”മഹത്ത്വാരാധന സാഹിത്യ ജീവിതത്തില്‍ തുടക്കം മുതല്‍ ഒടുക്കം വരെ ഒരു വ്രതാനുഷ്ഠാനമായി സാനു മാഷ് തുടര്‍ന്നുപോന്നു. ഈ വ്രതനിഷ്ഠയുടെ ഉല്‍പ്പന്നങ്ങളാണ് അദ്ദേഹം രചിച്ച ജീവചരിത്ര ഗ്രന്ഥങ്ങള്‍. ഇത്രയേറെ ജീവിത ചരിത്രഗ്രന്ഥങ്ങളില്‍ രചിച്ച മറ്റൊരാള്‍ ലോകഭാഷയില്‍ തന്നെ അപൂര്‍വ്വമാണ്” പ്രൊഫ. എം. ലീലാവതിയുടെ വാക്കുകൾ
ലീലാവതി ടീച്ചറുടെ അഭിപ്രായം സാധൂകരിക്കുന്നതാണ് സാനുമാഷിന്റെ ഒടുവിലത്തെ കൃതിയായ ‘മനുഷ്യത്വത്തിന്റെ മാര്‍ഗ്ഗത്തില്‍’ എന്നതിന് കാലം സാക്ഷി. അപരരുടെ വേദനകളും ബുദ്ധിമുട്ടും ആത്മാംശമാക്കി മാറ്റുന്നവര്‍ക്കേ മനുഷ്യത്വത്തിന്റെ മാര്‍ഗ്ഗത്തില്‍ സഞ്ചരിക്കുന്നവരെക്കുറിച്ച് എഴുതുവാന്‍ സാധിക്കൂ.
വിഷയം: പ്രവാസി വ്യവസായിയും സാനുമാഷിന്റെ അടുത്ത സുഹൃത്തുമായ ശ്രീ. വാസു അയിലക്കാടിന്റെ മാതൃകാപരവും ത്യാഗോജ്ജ്വലവുമായ ജീവചരിത്രഗ്രന്ഥമാണ് ‘മനുഷ്യത്വത്തിന്റെ മാര്‍ഗ്ഗത്തില്‍‘ എന്ന കൃതി.
പ്രസക്ത ഭാഗം: വ്യവസായപ്രമുഖന്‍, വിജ്ഞാനദാഹി, സൗന്ദര്യാരാധകന്‍, നിര്‍മ്മമന്‍. ഈ ഗുണങ്ങള്‍ പലരിലും കാണുമായിരിക്കും. എന്നാല്‍ ജീവിതത്തിലുടനീളം ഇവ പുലര്‍ത്തുന്ന വ്യക്തികള്‍ അപൂര്‍വ്വമായിരിക്കും. എന്താണ് പുതുതലമുറയ്ക്ക് ഈ ജീവിതപുസ്തകത്തില്‍ നിന്ന് പഠിക്കാനുള്ളത് എന്നല്ലേ? വൃത്തിയും വെടിപ്പും കൃത്യനിഷ്ഠയും പാലിക്കുക, കഠിനാദ്ധ്വാനിയായിരിക്കുക, ഏത് ജോലിയോടും ആത്മാര്‍ത്ഥത പുലര്‍ത്തുക, ഒന്നിനോടും അമിതമായ ആഗ്രഹമില്ലാതിരിക്കുക, അവനവനിലുള്ള വിശ്വാസം നഷ്ടപ്പെടുത്താതിരിക്കുക, സത്യസന്ധനായിരിക്കുക, എങ്കില്‍ വിജയം ഉറപ്പ്.
അദ്ദേഹത്തിന്റെ ജീവിതം തുടരുകയാണ്. സുഖം, സ്വസ്ഥം. കാലത്തോട് കൃതജ്ഞതയുള്ളവന്‍, മനുഷ്യത്വത്തിന്റെ മാര്‍ഗ്ഗത്തില്‍ സഞ്ചരിക്കുന്നവന്‍ വാസു അയിലക്കാട്.