കാരൂര്‍ നീലകണ്ഠപ്പിള്ള
മലയാളത്തിന്റെ സുവര്‍ണ്ണകഥാശ്രേണിയിലേക്ക് ഒരു മഹത്തായ കൃതി . മലയാള ചെറുകഥാസാഹിത്യത്തിലെ കുലപതിയായ കാരൂര്‍ നീലകണ്ഠപ്പിള്ള രചിച്ച മനുഷസ്‌നേഹത്തിന്റെയും ആശകളുടെയും ആകുലതകളുടെയും നന്മകളുടെയും കഥകള്‍ ഇന്നും വായനക്കാരെ രസിപ്പിക്കുന്നു.
ലളിതഭാഷയും ഹൃദ്യമായ അവതരണവുമായിരുന്നു കാരൂര്‍ കഥകളുടെ സവിശേഷത. വളരെ പ്രിയപ്പെട്ടൊരാള്‍ അടുത്തിരുന്ന് കഥ പറയുന്ന അനുഭവങ്ങളാണ് കാരൂര്‍ കഥകളുടെ പ്രത്യേകത.
സാധാരണക്കാരുടെ കഥ പറഞ്ഞുകൊണ്ട് ആലങ്കാരിക ഭാഷയിലല്ലാതെ പച്ചയായ ജീവിതസാഹചര്യങ്ങളില്‍നിന്നാണ് അദ്ദേഹം കഥാപാത്രങ്ങളെ സൃഷ്ടിച്ചത്. താന്‍ നിലനില്‍ക്കുന്ന സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന കാരൂരിന്റെ ജീവിതം സവിശേഷമായ ഭാഷാവിശേഷത്തോടെയാണ് അദ്ദേഹം അവതരിപ്പിച്ചത്. അദ്ദേഹം അദ്ധ്യാപകനായിരിക്കേ അക്കാലഘട്ടത്തിലെ അദ്ധ്യാപകരുടെ കഥകള്‍ ആവിഷ്‌കരിച്ചുകൊണ്ട് അദ്ധ്യാപകകഥകള്‍ എഴുതുന്ന കഥാകാരന്‍ എന്ന വിശേഷണംകൂടി അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
യഥാതഥമായ കഥാവിഷ്‌കാരമാണ് അദ്ദേഹം നിര്‍ഹിച്ചത്. പാശ്ചാത്യ സാഹിത്യം പരിചയമില്ലെങ്കിലും ആ സങ്കേതത്തിന്റെ രൂപമനുസരിച്ച് ഏകാഗ്രവും ഭാവതീക്ഷ്ണതയും ശില്പഭദ്രവുമായ കഥകള്‍ മലയാളിക്ക് സമ്മാനിച്ചത് കാരൂരാണ്. കഥകളിലെല്ലാം വായ്‌മൊഴി പാരമ്പര്യം ഒട്ടും പ്രകടനാത്മകമല്ലാത്ത രീതിയില്‍ അദ്ദേഹം ആവിഷ്‌കരിക്കുന്നുണ്ട്. എല്ലാ കാലത്തെ വായനയിലും പുതുമയോടെ വായനാനുഭവം പകരുന്നതാണ് കാരൂര്‍കഥകള്‍.
മരപ്പാവകള്‍, പൊതിച്ചോറ്, ഉതുപ്പാന്റെ കിണര്‍, മോതിരം തുടങ്ങിയ പ്രശസ്തമായ കഥകള്‍ അടങ്ങിയ സമാഹാരം