പുളി മാറാത്ത കാലത്തിലെ മുറിച്ചുമാറ്റപ്പെട്ട ജീവിതം പറയുന്ന കവിതകള്‍. സങ്കടങ്ങള്‍ക്കു പിന്നില്‍ ഒളിപ്പിച്ച നര്‍മ്മത്തിന്‍റെ തീക്ഷ്ണമായ കല്പനകള്‍. രാഷ്ട്രീയ, സാമൂഹിക, പ്രാദേശിക, വൈയക്തിക ബോധത്തില്‍ നിന്ന് ഉരുവംകൊണ്ട കാവ്യവാങ്മയ ചിത്രങ്ങള്‍. “സഹനങ്ങളിലൂടെയും പീഡനങ്ങളിലൂടെയും കടന്നുപോന്ന ഭൂതകാലമാണ് പല കവിതകളുടെയും പ്രചോദനം. എന്നതുകൊണ്ട് സുറാബ് വര്‍ത്തമാനത്തിലെ പുതിയ പീഡിതരെ കാണുന്നില്ല എന്നില്ല.
തലമുറകളിലൂടെ സമ്പത്തിന്‍റെ തുംഗപദത്തില്‍ വിവിധഭാവങ്ങളില്‍ ഇരുന്നരുളിയ വമ്പന്മാര്‍ തോളില്‍ മാറാപ്പു കേറിയ മാരണങ്ങളായത് ‘അവനവന്‍കടമ്പ’യില്‍ നമുക്കു വായിക്കാം. അന്നത്തെ പീഡിതരുടെ ഇന്നത്തെ പിന്‍ഗാമികള്‍ക്ക് അന്നത്തെ യെശമാന്മാരുടെ ഇന്നത്തെ തലമുറ അശ്രീകരമായി മാറിയിരിക്കുന്നു. ‘മാരണങ്ങള്‍’ എന്നാണ് ഇന്ന് അവരെ വിളിക്കുന്നത്. താന്‍ വ്യാകരണമില്ലാത്ത കവി എന്ന് സുറാബ് ‘മഹല്‍’ എന്ന കവിതയില്‍ സ്വയം താഴ്ത്തിപ്പറയുന്നതുപോലെ തോന്നി.
വൈക്കം മുഹമ്മദ് ബഷീറിനെപ്പറ്റി എം.എന്‍. വിജയന്‍ പറഞ്ഞതിനെ ഓര്‍മ്മിപ്പിക്കുന്ന ഈ സംസാരം ശരിയല്ല. സുറാബിന്‍റെ കവിതയില്‍ വ്യാകരണവും വൃത്തവും താളവും അലങ്കാരവും ഇവ കൂടാതെ മറ്റെന്തെങ്കിലുമാണ് വേണ്ടതെന്നാല്‍ അവയും വേണ്ടിടത്ത് വേണ്ടതു പോലെ ഉണ്ട്.”