വീഞ്ഞ് ശാലയിൽ തുടങ്ങി വയ്ക്കപ്പെടുന്ന നിധിവേട്ടകൾ – ശ്രീപാർവ്വതി
ലോക ചരിത്രത്തിൽ അറിയപ്പെടാത്ത എത്രയോ കഥകളുണ്ടാവും! അതൊക്കെ കേൾക്കുക എന്നാൽ അത്രയെളുപ്പമല്ല എന്നാലും കഥകൾ കേൾക്കാനും പറയാനും താൽപ്പര്യമുള്ളവർക്ക് അതൊക്കെ തിരഞ്ഞു പോയെ പറ്റൂ. മലയാളത്തിൽ നിന്ന് കൊണ്ട് എഴുതുമ്പോൾ പലപ്പോഴും ഒരു ചിന്തയുണ്ട്, യുദ്ധത്തിന്റേതായ, കഥകൾ നമുക്ക് തുലോം കുറവാണ്. അധിനിവേശത്തിന്റെ നാനാർത്ഥങ്ങൾ മറന്നു കൊണ്ടല്ല സംസാരിക്കുന്നത്, പക്ഷേ ഒരു പുസ്തകം എഴുതാനിരിക്കുമ്പോൾ ഒരുപാട് പരപ്പുകളുള്ള ഒരു കഥ ഇവിടെ നിന്ന് കണ്ടെടുക്കാൻ ദുഷ്കരമാണ്. അതുകൊണ്ടാവാം യുവ നോവലിസ്റ്റ് അരുൺ ആർഷ തന്റെ പുസ്തകങ്ങളുടെയൊക്കെ സമതലം അങ്ങ് പടിഞ്ഞാറ് ദേശമാക്കിയത്. അനേകം യുദ്ധങ്ങളുടെയും ഭ്രാന്തിന്റെയും കലാപങ്ങളുടെയും അധിനിവേശങ്ങളുടെയും തടങ്കലുകളുടെയും നാടുകൾ എത്രയുണ്ട്! എത്രത്തോളം കഥകളാണ് നീണ്ടു കിടക്കുന്നത്!
അരുൺ ആർഷയുടെ രണ്ടു പുസ്തകങ്ങളാണുള്ളത്. അത് രണ്ടും ഏറെ വായിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയുമുണ്ടായി. അതിന്റെ പ്രധാന കാരണം നോവലിന്റെ ഭൂമികയും അതിലെ രാഷ്ട്രീയവും അരുണിന്റെ ഭാഷയുമാണ്. ദാമിയന്റെ അതിഥികൾ, ഒരു അധിനിവേശത്തിന്റെ വീര ഇതിഹാസം പറയുന്നു, ഓഷ്വിറ്റസിലെ ചുവന്ന പോരാളി എന്ന നോവൽ നാസി ഭീകരതയുടെ ക്രൂര മുഖം വെളിച്ചത്തു കൊണ്ട് വരുന്നു. മലയാളത്തിൽ പരപ്പുള്ള സാഹിത്യ കൃതികൾ ഉണ്ടാവുന്നില്ലേ എന്ന ചോദ്യത്തിന്റെ ഉത്തരമാണ് ഈ പുസ്തകങ്ങൾ.
