പത്രാധിപ രംഗത്തെ അതികായൻ സ്വദേശാഭിമാനിയുടെ ഓർമ്മദിവസം
1878 മെയ് 25 ന്ന് ജനിച്ചു. ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ ശക്തനായ വക്താവ്.
സ്വാത്രന്ത്ര്യ സമരപോരാളി, പത്രാധിപർ, ഗദ്യകാരൻ, നിരൂപകൻ, സാമൂഹിക നവീകരണവാദി എന്നീ നിലകളിൽ ധീരമായ നിലപാടുകൾ അനുവർത്തിച്ച പത്രപ്രവർത്തകനായിരുന്നു രാമകൃഷ്ണപിള്ള.
സാഹസികതയും അന്വേഷണ ബുദ്ധിയും കുട്ടിക്കാലം മുതൽ അദ്ദേഹത്തിൽ ഉണ്ടായിരുന്നു. ഉന്നതവിദ്യാഭ്യാസത്തിനായി തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളേജിൽ ചേർന്ന രാമകൃഷ്ണൻ പില്ക്കാലത്ത് സാഹിത്യരംഗത്ത് പ്രസിദ്ധരായിത്തീർന്ന മഹാകവി ഉള്ളൂർ, ഒടുവിൽ കുഞ്ഞികൃഷ്ണ മേനോൻ തുടങ്ങിയ വ്യക്തികളുമായി അടുപ്പത്തിലാകുകയും സാഹിത്യ രംഗത്തേക്ക് കടന്നു വരുകയും ചെയ്തു. കേരള ദർപ്പണം,കേരള പഞ്ചിക, മലയാളി, കേരളൻ എന്നി പത്രങ്ങളുടെ പത്രാ ധിപത്യം വഹിച്ചിരുന്ന സമയത്താണ് വക്കം അബ്ദുൾ ഖാദർ മൗലവി ‘സ്വദേശാഭിമാനി’ എന്ന പത്രത്തിന്റെ പത്രാധിപസ്ഥാനത്തേക്ക് രാമകൃഷ്ണപിള്ളയെ ക്ഷണിച്ചത്. അതിലൂടെയാണ് ആധുനികമായ ആശയങ്ങൾ ആദ്യമായി മലയാളത്തിൽ അവതരിപ്പിക്കുന്നത്.
സ്വദേശാഭിമാനി യിലൂടെ സമൂഹത്തിലെ തിന്മകള്‍ക്കെതിരെ മുഖം നോക്കാതെ പ്രതികരിച്ച രാമകൃഷ്ണപിള്ള പത്രത്തിന്‍റെ ശക്തിയെന്തെന്ന് തെളിയിക്കുകയായിരുന്നു. തിരുവിതാംകൂര്‍ ദിവാനായിരുന്ന പി. രാജഗോപാലാചാരിക്കെതിരെ നിരന്തരം വിമര്‍ശനങ്ങളുതിര്‍ത്തു. ഇതിനെത്തുടര്‍ന്ന് 1910 സെപ്റ്റംബര്‍ 26ന് അദ്ദേഹത്തെ തിരുവിതാംകൂറില്‍ നിന്ന് നാടു കടത്തി. സാമൂഹിക നവീകരണം എങ്ങനെ വേണമെന്നുള്ള ഉറച്ച നിലപാട് എടുക്കുന്നതിലൂടെയാണ് രാഷ്ട്രീയപരമായി അദ്ദേഹത്തെ നാട് കടത്താനുള്ള തീരുമാനം ഉണ്ടാകുന്നത്.
1901-ൽ ആരംഭിച്ച ‘കേരള പഞ്ചിക’ എന്ന പത്രത്തിന്റെ പത്രാധിപരായ രാമകൃഷ്ണപിള്ള പത്രധർമത്തെപ്പറ്റി ആദ്യ ലക്കത്തിൽ ഇപ്രകാരം എഴുതി: ”പത്രങ്ങൾക്ക് പ്രധാനമായി രണ്ടുകടമകളുണ്ട്: ജനസാമാന്യത്തിന്റെ അഭിപ്രായം സ്വരൂപപ്പെടുത്തുക; ജനസാമാന്യത്തിന്റെ അഭിപ്രായം അനുവർത്തിക്കുക. ഇതിൽ ഏറ്റവും പ്രധാനം ആദ്യത്തെതാണ്.”
ഈ തത്ത്വമായിരുന്നു അദ്ദേഹം പത്രപ്രവർത്തനരംഗത്ത് അവസാനംവരെ പിന്തുടർന്നത്.
വൃത്താന്ത പത്രപ്രവർത്തനം, ഭാര്യാധർമ്മം, ബാലബോധിനി, കൃഷിശാസ്ത്രം, സോക്രട്ടീസ്, അങ്കഗണിതം, കാൾ മാർക്സ്, ബഞ്ചമിൻ ഫ്രാങ്ക്ലിൻ, പൗരവിദ്യാഭ്യാസം എന്നിവ പ്രധാന കൃതികളാണ്.