പി കുഞ്ഞിരാമന്‍ നായര്‍
(4 ഒക്ടോബര്‍ 1905-27 മെയ് 1978)
വരുമോ കുങ്കുമം തൊട്ട
സാന്ധ്യശോഭ കണക്കവള്‍?
പി കുഞ്ഞിരാമന്‍ നായര്‍ (തോണിപ്പുരയില്‍)
ഒരു കവിക്കു വേണ്ട എല്ലാ സവിശേഷപ്രതിഭകളും പി കുഞ്ഞിരാമന്‍ നായരില്‍ ഉണ്ടായിരുന്നു – അസാമാന്യമായ പദസമ്പത്ത്, പ്രണയമാധുരിയും സൗന്ദര്യബോധവും നിറഞ്ഞുതുളുമ്പുന്ന ഭാവനാലോകം, പ്രകൃത്യുപാസന, മൃത്യുചിന്ത, അന്യതാബോധം, ആധുനികതയിലേയ്ക്ക് നിരന്തരം പുതുക്കിപ്പണിഞ്ഞിരുന്ന ഭാഷ…
നിരന്തരമായ അലച്ചിലായിരുന്നു കവിക്ക് ജീവിതം. ആ യാത്രകള്‍ ഏതു നിത്യകന്യകയെത്തേടിയായിരുന്നു എന്ന് ആര്‍ക്കും അറിയില്ല. പി യുടെ കവിതയിലെ അനുരാഗസങ്കല്പത്തിലും മിസ്റ്റിസിസത്തിലും ഇത്തരം അന്വേഷണങ്ങളുടെ നിഗൂഢതയുണ്ട്. കവിയുടെ മൂന്ന് ആത്മകഥകളുടെയും പേരുകളില്‍ത്തന്നെ ഈ അന്വേഷണങ്ങളുടെ മുദ്രകളുണ്ടല്ലോ –
കവിയുടെ കാല്‍പ്പാടുകള്‍, എന്നെ തിരയുന്ന ഞാന്‍, നിത്യകന്യകയെത്തേടി – എല്ലാം അലച്ചിലുകള്‍ തന്നെ.
ആര്‍ക്കും പിടികൊടുക്കാതെ അലയുകയാണ് പി യുടെ കവിതകള്‍. “വാക്കുകളുടെ മഹാബലി” എന്ന് പി യെ വിശേഷിപ്പിച്ച കെ ജി ശങ്കരപ്പിള്ള എഴുതുന്നു: “ഒരു നാടന്‍ ഉത്സവപ്പറമ്പു പോലെയാണ് കുഞ്ഞിരാമന്‍നായരുടെ കവിത. ആ ഉത്സവപ്പറമ്പിലേക്ക് നാട്ടുകാര്‍ സ്വാഭാവികമായും വന്നെത്തുന്നു. അവിടേക്ക് പാതിരാക്കാറ്റും പാതിരാപ്പൂക്കളും പാതിരാനക്ഷത്രങ്ങളും രാത്രിയുടെ നിശ്ശബ്ദമായ വെളിച്ചങ്ങളും താനേ വന്നുചേരുന്നു. ഉത്സവപ്പറമ്പിലേക്ക് വളരെ ആഴത്തില്‍ നിന്ന് ഈ സംസ്‌കാരത്തിൻ്റെ താളക്രമങ്ങള്‍ വന്നുചേരുന്നു. സംസ്‌കാരത്തിൻ്റെ സര്‍ഗാത്മകമായ അതിജീവനത്തിൻ്റേ തായ ത്വരകള്‍ വന്നുചേരുന്നു. ഉത്സവം ഒരു ജനതയുടെ സര്‍ഗാത്മകതയുടെ വിസ്തൃതമായ രൂപമാണ്. അത് ജനതയുടെ സ്വത്വത്തിൻ്റെ ഏറ്റവും സാര്‍ഥകമായ ഓര്‍മിക്കലുമാണ്. ഓര്‍മയുടെ ഉത്സവമായിട്ടാണ് കുഞ്ഞിരാമന്‍നായര്‍ സ്വന്തം കവിതയെ കണ്ടത്.”
എന്തിനെത്തേടിയാണ് പി അനന്തമായ അന്വേഷണങ്ങളിലേര്‍പ്പെട്ടത്? അദ്ദേഹത്തിൻ്റെ കവിതകളിലെ മിസ്റ്റിസിസത്തില്‍ ഭക്തിയും ഉണ്ടായിരുന്നു. ഭക്തകവി എന്ന് പി യെ വിശേഷിപ്പിക്കാന്‍ മാത്രമുള്ള മണ്ടത്തരവും നമ്മുടെ ചില നിരൂപകകേസരികള്‍ക്കുണ്ടായിരുന്നു.
മണ്ഡലമാസ പുലരികള്‍ പൂക്കും
പൂങ്കാവനമുണ്ടേ
മഞ്ഞണിരാവു നിലാവു വിരിക്കും
പൂങ്കാവനമുണ്ടേ..
തങ്ക പൂങ്കാവനമുണ്ടേ..
എന്ന അയ്യപ്പഭക്തിഗാനം (സംഗീതം: എം കെ അര്‍ജ്ജുനന്‍, പാടിയത് ജയചന്ദ്രന്‍) എഴുതിയത് പി കുഞ്ഞിരാമന്‍ നായരാണ്. ഏതു ഗണത്തില്‍പ്പെട്ട കവിതയെഴുതാനും അദ്ദേഹത്തിന് അനായാസം കഴിയുമായിരുന്നു.