ദാമിയന്റെ അതിഥികൾ എന്ന പുസ്തകം തെക്കേ അമേരിക്കയിലെ സ്പാനിഷ് അധിനിവേശത്തിന്റെ കാഴ്ചകളാണ്. പട്ടിണി ദ്വീപിലെ നിധി തേടിയുള്ള കുറെ കപ്പിത്താന്മാരുടെ രക്തം നിറഞ്ഞ കഥകളാണത്. എല്ലായ്പ്പോഴും നിധിയും അതിനു വേണ്ടി നടത്തുന്ന യാത്രകളും വായനയെ ഹരം കൊള്ളിക്കാറുണ്ട്. ട്രെഷർ ഐലൻഡ് എന്ന റോബർട്ട് ലൂയിസ് സ്റ്റീവൻസൺ എഴുതിയ പുസ്തകം ഓർമ്മ വരുന്നു. നിധി ഒളിപ്പിക്കപ്പെട്ട ദ്വീപിലേക്കുള്ള യാത്രയാണത്. അങ്ങനെ നിധി തേടിയുള്ള എത്രയോ കഥകൾ. കൂടുതലും പര്യവേഷകരുടെ ജീവിതങ്ങൾ, കപ്പൽ യാത്രകൾ, ഛേദത്തിൽ തകർന്നു പോകുന്ന മനുഷ്യരും കപ്പലുകളും. ദാമിയന്റെ അതിഥികളും നടത്തുന്നത് ആ നിധി തേടിയുള്ള യാത്രകളാണ്. തലമുറകളായി തുടങ്ങിയ നിധി വേട്ട, അതിൽ ഒടുവിൽ എത്തിച്ചേരുന്നതാകട്ടെ അജയ്യനായ ഒരുവൻ മാത്രം.
മൂന്ന് ഭാഗമായാണ് പുസ്തകം തിരിച്ചിരിക്കുന്നത്, ഒന്നിൽ ഭ്രാന്തനായി മാറിയ ഗോൺസാലസിന്റെയും ചതിയനായ ബെർണാൾഡിനോയുടെയും ജുവാനയുടെയും ലൂയിസിന്റെയുമൊക്കെ കഥയാണ്. ഈ കഥകളെല്ലാം പരസ്പരം ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. ലൂയിസിനെ നഷ്‌ടമായ ജുവാന ഒടുവിൽ ഗോൺസാലസിന്റെതായി മാറണമെന്നുള്ളത് വരാൻ പോകുന്ന കാലത്തിന്റെ നിയോഗമായിരുന്നിരിക്കണം. എങ്കിൽ മാത്രമല്ലേ മൂന്നാം ഭാഗത്തു പിസ്സാരോ ജയിക്കാൻ മാത്രം ജയിച്ചവനായ പര്യവേഷകനുണ്ടാകൂ. രണ്ടാം ഭാഗത്തിൽ പട്ടിണി ദ്വീപിനെ തേടി യാത്ര തുടങ്ങുന്ന ബൊല്ബോവയുടെ കഥയാണ്. കാസ്റ്റയോണിലെ തെരുവുകളിലൂടെ ബൊല്ബോവയും കാർലോസും അലഞ്ഞു നടക്കുന്നതിനിടയിലാണ് അവർ ദാമിയന്റെ വീഞ്ഞ് പുരയിലെത്തുന്നത്. ഏതു കാലത്തും ആ മദ്യ ശാലയിൽ വച്ചാണ് നിധിവേട്ട ആരംഭിക്കുന്നത്, എല്ലാത്തിന്റെയും ചർച്ചകൾ തുടങ്ങുന്നതും ചിലപ്പോഴൊക്കെ ഒടുങ്ങിയതും അവിടെ തന്നെയായിരുന്നു. ബൊല്ബോവയുടെ അജയ്യതയിലേക്കുള്ള പ്രയാണവും അവിടെ വച്ചു തന്നെ. ഗോൺസാലസിന്റെ ഭ്രാന്തും അവിടെ തന്നെയാണ് വാർത്തയായത്. ബെർണാൾഡിനോയുടെ വലിയ ചതിയുടെ യാത്ര തുടങ്ങിയതും അയാളുടെ ഒടുക്കത്തിന്റെ വാർത്തകളും അവിടെ ഉയർന്നു കേട്ടിരുന്നു. പിന്നീട് വർഷങ്ങൾ പിന്നോട്ട് മായുമ്പോൾ തലമുറകൾ പലതും പിന്നിടുമ്പോൾ ഭ്രാന്തനായ മെത്രാനും പിസ്സാരോയും തെരുവ് അടക്കി വാഴാനായി ഒരുങ്ങുകയാണ്.
