Friday, September 20, 2024

മഞ്ഞുകാലത്തെ ക്രിസ്തുമസ്സ്‌രാവുപോലെ  മായികമായ  സാന്ത്വനവുമായി ബെന്യാമിൻ  

 അകത്തെ ക്രിസ്തു പുറത്തെ ക്രിസ്തു

നുഷ്യന്‍ അവന്റെ ഹൃദയം കൊണ്ട് ചെയ്യുന്ന ഏത് പ്രവൃത്തിയിലും ആത്മീയത കണ്ടെത്താം” ബന്യാമിന്റെ ഈ വാക്കുകളാണ് അകത്തെ ക്രിസ്തു പുറത്തെ ക്രിസ്തു എന്ന പ്രഭാഷണങ്ങളുടെ സമാഹാരമായ ഈ പുസ്തകത്തിന്റെ അന്തസ്സത്ത. വ്യത്യസ്ത തലങ്ങളിലുള്ള തീര്‍ത്തും വ്യത്യസ്തമായ പതിമൂന്ന് സദസ്സുകളെയാണ് ഈ പ്രഭാഷണങ്ങളില്‍ നമ്മുടെ കാലത്തെ ഏറ്റവും ജനപ്രിയ എഴുത്തുകാരിലൊരാളായ ബന്യാമിന്‍ സംബോധന ചെയ്യുന്നതെങ്കിലും, ഈ പ്രഭാഷണങ്ങളിലെല്ലാം ജീവിതത്തെ സമഗ്രമായും സൂക്ഷ്മമായും നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ഒരു എഴുത്തുകാരന് മാത്രം സാധിക്കുന്ന ആത്മീയമായൊരു വെളിവിന്റെ കണ്ടെത്തലുണ്ട്. എഴുത്ത് തീര്‍ച്ചയായും ഒരു ആത്മീയവൃത്തിയാണ് ബന്യാമിനെ സംബന്ധിച്ചിടത്തോളം. ക്രിസ്തുവിനെ കുറിച്ചും ക്രിസ്തുമസ്സിനെക്കുറിച്ചും സഭയെക്കുറിച്ചുമെല്ലാം പറയുമ്പോഴും അത് മതാതീതമായൊരു ആത്മീയതലത്തില്‍ പ്രകാശിതമാകുന്നത് അതുകൊണ്ടാണ്.
സര്‍ഗ്ഗാത്മകതയെ ഒരു മതമായി വിവക്ഷിക്കാമെങ്കില്‍, എഴുത്തുകാരന്‍ അതിന്റെ പ്രവാചകനാണ്. അതുകൊണ്ടായിരിക്കാം ബന്യാമിന്റെ വാക്കുകളിലെല്ലാം പ്രവാചകത്വത്തിന്റെ സൂക്ഷ്മസ്പന്ദനം നിഴലിക്കുന്നു. അത്തരമൊരു മതത്തിന്റെ ശ്രുതിസാരമാണ് ഈ പ്രഭാഷണങ്ങളില്‍ നാം വായിക്കുന്നത്. മഞ്ഞുകാലത്തെ ക്രിസ്തുമസ്സ്‌രാവുപോലെ അത് മായികമായൊരു സാന്ത്വനത്തോടെ നമ്മെ അണച്ചുപിടിക്കുന്നു. വാക്കുകളുടെ ശക്തിയും സൗന്ദര്യവും ഈ ആര്‍ദ്രമായൊരു സ്പര്‍ശം കൂടിയാണ്. മുന്നൊരുക്കത്തോടെയോ അല്ലാതെയോ നടത്തിയ പ്രഭാഷണങ്ങളാണ് ഇതില്‍. തകഴി അനുസ്മരണപ്രഭാഷണവും പത്മപ്രഭാപുരസ്‌കാരം സ്വീകരിച്ചുകൊണ്ട് നടത്തിയ മറുഭാഷണവും ഇതില്‍ വായിക്കാം. ഒരു വായനക്കാരനാലും വായിക്കപ്പെടാതെ വിസ്മൃതിയിലാകുമ്പോള്‍ മാത്രമാണ് ഒരു എഴുത്തുകാരന്‍ മരണമടയുന്നതെന്ന നിരീക്ഷണം ഈ കാലത്തെ വായനക്കാരിലേക്കും എഴുത്തുകാരിലേക്കും കൂടി ചേര്‍ത്തുവെച്ചാല്‍ കിട്ടുന്ന ചിത്രം മറ്റൊന്നാണ്. കാലം കൊണ്ട് മറയ്ക്കപ്പെട്ടവരും കാലാതീതരുമായ യാഥാര്‍ത്ഥ്യങ്ങള്‍ നമുക്ക് മുന്നിലുണ്ട്. വിഷാദത്തിനുള്ള മരുന്നാണ് തനിക്ക് എഴുത്ത് എന്ന് ബന്യാമിന്‍ പറയുമ്പോള്‍ എഴുത്തിന്റെ ആത്മീയതയെക്കുറിച്ച് ഉറച്ച ബോധ്യമുള്ളൊരാളുടെ വാക്കുകളാണത്. ഒരു എഴുത്തുകാരന്റെ അകലോകത്തിലേക്കുള്ള വാതായനം കൂടിയാണിത്. ആത്മസംഘര്‍ഷങ്ങളുടെയും വേദനയുടെയും വലിയൊരു മരുക്കടല്‍താണ്ടിയാണ് ഒരു രചന നമുക്ക് മുന്നിലെത്തുന്നത്.
