സ്വന്തം പേരുപോലും അക്ഷരത്തെറ്റുകൂടാതെ എഴുതാൻ കഴിയാതിരുന്നിട്ടും തന്റെ അതുല്യ പ്രതിഭാവിലാസംകൊണ്ട് ഉന്നത ബിരുദ ധാരികളെപ്പോലും അതിശയിപ്പിച്ച യോഗീശ്വരനാണ് ശ്രീരാമകൃഷ്ണ പരമ ഹംസർ. എല്ലാ മതതത്ത്വങ്ങളിലും കുടികൊള്ളുന്നവ ഒരേധർമത്തിന്റെ വിഭിന്ന ഭാവങ്ങളാണെന്ന് തിരിച്ചറിഞ്ഞ ആധ്യാത്മികാചാര്യനായിരുന്നു അദ്ദേഹം.
താന്‍ പഠിച്ചകാര്യങ്ങള്‍ പ്രായോഗികാനുഭവത്തില്‍ പരീക്ഷിച്ചറിയാനും മറ്റുള്ളവര്‍ക്ക് ലളിതമായി പറഞ്ഞു കൊടുക്കുവാനും ഉള്ള അസാമാന്യമായ കഴിവുണ്ടായിരുന്നു പരമഹംസര്‍ക്ക്.
തന്റെ ആശ്രമത്തില്‍ എത്തുവരോട് രാമകൃഷ്ണദേവനു പറയാനുണ്ടായിരുത് കഥകളായിരുന്നു. ജീവന്‍തുടിക്കുന്ന കഥകള്‍. ലളിതമെന്നു തോന്നിയേക്കാമെങ്കിലും ചിന്തിക്കുന്തോറും ആഴമേറുന്ന കഥകൾ…
ഈശ്വരന്‍ സര്‍വ്വവ്യാപിയാണെങ്കില്‍ നാമെന്തുകൊണ്ടു കാണുന്നില്ല?
ശ്രീരാമകൃഷ്ണ പരമഹംസര്‍: പച്ചയും പായലും നിറഞ്ഞ ഒരു കുളത്തിന്റെ വക്കത്തുനിന്നാല്‍ അതില്‍ വെള്ളമില്ലെന്നു നിങ്ങള്‍ പറയും. കുളത്തിലെ വെള്ളം കാണണമെങ്കില്‍ മീതെ കിടക്കുന്ന ആ പായല്‍ ഒന്നു തട്ടി നീക്കൂ. മായാപടലംകൊണ്ടു മൂടിയ കണ്ണുകളിലൂടെ നോക്കിയിട്ട് ഈശ്വരനെ കാണുന്നില്ല എന്നു നിങ്ങള്‍ പരാതിപ്പെടുന്നു. നിങ്ങള്‍ക്ക് അവിടുത്തെ കാണണമെങ്കില്‍ കണ്ണില്‍നിന്നു മായാപടലമെടുത്തു മാറ്റുക….