Thursday, November 21, 2024

അന്ധകാരത്തിലൊരു നദി ; മസാജി ഇഷികോയുടെ സങ്കടങ്ങൾ 

പൗരത്വബില്ലും പൗരത്വാവകാശവും നുഴഞ്ഞുകയറ്റവും കുടിയേറ്റവും അധിനിവേശവുമെല്ലാം പുതിയ അര്‍ത്ഥമാനങ്ങള്‍ കണ്ടെത്തുന്ന ഒരു കാലത്താണ് മസാജി ഇഷികാവാ കോരിച്ചൊരിയുന്നൊരു മഴയുള്ള രാത്രി യാലു നദി മുറിച്ചുകടക്കാനൊരുങ്ങുന്നത്. അയാളുടെ കണ്ണുകളില്‍ ഇനിയും അണഞ്ഞുപോയിട്ടില്ലാത്ത പ്രതീക്ഷയുടെ ഒരു തരി വെളിച്ചമുണ്ട്. നദി കടന്ന് ചൈനയിലെത്തി അവിടെ നിന്ന് ജപ്പാനിലെത്തണം. താന്‍ കരയണഞ്ഞിട്ടുവേണം കുടുംബത്തെയും കൊണ്ടുവരാന്‍യ വിശപ്പിന്റെ ക്രൂരമായ ആക്രമണത്തില്‍ തളര്‍ന്നവശനായിട്ടും, ഓരോ അമ്പതു വാരയ്ക്കുള്ളിലും തോക്കുമായി കാവല്‍ നില്‍ക്കുന്ന വിശന്ന ചെന്നായ്ക്കളെപ്പോലുള്ള കാവല്‍ഭടന്മാരുടെ കണ്ണുവെട്ടിച്ച് അയാള്‍ യാത്രപുറപ്പെടുന്ന കൊടിയ യാതനകളുടെയും വിശപ്പിന്റെയും ദുരിതപര്‍വങ്ങളില്‍ നിന്നുമൊരു മോചനം പ്രതീക്ഷിച്ചാണ്. ഒടുവിലയാള്‍ ചൈനീസ്പ്രദേശത്ത് എത്തുന്നുണ്ടെങ്കിലും ആശങ്കയും ഉത്ക്കണ്ഠയും അവസാനിക്കുന്നില്ല. പിന്നെയും ക്ലേശപൂര്‍ണ്ണമായ സാഹചര്യങ്ങള്‍ പിന്നിട്ട് അയാള്‍ ഒരിക്കല്‍ തന്റെ മാതൃരാജ്യമായിരുന്ന ജപ്പാനിലെത്തിച്ചേരുന്നു. പക്ഷെ 1960 കള്‍ തന്റെ പിതാവ് ഉപേക്ഷിച്ചുപോന്ന നാടായിരുന്നില്ല ഇപ്പോള്‍ ജപ്പാന്‍. ആശങ്കയോടെയും പ്രതീക്ഷയോടെയും മറ്റുവഴികളില്ലാതെ അയാള്‍ അവിടെ തന്നെ തുടരുകയാണ്. എന്നാല്‍ അത്ഭുതങ്ങളൊന്നും സംഭവിക്കുന്നില്ല. കാലം കൊഴിഞ്ഞുപോകുന്നുവെന്നല്ലാതെ. ഉത്തരകൊറിയയുടെ ഇരുമ്പുവാതിലുകള്‍ തുറന്ന് തന്റെ കുടുംബത്തെ ജപ്പാനിലെത്തിക്കുകയെന്ന ഇനിയും വിദൂരമായവശേഷിക്കുന്നുവെന്ന വേദനയില്‍ നിന്നാണ് മസാജി ഇഷികാവോ തന്റെ അനുഭവങ്ങളെ വെളിപ്പെടുത്തുവാനൊരുങ്ങുന്നത്. ഒരുനിലയ്ക്ക് അത് താന്‍ ജാപ്പാനീസ്-ചൈനീസ് അധികാരികള്‍ക്ക് നല്‍കിയ വാഗ്ദാനത്തിന്റെ ലംഘനം ആയിപ്പോകുമെങ്കിലും. അല്ലാത്തപക്ഷം തന്റെ തീക്ഷ്ണമായ അനുഭവങ്ങളുടെ അശനിപാതമേറ്റ് അയാള്‍ പിടഞ്ഞവസാനിക്കുമായിരുന്നു.
