പഞ്ചാബിലെ ലയർപൂർ ജില്ലയിലുള്ള ബങ്ക ഗ്രാമത്തിൽ ഒരു സിഖ് കർഷകകുടുബത്തിൽ 1907 സെപ്റ്റംബർ 28 നാണ് ഭഗത് സിങ്ങിന്റെ ജനനം. അച്ഛൻ :സർദാർ കിഷൻ സിങ്. അമ്മ :വിദ്യാവതി. ഭാഗ്യമുള്ള കുട്ടി എന്നർത്ഥം വരുന്ന ഭഗോൺവാല എന്ന പേരിട്ടത് മുത്തശ്ശിയായിരുന്നു. പിന്നീട് ഭഗത് സിങ് എന്ന പേരിൽ പ്രശസ്തനായി. ഭഗത് സിങ്ങിന് 12 വയസ്സുള്ളപ്പോഴാണ് ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്നത്. നിരപരാധികൾ വെടിയേറ്റ് വീണ സംഭവമാണ് ഭഗത്തിന്റെ മനസ്സിൽ ദേശഭക്തിയുടെ വിത്ത് പാകിയത്. പിറ്റേ ദിവസം ജാലിയൻ വാലഭാഗ് സന്ദർശിച്ച ഭഗത് അവിടെ നിന്നും ശേഖരിച്ച ചോരയും മണ്ണും ചെറിയ ഒരു കുപ്പിയിലാക്കി അലങ്കരിച്ച് തന്റെ മുറിയിൽ സ്ഥാപിക്കുകയും അതിനു അഭിവാദ്യം അർപ്പിക്കുകയും ചെയ്യുകയുണ്ടായി. ദേശഭക്തിയുടെ ഒരു ഉദാഹരണം.അഞ്ച് വിവിധ ഭാഷകളിൽ പ്രവീണ്യം നേടിയിരുന്നു ഭഗത്. തന്റെ ലക്ഷ്യങ്ങളോട് സമരസപ്പെടുന്നു എന്ന് കണ്ട വിവിധ സംഘടനകളിൽ ചേർന്നു പ്രവർത്തിക്കാൻ തുടങ്ങി. വിവാഹലോചന നിരാകരിച്ച് ഭഗത് ഇങ്ങനെ പറയുന്നു : ‘ഇന്ത്യ ആസ്വാതന്ത്രയായിരിക്കുന്നിടത്തോളം എന്റെ വധു മരണം മാത്രമായിരിക്കും’. പിന്നീട് പ്രതാപ് പ്രസ്സ് എന്ന ഒരു അച്ചടിശാലയിൽ ജോലിക്കു ചേർന്നു. ഒപ്പം വിപ്ലവ സാഹിത്യ പഠനവും തുടങ്ങി.
1926 ൽ ദസ്സറ ദിനത്തിൽ ലഹോറിലുണ്ടായ ബോംബുസ്ഫോട നത്തിൽ സിങ്ങിന്റെ ഇടപെടൽ ആരോപിച്ച് പൊലീസ് അദ്ദേഹത്തെ അറസ്റ്റു ചെയ്തു. എന്നാൽ 60,000 രൂപയുടെ ജാമ്യത്തിൽ സിങ്ങിനെ കോടതി വിട്ടയച്ചു.1924 ൽ കാൺപൂരിൽ വെച്ച് അദ്ദേഹം സച്ചീന്ദ്രനാഥ് സന്യാൽ ആരംഭിച്ച ഹിന്ദുസ്ഥാൻ റിപ്പബ്ലി ക്കൻ അസോസിയേഷൻ എന്ന സംഘടനയിൽ അംഗമായി.1926 ൽ നൗജവാൻ ഭാരത് സഭ എന്ന പേരിൽ ഒരു സായുധ വിപ്ലവസംഘടന രൂപവത്കരിച്ചു. പിന്നീട് വർക്കേർസ് ആന്റ് പെസന്റ്സ് പാർട്ടി എന്ന സംഘടനയുമായും ബന്ധപെട്ടു. ലാലാജിയെ ഭഗത് ഏറെ ബഹുമാനിച്ചിരുന്നു. ലാലാജിയുടെ മരണം നേരിട്ടു കണ്ട ഭഗത് സിങ് പകരം ചോദിക്കുമെന്ന് പ്രതിജ്ഞയെടുത്തു. ചോരയ്ക്ക് ചോര എന്ന സന്ദേശമാണ് ബ്രിട്ടനു നൽകേണ്ടത് എന്ന അഭിപ്രായമാണ് ഭഗത് മുന്നോട്ട് വെച്ചത്. പോലീസിന് സ്വതന്ത്ര്യ അധികാരം നൽകുന്ന നിയമത്തിനെതിരെ അസംബ്ലിഹാളിൽ ആർക്കും പരിക്കുപറ്റാതെ ബോംബെറിയാൻ ഭഗത്തും ബി. കെ ദത്തും സഹപ്രവർത്തകരും തീരുമാനിച്ചു.1929 ഏപ്രിൽ 8ന് ഭഗത് സിങ്ങും ബി കെ ദത്തും സഭയിൽ ബോംബെറിഞ്ഞു, അതിനുശേഷം ഇൻക്വിലാബ് സിന്ദാബാദ് ( വിപ്ലവം നീണാൾ വാഴട്ടെ ), സാമ്രാജ്യത്വം മൂർദ്ദാബാദ് എന്നി മുദ്രവാക്യങ്ങൾ ഉറക്കെ വിളിച്ചുകൊണ്ട് ബധിരർ ക്കു ചെവി തുറക്കാൻ ഒരു വൻ സ്ഫോടനം തന്നെ വേണമെന്ന് തുടങ്ങുന്ന ലഘുലേഖനം വിതരണം ചെയ്തു. “ഞാൻ ഒരു തീവ്രവാദിയെപ്പോലെയാണ് പെരുമാറുന്നത് എന്ന് നിങ്ങൾക്ക് തോന്നാം. പക്ഷേ ഞാനൊരു തീവ്രവാദിയല്ല “.