മലയാളഭാഷയിലും സാഹിത്യത്തിലും പതിനെട്ടാം നൂറ്റാണ്ടില്‍ത്തന്നെ വേറിട്ടൊരു വഴി വെട്ടിത്തെളിച്ച കുഞ്ചന്‍ നമ്പ്യാരുടെ ജന്മദിനമാണ് ഇന്ന് എന്നു കരുതപ്പെടുന്നു.
ഹാസ്യരസവും നിശിതമായ സാമൂഹ്യവിമര്‍ശനവുമായിരുന്നു കുഞ്ചന്‍ നമ്പ്യാരുടെ തുള്ളല്‍ കൃതികളുടെ മുഖമുദ്ര. ഭൂരിഭാഗം കൃതികളും അരങ്ങില്‍ അവതരിപ്പിക്കാന്‍ വേണ്ടി രചിച്ചവയാണ്. അതുകൊണ്ടു തന്നെ പുരാണേതിഹാസങ്ങളിലെ നാടകീയ കഥാസന്ദര്‍ഭങ്ങളോട് കുഞ്ചന്‍നമ്പ്യാര്‍ക്ക് താത്പര്യം കൂടുതലുണ്ടായിരുന്നു. കുഞ്ചന്‍ നമ്പ്യാരുടെ ജീവിതത്തെക്കുറിച്ച് വിശദവിവരങ്ങള്‍ നല്‍കുന്ന ആധികാരിക രേഖകളൊന്നും ലഭ്യമല്ലെങ്കിലും പാലക്കാട് ജില്ലയിലെ ലക്കിടി തീവണ്ടിയാപ്പീസിനടുത്തുള്ള കിള്ളിക്കുറിശ്ശിമംഗലത്ത് കലക്കത്തു വീട്ടിലാണ് അദ്ദേഹം ജനിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. കൊല്ലവര്‍ഷം 880 മുതല്‍ 945 വരെയായിരുന്നു നമ്പ്യാരുടെ ജീവിതകാലം എന്നാണ് സാഹിത്യചരിത്രകാരന്‍മാര്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ചെമ്പകശ്ശേരി രാജാവിന്റെ ആശ്രിതനായി അമ്പലപ്പുഴയിലാണ് അദ്ദേഹം വളരെക്കാലം കഴിഞ്ഞുകൂടിയതത്രേ.
ഓട്ടന്‍, ശീതങ്കന്‍, പറയന്‍ എന്നീ വിഭാഗങ്ങളില്‍ 64 തുള്ളല്‍ കൃതികള്‍ കുഞ്ചന്‍ നമ്പ്യാര്‍ രചിച്ചിട്ടുണ്ട്.
സ്യമന്തകം, കാര്‍ത്തവീര്യാര്‍ജ്ജുനവിജയം, രുഗ്മിണീസ്വയംവരം, രാമാനുജചരിതം, ബാണയുദ്ധം, സീതാസ്വയംവരം, അഹല്യാമോഷം, രാവണോത്ഭവം, ബകവധം, ബാലിവിജയം,
ഘോഷയാത്ര (ഓട്ടന്‍ തുള്ളലുകള്‍) കല്യാണസൗഗന്ധികം, പൗണ്ഡ്രകവധം, ഹനുമദുത്ഭവം, ധ്രുവചരിതം, ഹരിണീസ്വയംവരം, കൃഷ്ണലീല, ഗണപതിപ്രാതല്‍, ബാല്യുത്ഭവം (ശീതങ്കന്‍ തുള്ളലുകള്‍) സഭാപ്രവേശം, പുളിന്ദീമോഷം, ദക്ഷയാഗം, കീചകവധം, കുംഭകര്‍ണ്ണവധം, ഹരിശ്ചന്ദ്രചരിതം (പറയന്‍ തുള്ളലുകള്‍) എന്നിവയാണ് നമ്പ്യാരുടെ പ്രധാനകൃതികള്‍.
പഞ്ചതന്ത്രം കിളിപ്പാട്ട്, ശ്രീകൃഷ്ണചരിതം മണിപ്രവാളം, രുഗ്മിണീസ്വയംവരം പത്തുവൃത്തം, ശീലാവതി നാലുവൃത്തം,
ശിവപുരാണം, നളചരിതം കിളിപ്പാട്ട്, വിഷ്ണുഗീത എന്നിങ്ങനെ തുള്ളല്‍ വിഭാഗത്തില്‍പ്പെടാത്ത കൃതികളും കുഞ്ചന്‍ നമ്പ്യാര്‍ രചിച്ചിട്ടുണ്ട്.
