The ego is not master in its own house.
-Sigmund Freud
മനസ്സിന്റെ അബോധതലങ്ങളെക്കുറിച്ചുള്ള ഗഹനമായ പഠനങ്ങളിലൂടെ മൗലികമായ മനഃശാസ്ത്ര സിദ്ധാന്തങ്ങളും ഫലപ്രദമായ മാനസികരോഗ ചികിത്സാപദ്ധതികളും അവതരിപ്പിച്ച സിഗ്മണ്ട് ഫ്രോയ്ഡ് 1856 മെയ് 6 ന് ഓസ്ട്രിയയിലെ മൊറാവിയയിലുള്ള
ഫ്രൈബെര്‍ഗ് പട്ടണത്തില്‍ ജനിച്ചു. ഇടത്തരം യഹൂദകുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. ഫ്രോയ്ഡിന് മൂന്നു വയസ്സുള്ളപ്പോള്‍ കുടുംബം വിയന്നയിലേയ്ക്ക് താമസം മാറ്റി. 1881 ല്‍ വിയന്ന സര്‍വ്വകലാശാലയില്‍ നിന്ന് വൈദ്യശാസ്ത്ര പഠനം പൂര്‍ത്തിയാക്കിയ ഫ്രോയ്ഡ് പിന്നീട് ന്യൂറോ പത്തോളജിയില്‍ പ്രൊഫസറായി.
സൈക്കോ അനാലിസിസ് അഥവാ മനഃശാസ്ത്ര വിശകലനം എന്ന ചികിത്സാശാഖയുടെ ഉപജ്ഞാതാവെന്ന നിലയിലാണ് ഫ്രോയ്ഡ് വൈദ്യശാസ്ത്ര ചരിത്രത്തില്‍ സ്ഥിരപ്രതിഷ്ഠ നേടിയത്. മനഃശാസ്ത്ര വിദഗ്ധനും രോഗിയും തമ്മിലുള്ള സംവേദനത്തിലൂടെ ചികിത്സ നടത്തുന്ന സമ്പ്രദായമാണ് സൈക്കോ അനാലിസിസ്.
കുപിതനായ മനുഷ്യന്‍ കല്ലിനു പകരം വാക്ക് ആയുധമാക്കിയപ്പോഴാണ് മാനവസംസ്‌കാരം പിറവിയെടുത്തത്.
-ഫ്രോയ്ഡ്
ലൈംഗികതയ്ക്ക് പുതിയ വ്യാഖ്യാനങ്ങള്‍ നല്കി എന്നതാണ് ഫ്രോയ്ഡിന്റെ മറ്റൊരു പ്രധാനപ്പെട്ട സംഭാവന. ശിശുരതിയെ അദ്ദേഹം മനുഷ്യ ലൈംഗികതയുടെ കേന്ദ്രസ്ഥാനത്തു പ്രതിഷ്ഠിച്ചു. ഈഡിപ്പസ് കോംപ്ലക്‌സ് എന്ന ആശയം ഫ്രോയ്ഡ് അവതരിപ്പിച്ചത് ഈ സിദ്ധാന്തത്തിന്റെ ഭാഗമായാണ്. മനുഷ്യമനസ്സിന്റെ അബോധതലങ്ങളെക്കുറിച്ച് അപഗ്രഥനം നടത്തിയ ഫ്രോയ്ഡ് ഇദ്, ഈഗോ, സൂപ്പര്‍ ഈഗോ എന്നീ അവസ്ഥകള്‍ ഉള്‍പ്പെടുന്ന ഒരു മാനസികഘടന എല്ലാവരിലുമുണ്ടെന്ന് സ്ഥാപിച്ചു. ലൈംഗികോര്‍ജ്ജത്തെയും രതിയെയും കാമനകളെയും സ്വപ്‌നങ്ങളെയും മരണചിന്തയെയും കുറിച്ചുള്ള ഫ്രോയ്ഡിന്റെ സിദ്ധാന്തങ്ങള്‍
മതവും സംസ്‌കാരവും ലിംഗരാഷ്ട്രീയവുമുള്‍പ്പെടെ നിരവധി വൈജ്ഞാനിക മേഖലകളില്‍ ആവേശകരമായ ചര്‍ച്ചകള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കും വഴിയൊരുക്കി.