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യൻ യുവത്വത്തിനു വേണ്ടി പുനരാവിഷ്കരിക്കപ്പെട്ട ഉജ്ജ്വലമായ കൃതിയാണ് “ഭഗത് സിങ്ങിന്റെ ജയിൽ ഡയറി”. മുതലാളിത്തതിന്റെ പ്രലോഭനങ്ങളിൽ കുടുങ്ങി ദിശാബോധം നഷ്ടമാകുന്ന ഒരു യുവതലമുറയല്ല നമുക്ക് വേണ്ടത് എന്ന് നമ്മെ ഓർമിപ്പിക്കുന്ന കൃതി. ബ്രിട്ടീഷ് ഭരണകാലത്ത് കഴുവിലേറ്റപ്പെട്ട ഒരു ധീരവിപ്ലവകാരിയുടെ ജ്വലിക്കുന്ന വായനകളുടെയും ചിന്തകളുടെയും സമാഹരമാണ് ഈ കൃതി. ഭഗത് സിങ്ങിന്റെയും കൂട്ടാളികളുടെയും വീരമൃത്യു സംഭവിച്ചിട്ട് ഏതാണ്ട് ഒരു നൂറ്റാണ്ടു തികയാറായി. സ്വാതന്ത്ര്യം നേടി ഒരു നീണ്ട ദേശീയ കാലഘട്ടവും കടന്നു പോയി. കാലവും കഥയും മാറിയെങ്കിലും ഭഗത് സിങ് ആർക്കു വേണ്ടി രക്തസാക്ഷിത്വം വരിച്ചുവോ ആ ജനത ഇപ്പോഴും നിസ്വരും നിരാലംബരുമാണ്. ഈ കൃതിയുടെ ആന്തരിക പ്രാധാന്യവും അതുതന്നെയാണ്.
ഭഗത് സിങ്, നെഹ്രുവിന്റെ ഭാഷയിൽ പറഞ്ഞാൽ ബ്രിട്ടീഷ് വിരുദ്ധ സമരത്തിന്റെ ‘ ഫോക് ഹീറോ ‘ആണ്. തീക്ഷ്ണബുദ്ധി , നിർഭയത, സഹസികത, ആദർശപ്രേമം. ദേശാഭിമാനം, ജിജ്ഞാസ ഇങ്ങനെ നാടോടിക്കഥകളിലെ നായകന്മാരുടെ എല്ലാ ഗുണങ്ങളും തികഞ്ഞ, തന്റെ പ്രവർത്തനങ്ങളിലൂടെയെന്ന പോലെതന്നെ കാരാഗൃഹവാസത്തിലൂടെയും ഇരുപത്തി നാലാം വയസ്സിൽ ഏറ്റു വാങ്ങേണ്ടി വന്ന മരണശിക്ഷയിലൂടെയും അനശ്വരനക്കപ്പെട്ട, നമ്മുടെ സ്വന്തം ചെ ഗവേരാ എന്നു പറയാം. ഈ ഡയറിക്കുറിപ്പുകൾ സുനിശ്ചിതമായ തന്റെ മൃത്യുവിന്നു മുൻപിലും പതറാതെ ഒമാർ ഖയ്യാം മുതൽ വേർഡ്‌സ് വർത്ത് വരെയുള്ളവരുടെ കവിതകൾ പകർത്തിയെഴുതുകയും മാർക്സിന്റെയും എംഗൽസിന്റെയും അടിസ്ഥാന ഗ്രന്ഥങ്ങൾ വായിച്ചു കുറിപ്പെടുക്കുകയും സ്നേഹത്തെയും ത്യാഗത്തെയും സാമൂഹ്യ സന്ദർഭത്തിൽ വെച്ച് പുനർ നിർവചിക്കുകയും ചെയ്ത ഒരു യുവാവിന്റെ ചോര പൊടിയുന്ന, കോരിതരിപ്പിക്കുന്ന, ജിവിത സാക്ഷ്യങ്ങളാണ്. —ഭഗത് സിങ്ങിന്റെ ജയിൽ ഡയറി (അവതാരിക – സച്ചിദാനന്ദൻ)
ഈ പുസ്തകം വാങ്ങിക്കുവാൻ : https://greenbooksindia.com/autobiography/bhagat-singhinte-jail-diary-bhagath-singh-binoy-viswam