ജീവിത നൊമ്പരങ്ങളെ കാവ്യാത്മക ഭാഷയില്‍ എഴുത്തിലേയ്ക്കു സന്നിവേശിപ്പിച്ച നന്തനാരുടെ ചരമദിനമാണിന്ന്. 1926 ജനുവരി 5 ന് മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറത്ത് ജനിച്ച നന്തനാരുടെ യഥാര്‍ത്ഥ നാമം പി സി ഗോപാലന്‍ എന്നാണ്. സാമ്പത്തിക പരാധീനതകള്‍ കാരണം പഠനം ഇടയ്ക്കു വച്ചു നിര്‍ത്തി 1942 ല്‍ പട്ടാളത്തില്‍ ചേര്‍ന്ന നന്തനാര്‍ ബര്‍മ്മയിലും ഇന്‍ഡോനേഷ്യയിലുമൊക്കെ സൈനികസേവനമനുഷ്ഠിച്ച ശേഷം 1964 ല്‍ വിരമിച്ചു. മൂന്നു വര്‍ഷം മൈസൂരില്‍ എന്‍ സി സി ഇന്‍സ്ട്രക്റ്ററായിരുന്നു. 1967 മുതല്‍ 1974 ല്‍ മരിക്കും വരെ എഫ് എ സി റ്റി യില്‍ ഉദ്യോഗസ്ഥനായിരുന്നു.
രണ്ടാം ലോകയുദ്ധകാലത്ത് സൈനിക സേവനമനുഷ്ഠിച്ചിരുന്ന നന്തനാരുടെ കൃതികളില്‍ പട്ടാളക്കാരുടെ അനുഭവങ്ങള്‍ കടന്നു വരുന്നത് സ്വാഭാവികം. ദാരിദ്ര്യവും കഷ്ടപ്പാടും വിശപ്പും കരിനിഴല്‍ പടര്‍ത്തിയ ബാല്യ കൗമാരങ്ങളുടെ വേദന അതിതീക്ഷ്ണമായി, വായനക്കാരുടെ കണ്ണു തുളുമ്പിപ്പിക്കുന്ന ആര്‍ദ്രമായ ഭാഷയില്‍ നന്തനാര്‍ എഴുതി. പലപ്പോഴും നന്തനാര്‍ തന്നെ സ്വന്തം കഥ പറയുകയാണെന്ന തോന്നല്‍ അനുവാചകരിലുണ്ടാക്കും വിധമായിരുന്നു ആഖ്യാനം. ഏതു ശിലാഹൃദയനെയും പിടിച്ചുലയ്ക്കാന്‍ പോന്നതായിരുന്നു നന്തനാരുടെ അനുഭവകഥകള്‍. ഇന്‍ഡ്യാ-പാക് വിഭജനവും മലബാര്‍ കലാപവുമൊക്കെ നന്തനാരുടെ കഥകള്‍ക്ക് പലപ്പോഴും പശ്ചാത്തലമായി.
ഏഴു നോവലുകളും ഒരു നാടകവും പതിനൊന്ന് കഥാസമാഹാരങ്ങളും രചിച്ച നന്തനാരുടെ ആത്മാവിന്റെ നോവുകള്‍ എന്ന നോവലിന് 1963 ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു.
1974 ഏപ്രില്‍ 24 ന് പാലക്കാട്ടെ ഒരു ലോഡ്ജ് മുറിയില്‍ വച്ച് 48 -ാം വയസ്സില്‍ നന്തനാര്‍ ആത്മഹത്യ ചെയ്തു.
അനുഭൂതികളുടെ ലോകം, ഉണ്ണിക്കുട്ടന്റെ ഒരു ദിവസം, ഉണ്ണിക്കുട്ടന്‍ സ്‌കൂളില്‍, ഉണ്ണിക്കുട്ടന്‍ വളരുന്നു, മഞ്ഞക്കെട്ടിടം, ആയിരവല്ലിക്കുന്നിന്റെ താഴ്‌വരയില്‍, അനുഭവങ്ങള്‍, തോക്കുകള്‍ക്കിടയിലെ ജീവിതം, നിഷ്‌കളങ്കതയുടെ ആത്മാവ്, മിസ്റ്റര്‍ കുല്‍ക്കര്‍ണി, കൊന്നപ്പൂക്കള്‍, ഇര, ഒരു സൗഹൃദ സന്ദര്‍ശനം, നെല്ലും പതിരും തുടങ്ങിയവയാണ് പ്രധാന കൃതികള്‍.
നന്തനാരുടെ സൈനികാനുഭവങ്ങള്‍ പട്ടാളക്കഥകള്‍ എന്ന പേരില്‍ ഗ്രീന്‍ ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളത്തിന്റെ സുവര്‍ണ്ണകഥകള്‍ എന്ന പരമ്പരയില്‍ നന്തനാരുടെ തെരഞ്ഞെടുത്ത കഥകള്‍ സമാഹരിച്ചിട്ടുമുണ്ട്.
വിശ്വസാഹിത്യത്തിലെ നാഴികക്കല്ലുകളിലൊന്നായ റോബിന്‍സണ്‍ ക്രൂസോ എന്ന നോവല്‍ രചിച്ച ബ്രിട്ടീഷ് സാഹിത്യകാരന്‍ ഡാനിയല്‍ ഡിഫോയുടേയും ചരമദിനമാണിന്ന്. 1719 ല്‍ പുറത്തുവന്ന റോബിന്‍സണ്‍ ക്രൂസോ ബൈബിള്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം ഭാഷകളിലേയ്ക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട കൃതിയാണെന്ന് കരുതപ്പെടുന്നു. ആ കാലഘട്ടത്തില്‍ നിലവിലുണ്ടായിരുന്ന മിക്ക സാഹിത്യരൂപങ്ങളുടെയും രചനാസങ്കേതങ്ങള്‍ ഫലപ്രദമായി വിളക്കിച്ചേര്‍ത്ത നോവലാണ് റോബിന്‍സണ്‍ ക്രൂസോ. വ്യവസായിയും പത്രപ്രവര്‍ത്തകനും കൂടിയായിരുന്ന ഡിഫോയുടെ കൃതികള്‍ പില്‍ക്കാലത്ത് ജെയിംസ് ജോയ്‌സിനെപ്പോലെയുള്ള ആധുനിക നോവലിസ്റ്റുകളെ ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ട്.
റോബിന്‍സണ്‍ ക്രൂസോയുടെ സംഗൃഹീത പുനരാഖ്യാനം ഗ്രീന്‍ ബുക്‌സിനു വേണ്ടി നിര്‍വ്വഹിച്ചത് കെ പി ബാലചന്ദ്രനാണ്.
ഈ പുസ്തകങ്ങള്‍ വാങ്ങാന്‍
1. പട്ടാളക്കഥകള്‍ (നന്തനാര്‍)
https://greenbooksindia.com/stories/other-stories/pattalakkathakal-nandanar
2. മലയാളത്തിന്റെ സുവര്‍ണ്ണ കഥകള്‍ (നന്തനാര്‍)
https://greenbooksindia.com/stories/malayalathinte-suvarnakathakal-nandanar-nandanar
3. റോബിന്‍സണ്‍ ക്രൂസോ (ഡാനിയല്‍ ഡിഫോ) സംഗൃഹീത പുനരാഖ്യാനം: കെ പി ബാലചന്ദ്രന്‍
https://greenbooksindia.com/novels/robinson-crusoe-daniel-defoe