തടവറയില്‍ വധശിക്ഷ കാത്തുകഴിയുന്ന ഏകാന്തത്തടവുകാരന്‍. അയാള്‍ക്ക് പ്രായം കഷ്ടിച്ച് 24 വയസ്സ്. മനസ്സില്‍ തോന്നുന്നതെല്ലാം കുത്തിക്കുറിക്കാന്‍ തനിക്കൊരു നോട്ടുബുക്കും പേനയും വേണമെന്ന് അയാള്‍ ജയില്‍ അധികൃതരോട് ആവശ്യപ്പെട്ടു. ഘോരമായ ‘കുറ്റകൃത്യങ്ങള്‍’ ചെയ്ത ഭീകരനായ തടവുകാരനാണ്. അതുകൊണ്ട് ആ അപേക്ഷ ഉന്നതങ്ങളിലേക്ക് കൈമാറി കൈമാറി പോയി. മരിക്കാന്‍ പോകുന്ന ഒരുവന്റെ ആഗ്രഹമല്ലേ, അവര്‍ ആ ആവശ്യം അനുവദിച്ചു. ലാഹോറിലെ ഭാരതി ഭവന്‍ എന്ന പുസ്തകക്കടയില്‍ നിന്നുള്ള ഒരു നോട്ട് ബുക്ക് അങ്ങനെ തടവുകാരന്റെ കൈയിലെത്തി. 12.9.1929നായിരുന്നു അത്. ആ തടവുകാരന്‍ ഭഗത് സിങ് ആയിരുന്നു.
ചുവന്ന തുണികൊണ്ടുള്ള പുറംചട്ടയോടു കൂടിയ ആ ബുക്കില്‍ 202 പുറങ്ങളുണ്ടായിരുന്നു 404 പേജുകള്‍. 21 രാ ത 16 രാ വലിപ്പമുള്ള ആ പേജുകള്‍ ബലമുള്ള കട്ടി നൂല്‍ കൊണ്ട് തുന്നിച്ചേര്‍ത്തവയായിരുന്നു. ഓരോ പേജിന്റെയും നമ്പര്‍ അവയുടെ വലത്തെ കോണില്‍, കറുത്ത മഷിയില്‍ സീല്‍ ചെയ്യപ്പെട്ടിരുന്നു. ആ ബുക്ക് നല്‍കിയവര്‍ക്ക് മാത്രമല്ല അത് എഴുതിയ ആള്‍ക്കും സങ്കല്പിക്കാനാകാത്ത പ്രാധാന്യം പില്‍ക്കാലത്ത് അതിനു കൈവന്നു. അപ്പുറത്ത് മരണം കാത്തു നില്‍ക്കുമ്പോള്‍ ഭഗത് സിങ് എഴുതിയതുപോലെ ഡയറി ക്കുറിപ്പുകള്‍ എഴുതണമെങ്കില്‍ ആര്‍ക്കും അനുകരിക്കാന്‍ സാധിക്കാത്ത ധീരതയും വിജ്ഞാനതൃഷ്ണയും ഉള്‍ക്കാഴ്ച്ചയും ഉണ്ടെങ്കില്ലേ കഴിയുകയുള്ളൂ?
ആ നോട്ടുബുക്ക് അയാള്‍ക്ക് നല്‍കുമ്പോള്‍, അധികാരികള്‍ ഓര്‍ത്തിരുന്നത്, ജീവിതത്തോട് യാത്ര പറയാന്‍ ദിവസങ്ങള്‍ എണ്ണപ്പെട്ട ഒരു ചെറുപ്പക്കാരന്റെ ഹൃദയവികാരങ്ങള്‍ ആയിരിക്കും അയാള്‍ക്ക് എഴുതി നിറയ്ക്കാന്‍ ഉണ്ടാവുക എന്നായിരുന്നു. മാതാപിതാക്കളെക്കുറിച്ചോ കൂട്ടുകാരെ ക്കുറിച്ചോ കാമുകിയെക്കുറിച്ചോ നാടിനെക്കുറിച്ചോ വീടിനെ ക്കുറിച്ചോ അയാള്‍ മതിയാകുംവരെ എഴുതിക്കൊള്ളട്ടെ എന്ന് അവര്‍ നിനച്ചു കാണും. പക്ഷേ ആ നോട്ടുബുക്കിന്റെ താളുകളില്‍ അയാള്‍ എഴുതിയത് അതൊന്നുമായിരുന്നില്ല. സാമാന്യഗതിക്ക് ആ അവസ്ഥയില്‍ കഴിയുന്ന, ആ പ്രായത്തിലുള്ള ഒരാളിന്റെ മനസ്സിന് കടന്നു ചെല്ലാന്‍ കഴിയാത്ത കാര്യങ്ങളെക്കുറിച്ചാണ് അയാള്‍ എഴുതിയതത്രയും. അതായിരുന്നു ഭഗത് സിങ്.
