Friday, October 10, 2025

ഡി. വിനയചന്ദ്രന്റെ ഓര്‍മ്മദിനം (11-2-2021)

വീട്ടിലേക്കുള്ള വഴി
ഡി. വിനയചന്ദ്രന്‍

വീട്ടിലേക്കെന്നുപോകുന്നു ചോദിക്കുന്നു
കൂട്ടുകാര്‍, കൂട്ടുകിടക്കുന്ന പുസ്തക
ക്കൂട്ടങ്ങള്‍, ഇത്തിരി മുറ്റത്തു
ഞാന്‍ നട്ടു നോറ്റു പൂവിട്ട തൈമുല്ല
പടിവാതിലോളം പറന്നുമറയുന്ന
കൊച്ചരിപ്രാവ്, കലണ്ടറില്‍
ചൂട്ടുകത്തിച്ചുകിടക്കുമവധികള്‍.
ഉള്ളിലേതോ ഗുഹാശില്പം
നിറയെയും പൂര്‍വ്വലിപികള്‍
തിരിച്ചുവായിക്കുവാനാകാതെ
നിന്നു ചുറ്റുന്ന പ്രണയം, വിഷാദം,
വിരഹം പ്രതീക്ഷയനാഥസങ്കല്പം
മുറിവേറ്റ ദിനം രാത്രിസന്ധ്യകള്‍.
അമ്മയില്ലാത്തവര്‍ക്കേതുവീട്?
ഇല്ല വീട്, എങ്ങെങ്ങുമേ വീട്
കാട്ടുവഴികള്‍ കടത്തിണ്ണകള്‍
റെയില്‍സ്റ്റേഷന്‍ സത്യാഗ്രഹപ്പന്തല്‍
അനാഥശുശ്രൂഷ അഭയാര്‍ത്ഥികള്‍ക്കൊരുപാട്ട്
കുമാരിയില്‍ സാഗരസ്‌നാനം, ഗയയില്‍ ബലി
ഹിമവാനിലൂടെയേകാന്തയാത്ര
തീരങ്ങളില്‍ കണ്ടുമുട്ടുന്നവരൊത്തുതീനും കുടിയും
തിരികൊളുത്തുന്ന രാഷ്ട്രീയവിചാരം
അനാഥശവങ്ങള്‍ക്ക് കാവലിരിപ്പ്
ദിവാസ്വപ്നമാടിയൊടുങ്ങാത്ത വ്യാധി
ഒറ്റവാക്കിന്റെ വിശുദ്ധമാം പ്രാര്‍ത്ഥന
ഉറ്റവരില്ലാത്തവന്റെ ശേഷക്രിയ.
വീട്ടിലേക്കെന്നു പോകുന്നു? ചോദിക്കുന്നു കൂട്ടുകാര്‍.
ഇന്നുവരും മകനെന്നു പടിപ്പുര
ത്തിണ്ണയില്‍ കണ്ണുനട്ടമ്മയിരിക്കുമോ?
കണ്ണുനീരെല്ലാം തൊടിയില്‍ തുളസിയായ്
വന്നുവെന്നാശ്വസിക്കുന്ന പെങ്ങള്‍
ഇന്നില്ലാരുമില്ലെന്നുറപ്പായനേരത്തു
ചൊല്ലാന്‍ പറയുമോ സ്‌നേഹവിലാപങ്ങള്‍?
അപ്പുറത്തിപ്പുറത്തുള്ള പെണ്ണുങ്ങള്‍
എന്നെത്തിനോക്കുമ്പോളിടയ്‌ക്കൊരാളില്‍ മാത്രം
ദൃഷ്ടിയുടയ്ക്കിയിടറി നിന്നീടുമോ?
നാടകം, വാര്‍ഷികം, വായനശാലയ്ക്കു
കുടുതല്‍ ഗ്രാന്റ്, പൊതുവിശ്രമസ്ഥലം-
ഓരോന്നിനോരോവിധം കൂട്ടുകാര്‍ വന്നു
നേരം മുഴുക്കാതിരുന്നു പറയുമോ?
കാവിലെ കല്ലില്‍ വിളക്കുതെളിയുമ്പോള്‍
പൂര്‍വ്വികര്‍ വന്നു കുശലം മൊഴിയുമോ?
വീട്ടിലേക്കെന്നു പോകുന്നു? ചോദിക്കുന്നു.
കൂട്ടുകാര്‍; വീടേത്?
വീടെന്നു ചൊല്ലി കിടാങ്ങളെ
യൂട്ടിക്കളിപ്പിച്ചു പാട്ടുപഠിപ്പിച്ചു
അണ്ണനെന്നും തമ്പിയെന്നുമനിയത്തി
അമ്മയെന്നും ചേച്ചിയെന്നും വ്യഥയ്‌ക്കൊരു
കൂട്ടെന്നുമൂന്നിസമര്‍പ്പിതചേതസ്സായ്
