“പകയുണ്ടോ എന്ന ചോദ്യത്തിന് ഇപ്പോഴും എനിക്കുത്തരമില്ല. പക്ഷേ, ലോകത്തിനോട് ഒരു ചോദ്യം ഞാനിപ്പോഴും ബാക്കിയാക്കുന്നു. എന്റെ നിഷ്‌കളങ്കനായ കുഞ്ഞിനെ മരിച്ചിട്ടും നിങ്ങളെന്തിനാണ് മഴയത്ത് നിര്‍ത്തിയിരിക്കുന്നത്? ഞാന്‍ വാതിലടയ്ക്കുന്നേയില്ല. പെരുമഴ എന്നിലേക്കു പെയ്തു വീഴട്ടെ. ഒരു കാലത്തും വാതിലുകള്‍ താഴിടാനാവാത്ത ഒരച്ഛനെ അദൃശ്യനായ എന്റെ മകനെങ്കിലും അറിയട്ടെ..”
(ഒരച്ഛന്റെ ഓര്‍മ്മക്കുറിപ്പുകള്‍ എന്ന പുസ്തകത്തില്‍ നിന്ന്)
“മരിച്ചിട്ടും എന്റെ കുഞ്ഞിനെ നിങ്ങളെന്തിനാണ് മഴയത്തു നിര്‍ത്തിയിരിക്കുന്നത്?” എന്ന ചോദ്യം എക്കാലത്തും മലയാളികളെ വേട്ടയാടിക്കൊണ്ടിരിക്കും. ഈ ചോദ്യം ചോദിച്ചത് രാജന്റെ അച്ഛനാണ്. അടിയന്തിരാവസ്ഥയുടെ ഇരയായ രാജന്റെ അച്ഛന്‍. മരണം വരെ മനുഷ്യാവകാശപ്പോരാട്ടം നടത്തിയ പ്രൊഫസര്‍ ഈച്ചരവാര്യര്‍.
ആധുനിക ഇന്‍ഡ്യയുടെ ചരിത്രത്തിലെ കറുത്ത അദ്ധ്യായങ്ങളിലൊന്നായാണ് അടിയന്തിരാവസ്ഥക്കാലം വിശേഷിപ്പിക്കപ്പെടുന്നത്.
രാജന്‍ കേസ് അണിയറ രഹസ്യങ്ങള്‍ അവസാനിക്കുന്നില്ല എന്ന പുസ്തകം രാജന്റെ ദുരൂഹമരണം സംബന്ധിച്ച അറിയപ്പെടാത്ത സംഭവങ്ങള്‍ അനാവരണം ചെയ്യുന്നു. ഗ്രന്ഥകര്‍ത്താവായ തോമസ് ജോര്‍ജ്ജ് രാജന്റെ സഹപാഠിയും ഹേബിയസ് കോര്‍പ്പസ് വിധിയിലെ നിര്‍ണ്ണായക സാക്ഷിയുമായിരുന്നു.
പൗരസ്വാതന്ത്ര്യനിഷേധത്തിനെതിരെ ശബ്ദമുയര്‍ത്തിയവരെയെല്ലാം അതിക്രൂരമായി പീഡിപ്പിക്കാന്‍ അന്നത്തെ ഇന്ദിരാ ഗാന്ധി സര്‍ക്കാരിനു മടിയുണ്ടായില്ല. ജയില്‍ പീഡനങ്ങളില്‍ നിരവധി പേര്‍ മരിച്ചു. പലരെയും എന്നെന്നേക്കുമായി കാണാതായി. കേരളത്തില്‍ അടിയന്തരാവസ്ഥയുടെ ഇരയായി കാണാതായ രാജന്‍ എന്ന എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയെ പൊലീസ് മര്‍ദ്ദിച്ചു കൊതാണെന്ന് പിന്നീടു തെളിഞ്ഞു. പക്ഷേ രാജന്റെ മൃതദേഹം ഇതുവരെ കണ്ടെടുക്കാനായിട്ടില്ല.
രാജന്റെ മൃതദേഹം പൊലീസുകാര്‍ തന്നെ നശിപ്പിച്ചതാണെന്ന് വിശ്വസിക്കപ്പെടുന്നു.
അടിയന്തിരാവസ്ഥക്കാലത്ത് സി അച്യുതമേനോനായിരുന്നു കേരളത്തിന്റെ മുഖ്യമന്ത്രി. മുഖ്യമന്ത്രിയേക്കാള്‍ അധികാരം കയ്യാളിയിരുന്ന ആഭ്യന്തരമന്ത്രിയായിരുന്നു കെ കരുണാകരന്‍. ഈച്ചരവാര്യരുടെ സുഹൃത്തായിരുന്ന അച്യുതമേനോന്‍ അദ്ദേഹത്തെ സഹായിച്ചില്ല. 1977 മാര്‍ച്ച് 25 ന് ഈച്ചരവാര്യര്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്തു. കെ കരുണാകരനും അക്കാലത്തെ ചില ഉന്നത പൊലീസുദ്യോഗസ്ഥരും കേസിന്റെ ഭാഗമായി. രാജന്‍ മരിച്ചിട്ടില്ലെന്ന് കോടതിയില്‍ സത്യവാങ്മൂലം നല്‍കിയ കരുണാകരന്‍ രാജനടക്കമുള്ള നക്‌സല്‍ പ്രവര്‍ത്തകരെ ഒതുക്കിയെന്ന് തെരഞ്ഞെടുപ്പു പ്രസംഗങ്ങളില്‍ വീമ്പടിച്ചു. പീന്നീട് രാജന്‍ മരിച്ചെന്ന് കോടതിയില്‍ പറയുകയും ചെയ്തു. അടിയന്തിരാവസ്ഥയ്ക്കു ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയായ കരുണാകരന് കോടതിയില്‍ വ്യാജസത്യവാങ്മൂലം നല്‍കുകയും നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്‌തെന്ന കാരണത്താല്‍ രാജി വെയ്‌ക്കേണ്ടി വന്നു. നാല്‍പത്തിനാലു വര്‍ഷം മുന്‍പ് ഇതേ ദിവസമായിരുന്നു ആ സംഭവം.
ഈച്ചരവാര്യരും അച്യുതമേനോനും കരുണാകരനുമൊക്കെ മരിച്ചു. പക്ഷേ, വ്യഥിതനായ ആ അച്ഛന്റെ ചോദ്യം ഇപ്പോഴും നമുക്കു കേള്‍ക്കാം.
“മരിച്ചിട്ടും എന്റെ കുഞ്ഞിനെ നിങ്ങളെന്തിനാണ് മഴയത്ത് നിര്‍ത്തിയിരിക്കുന്നത്?”
ഈ പുസ്തകം വാങ്ങാന്‍ ലിങ്കില്‍ ക്ലിക് ചെയ്യുക
രാജന്‍ കേസ് അണിയറ രഹസ്യങ്ങള്‍ അവസാനിക്കുന്നില്ല