സിഗ്മണ്ട് ഫ്രോയിഡിന്റെ വ്യക്തിജീവിതവും, ഈഡിപ്പസ് കോംപ്ലക്‌സ് സിദ്ധാന്തവും വിവിധ മനഃശാസ്ത്രപഠനങ്ങളുമൊക്കെ ഉള്‍ക്കൊള്ളുന്ന ശ്രദ്ധേയമായ രചനയാണ് ഡോക്ടര്‍ ഷാഫി കെ മുത്തലിഫിന്റെ സ്വപ്‌നസഞ്ചാരി എന്ന നോവല്‍. ലിയാനാര്‍ഡോ ഡാവിഞ്ചിയെക്കുറിച്ചുള്ള ഫ്രോയ്ഡിന്റെ വിലയിരുത്തലും സാല്‍വദോര്‍ ദാലിയുമായുള്ള കൂടിക്കാഴ്ചയും ഹിറ്റ്‌ലര്‍ക്കെതിരെയുള്ള ചെറുത്തുനില്‍പ്പും സമകാലികരായ യുങ്ങ്, ആള്‍ഡര്‍ എന്നിവര്‍ക്കൊപ്പമുള്ള സുഹൃദ്ബന്ധങ്ങളും നിറയുന്ന ചരിത്ര മുഹൂര്‍ത്തങ്ങള്‍ നോവലിസ്റ്റ് തന്റെ അനുപമമായ ശൈലിയിലൂടെ രേഖപ്പെടുത്തുന്നു.
മനഃശാസ്ത്രവും ലൈംഗികതയും ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ നിരവധി പുസ്തകങ്ങളും പ്രബന്ധങ്ങളും രചിച്ച ഫ്രോയ്ഡ് 1900 ല്‍ എഴുതിയ
സ്വപ്‌നങ്ങളുടെ വ്യാഖ്യാനം (The Interpretation of Dreams) എന്ന പുസ്തകം വിശ്വപ്രസിദ്ധമാണ്. പില്‍ക്കാലത്ത് ഫ്രോയ്ഡിയന്‍ സിദ്ധാന്തങ്ങള്‍ പലതും ചോദ്യം ചെയ്യപ്പെട്ടെങ്കിലും സൈക്കോ അനാലിസിസ് ഇപ്പോഴും മനോരോഗ ചികിത്സയില്‍ വ്യാപകമായി ഉപയോഗിക്കപ്പെട്ടു വരുന്നു. ആധുനിക ലോകചരിത്രത്തെ ഏറ്റവുമധികം
സ്വാധീനിച്ച മനീഷികളിലൊരാളാണ് ഫ്രോയ്ഡ്. ആര്‍ക്കും മനസ്സിലാക്കാന്‍ കഴിയുന്ന കാവ്യാത്മക ഭാഷയില്‍ അദ്ദേഹം തന്റെ ഗഹനമായ സിദ്ധാന്തങ്ങള്‍ അവതരിപ്പിച്ചു. നാസി പീഡനങ്ങളില്‍ നിന്നു രക്ഷപ്പെടാന്‍ വേണ്ടി 1938 ല്‍ വിയന്നയില്‍ നിന്നു പലായനം ചെയ്ത ഫ്രോയ്ഡ് തൊട്ടടുത്ത വര്‍ഷം ഇംഗ്ലണ്ടില്‍ വച്ച് അന്തരിച്ചു.
ലിങ്കില്‍ ക്ലിക് ചെയ്യൂ
സ്വപ്‌നസഞ്ചാരി (ഡോക്ടര്‍ ഷാഫി കെ മുത്തലിഫ്)
https://greenbooksindia.com/novels/swapnasanchari-shafi-k-muthalif