Friday, October 10, 2025

ധൂമകേതുവിനൊപ്പം വന്നു പോയ ഒരാള്‍

സാമുവേല്‍ ലാങ് ഹോം ക്ലമന്‍സ് എന്ന അമേരിക്കക്കാരനെ ലോകമറിയുന്നത് മാര്‍ക് ട്വയിന്‍ എന്ന തൂലികാനാമത്തിലാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രിയങ്കരരായ ഹക്ക്ള്‍ബറി ഫിന്നിനെയും ടോം സോയറെയും സൃഷ്ടിച്ച മാര്‍ക് ട്വയിന്‍ അമേരിക്കന്‍ സാഹിത്യത്തിലെ ഏറ്റവും ഉന്നതനായ ഹാസ്യസാഹിത്യകാരനായി വാഴ്ത്തപ്പെടുന്നു. അമേരിക്കന്‍ സാഹിത്യത്തിന്റെ പിതാവ് എന്ന് വില്യം ഫോക്‌നര്‍ മാര്‍ക് ടൈ്വനിനെ വിശേഷിപ്പിച്ചു. ആധുനിക അമേരിക്കന്‍ സാഹിത്യത്തിലെ സമസ്ത കൃതികളുടെയും ഉത്ഭവസ്ഥാനം ദി അഡ്വഞ്ചേഴ്‌സ് ഓഫ് ഹക്ക്ള്‍ബറി ഫിന്‍ എന്ന നോവലാണെന്നു വിശേഷിപ്പിച്ച ഏണസ്റ്റ് ഹെമിങ്‌വേയുടെ വാക്കുകളില്‍ മാര്‍ക് ടൈ്വനിനോടുള്ള അമേരിക്കന്‍ ജനതയുടെ ആരാധനയും ആദരവും നിറഞ്ഞു നില്‍ക്കുന്നു.

ഹക്ക്ള്‍ബറി ഫിന്നിന്റെ വിക്രമങ്ങള്‍, ടോം സോയര്‍ എന്നീ പരിഭാഷകള്‍ ഗ്രീന്‍ ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വെര്‍ജീനിയക്കാരനായ ജോ മാര്‍ഷല്‍ ക്ലെമന്‍സിന്റെയും കെന്റുക്കിക്കാരിയായ ജെയ്‌നിന്റെയും ഏഴു മക്കളില്‍ ആറാമനായി 1835 ല്‍ ജനിച്ച സാമുവല്‍ ലാങ്‌ഹോം ക്ലമന്‍സിന് നാലു വയസ്സുള്ളപ്പോള്‍ കുടുംബം ഫ്‌ളോറിഡയില്‍ നിന്ന് മിസ്സിസിപ്പി നദിക്കരയിലുള്ള മിസൗറി സംസ്ഥാനത്തിലെ ഹാനിബാള്‍ നഗരത്തിലേയ്ക്കു താമസം മാറി. ഈ നഗരമാണ് പില്‍ക്കാലത്ത് ടൈ്വന്‍ അനശ്വരരാക്കിയ ഹക്ക്ള്‍ബറി ഫിന്നിന്റെയും ടോം സോയറുടെയും സാഹസിക കഥകള്‍ക്ക് അരങ്ങൊരുങ്ങിയ സെയിന്റ് പീറ്റേഴ്‌സ്ബര്‍ഗ് എന്ന സാങ്കല്‍പിക പട്ടണം. മിസൗറി സംസ്ഥാനത്ത് അടിമവേല നിയമപരമായി അംഗീകരിക്കപ്പെട്ടിരുന്നു. കറുത്ത വര്‍ഗ്ഗക്കാരായ അടിമകളുമായുള്ള ടോമിന്റെയും ഹക്കിന്റെയും ബന്ധം രണ്ടു നോവലുകളുടെയും പ്രമേയങ്ങളുടെ ഭാഗമാണല്ലോ. ഹക്ക്ള്‍ബറി ഫിന്നിന്റെ സന്തത സഹചാരിയായ ജിം എന്ന അടിമ മാര്‍ക് ടൈ്വനിന്റെ സൂക്ഷ്മമായ കഥാപാത്ര സൃഷ്ടിക്ക് മികച്ച ഉദാഹരണമാണ്.

