരക്കുകൾക്കിടയിലും നമുക്ക് സമയം അനുവദിച്ചു കൊണ്ട് കടന്നു വരികയും ഈ ചടങ്ങിന്റെ ഉദ്‌ഘാടനം നിർവഹിക്കുകയും ചെയ്ത കേരളത്തിന്റെ ആദരണീയനായ മുഖ്യമന്ത്രി ശ്രീ പിണറായി വിജയനോടുള്ള നന്ദി ഈ അവസരത്തിൽ രേഖപ്പെടുത്തുന്നു .
നജീബിന്റെ അഭ്രപാളിയിൽ കാണാനാണ് ഇപ്പോൾ എല്ലാവരും ഒരുപോലെ കാത്തിരിക്കുന്നത് ഞാനും യധാർത്ഥത്തിൽ അതിനു വേണ്ടി കാത്തിരിക്കുകയാണ്. തീവ്രാനുഭവങ്ങളോടെ കടന്നുപോയ ആ കഥാപാത്രത്തിന് ജീവൻ നൽകുന്നത് എല്ലാവര്‍ക്കും അറിയാവുന്ന തു പോലെ നമ്മുടെയൊക്കെ പ്രിയപ്പെട്ട അനുഗ്രഹീത നടൻ പൃഥ്വീരാജ് ആണ് . അദ്ദേഹം ഷൂട്ടിങ്ങിന്റെ വളരെയധികം തിരക്കുകൾക്കിടയിലും കടന്നു വരികയും ഈ ചടങ്ങിന്റെ ഭാഗമാകുക യും ചെയ്തതിലുള്ള നന്ദി വളരെ ഹൃദയപൂർവം ഞാൻ അറിയിക്കുന്നു . അടുത്തതു ബ്ലസി സാർ ആണ്. ഞങ്ങൾ തമ്മിലുള്ള ഒരു ആത്മബന്ധം എത്രയാണ് എന്ന് പറഞ്ഞറിയിക്കാൻ കഴിയില്ല . 2008 ലാണ് ഈ നോവൽ പുറത്തിറങ്ങുന്നത് . അപ്പോൾ തന്നെ അദ്ദേഹം എന്നെ സമീപിക്കുകയും നോവൽ സിനിമയാക്കാനുള്ള കരാറിൽ ഞങ്ങൾ ഏർപ്പെടുകയും ചെയ്തു . അതിനു ശേഷം അദ്ദേഹവും ശ്രി പ്ര്വിഥ്വിരാജ് ഇവിടെ സൂചിപ്പിച്ചതു പോലെ എത്രയോ ചർച്ചകളിലൂടെ കടന്നാണ് നമ്മൾ ഇവിടെ എത്തിയിരിക്കുന്നത് .
ഞാൻ കരുതുന്നത് ആടുജീവിതം ഏറ്റവും അധികം വായിച്ചിട്ടുള്ള ആൾ ഒരുപക്ഷെ ബ്ലസി സാറായിരിക്കും. എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല . കാരണം ആ നോവലിനെ ദൃശ്യ ഭംഗി നൽകുന്നതിന് വേണ്ടി അദ്ദേഹം അതിന്റെ ഓരോ വരികളിൽ കൂടിയും അതിന്റെ സാധ്യതകളിൽ കൂടിയും കടന്നു പോവുകയും നിരന്തരം എന്നെ വിളിക്കുകയും സംശയങ്ങൾ തീർക്കുകയും അതിന്റെ സാദ്ധ്യതകൾ ആരായുകയും ഒക്കെ ചെയ്തുകൊണ്ട് ആടുജീവിതം എന്ന നോവലിന്റെ ഉള്ളിൽ മുഴുകി ജീവിച്ച ഒരു ദശാബ്ദകാലമാണ് അദ്ദേഹത്തിന്റെ ജീവിതത്തിനു ഉള്ളത്. പൃഥ്വീരാജ് ഇവിടെ സൂചിപ്പിച്ചതുപോലെ തന്റെ ജീവിതം തന്നെ ആടുജീവിതം എന്ന് പറയുന്ന ഒരു സിനിമക്ക് വേണ്ടി ഹോമിച്ച ഒരു വലിയ മഹാനായ വ്യക്തി എന്ന നിലയിലാണ് ഞാൻ അദ്ദേഹത്തെ കാണുന്നത്. അദ്ദേഹത്തിന്റെ ഈ കഠിന യത്നം തീർച്ചയായിട്ടും ഫലവത്താവുകയും അതിനു വലിയ ഉണ്ടാവുകയും ചെയ്യും എന്നാണ് ഞാൻ കരുതുന്നത്.
അടുത്ത വര്‍ഷം നമുക്ക് അത് അഭ്രപാളിയിൽ കാണാം .