എന്റെയെന്നെന്റെയെന്നെന്നും കരുതിയോര്‍
അന്യരായ് കോണിപ്പടികള്‍ കയറുന്നു;
ഭിന്നമാം പൊയ്മുഖങ്ങള്‍, പരിഹാസങ്ങള്‍
മാന്യമാം ഗര്‍വ്, മനംമറി, പ്പന്യോന്യ-
മില്ലാത്ത സ്‌നേഹനാട്യം
കൂട്ടിനുള്ളില്‍ കിടന്നു മരിച്ചകിളി
കൂടു നഷ്ടമായ്‌വാനിലലയും കിളിക്കൊഞ്ചല്‍.
വീട്ടിലേക്കെന്നു പോകുന്നു? വിഭവങ്ങള്‍
വീട്ടിലേക്കെന്തൊക്കെ വാങ്ങുന്നു? നാട്ടിലെ
കൂട്ടുകാരാരൊക്കെ?
വീട്ടിലേക്കിക്കൊച്ചു സഞ്ചിയില്‍ക്കൊള്ളുന്ന
നാട്ടിലെ വിത്തുകള്‍ സങ്കടപ്പാട്ടുകള്‍
ഓര്‍ത്തോര്‍ത്തു ദുഃഖം നിലാവായ് വിരിയുന്ന
നാട്ടിലെ പ്രേമകഥകളിരുട്ടത്തു
കൂട്ടിനായ് ചൂട്ടുകത്തിക്കും പ്രതിജ്ഞകള്‍
ഇക്കൊച്ചുമക്കളും പൂഴിയും പൂക്കളും
പച്ചിലകുമ്പിളും മേഘനിശ്വാസവും
എന്റെയെന്നുള്ളോരലിവു, മഗാധത്തി
ലെന്റെയെന്നില്ലെന്ന നിര്‍വ്വേദ ദീപ്തിയും.
കാടാറുമാസമേ നാടാറുമാസമേ
നാടും നഗരവും വീടും ചുടലയും
എന്റെ കളിപ്പാംകുളം; ഞാനിടും കല്ലു
മുങ്ങിയെടുപ്പതു സൂര്യനോ ചന്ദ്രനോ?
ചന്ദ്രനുറങ്ങിയ രാവിലെപ്പൂക്കളോ?
സന്ധ്യയ്ക്കുപാടുന്ന ഭ്രാന്തന്‍കിനാക്കളോ?
കുന്നിലെപ്പൂക്കളിറുക്കുവാന്‍ പോകുന്നോ
രുണ്ണിക്കിടാവോ? പുഴക്കടവില്‍ വീണു
തന്നെ മറന്നുമയങ്ങും പ്രവാസിയോ?
വീട്ടില്‍ നിന്നോ വരുന്നത്? പെട്ടിയില്‍
നാട്ടുവിഭവങ്ങളെന്തൊക്കെ? എന്തൊക്കെ
കൂട്ടുകാര്‍ക്കുള്ള സമ്മാനങ്ങള്‍?
പെട്ടിയില്‍
ഊരിലെ പഞ്ഞം
ഉദയഗിരിയിലെ കുന്നിമണികള്‍
വിഫലമായ് പോയ സമരങ്ങള്‍തന്‍
വീരഗാഥകള്‍
കൂടിപ്പിരിഞ്ഞ ദിനങ്ങളില്‍ പൂവിട്ടു
വാടിയപൂക്കള്‍തന്‍ നാലഞ്ചിതളുകള്‍
ഓരോനിറത്തിലുമഞ്ചാറുതൂവല്‍
ഗംഗയില്‍നിന്നു ഞാന്‍ മുങ്ങിയെടുത്ത
നൂറ്റെട്ടു ശിലകള്‍
പിന്നെയമ്മൂമ്മയുണ്ണിക്കു നല്‍കിയ സന്ധ്യനാമം
പിന്നെയപ്പൂപ്പനോഹരിയായ്ത്തന്ന
രാമായണം കിളിപ്പാട്ട്
പിന്നെയമ്മപണ്ടമ്മപണ്ടുണ്ണിക്കു നല്‍കിയ
വെള്ളിക്കൊലുസും വിശ്വാസവും
പ്രാര്‍ത്ഥനാമന്ത്രവും.
വീട്ടിലേക്കല്ലോ വിളിക്കുന്നു തുമ്പയും
കാട്ടുകിളിയും കടത്തുവള്ളങ്ങളും
വീട്ടില്‍ നിന്നല്ലോയിറങ്ങിനടക്കുന്നു
തോറ്റവും ചിങ്ങനിലാവും കരച്ചിലും.

Buy  :https://greenbooksindia.com/essays-study/Veedu-Maarunnavar

 

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Latest Articles