സാരള്യത്തോടെ ജീവിതത്തെ വാക്കുകളിലേക്കു വരച്ചിടുന്ന ഹാരിസ് നെന്മേനി…ഡബിള്‍ ബെല്‍ …എന്ന പുതിയ പുസ്തകത്തിലൂടെ .. തന്റെ ജീവിതത്തില്‍ കുറച്ചു കാലം കൂടെയുണ്ടായിരുന്ന ആനവണ്ടിയോര്‍മ്മകളെ ഉരുട്ടിതുടങ്ങുമ്പോള്‍ , നമ്മുടെ മനസ്സിലേക്ക്, നീണ്ടുവരുന്ന മണിയടിയൊച്ചകള്‍ വീണ്ടും കുടിയേറുന്നു.
ഓരോ യാത്രയും ബസ് ജീവനക്കാര്‍ക്ക് ഒരുപാട് ജീവിതങ്ങളെയും വഹിച്ചുകൊണ്ടുളള യാത്രയാണ്. ഇടയ്ക്കെവിടെയൊക്കെയോ വെച്ച് പടിയിറങ്ങി പോകുന്ന ജീവിതയാത്രകള്‍….ആ യാത്രകളിലെ സഹയാത്രികര്‍ കൂടിയാണ് ഓരോ ബസ് ജീവനക്കാരനും.
”വല്ലാത്ത ഒരാന്തലോടെയും സംഘര്‍ഷത്തോടെയും” തങ്ങളുടെ ജോലി തുടങ്ങുമ്പോള്‍ ആ ദിവസത്തിന്റെ, വരാനിരിക്കുന്ന അന്ത്യം വരെയുളള വീര്‍പ്പുമുട്ടലുകളുണ്ടാവും അവരുടെ ഓരോരുത്തരുടെയുമുളളില്‍. അതിനൊപ്പം ഓരോ ജീവനക്കാരനും കൂടെ കൂട്ടേണ്ടി വരുന്നതും ആന്തരികമായ കുറെയേറെ സംഘര്‍ഷങ്ങളെ ഉളളിലൊതുക്കി പിടിച്ച്,തങ്ങളുടെ ശരീരത്തിനും മനസ്സിനുമിടയില്‍ക്കൂടി കയറിയിറങ്ങി പോകുന്ന യാത്രക്കാരെ കൂടിയാണ്.ഇടയ്ക്കെപ്പോഴൊക്കെയോ നിറഞ്ഞുതൂവുന്ന ചിരികളാവുന്ന ,വല്ലപ്പോഴുമെങ്കിലും ഇരുത്തി ചിന്തിപ്പിക്കുന്ന,ഒരുപാടിഷ്ടം തോന്നിപ്പിക്കുന്ന, ചിലപ്പോഴൊക്കെ ഇഷ്ടത്തോടെയും അനിഷ്ടത്തോടെയും ആരെയൊക്കെയോ ഓര്‍മ്മിപ്പിക്കുന്ന യാത്രികര്‍…എല്ലാം കഴിഞ്ഞ് ആ യാത്രകളില്‍ ബാക്കി വന്ന നല്ലതും ചീത്തയുമായ ഓര്‍മ്മകളുടെ ഭാരങ്ങളുമായി കൂടണയുന്ന വണ്ടിയോട്ടക്കാര്‍. … അപ്പോഴേക്കും
വണ്ടിപ്പുകയുടെ മൂടലുകള്‍ പോലെ പലതും ശരീരത്തെയും മനസ്സിനേയും വല്ലാതെ തളര്‍ത്തിയിട്ടുണ്ടാവും …
തന്റെ ജീവിതത്തിന്റെ സകലപ്രാരാബ്ധങ്ങളെയും മനസ്സിലെവിടെയോ ഒതുക്കിപ്പിടിച്ച് തങ്ങളിലേക്ക് എത്തിച്ചേരുന്ന ജീവിതങ്ങളെ, പകലിരവുകള്‍ പോലെ വന്നുപോകുന്ന ചിരിയുടെയും നിസ്സംഗതയുടെയും നിസ്സഹായതയുടെയും അടക്കിപ്പിടിച്ചാലും വല്ലപ്പോഴും പൊട്ടിത്തെറിച്ചു പോകുന്ന ഉള്‍കോപങ്ങളുടെയും വിളുമ്പുകളിലൂടെ ലക്ഷ്യസ്ഥാനത്തെത്തിക്കാന്‍ നിയോഗിക്കപ്പെട്ടവരുടെ ജീവിതം തന്റെ കുറച്ചു നാളത്തെ ഉദ്യോഗത്തിന്റെ വെളിച്ചത്തില്‍ ഈ മനുഷ്യന്‍ നമ്മളോടു പറയുമ്പോള്‍ ,നമ്മളിതുവരെ ഓര്‍ത്തതും ഓര്‍ക്കാത്തതും കണ്ടതും കാണാത്തതുമായ എന്തെല്ലാം അതിനിടയിലൂടെ കയറിയിറങ്ങി പോകുന്നുണ്ട്.