മണിപ്രവാളത്തിന്റെ ഏറ്റവും കാവ്യാത്മകമായ മുഖകാന്തി മലയാള സാഹിത്യത്തില്‍ ദര്‍ശനീയമാകുന്നത് കുഞ്ചന്‍നമ്പ്യാരുടെ ശ്രീകൃഷ്ണചരിതത്തിലാണ്. ഭാഗവതം ദശമസ്‌ക്കന്ധത്തെ ഉപജീവിച്ചെഴുതിയ ഈ കൃതി ശ്രീകൃഷ്ണന്റെ ജനനം മുതല്‍ സന്താനഗോപാലം വരെയുള്ള കഥകള്‍ പറയുന്നു. മുത്തും പവിഴവും കോര്‍ത്തിണക്കിയപോലെ ഭാഷയിലെയും സംസ്‌കൃതത്തിലെയും മനോഹരപദങ്ങള്‍ ഇതില്‍ മേളിക്കുന്നു.
അമ്പലപ്പുഴ ക്ഷേത്രത്തില്‍ ചാക്യാര്‍ക്കൂത്തിനു മിഴാവു കൊട്ടിക്കൊണ്ടിരുന്ന നമ്പ്യാര്‍ ഉറങ്ങിപ്പോയപ്പോള്‍ കൂത്തു പറഞ്ഞുകൊണ്ടിരുന്ന ചാക്യാര്‍ അദ്ദേഹത്തെ അരങ്ങത്തു വച്ചു പരിഹസിച്ചു എന്നും അതിനു പകരം വീട്ടാന്‍ പിറ്റേന്നു തന്നെ നമ്പ്യാര്‍ എഴുതി അവതരിപ്പിച്ച പുത്തന്‍ കലാരൂപമാണ് തുള്ളല്‍ എന്നും കരുതപ്പെടുന്നു.
ഭാഷയുടെ ജനകീയത കൊണ്ട് ക്ഷിപ്രപ്രസിദ്ധി നേടിയ കുഞ്ചന്‍ നമ്പ്യാരുടെ കൃതികളിലെ പല വരികളും നമ്മുടെ പഴഞ്ചൊല്ലുകളായി മാറി.
ആശാനക്ഷരമൊന്നു പിഴച്ചാല്‍
അമ്പത്തൊന്നു പിഴയ്ക്കും ശിഷ്യന്
(ശീലാവതീചരിതം)
മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും
കല്ലിനുമുണ്ടാമൊരു സൗരഭ്യം
(കിരാതം)
ആയിരവര്‍ഷം കുഴലിലിരുന്നൊരു
നായുടെ വാലു വളഞ്ഞേ തീരൂ
(സ്യമന്തകം)
എമ്പ്രാനപ്പം കട്ടു ഭുജിച്ചാ-
ലമ്പലവാസികളൊക്കെ കക്കും
(സ്യമന്തകം)
ഇങ്ങനെ ഏത്രയോ വരികള്‍…
കുഞ്ചന്‍ നമ്പ്യാരുടെ ഒരു കൃതിയുമായും പരിചയമില്ലാത്തവരോ
ജീവിതത്തിലൊരിക്കല്‍പ്പോലും ഓട്ടന്‍ തുള്ളല്‍ എന്ന കലാരൂപം കണ്ടിട്ടില്ലാത്തവവരോ ആയ മലയാളികള്‍ക്കുപോലും ഇത്തരം ചൊല്ലുകള്‍ പരിചിതമായിരിക്കും. ഒരു കവിയുടെ കാലാതീതമായ ജനപ്രിയതയ്ക്കും സ്വീകാര്യതയ്ക്കും മറ്റെന്തുവേണം സാക്ഷ്യം..
ശ്രീകൃഷ്ണചരിതം മണിപ്രവാളം (കുഞ്ചന്‍ നമ്പ്യാര്‍)
https://greenbooksindia.com/epics/sreekrishna-charitham-manipravalam-kunchan-nambiar