ചെസ്സ് ഒളിമ്പ്യന്‍ പ്രൊഫ: എന്‍.ആര്‍. അനില്‍കുമാര്‍ രചിച്ച് ഗ്രീന്‍ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ചെസ്സ്: പഠിക്കാം കളിക്കാം ജയിക്കാം‘ എന്ന പുസ്തകം ഒരേ സമയം വിനോദവും ശാസ്ത്രവും കലയുമായ ചെസ്സ് എന്ന കായിക വിദ്യയെ നമുക്ക് പരിചയെടുത്തുന്നു.
വിനോദം എന്ന നിലയ്ക്ക് ചെസ്സ് ആസ്വദിക്കുവാനും ശാസ്ത്രീയ തത്ത്വങ്ങള്‍ അടിസ്ഥാനമാക്കി സര്‍ഗ്ഗാത്മകതയോടെ കരുനീക്കങ്ങള്‍ നടത്തുവാനും കൂടി ഈ പുസ്തകം നമ്മെ പഠിപ്പിക്കുന്നുണ്ട്.
ചെസ്സ് എന്ന കളി കാലാകാലങ്ങളായി പല രൂപങ്ങളിലും നിലനില്‍ക്കുന്നുണ്ടെങ്കിലും 1972ല്‍ നടന്ന ലോക ചെസ്സ് ചാമ്പ്യന്‍ഷിപ്പിലെ അസാധാരണ സംഭവ വികാസങ്ങളിലൂടെയാണ് ലോകം മുഴുവനും പ്രത്യേകിച്ച് ഇന്ത്യയിലും ചെസ്സ് കൂടുതല്‍ ജനശ്രദ്ധ ആകര്‍ഷിച്ചത്. അതിനുശേഷം വിശ്വനാഥന്‍ ആനന്ദ് എന്ന ചെസ്സ് പ്രതിഭയുടെ ഉയര്‍ച്ചയും ലോക ചെസ്സ് കിരീടനേട്ടവും ഇന്ത്യന്‍ ചെസ്സ് അത്യധികം ഉത്തേജനം നല്‍കി.
ഒരു വിനോദോപാധിയെന്നതിലുപരി ഏതൊരു വ്യക്തിയുടെയും മാനസിക വികസനത്തിനും I.Q വര്‍ദ്ധിപ്പിക്കുന്നതിനും ഉതകുന്ന ഒരു കളിയാണിത്. ചെസ്സ് ബോര്‍ഡിലെ കരുക്കളും നീക്കങ്ങളും പ്രതിനിധീകരിക്കുന്നത് ജീവിതത്തിലെ തന്നെ പ്രതിസന്ധികളും പ്രശ്‌നപരിഹാരങ്ങളുമാണ്. സുചിന്തിതമായ നീക്കങ്ങളിലൂടെ പ്രതിസന്ധികളെ അതിജീവിക്കുവാനാണ് ഇതിലൂടെ പഠിക്കുന്നത്. കുട്ടികളില്‍ ചെസ്സിലുള്ള താല്പര്യം വര്‍ദ്ധിക്കുവാന്‍, ടൂര്‍ണമെന്റുകള്‍ സംഘടിപ്പിച്ചും ക്ലാസുകള്‍ നല്‍കിയും അഹോരാത്രം പ്രവര്‍ത്തിക്കുകയും അതിലൂടെ അനവധി ചെസ്സ് പ്രതിഭകളെ ഉന്നതിയിലെത്തിക്കുവാന്‍ കാരണക്കാരനുമായ ചെസ്സ് ഒളിമ്പ്യന്‍ ശ്രീ. അനില്‍ കുമാര്‍ രചിച്ച ഈ അവബോധനഗ്രന്ഥം ചെസ്സില്‍ കുട്ടികള്‍ക്കും മറ്റു തല്പരര്‍ക്കും ശക്തമായ അടിത്തറ നല്‍കാന്‍ പര്യാപ്തമാണ്.