ഉദാപ്ലുതസത്വങ്ങള്‍ by അരുണ്‍ ബാബു ആന്റോ
വാവക്കാട് എന്ന കടലോരഗ്രാമത്തിലെ മനുഷ്യരുടെ അതിസങ്കീര്‍ണമായ ചില ജീവിതസത്യങ്ങള്‍, കടലിന്റെ ഉള്ളറകളില്‍ ഗോപ്യമായി കിടക്കുന്ന ചില ഉദാപ്ലുതസത്വങ്ങളു(സമുദ്രജലത്തില്‍ മുങ്ങിക്കിടക്കുന്ന സത്വങ്ങള്‍)മായുള്ള അഭിമുഖീകരണങ്ങളെ വെളിപ്പെടുത്തുന്നു. ക്രൗര്യവും സാഹസികതയും നിസ്സഹായതയും സംഘര്‍ഷങ്ങളും സന്നിവേശിപ്പിക്കപ്പെടുന്ന ഭൂമികയില്‍ അനിക്ലേത്ത് സ്രാങ്ക് വൈരുദ്ധ്യങ്ങളുടെ പ്രതീകമായി നിലകൊള്ളുന്നു.
”പുറത്താക്കെപ്പടുന്നവരെ വേറെ വലിയ മീനുകളോ കറുമ്പച്ചമ്മാരോ കടിച്ചുകൊല്ലാറാണ് പതിവ്. ബ്രെഷ്ട്ട് കല്‍പ്പിച്ചു ചത്തതുങ്ങളുടെ ശവം കടലിലിട്ടാ ശാപമാണെന്നാണ് പറയണത്. അതുകൊണ്ട് അതിന്റെ, മീന്റ കണക്കൊള്ള മുഴുത്ത വാലും തലയും മുറിച്ച് ദേഹത്തൊള്ള ഗ്ലാത്തിയെല്ലാം അടര്‍ത്തിയിട്ട് നീളന്‍ കൊമ്പൊള്ള റാണീം സേവകരും കൂടി നമ്മട കരയില് കൊണ്ടുവന്ന് തള്ളും. അതാണ് എറച്ചിപ്പൊറ്റയുടെ പിന്നിലൊള്ള കഥ. ഇതില്‍ എന്തുംമാത്രം സത്യവൊണ്ടെന്നൊന്നും നമുക്കറിയാമ്മേല. ഈ തീരത്തടിയണ എറച്ചിപ്പൊറ്റ തപ്പിപ്പോയാ ഒരു ചുക്കും കിട്ടുകേലെന്നു മാത്രമറിയാം. അതൊള്ളതാ.”