ദുവാർട്ടേ പച്ചേക്കോ പെരേര എന്ന പോർച്ചുഗീസ് നാവികന്റെ കഥ പറയുകയാണ് ജി. സുബ്രഹ്മണ്യന്റെ ‘കൊച്ചിയുടെ പച്ചേക്കോ’ എന്ന നോവൽ.
ചരിത്ര പ്രസിദ്ധമായ ‘ബാറ്റിൽ ഓഫ് കൊച്ചി’യുടെ അമരക്കാരൻ, നാവികൻ, സമുദ്രപര്യവേഷകൻ എന്നീ നിലകളിൽ ശ്രദ്ധേയനായിരുന്നു പച്ചേക്കോ. സമുദ്രപര്യവേഷണ മേഖലയിലെ മികച്ച പഠനഗ്രന്ഥമായി മാറിയേക്കാമായിരുന്ന ‘ES MERALDO DE SITU ORBIS’ എന്ന പുസ്‌തകത്തിൻ്റെ രചയിതാവായിരുന്നു ദുവാർട്ടേ പച്ചേക്കോ. ഈ ആധികാരിക നേട്ടംപോലും അദ്ദേഹത്തിന് പാതിവഴിയിൽ നഷ്ടപ്പെടുന്നു. ഭരണനേതൃത്വത്തിലുള്ള ചിലരുടെ സങ്കുചിത, ചൂഷണ മനോഭാവങ്ങളായിരുന്നു ഇതിനു പിന്നിലെ കാരണം. ലിസ്ബെണിലെ ബലേമിൽ സ്ഥാപിക്കപ്പെട്ട പ്രഗത്ഭരായ മുപ്പത് നാവികരുടെ പ്രതിമകളിൽ പച്ചേക്കോയ്ക്ക് സ്ഥാനം ലഭിച്ചിട്ടില്ല. നീതിയുക്തമായ പെരു മാറ്റരീതികൾകൊണ്ടും ശക്തമായ ഇടപെടലുകളാലും വ്യക്തിമുദ്ര പതിപ്പിച്ച ‘പച്ചേക്കോ’ എന്ന ദിശാബോധമുള്ള നാവികനെ ചരിത്രം ഇന്നോളം വേണ്ടും വിധം രേഖപ്പെടുത്തിയിട്ടില്ലെന്നതാണ് സത്യം.
‘കൊച്ചിയുടെ പച്ചേക്കോ’ ഒരു തുടക്കമാണ്. അടയാളപ്പെടുത്താതെ പോയ ചരിത്രത്തിലേക്കുള്ള ദിശാസൂചികയാണ്. കാലം മറന്നുതുടങ്ങിയൊരു വ്യക്തി പ്രഭാവത്തിന്റെ ഇന്നലെകളെ വ്യക്തതയോടെ അടുക്കിവെയ്ക്കാൻ നോവലിസ്റ്റായ ജി. സുബ്രഹ്മണ്യനും സാധിച്ചിട്ടുണ്ട്.