1930 ജൂൺ 15 ൽ നാരായണ മേനോൻ- പാറുക്കുട്ടിയമ്മ ദമ്പതികളുടെ മകനായി തൃശ്ശൂർ ജില്ലയിലെ വടമയിൽ ജനനം. മാള സെന്റ് ആന്റണീസ് ഹൈസ്കൂൾ, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.
കുട്ടിക്കൃഷ്‌ണമാരാരും മുണ്ടശ്ശേരിയും സാഹിത്യ നിരൂപണ രംഗത്ത് നിറഞ്ഞു നിൽക്കുന്ന കാലത്ത് രണ്ടു പേരുടെയും സാഹിത്യ സിദ്ധാന്തങ്ങളെ നിശിതമായി വിമർശിച്ചുകൊണ്ടായിരുന്നു എം. അച്യുതന്റെ രംഗപ്രവേശം. ഇടശ്ശേരിയുടെ കാവ്യ ജീവിതത്തെക്കുറിച്ചുള്ള ആദ്യ നിരൂപണമെഴുതിയതും അച്യുതനാണ്. ചെറുകഥ-ഇന്നലെ, ഇന്ന് എന്ന അദ്ദേഹത്തിന്റെ ഗ്രന്ഥം മലയാള ചെറുകഥാ സാഹിത്യത്തിന്റെ ചരിത്രമാണ്. പത്തോളം ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിരൂപണമല്ലാത്തത് ആയിരത്തൊന്നു രാവുകളുടെ പരിഭാഷ മാത്രം.
സ്വാതന്ത്ര്യ സമരവും മലയാള സാഹിത്യവും, പാശ്ചാത്യ സാഹിത്യ ദർശനം, ചെറുകഥ ഇന്നലെ ഇന്ന്, വാങ്മയം, സമന്വയം, കവിതയും കാലവും വിവേചനം, എന്നിവയാണ് പ്രധാന കൃതികൾ.
ഇന്നലെ ഇന്ന് എന്ന കൃതിക്ക് 1976ൽ കേരള സാഹിത്യ അക്കാദമി അവാർഡ്, സാഹിത്യ പ്രവർത്തക ബെനിഫിറ്റ് ഫണ്ട് അവാർഡ്, പത്മപ്രഭാ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.