മറീന നെമാത് ഇറാനെക്കുറിച്ചു പറയുമ്പോൾ വറുത്ത സൂര്യകാന്തി വിത്തുകളുടെയും വാനില കേക്കുകളുടെയും സുഗന്ധം നിറഞ്ഞ പേർഷ്യൻ തെരുവുകളും,
മധ്യ ഇറാനിലെ മരുഭൂമികളിൽ നിന്നും കാസ്പിയൻ കടലിനെ വേർതിരിക്കുന്ന ആർബോസ് മലനിരകളും കണ്ണിന് മുന്നിലെന്നപോലെ തെളിയുന്നു.
മലനിരകൾക്ക് താഴെ ചിതറിക്കിടക്കുന്ന എവിൻ ജയിലറയിൽ തന്റെ കൗമാരകാലത്തെ വിലപ്പെട്ട രണ്ടര വർഷങ്ങൾ മറീന നെമാത് അനുഭവിച്ചു തീർത്ത ജീവിതമാണ് ‘ ടെഹ്റാനിലെ തടവുകാരി ‘
റഷ്യൻ വംശജയായ മറീനയുടെ മുത്തശ്ശി ഒക്ടോബർ വിപ്ലവത്തെ തുടർന്ന് ഇറാനിലേക്ക് അഭയം തേടുകയായിരുന്നു. കൊച്ചുമകൾ മറീനയാകട്ടെ
ആയത്തൊള്ള ഖൊമെനിയുടെ ഇസ്ലാമിക വിപ്ലവത്തിന്റെ ഇരയും.
മറീന ഒരിക്കലും ഒരു ആക്ടിവിസ്റ്റ് ആയിരുന്നില്ല. സ്വതന്ത്രമായ ചിന്തകളുള്ള ഒരു പതിനാറുകാരി സ്‌കൂൾ കുട്ടി മാത്രം.
സ്കൂളിൽ ഗണിത ശാസ്ത്ര അധ്യാപികയെ മതബോധനം നിർത്തി ക്‌ളാസ് തുടരാൻ ആവശ്യപ്പെട്ടു എന്ന ഒറ്റക്കാരണത്തിൽ തന്നെ അവൾ ഇസ്ലാമിക് ഗാർഡുകളുടെ നോട്ടപ്പുള്ളിയായി. എവിൻ തടവറയിൽ വധശിക്ഷയിൽ നിന്നൊഴിവാക്കിയ ജയിലറായ അലിയുടെ നിർബന്ധത്തിന് വഴങ്ങി മറീന ഇസ്ലാം മതം സ്വീകരിച്ചു അലിയെ വിവാഹം കഴിക്കുന്നു. അലിയുടെ കുടുംബം മറീനയെ സ്വീകരിക്കുന്ന ഭാഗം എത്ര ഹൃദയസ്പർശിയെന്നോ. അലി കൊല്ലപ്പെടുമ്പോൾ നമ്മുടെ ഹൃദയവും നിശ്ചലമാകുന്നു.
എവിൻ തടവറയിലെ ജീവിച്ചിരിക്കുന്ന രക്തസാക്ഷികൾ വായനക്കാരുടെ കണ്ണ് നിറക്കും.യുദ്ധത്തിന്റെ കെടുതികൾ സ്ത്രീകളെയാണല്ലോ അധികം ദുരിതത്തിലാഴ്ത്തുന്നത്.
സഹോദരൻ നഷ്ടമായതിന്റെ ആഘാതത്തിൽ പേനയോ പേപ്പറോ ഇല്ലാത്ത ആ ദുരിതങ്ങളുടെ തടവറയിൽ സ്വന്തം ദേഹം നിറയെ ദുഃഖങ്ങൾ എഴുതി നിറക്കുന്ന സാറ…
ഗർഭിണികളുടെ മേൽ വധശിക്ഷ നടപ്പാക്കാൻ ഇസ്ലാം അനുവദിക്കുന്നില്ല. എന്ന ഒറ്റക്കാരണം കൊണ്ട് ജീവിതം നീട്ടിക്കിട്ടിയ ഷീദ….
ഒടുവിൽ ഇറാൻ ഉപേക്ഷിച്ചു മറീന നെമാത് കാനഡയിലേക്ക് ചേക്കേറുന്നു.
നീല കാസ്പിയൻ കടൽ,തുറമുഖത്തിന്റെ ഇരു വശങ്ങളെ ബന്ധിപ്പിച്ച ആ പാലം, വിശ്വാസത്തിന്റെയും സമാധാനത്തിന്റെയും പ്രതീകമായ അവളുടെ പള്ളി ,. പ്രിയ സുഹൃത്തുക്കളെ അടക്കം ചെയ്ത മണ്ണ്…. എല്ലാമുപേക്ഷിച്ചു അന്യരാജ്യത്തേക്ക് മറീന അഭയം തേടി പോകുന്നു.
നല്ല വായനാ അനുഭവം.
കെടുതിയോ യുദ്ധമോ പാലായനമോ
ഒന്നും തന്നെ അനുഭവിച്ചിട്ടില്ലാത്ത നമ്മൾക്ക് അവിശ്വസനീയമെന്നു
തോന്നിപ്പോകുന്ന ഒന്ന്..
image ©: starlight