ജപ്പാന്‍വംശജയായ മാതാവിന്റെയും കൊറിയക്കാരനായ പിതാവിന്റെയും പുത്രനാണ് മസാജി. ഉത്തരകൊറിയ ഉയര്‍ത്തിയ സ്വപ്‌നജീവിതം തേടിയാണ് മസാജിയുടെ പിതാവ് കൊറിയയിലേക്ക് എത്തിച്ചേരുന്നത്. എന്നാല്‍ കൊറിയന്‍ ഏകാധിപത്യഭരണകൂടത്തിന്റെ കിരാതമുഷ്ടിക്കുള്ളില്‍ സാധാരണജീവിതം ഞെരിഞ്ഞമര്‍ന്നുകൊണ്ടിരിക്കുകയായിരുന്നു. ജപ്പാനിലന്നുണ്ടായിരുന്ന ദാരിദ്ര്യമാണ് പലായനത്തിന് പ്രേരിപ്പിച്ചതെങ്കില്‍ കൊറിയയില്‍ ദാരിദ്ര്യത്തോടൊപ്പം അവസാനമില്ലാത്ത പീഡനവും മറ്റു ദുരിതങ്ങളും സഹിക്കേണ്ടതായി വന്നു. ഭിക്ഷപോലെ നല്‍കിയുന്ന റേഷന്‍പോലും പൂര്‍ണ്ണമായും കൊറിയന്‍പൗരന്മാര്‍ക്ക് മാത്രമായിരുന്നു. പാതി ജപ്പാന്‍ പൗരനായിരുന്നതിനാല്‍ മസാജിയുടെ കുടംബത്തിന് അതും നിഷേധിക്കപ്പെട്ടു. ഭരണാധികാരിക്കുനേരെയുള്ള ഒരു ചെറിയൊരു വാക്കുപോലും രാജ്യവിരുദ്ധതയായി പരിഗണിക്കപ്പെടുന്ന കടുത്ത മനുഷ്യാവകാശലംഘനത്തിന്റെ ഇരകളായി മരിച്ചുവീഴുന്ന അനേകം ജീവിതങ്ങള്‍ ഉത്തരകൊറിയയുടെ ഇരുമ്പുമറയ്ക്കുള്ളിലുണ്ടെന്ന് മസാജിയുടെ അനുഭവക്കുറിപ്പുകളില്‍ നിന്നും വായിച്ചെടുക്കാം. ഒരു മണി ചോളം പോലുമില്ലാത്ത വെറും തവിടും വെള്ളവും മാത്രമായി തള്ളിനീക്കേണ്ടിവരുന്ന ജീവിതങ്ങളുടെ ദുരിതപര്‍വങ്ങള്‍ ഈ അനുഭവധാരകളിലുണ്ട്. ഇവിടെ ദാരിദ്ര്യം ഏകാധിപത്യത്തെ ഊട്ടിയുറപ്പിക്കാനുള്ള അധികാരദണ്ഡുകളിലൊന്നുമാത്രമാണ്. ജനങ്ങളെ ചോദ്യം ചെയ്യാന്‍ പ്രാപ്തിയില്ലാത്തവരാക്കുന്നതിനുള്ള മുറകളിലൊന്നാണ് അവരെ പട്ടിണിക്കിട്ട് ജീവച്ഛവമാക്കുകയെന്നത്. ഈ ലോകത്ത് ഇത്തരം ഭരണാധികാരികളും അതെല്ലാം സഹിക്കേണ്ടിവരുന്ന ജനതയും ഇന്നുമുണ്ടെന്ന് ഈ പുസ്തകം സാക്ഷ്യപ്പെടുത്തുന്നു.
ഒരു ഭാഗത്ത് ജനാധിപത്യഭരണകൂടങ്ങള്‍ ഫാസിസത്തിലേക്ക് ചെരിഞ്ഞുവീഴുകയും എതിര്‍ശബ്ദങ്ങള്‍ നിലച്ചുപോകുകയും ചെയ്യുമ്പോള്‍, മര്‍ദ്ദിതസമൂഹത്തിന്റെ വിമോചകരെന്ന് വാഴ്ത്തപ്പെടുന്ന പ്രത്യയശാസ്ത്രങ്ങളുടെ പേരില്‍ നടമാടുന്ന ഹീനമായ മനുഷ്യാവകാശധ്വംസനങ്ങളും ദുസ്സഹമായ പീഡനങ്ങളും മാറുന്ന ലോകജീവിതത്തിലെ ആശങ്കയുണര്‍ത്തുന്ന കാഴ്ചകളാകുന്നു. ഇരുട്ടിന്റെ ഭരണാധികാരികളും അവരുടെ ഇരുമ്പുമറകളും ഇനിയും ഉണ്ടായിക്കൊണ്ടേയിരിക്കും. പ്രതീക്ഷയുടെ ഇരുള്‍നദി കടന്ന് മനുഷ്യത്വത്തിന്റെ പലായനങ്ങള്‍ തുടര്‍ന്നുകൊണ്ടുമിരിക്കും.
അന്ധകാരത്തിലൊരു പുഴ രമാമേനോനാണ് വിവര്‍ത്തനം ചെയ്തിരിക്കുന്നത്. പുസ്തകം വാങ്ങാം.

https://greenbooksindia.com/andhakarathiloru-puzha?search=andha&category_id=0

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

8,824FansLike
0FollowersFollow
0SubscribersSubscribe

Latest Articles