”നിങ്ങളുടെ ഗദ്യം ജീവനുളളതാണെങ്കില്‍ എത്രയെഴുതിയാലും അത് സ്ഥൂലമാകില്ലെന്ന് ” ബല്‍സാഖ് തെളിയിച്ചു എന്ന് അജയ്.പി.മങ്ങാട്ട് തന്റെ ”പറവയുടെ സ്വാതന്ത്ര്യം ” എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്. ഹാരിസ് അങ്ങനെ അധികം നീട്ടിപ്പിടിച്ച് എഴുതുന്നില്ല ഒന്നും. കാര്യമാത്ര പ്രസക്തമായ കാര്യങ്ങള്‍ പക്ഷേ ജീവനോടെ എഴുതുന്നുണ്ട്..ഒരിക്കലും നിര്‍ജ്ജീവമാവാത്ത ഇടങ്ങളിലാണ് എഴുത്തുകാരന്‍ തന്റെ അക്ഷരങ്ങളെ അടുക്കി വെയ്ക്കുന്നത്. ജീവിതത്താല്‍ സാഹിത്യത്തെ ഒടിച്ചുമടക്കിയെടുക്കുന്ന എഴുത്ത്.
പൊതുമേഖലാസ്ഥാപനങ്ങളോട് നമ്മളില്‍ പലര്‍ക്കും കുറച്ചു കൂടുതല്‍ ഇഷ്ടമുണ്ട്. അതിലൊന്നാണ് കെ.എസ്.ആര്‍.ടി.സി സര്‍വ്വീസും. ആനവണ്ടിയിലെ യാത്ര നല്‍കുന്ന സുരക്ഷിതത്വം നമുക്കു മറ്റെവിടെ നിന്നും കിട്ടില്ല. ചിലപ്പോഴെല്ലാം മുഷിയേണ്ടിയും വന്നിട്ടുണ്ടെനിക്ക് …അതിലെ ജീവനക്കാരുടെ അനാസ്ഥയുടെ പേരില്‍ …സ്വകാര്യബസ് ജീവനക്കാര്‍ക്കുവേണ്ടി യാത്രക്കാരെ ഒഴിവാക്കുന്ന ചില ksrtc ഡ്രൈവര്‍മാര്‍ സത്യത്തില്‍ ആ സ്ഥാപനത്തിന് ഒരു ബാധ്യത തന്നെയാണ് . എങ്കിലും ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്ന ഒരുപാട് ജീവനക്കാര്‍ തന്നെയാണ് ആ പ്രസ്ഥാനത്തിന്റെ മുതല്‍ക്കൂട്ട്. അത് നിലനില്‍ക്കേണ്ടത് പൊതുജനത്തിന്റെയും അതിലെ ജീവനക്കാരുടെയും ആവശ്യമാണ്. അതിനു വേണ്ടി എന്തൊക്കെ ചെയ്യണമെന്നും തന്റെ പുസ്തകത്തിലൂടെ എഴുത്തുകാരന്‍ വ്യക്തമാക്കുന്നുണ്ട്.