നോവലിന്റെ മൂന്നാം ഭാഗത്താണ് പിസ്സാരോയുടെ കഥ. ഗോൺസാലസിന്റെയും ജുവാനയുടെയും കൊച്ചു മകന്റെ കഥ. പന്ത്രണ്ടാമത്തെ വയസ്സിൽ ബൊല്ബോവയുടെ മുന്നിൽ കൊച്ചു പിസ്സാരോ കാസ്റ്റയോൺ തെരുവിൽ കാണിച്ച ഭ്രാന്ത് ഒരു സൂചനയായിരുന്നിരിക്കണം. സ്പാനിഷ് അധിനിവേശത്തിന്റെ കഥകളിൽ വീണു കിടക്കുന്ന ചോരത്തുള്ളികൾ ഒരാളുടേതല്ല. കൊടും ചതിയിലൂടെയാണ് കഥ തുടങ്ങുന്നത് പോലും ലൂയിസിനെ ചതിച്ചാണ് ബെർണാൾഡിനോ ‘വിക്ടോറിയ’കപ്പലിലേക്ക് അയാളെ മാറ്റുന്നത്. സാമുവലിനെയും കാർലോസിനെയും ചതിച്ചും കൊന്നുമാണ് ബോൽബോവ സമുദ്രങ്ങളുടെ അധിപനാകുന്നത്. ബൊല്ബോവയെയും ഇൻക സാമ്ര്യാജ്യത്തെ തന്നെയും ചതിയിലൂടെ ഗതി മാറ്റിയാണ് പിസ്സാരോ കടലിന്റെ മുകളിൽ ആധിപത്യം നേടുന്നത്. അങ്ങനെ ഒരുപാട് ചതികൾ. രക്തത്തിന്റെ മണമായിരുന്നിരിക്കണം ആ കടലിന്, എന്നാൽ അതെല്ലാം അവർ കണ്ടെടുത്ത നിധിയുടെ മുന്നിൽ നിസ്സാരമാണ്.
വിവർത്തന സാഹിത്യ കൃതികൾ വായിക്കുമ്പോഴാണ് മിക്കപ്പോഴും അന്യ ദേശങ്ങളെക്കുറിച്ചുള്ള വിവരങ്ങളും സംസ്കാരവും മറ്റൊരു രാജ്യത്തിൽ പരിചയമാവുക. എന്നാൽ മലയാളത്തിൽത്തന്നെ അത്തരമൊരു ശ്രമകരമായ ജോലിയാണ് എഴുത്തുകാരനായ അരുൺ ആർഷ ചെയ്തിരിക്കുന്നത്. ഒട്ടും എളുപ്പമല്ല ഒരു രാജ്യത്തിന്റെ ഏറ്റവും വലിയ ചരിത്രത്തെ വെളിപ്പെടുത്തുക എന്നുള്ളത്. അതാണ് നീണ്ട വർഷത്തെ ശ്രമത്തിലൂടെ എഴുത്തുകാരൻ ചെയ്തിരിക്കുന്നത്. മനോഹരമായ ഭാഷയാണ് പുസ്തകത്തിന്റെ മറ്റൊരു അനുകൂല ഘടകം. ഒരു വീഞ്ഞ് ശാലയുടെ പേരിലൂടെയാണ് പുസ്തകം വായനക്കാരെ അതിന്റെ പേജുകളിലേയ്ക്ക് ആകർഷിക്കുന്നത്. ദാമിയൻ എന്ന പേരിലൂടെ പുസ്തകത്തിലെ ഓരോ ഭാഗങ്ങളും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു, ഇതിലെ മനുഷ്യരും ഓരോ വിധത്തിലൂടെ പരസ്പരം കൊരുക്കപ്പെട്ടിരിക്കുന്നു. ചരിത്രവും ഫിക്ഷനും ഒന്നിച്ചു ചേരുന്നതിന്റെ മാന്ത്രിക അനുഭവം നൽകുന്ന ദാമിയന്റെ അതിഥികൾ തീർച്ചയായും വായനയിൽ കരുതേണ്ട ഒരു പുസ്തകം തന്നെയാണ്.
Manoramaonline.com
By Sreeparvathy