എതിർവിചാരങ്ങൾ by സച്ചിദാനന്ദൻ
കവിതയെക്കുറിച്ചുള്ള വിവിധ സിദ്ധാന്തങ്ങളോടും സ്ഥിരസങ്കല്പങ്ങളോടുമുള്ള പതിവുചിന്തകളുടെ എതിര്‍വിചാരങ്ങളാണ് ഈ ലേഖനങ്ങള്‍. കഥ, ലേഖനം, നാടകം, ചിത്രം, ശില്‍പം, സിനിമ ഇവയൊന്നുമല്ലാത്ത, എന്നാല്‍ ഇവയെയെല്ലാം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന, ഇവയോരോന്നുമാകാനുള്ള പ്രവണത കാണിച്ചേക്കാവുന്ന, എന്നാല്‍ മുഴുവനായും ഇവയൊന്നുമാകാത്ത, നിരന്തരപരിണാമിയായ, അപ്പോഴും എവിടെയോ തെന്നിപ്പോകുന്ന തുടര്‍ച്ച നിലനിര്‍ത്തുന്ന, ഒരു ആവിഷ്കാരവിശേഷമാണ് കവിത.
കവിത: ഒരു സമന്വയകല, കവിതയും പ്രതിരോധവും, കവിതാപരിഭാഷ: അനുഭവങ്ങളും പാഠങ്ങളും, കവിതയും ഇതരകലകളും: ഒരാത്മഗതം തുടങ്ങിയ ലേഖനങ്ങള്‍.
ചിന്തകനും എഴുത്തുകാരനും വിവര്‍ത്തകനും കവിയുമായ സച്ചിദാനന്ദന്റെ ലേഖന സമാഹാരം
കവിത എന്താണ് എന്ന ചോദ്യത്തെ എപ്പോഴെങ്കിലും അഭിമുഖീകരിക്കാത്ത കവികള്‍ ഉണ്ടാവില്ല. കുമാരനാശാനെയും പോള്‍ സെലാനെയും അല്ലെങ്കില്‍ ഇടശ്ശേരിയെയും സെസാര്‍ വയെഹോവിനെയും അതുപോലെ എനിക്ക് ഏറെ പ്രിയമുള്ള ആയിരം കവികളെ ഞാന്‍ എങ്ങനെയാണ് ഒരു ഇടുങ്ങിയ സ്ഥലത്ത് ഒതുക്കിക്കൊള്ളിക്കുക? സിംബോഴ്‌സ്‌കായിലും വൈലോപ്പിള്ളിയിലും മാനുഷികതയുടെ അഗാധമുദ്രയ്ക്കപ്പുറം എന്താണ് പൊതുവായുള്ളത്? ഒരേ ‘പ്രസ്ഥാന’ത്തില്‍ പെടുന്നതായി കരുതപ്പെടുന്ന കവികള്‍ ഒരേ രീതിയിലാണോ എഴുതുന്നത്? ചങ്ങമ്പുഴയും സുഗതകുമാരിയും? കടമ്മനിട്ടയും കക്കാടും? ഓഡനും എലിയറ്റും? കേദാര്‍ നാഥ് സിങ്ങും കുംവര്‍ നാരായനും? എന്തിന്, പിന്നോട്ട് പോയാല്‍, കബീറും തുക്കാറാമും?
“സൊഫോക്ലിസ്സും ഷേക്‌സ്പിയറും തിരുമൂലരും കബീറും ഇന്നും എന്നോട് സംസാരിക്കുന്നു, എന്റെ അയല്‍ക്കാര്‍ എന്ന പോലെ ഞാന്‍ അവരെ തിരിച്ചറിയുന്നു, വായിക്കുന്നു, പരിഭാഷ ചെയ്യുന്നു. എന്തല്ല കവിത എന്ന് സ്വന്തം കാഴ്ചപ്പാടിൽ പറയാന്‍ കവികള്‍ക്ക് ആയേക്കും; അതുപോലും പറഞ്ഞുതീരുമ്പോഴേക്കും ഏതെങ്കിലും കവി നാം കവിതയല്ലെന്നു കരുതിയിരുന്ന ഒന്നിനെ കവിതയാക്കി മാറ്റിക്കഴിഞ്ഞിരിക്കും.” (പുസ്തകത്തില്‍നിന്നും)