ഡബിള്‍ബെല്‍ എന്ന പുസ്തകത്തിലേക്കു തിരിച്ചു വന്നാല്‍ ,ജോലി തുടങ്ങിയ നാളുകളിലെ പരിഭ്രമങ്ങളില്‍നിന്നു തുടങ്ങി സര്‍വ്വീസിന്റെ അവസാനം വരെയുളള സംഘര്‍ഷങ്ങള്‍ …അവിടുത്തെ അസാധാരണമായ ശിക്ഷാനടപടികള്‍…”മണി എന്ന വജ്രായുധത്തിന്റെ” പ്രസക്തി ,തങ്ങള്‍ താണ്ടുന്ന വഴികളിലത്രയും കാത്തിരിക്കുന്ന അനിശ്ചിതത്വങ്ങള്‍,അതിനിടയിലെവിടെയോ മറന്നുപോകുന്ന ചിരി ….സര്‍വ്വീസ് നടത്തുന്ന ബസിന്റെ പ്രത്യേകതകളനുസരിച്ച് യാത്രക്കാരില്‍ നിന്നും നേരിടേണ്ടി വരുന്ന കയ്പന്‍ അനുഭവങ്ങള്‍ (ശാരീരികപീഢനമുള്‍പ്പെടെ )….പുസ്തകത്തിലെ വാക്കുകള്‍ കടമെടുത്താല്‍ ”മുകളിലോട്ടുഴിഞ്ഞാലും താഴോട്ടുഴിഞ്ഞാലും കയ്യില്‍ തറക്കുന്ന കൈതമുളളാണ്” ആകെ മൊത്തം. അതൊക്കെ നിശ്ശബ്ദം സഹിക്കണമെങ്കില്‍ നിസ്സാരമായ ക്ഷമയൊന്നും പോരതാനും.
ഇതൊന്നും പോരാതെ, ബസില്‍ കയറുന്ന ചില വിക്രമന്‍മാരുടെ അക്രമങ്ങള്‍ വേറെ…പെണ്ണുങ്ങളെ തോണ്ടുക ,മറ്റു രീതിയില്‍ ശല്യപ്പെടുത്തുക ,പോക്കറ്റടിക്കുക തുടങ്ങിയവ. ഇവരെയെല്ലാം കൈകാര്യം ചെയ്ത് പ്രശ്നപരിഹാരമുണ്ടാക്കേണ്ടതും ഡ്രൈവറും കണ്ടക്ടറും കൂടി തന്നെ.തങ്ങളുടെ കൈയിലൊതുങ്ങാത്തതിനെ പോലീസിനെ ഏല്‍പ്പിക്കേണ്ടതുവരെയുണ്ട് അതില്‍.
