എഴുപത്തിയൊമ്പതാം പിറന്നാൾ ആഘോഷിക്കുകയാണ് പ്രശസ്തസാഹിത്യകാരൻ സേതു. കഴിഞ്ഞവർഷം മാർച്ചിൽ അദ്ദേഹത്തെക്കുറിച്ച് എഴുതിയ ഒരു കുറിപ്പ് പുനഃപ്രസിദ്ധീകരിക്കുന്നു.
കൃഷ്ണദാസ്
ഈയിടെ വായിക്കുന്ന സേതുവിൻ്റെ കഥകൾ വാർദ്ധക്യത്തെ ചുറ്റിപ്പറ്റിയുള്ളതാണ്. ജീവിതം ഒരു സായാഹ്നമായി വന്നെത്തുമ്പോൾ എഴുത്തുകാരനിലും ഉണ്ടാകുന്ന ഒരു ധ്രുവപരിണാമം എന്ന് പറയാൻ തോന്നുന്നു.
സ്മൃതിനാശം സംഭവിക്കുന്ന ഒരു ജീനിയസിൻ്റെ കഥയാണ് അദ്ദേഹം പറയുന്നത്. “സത്യത്തിൽ ആർക്കും, ഒരു മെഡിക്കൽ സയൻസിനും പിടിത്തരാത്തതാണ് മനസ്സിൻ്റെ യാത്രകൾ” എന്നൊരു വാക്യം അദ്ദേഹം കുറിച്ചിടുന്നുണ്ട്. രോഗമൂർച്ഛയിൽ പിറകോട്ടു നടന്നുപോകുന്ന കുമാരു ഒരു സ്കൂൾ കുട്ടിയായി മാറുന്നു.


എൻ്റെ വീട്ടിൽ മകൾ കൊണ്ടുവരുന്ന വിഷയങ്ങളിൽ ഒന്നു തന്നെയാണ് ജെഡിയാട്രിക്സ്. മെഡിക്കൽ കോളേജിൽ ജെഡിയാട്രിക്സിന് ആഴ്ചയിലൊരിക്കലെങ്കിലും ഒരു ഈവെനിംഗ് ക്ലിനിക്ക് വേണമെന്ന ഡിപ്പാർമെൻ്റ് തീരുമാനം, ജെഡിയാട്രിക്സ് രോഗികളെ തിരിച്ചറിയാതെ അച്ഛനും അമ്മയ്ക്കും അഹമതിയാണ് എന്ന് പറയുന്ന മക്കൾ, വയസ്സേറെ ചെന്നവരുടെ യുക്തിക്കു നിരക്കാത്ത ചിന്തകളും വർത്തമാനങ്ങളും.. ഇതൊക്കെ അവളുടെ വർത്തമാനത്തിലുണ്ടാകും. ഒടുവിൽ ഡിമെൻഷ്യയും കടന്നു വരും. ഈയിടെ ഒരു കോൺഫറൻസിൽ വെച്ച് അവളുടെ ഒരു സീനിയർ പ്രൊഫസർ പറഞ്ഞുവത്രേ: ആയുർവേദത്തിലെ മാനസമിത്രം ഗുളിക ഓർമ്മക്കുറവുണ്ടാകും എന്ന് തോന്നുന്നവർക്ക് കഴിക്കാവുന്നതാണ്. ഫല സിദ്ധി ഉണ്ടാകും എന്നൊരു പ്രത്യാശ അദ്ദേഹം തരുന്നു.


കാര്യങ്ങൾ ഇങ്ങിനെയൊക്കെയാണ് എങ്കിലും 20 കൊല്ലം എങ്ങിനെ കടന്നു പോയി എന്ന് ഞാൻ ഇപ്പോൾ ആശ്ചര്യപ്പെടുന്നു! ഞാൻ സെക്രട്ടറിയും സേതു സർ പ്രസിഡൻ്റുമായി അയ്യന്തോളിൽ “വായന” രൂപീകരിച്ച ആ കാലം. ആഴ്ചപ്പതിപ്പിലെ ഇപ്പോഴത്തെ മുഖചിത്രമല്ല, ഊർജ്ജസ്വലനായ ഒരു എക്സിക്യൂട്ടീവിൻ്റെ മുഖം. കാലം എല്ലാറ്റിനെയും മാറ്റുകയാണ്. എനിക്കും ഉണ്ടായി എത്രയെത്ര അനുഭവങ്ങളും രൂപപരിണാമങ്ങളും!! ‘വായന’ നടത്താൻ എന്നെ പ്രേരിപ്പിച്ചത് ടി എൻ ജയചന്ദ്രനായിരുന്നു. “തിരുവനന്തപുരത്ത് ഞങ്ങൾക്ക് അങ്ങിനെയൊന്നുണ്ട്. ഇവിടെ തൃശ്ശൂരും വേണം. സേതുവിനോട് ഞാൻ പറയാം.” അന്ന് ഊർജ്ജസ്വലനായിരുന്ന ടി എൻ ഇപ്പോൾ മറവികളുടെ ലോകത്തു ജിവിക്കുകയാണ്.
അക്കാലത്തു തന്നെയാണ് ഞാൻ തൃശ്ശൂരിലുള്ള പവനനേയും വിളിച്ചത്. എത്ര വിനയമാർന്ന വാക്കുകളാണ് അന്ന് പവനൻ എന്നോട് ഉരുവിട്ടത്. “എനിക്ക് ഇപ്പോൾ നിങ്ങളുടെ സദസ്സിൽ പങ്കെടുക്കാൻ നിർവാഹമില്ല. ഇടയ്ക്കിടയ്ക്ക് ബന്ധപ്പെടാൻ മറക്കരുത്.” എന്നു പറഞ്ഞ് അദ്ദേഹം അവസാനിപ്പിച്ചു. താമസിയാതെ മറവിയുടെ ലോകത്തേയ്ക്ക് അദ്ദേഹം നടന്നു പോയി. പിന്നീടാണ് പാർവതിച്ചേച്ചി എൻ്റെ പ്രിയ മിത്രമായി മാറിയത്.
തിരിഞ്ഞു നോക്കുമ്പോൾ എല്ലാം ഒരു കടംകഥപോലെ!
സേതുവിൻ്റെ കഥ വായിച്ചപ്പോൾ ഇത്രയും എഴുതണമെന്നു തോന്നി.
ഗ്രീൻ ബുക്സ് പ്രസിദ്ധീകരിച്ച സേതുവിൻ്റെ പുസ്തകങ്ങൾ