ഹക്ക്ള്‍ ബറി ഫിന്നിന്റെയും ടോം സോയറുടേയും സാഹസികകഥകള്‍ ഗ്രീന്‍ ബുക്‌സ് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. സുകുമാര്‍ അഴീക്കോടാണ് ഹക്ക്ള്‍ബറി ഫിന്‍ പരിഭാഷപ്പെടുത്തിയത്. ടോം സോയറുടെ പരിഭാഷ കെ പി ബാലചന്ദ്രന്‍ നിര്‍വ്വഹിച്ചു.

പതിനൊന്നാം വയസ്സില്‍ പിതാവ് മരിച്ചതോടെ ടൈ്വന്‍ സ്‌കൂള്‍ വിദ്യാഭ്യാസം ഉപേക്ഷിച്ചു. ഹാനിബാള്‍ ജേണല്‍ എന്ന പ്രാദേശിക പത്രത്തില്‍ അച്ചുനിരത്തുന്ന ജോലിക്കു ചേര്‍ന്നു. ഒപ്പം പത്രത്തില്‍ ഹാസ്യലേഖനങ്ങളെഴുതുകയും കാര്‍ട്ടൂണ്‍ സ്‌കെച്ചുകള്‍ വരയ്ക്കുകയും ചെയ്തു. പിന്നീട് ന്യൂ യോര്‍ക് നഗരത്തിലും ഫിലഡെല്‍ഫിയയിലുമൊക്കെയുള്ള പ്രസിദ്ധീകരണ ശാലകളില്‍ ജോലി ചെയ്ത അദ്ദേഹം ഇന്റര്‍നാഷണല്‍ ടൈപ്പോഗ്രഫിക്കല്‍ യൂണിയന്‍ എന്ന തൊഴിലാളി സംഘടനയില്‍ അംഗമായി.

ഔപചാരിക വിദ്യാഭ്യാസം മുടങ്ങിപ്പോയ സ്‌കൂള്‍ ഡ്രോപ് ഔട്ട് ആയിരുന്നെങ്കിലും വായനയിലൂടെ മാര്‍ക് ടൈ്വന്‍ സ്വയം വിദ്യാഭ്യാസം നേടി. സായാഹ്നങ്ങള്‍ അദ്ദേഹം ലൈബ്രറികളിലാണ് ചെലവഴിച്ചിരുന്നത്. പരമ്പരാഗത വിദ്യാഭ്യാസം നേടിയവര്‍ അറിഞ്ഞതിനപ്പുറമുള്ള വിശാലമായ ലോകത്തിന്റെ ചക്രവാളങ്ങളിലേയ്ക്ക് പുസ്തകച്ചിറകുകളില്‍
അദ്ദേഹം പറന്നുയര്‍ന്നു. ഇത്തരമൊരു അനൗപചാരിക വിദ്യാഭ്യാസം പകര്‍ന്നു കൊടുത്ത ആത്മവിശ്വാസത്തിന്റെ പിന്‍ബലത്തിലാകണം, ഒരിക്കല്‍ മാര്‍ക് ടൈ്വന്‍ പറഞ്ഞു – “Don’t let schooling interfere with your education.”
1865 ല്‍ ദി സെലിബ്രേറ്റഡ് ജംപിങ് ഫ്രോഗ് ഓഫ് കാലാവെറസ് കൗണ്ടി എന്നു പേരുള്ള ഹാസ്യകഥ ദ് സാറ്റര്‍ഡേ പ്രസ് എന്ന വാരികയില്‍ പ്രസിദ്ധീകരിച്ചതോടെയാണ് ടൈ്വന്‍ എഴുത്തുകാരനെന്ന നിലയില്‍ പ്രശസ്തനാകുത്. വളരെ വിപുലമായിരുന്നു അദ്ദേഹത്തിന്റെ രചനാ ലോകം. അപ്രശസ്തമായ പ്രാദേശിക പ്രസിദ്ധീകരണങ്ങളില്‍ അദ്ദേഹമെഴുതിയ ലേഖനങ്ങളും കഥകളും അസമാഹൃതമായി അവശേഷിക്കുന്നു. പല കൃതികളും നഷ്ടപ്പെട്ടു പോയി. പോരാത്തതിന് പല തൂലികാനാമങ്ങളില്‍ എഴുതുന്ന സ്വഭാവവും ടൈ്വനിനുണ്ടായിരുന്നു.