ഇൗ സംഘര്‍ഷങ്ങള്‍ക്കിടയിലും കയറിവരുന്ന ചിരിയരങ്ങുകളും…കണ്ടക്ടറില്ലാതെ ഓടിപോയ ബസും ,12 രൂപ അടങ്ങിയ പേഴ്സ് പോക്കറ്റടിച്ചു പോയതിന് പോലീസ് സ്റ്റേഷനില്‍ പോയ കഥയും ഒക്കെയായി ..’ചേട്ടാ വെറുതെ ഇങ്ങനെ ജീവിച്ചിട്ടെന്തുകാര്യം ,കുറച്ചു സാഹസികതയും അര്‍ത്ഥവുമൊക്കെ ഉണ്ടാവണമെങ്കില്‍ പാന്‍പരാഗൊക്കെ കഴിക്കണമെന്നു പറഞ്ഞ് ,അവസാനം കഴുത്തൊടിഞ്ഞ മട്ടില്‍ പോയ ഒരു ”പാവംപയ്യന്റെ ” ഉപദേശത്തെ തൃണവല്‍ഗണിച്ച മൂരാച്ചിയായ കണ്ടക്ടര്‍ക്കു (കൂടെ ഡ്രൈവര്‍ക്കും) പക്ഷേ ഒരിക്കെ തൃശൂര് റൗണ്ടിനെ കുറെവട്ടം വഴിമനസ്സിലാവാതെ പ്രദക്ഷിണം വെയ്ക്കേണ്ടി വന്നു. തന്റെ ഉപദേശം സ്വീകരിക്കപ്പെടാതെ പോയ ആ പയ്യന്റെ ശാപമാവാം ! ഒരു പാവം ഡ്രൈവര്‍ തന്റെ വയറ് തട്ടുന്നു(സ്റ്റിയറിംഗില്‍ ) എന്നെഴുതിയപ്പോ ബസിലെ സകലവയറും പരിശോധിച്ച് പരവശരായ മെക്കാനിക്കുമാര്‍,വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ഓടിച്ചു നോക്കണം എന്നതിന് ”വി.എസ്.ഒടിച്ചു നക്കണം ” എന്നെഴുതിയ മറ്റൊരു ഡ്രൈവര്‍…അങ്ങനെ ഇടയ്ക്കൊന്നു നനയുന്ന ചിരിമഴകള്‍.
ആഘോഷങ്ങള്‍ അന്യമാവുന്നവരാണ് എപ്പോഴും ബസ്ജീവനക്കാര്‍. എല്ലാവരും ആഘോഷിക്കുന്ന എന്തുവന്നാലും, അവര് പക്ഷേ വണ്ടിക്കകത്തു കുടുങ്ങി പോവും. അതുപോലെ എന്നും വണ്ടിക്കടിയില്‍ കുടുങ്ങിക്കിടക്കുന്ന മറ്റൊരു കൂട്ടരാണ് മെക്കാനിക്കുകള്‍..താനുള്‍പ്പെട്ടിരുന്ന ആ മേഖലയിലെ തൊഴിലാളികളുടെ തൊഴില്‍പരിസരങ്ങളിലൂടെ കയറിയിറങ്ങി പോവുന്നുണ്ട് തന്നെക്കൊണ്ടാവും വിധത്തില്‍ എഴുത്തുകാരന്‍ .
”ഒരായുസ്സു മുഴുവന്‍ കരിയോയിലും ഡീസലും പുരണ്ട ജോലി ജീവിതം നിരത്തില്‍ ഓടിത്തീര്‍ത്ത സഹജീവികളോടുളള കരുതല്‍ കൂടിയാണ് താരതമ്യേന നിസ്സാരമായ പെന്‍ഷന്‍തുക മാസാദ്യത്തില്‍ തന്നെ നല്‍കുക” എന്നതിലൂടെ ഭരണകൂടത്തിന്റെ ഉത്തരവാദിത്വത്തെ ഇവിടെ ഓര്‍മ്മിപ്പിക്കുന്നുണ്ട് . ആ പ്രസ്ഥാനത്തെ നല്ല നിലയില്‍ വളര്‍ത്തിക്കൊണ്ടുവരാന്‍ സര്‍ക്കാരിന് തീരെ ചെറുതല്ലാത്ത കടമയുണ്ടെന്നും പറഞ്ഞുകൊണ്ട് ഈ പുസ്തകം എഴുതി അവസാനിപ്പിക്കുമ്പോള്‍ കെ.എസ്.ആര്‍.ടി.സിയോട് തനിക്കുളള ഇഷ്ടത്തെ ഹാരിസ് സംഗ്രഹിക്കുന്നത് ഇങ്ങനെയാണ്…”ഡബിള്‍ ബെല്‍ മുഴങ്ങി മുഴങ്ങി മുന്നോട്ട് തന്നെ ”.
നിഷ പാലമൂട്ടിൽ
ചിത്രം: ലത്തീഫ് വടക്കുംമുറി