മലയാളിക്ക് പ്രവാസമെന്നാല്‍ അറബ്‌ലോകം മാത്രമാണ്. യൂറോപ്പിലും അമേരിക്കയിലും കുടിയേറിയ മലയാളികള്‍ ഒരിക്കലും പ്രവാസികളാകുന്നില്ല. അവരെല്ലാം അന്നാട്ടിലെ മലയാളികളെന്നാണ് അറിയപ്പെടുക. എന്നാല്‍ ഗള്‍ഫിലേക്ക് ഉദ്യോഗം തേടിപ്പോയവര്‍ ഏതുനിമിഷവും മടക്കിയയ്ക്കപ്പെടാനുള്ളവരോ മടങ്ങേണ്ടവരോ ആണ്. ജീവിതത്തിന്റെ വലിയൊരു ഘട്ടം പിന്നിട്ട് മടങ്ങിയെത്തുമ്പോള്‍ ഒരിടത്തും വേരുറയ്ക്കപ്പെടാതെ കരിഞ്ഞുവാടിപ്പോകുന്ന ജീവിതങ്ങളെക്കൂടി സാക്ഷ്യപ്പെടുത്താനായിരിക്കണം ബന്യാമിന്‍ ഇത് പറയുന്നത്.
ക്രിസ്തു ബന്യാമിന്റെ ഇഷ്ടവിഷയമാണ്. കസന്ദ്‌സാക്കിസിനെപ്പോലെ ബന്യാമിനും അകത്തെ ക്രിസ്തുവിനെയാണ് ഇഷ്ടപ്പെടുന്നത്. പലായനങ്ങളുടെയും വേദനയുടെയും സഹനത്തിന്റെയും ക്രിസ്തു. അവന്‍ എപ്പോഴും മുറിവുകളുണങ്ങാത്തവനാണ്. അലച്ചിലിന്റെ കൂട്ടുകാരനാണ്. ബന്യാമിന്‍ ക്രിസ്തുവിനെക്കുറിച്ച് പറയുമ്പോള്‍ അത് പ്രവാസത്തിലാണ് ചെന്നെത്തുന്നത്. സിറിയായിലും ജോര്‍ദ്ദാനിലും ഉള്ള കലുഷിതമായ ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ പശ്ചാത്തലത്തില്‍ അകത്തെ ക്രിസ്തുവിനുള്ള പ്രസക്തി വര്‍ദ്ധിച്ചുവരികയാണ്. വേദപുസ്തകങ്ങളുടെ ഇതുവരെ ചെന്നെത്താത്ത ആഴങ്ങളിലേക്കാണ് ഈ വാക്കുകള്‍ നമ്മെ കൊണ്ടുപോകുന്നത്. ഒരു എഴുത്തുകാരന് മാത്രം സാധിക്കാവുന്ന അത്ഭുതാവഹമായ ലാവണ്യവിസ്മയം ബന്യാമിന്റെ ഈ പ്രഭാഷണങ്ങളില്‍ വായനക്കാരെ കാത്തിരിക്കുന്നുണ്ട്. ഈ പ്രഭഷണങ്ങളത്രയും ചേര്‍ത്തുവെച്ച് കടന്നുപോകുന്ന ഒരു ദര്‍ശനമുണ്ടെങ്കില്‍, അത് മാനവികബോധത്തിന്റെ സമഗ്രതയിലും ഏകതയിലും അധിഷ്ഠിതമായ ആത്മീയതതന്നെയാണ്. മനുഷ്യന്റെ വേദനകള്‍ക്കുനേരെ തിരിഞ്ഞിരിക്കാന്‍ വിധിക്കപ്പെട്ടവനാണ് എഴുത്തുകാരന്‍ എന്ന് ബന്യാമിന്‍ വിശ്വസിക്കുന്നു. അങ്ങനെ ഒരു ബുദ്ധശിരസ്സിന്റെ ധൂസരമായ ധവളകാന്തിപോലെ നമ്മള്‍ ദസ്തയേവസ്‌കിയെയും പ്രതിഷ്ഠിക്കുന്നു. വീണ്ടും വീണ്ടും വായിക്കപ്പെടാനുള്ള ആശയസമ്പുഷ്ടതയും വ്യാപ്തിയും ഈ പ്രഭാഷണസമാഹാരത്തിനുണ്ട്. ചിന്തിക്കുന്ന ഓരോരുത്തരെയും ഉണര്‍ത്താനുള്ള കഴിവും ആത്മീയസൗരഭ്യവും ഈ വാക്കുകള്‍ക്കുണ്ട്. അത് തീര്‍ച്ചയായും ഒരു എഴുത്തുകാരന് മാത്രം കഴിയുന്ന മാജിക്കാണ്.

 

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

8,824FansLike
0FollowersFollow
0SubscribersSubscribe

Latest Articles