അസാധാരണമായ അന്വേഷണ ബുദ്ധിയോടെ ചുറ്റുപാടുകളെ നോക്കിക്കാണാനും മനസ്സിലാക്കാനും ശ്രമിച്ച ഒരു മനസ്സിന്റെ സ്പന്ദനങ്ങളാണ് ഈ ജയില്‍ ഡയറി. സ്വാതന്ത്ര്യത്തിനു വേണ്ടി ജീവിക്കുവാനും മരിക്കുവാനും തീരുമാനിച്ച ഈ തടവുകാരന്‍ സ്വാഭാവികമായും തന്റെ നാടിനെപ്പറ്റി അറിയുമെന്നും എഴുതുമെന്നും ഉറപ്പാണ്. ഭഗത് സിങ്ങിന്റെ കണ്ണുകള്‍ ഇന്ത്യയ്ക്കുമപ്പുറത്ത്, ലോകത്തിന്റെ അതിരുകള്‍ തേടി സഞ്ചരിച്ചു.
ചരിത്രവും ഭൂമിശാസ്ത്രവും തത്ത്വചിന്തയും സാഹിത്യവും മതവും യുക്തിവാദവും എല്ലാം ആ കുറിപ്പുകളില്‍ കടന്നു വന്നു. നിയമത്തിന്റെ വകഭേദങ്ങളെക്കുറിച്ച് പഠിക്കാന്‍ കുറിപ്പെടുത്ത അതേ ജിജ്ഞാസയോടെ അമേരിക്കന്‍ സൈന്യത്തിന്റെ സംഖ്യാബലത്തെക്കുറിച്ചും യൂറോപ്യന്‍ ചരിത്രത്തെക്കുറിച്ചും ഭഗത് സിങ് കുറിപ്പുകള്‍ എടുത്തു. കുടുംബം, സ്വത്ത്, വിവാഹം, ആണ്‍ പെണ്‍ ബന്ധം തുടങ്ങിയവയെക്കുറിച്ച് ഒരു നരവംശ ശാസ്ത്രജ്ഞന്റെ കൗതുകത്തോടെയാണ് ഈ യുവാവ് പഠിക്കാന്‍ ശ്രമിച്ചത് എന്നത് നമ്മെ അത്ഭുതപ്പെടുത്തും.