https://static.tvtropes.org/pmwiki/pub/images/HuckJimRaft_6518.jpg അഡ്വഞ്ചേഴ്‌സ് ഓഫ് ഹക്ക്ള്‍ബെറി ഫിന്നിനും ടോം സോയറിനും പുറമേ ദി ഗില്‍ഡഡ് ഏയ്ജ്: എ ടെയ്ല്‍ ഓഫ് റ്റുഡേ, ദി പ്രിന്‍സ് ആന്‍ഡ് ദി പോപ്പര്‍, എ കണക്റ്റിക്കട്ട് യാങ്കി ഇന്‍ കിങ് ആര്‍തേഴ്‌സ് കോര്‍ട്ട്, ദി അമേരിക്കന്‍ ക്ലയ്മന്റ്, പേഴ്‌സണല്‍ റീകളക്ഷന്‍സ് ഓഫ് ജോവന്‍ ഓഫ് ആര്‍ക്, എ ഹോഴ്‌സസ് ടെയ്ല്‍, ദി മിസ്റ്റീരിയസ് സ്‌ട്രെയ്ഞ്ചര്‍ തുടങ്ങിയവയാണ് പ്രധാന നോവലുകള്‍. ഇവ കൂടാതെ നിരവധി ചെറുകഥാ സമാഹാരങ്ങളും ഉപന്യാസ സമാഹാരങ്ങളും ആത്മകഥാപരമായ കുറിപ്പുകളും മാര്‍ക് ടൈ്വന്‍ എഴുതിയിട്ടുണ്ട്. മിസ്സിസിപ്പി നദിയില്‍ സ്റ്റീം ബോട്ട് പൈലറ്റായി ജോലി ചെയ്തിരുന്ന കാലത്തിന്റെ സ്മരണകളടങ്ങുന്ന ലൈഫ് ഓണ്‍ ദി മിസ്സിസിപ്പി (1883) എന്ന പുസ്തകം ലോകപ്രശസ്തമാണ്.
1835 ല്‍ ഹാലീസ് കോമറ്റ് എന്ന ധൂമകേതു പ്രത്യക്ഷപ്പെട്ട് രണ്ടാഴ്ച കഴിഞ്ഞാണ് മാര്‍ക് ടൈ്വന്‍ ജനിച്ചത്. എഴുപത്തിയഞ്ചു വര്‍ഷം കൂടുമ്പോള്‍ കൃത്യമായി ഭൂമിക്കടുത്തെത്തുന്ന വാല്‍നക്ഷത്രമാണിത്. 1909 ല്‍, എഴുപത്തിനാലാം വയസ്സില്‍ മാര്‍ക് ടൈ്വന്‍ പറഞ്ഞു – “1835 ല്‍ ഹാലീസ് കോമറ്റിനൊപ്പമാണ് ഞാന്‍ ഭൂമിയിലേയ്ക്കു വന്നത്. അടുത്ത വര്‍ഷം അതു വീണ്ടും വരും. ആ വാല്‍നക്ഷത്രത്തിനൊപ്പം ഭൂമി വിട്ടു പോകണമെന്നാണ് എന്റെ ആഗ്രഹം. അങ്ങനെ സംഭവിച്ചില്ലെങ്കില്‍ എനിക്കു വലിയ നിരാശയാകും.”

1910 ഏപ്രില്‍ 21 ന്, സ്റ്റോം ഫീല്‍ഡില്‍ വച്ച് ഹൃദയസ്തംഭനത്തെത്തുടര്‍ന്ന് മാര്‍ക് ടൈ്വന്‍ അന്തരിച്ചു. അതിനു തലേന്ന് ഹാലീസ് കോമറ്റ് ഭൂമി സന്ദര്‍ശിക്കാനെത്തിയിരുന്നു. തിരിച്ചു പോകുമ്പോള്‍, എഴുപത്തിയഞ്ചു വര്‍ഷം മുമ്പ് ഭൂമിയിലേയ്ക്കു കൂട്ടിക്കൊണ്ടു വന്ന മഹാപ്രതിഭാശാലിയായ എഴുത്തുകാരനെയും ധൂമകേതു കൂടെക്കൊണ്ടു പോയി.

 

ഈ പുസ്തകങ്ങള്‍ വാങ്ങാന്‍
1. ഹക്ക്ള്‍ബറി ഫിന്നിന്റെ വിക്രമങ്ങള്‍ (പരിഭാഷ: സുകുമാര്‍ അഴീക്കോട്)
https://greenbooksindia.com/novels/huckleberry-finninte-vikramangal-mark-twain

2. ടോം സോയര്‍ (പരിഭാഷ: കെ പി ബാലചന്ദ്രന്‍
https://greenbooksindia.com/tom-sawyer-mark-twain-mark-twain?search=mark%20twain&category_id=0

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Latest Articles