വാങ്മയങ്ങള്‍ പി യുടെ കവിതയില്‍ തോരാമഴ പോലെ പെയ്തിറങ്ങുന്നതിനു കാരണം ജീവിതത്തിലും സര്‍ഗ്ഗജീവിതത്തിലും അദ്ദേഹം നടത്തിയ അന്വേഷണങ്ങളുടെ സമഗ്രതയും തീക്ഷ്ണതയും വ്യത്യസ്തതയും ആത്മീയതയുമാണെന്ന് കെ ജയകുമാര്‍ നിരീക്ഷിക്കുന്നു. (പി കുഞ്ഞിരാമന്‍ നായര്‍: മലയാളത്തിൻ്റെ പ്രിയകവിതകള്‍ എന്ന സമാഹാരത്തിൻ്റെ അവതാരിക, പ്രസാധകര്‍: ഗ്രീന്‍ ബുക്‌സ്, തൃശ്ശൂര്‍).
എങ്ങുതിരിഞ്ഞാലും വിരഹത്തിൻ്റെയും സൗന്ദര്യത്തിൻ്റെയും ആഹ്ളാദത്തിൻ്റെയും അനുഭൂതികളുടെയും പ്രത്യക്ഷങ്ങളായി മനുഷ്യരും ഓര്‍മ്മകളും ചിത്രങ്ങളും തിങ്ങിവിങ്ങുമ്പോള്‍ ഈ വാങ്മയധാരാളിത്തം സ്വാഭാവികമാണെന്നും ജയകുമാര്‍ പറയുന്നു.
ചുമ്മാ പലപല വേഷങ്ങള്‍ കെട്ടിയി-
ന്നാത്മസ്വരൂപത്തെയോരാതെയായി ഞാന്‍
എന്ന് കളിയച്ഛനില്‍ എഴുതിയ കവി തന്നെയാണ്
കാട്ടുമുല്ലകള്‍ പൂക്കുന്ന
വനവീഥിയിലൂടവേ
വരുമോ കുങ്കുമം തൊട്ട
സാന്ധ്യശോഭ കണക്കവള്‍?
എന്നും എഴുതിയത്. (തോണിപ്പുരയില്‍ എന്ന കവിത)
പൊതുവെ ആരോടും ആരാധനാഭാവം പുലര്‍ത്താത്ത ആറ്റൂര്‍ രവിവര്‍മ്മ പോലും പി കുഞ്ഞിരാമന്‍ നായരെക്കുറിച്ച് കവിതയെഴുതി. മേഘരൂപന്‍ എന്ന ആ പ്രസിദ്ധ കവിത തുടങ്ങുന്നതു തന്നെ പി യുടെ ഗരിമയെ വാഴ്ത്തിക്കൊണ്ടാണ്.
സഹ്യനെക്കാള്‍ തലപ്പൊക്കം
നിളയെക്കാളുമാര്‍ദ്രത
ഇണങ്ങി നിന്നില്‍; സല്‍പ്പുത്ര-
ന്മാരില്‍ പൈതൃകമങ്ങനെ
പി യുടെ കവിതകളിലെ നിതാന്തനിഗൂഢത ആറ്റൂരിനെയും ആകര്‍ഷിച്ചിരുന്നെന്നു വേണം കരുതാന്‍. “കേമന്‍മാരോമനിച്ചാലും ചെവി വട്ടം പിടിച്ചു നീ” എന്ന് ആറ്റൂര്‍ എഴുതുമ്പോള്‍ ഒരു കവി മറ്റൊരു കവിയുടെ നിതാന്തജാഗ്രത തിരിച്ചറിയുന്നത് നമുക്കനുഭവിക്കാം. മേഘരൂപന്‍ അവസാനിപ്പിക്കുമ്പോള്‍ ആറ്റൂരിന് പി. യോടുള്ള ആരാധന അതിൻ്റെ പരകോടിയിലെത്തുന്നു.
അന്ധര്‍ നിന്‍ തുമ്പിയോ കൊമ്പോ
പള്ളയോ തൊട്ടിടഞ്ഞിടാം
എനിക്കു കൊതി നിന്‍ വാലിന്‍
രോമം കൊണ്ടൊരു മോതിരം.
കവിത ഒരു സ്വതന്ത്ര സോഫ്റ്റ് വെയര്‍ പോലെയായി മാറിയ ആധുനികാനന്തര കാലത്ത് പുതിയ കവികള്‍ പി കുഞ്ഞിരാമന്‍ നായര്‍ സൃഷ്ടിച്ച നിഗൂഢകാവ്യവനാന്തരങ്ങളില്‍ അദ്ദേഹത്തിൻ്റെ ജന്മദിനമായ ഇന്നെങ്കിലും അല്പനേരം ഉഴറിനടന്നെങ്കിൽ…
ലിങ്കിൽ ക്ലിക്ക് ചെയ്യുക
മലയാളത്തിൻ്റെ പ്രിയകവിതകൾ (പി കുഞ്ഞിരാമൻ നായർ)
https://greenbooksindia.com/p-kunhiraman-nair/malayalathinte-priyakavithakal-p-kunhiraman-nair-kunhiraman-nair
ബാലാമൃതം (പി കുഞ്ഞിരാമൻ നായർ)
https://greenbooksindia.com/p-kunhiraman-nair