ഭഗത് സിങ്ങിന്റെ രാഷ്ട്രീയ പക്ഷപാതത്തെക്കുറിച്ച് വ്യത്യസ്ത അവകാശവാദങ്ങള്‍ നാം കേട്ടിട്ടുണ്ട്. മാര്‍ക്‌സിസ്റ്റ് പ്രത്യയശാസ്ത്രത്തോടും തൊഴിലാളി വര്‍ഗ്ഗ രാഷ്ട്രീയത്തോടും ആ ഇളംമനസ്സില്‍ വേരൂന്നിയ പ്രതിബദ്ധതയുടെ തെളിവുകള്‍ ഈ താളുകളില്‍ വേണ്ടുവോ,ളമുണ്ട്. അറിവുകള്‍ക്ക് മുമ്പില്‍ മതില്‍ കെട്ടാന്‍ കൂട്ടാക്കാതെ, എല്ലാത്തരം വിജ്ഞാനശകലങ്ങളെയും സ്വാംശീകരിക്കാന്‍ കൊതി കൊണ്ട ഒരു ജീനിയസ്സിനെ നാം ഇവിടെ പരിചയപ്പെടും. വിപ്ലവത്തെ പ്രണയിച്ച ഭഗത് സിങ്ങിന്റെ മനസ്സില്‍ കവിതയ്ക്കും സംഗീതത്തിനും സ്ഥാനമുണ്ടായിരുന്നു. അങ്ങനെ പരന്ന് ഒഴുകുന്ന സര്‍ഗ്ഗ ചൈതന്യത്തിന്റെ സൗന്ദര്യമാണ് ഈ ജയില്‍ ഡയറിയുടെ മാറ്റ് കൂട്ടുന്ന ഘടകം. എണ്ണമറ്റ പുസ്തകങ്ങളില്‍ നിന്ന് വിവിധങ്ങളായ വിഷയങ്ങളെക്കുറിച്ച് ഭഗത് സിങ് പകര്‍ത്തി വെച്ച കാര്യങ്ങള്‍ നമ്മെ വിസ്മയിപ്പിക്കും. ജീവിതത്തിലേക്ക് തിരിച്ചു വരുമെന്ന് ഭഗത് സിങ് വിശ്വസിച്ചിരുന്നോ എന്നു ചോദിക്കാന്‍ നമുക്ക് തോന്നിപ്പോകും. മരണം ആസന്നമാണെന്ന് അറിയുന്ന ഒരാള്‍ ജീവിതത്തെക്കുറിച്ചും സമൂഹത്തെക്കുറിച്ചും ഇത്രയും എഴുതിയതും ചിന്തിച്ചതും എന്തിനാണെന്നതിന് മറ്റൊരു വിശദീകരണം എളുപ്പമല്ല. എല്ലാത്തരം അറിവുകള്‍ക്കു മുമ്പിലും മനസ്സ് തുറന്നുവെയ്ക്കാനും അവയെ വിമര്‍ശനപരമായി വിലയിരുത്തുവാനും സന്നദ്ധനായ ഭഗത് സിങ് – അതുകൊണ്ടാണ്, ഇന്ത്യയുടെ വഴികാട്ടി ആകുന്നത്. ആ നക്ഷത്രത്തിന്റെ യഥാര്‍ത്ഥ തിളക്കമറിയാന്‍ നമ്മെ നേരിട്ടു സഹായിക്കും ഈ ജയില്‍ ഡയറി.
ഡയറി എന്നു പറയുമ്പോള്‍ നമ്മുടെ മനസ്സില്‍ കടന്നു വരുന്ന സങ്കല്പങ്ങളുമായി ഈ പുസ്തകം ആരും കൈയ്യിലെടുക്കരുത്. സാമാന്യ ഗതിയിലുള്ള ഏത് അളവുകോല്‍ വെച്ച് അളന്നാലും ഇത് ഡയറിയല്ല. ജീവിതത്തിനും മരണത്തിനും ഇടയിലുള്ള ആ പ്രക്ഷുബ്ധദിനങ്ങളില്‍ ഭഗത് സിങ്ങിന്റെ ചിന്തകള്‍ സഞ്ചരിച്ച വഴികളെപ്പറ്റി ഒരു സാമാന്യ ചിത്രം ഇതു നമുക്കു നല്‍കും. ആ മനസ്സിലും കൊടുങ്കാറ്റുകള്‍ ഉണ്ടായിരുന്നിരിക്കണം. അതുപക്ഷേ തന്റെ ജീവന്‍ നഷ്ടപ്പെടുമല്ലോ എന്നതിനെക്കുറിച്ച് ആയിരുന്നില്ല. ‘സ്വാതന്ത്ര്യത്തിനു വേണ്ടി ജീവിച്ചവര്‍ മരിക്കുന്നില്ല’ എന്നു പറഞ്ഞു കൊണ്ട് കഴുമരത്തിലേക്ക് നടന്ന ധീരനാണ് ഭഗത് സിങ്. കൊലക്കയര്‍ കഴുത്തില്‍ വീഴും മുമ്പ് ഇങ്ക്വിലാബ് സിന്ദാബാദ് എന്നു വിളിച്ച, മരണത്തെ കൂസാത്ത വിപ്ലവകാരി.
തർജ്ജമ – ബിനോയ് വിശ്വം