ലജ്ജക്കു ഇരുപത്തഞ്ചാം പതിപ്പ്:
ഭീകരമായ സാമൂഹിക രാഷ്ട്രീയ മാനങ്ങൾ സൃഷ്ടിച്ച നോവൽ
———————————————————————————————-
1992 ല്‍ ബാബറിമസ്ജിദ് തകര്‍ക്കപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മാനവികത അന്യമായിക്കൊണ്ടിരിക്കുന്ന ഒരു ജനതയെ തുറന്നുകാട്ടുകയാണ് ലജ്ജ എന്ന നോവലിലൂടെ തസ്ലീമ നസ്രീന്‍. ഒരു എഴുത്തുകാരിയുടെ ജീവിതത്തെ അനിശ്ചിതത്വത്തിന്റെയും അരാജകതയുടെയും പലായനപര്‍വങ്ങളിലേക്ക് തള്ളിയിട്ട ഈ നോവല്‍ സൃഷ്ടിച്ച സാമൂഹിക-രാഷ്ട്രീയമാനങ്ങള്‍ ഭീകരമായിരുന്നു.
മനുഷ്യമനസ്സിനെ ഭീതദമാംവിധം കടന്നാക്രമിച്ചുകൊണ്ടിരിക്കുന്ന മതപരമായ സ്വത്വബോധത്തിന്റെ ഇടുങ്ങിയ വഴിത്താരകളാണ് തസ്ലീമയുടെ ആഖ്യാനഭൂപടമെങ്കിലും അത് പില്ക്കാലലോകം സാക്ഷ്യം വഹിച്ച തീവ്രമതരാഷ്ട്രീയ വിപത്തിന്റെ സര്‍വവ്യാപകത്വ ത്തിന്റെ മുന്നറിയിപ്പുകൂടിയായിരുന്നുവെന്ന് കാലം തെളിയിച്ചിരിക്കുന്നു.
ഭൂരിപക്ഷം ന്യൂനപക്ഷത്തിനുമേല്‍ നടത്തിക്കൊണ്ടിരിക്കുന്ന അധിനിവേശത്തിന്റെയും സംഘടിതമതാധിപത്യം തുറന്നിടുന്ന വിപത്കരമായ ഹിംസാത്മകലോകത്തെയും നഗ്നമായ അതിന്റെ നൃശംസനീയതകളിലൂടെ
തുറന്നുകാട്ടുകയാണ് ലജ്ജയിലൂടെ തസ്ലീമ.
ദേശീയതയും സങ്കുചിതമതസ്വത്വവാദവും പോരടിക്കുമ്പോള്‍ ദേശീയത കേവലം അര്‍ത്ഥശൂന്യമായ വികാരം മാത്രമായിപ്പോകുന്നുവെന്ന് എഴുത്തുകാരി ചൂണ്ടിക്കാട്ടുന്നു. ബാബറിമസ്ജിദ് തകര്‍ക്കപ്പെട്ടതിനുശേഷമുള്ള പതിമൂന്ന് ദിവസങ്ങളിലായി മുസ്ലീംഭൂരിപക്ഷപ്രദേശത്ത് ജീവിക്കേണ്ടിവരുന്ന ഒരു ഹിന്ദുകുടുംബത്തിന് നേരിടേണ്ടിവരുന്ന അനുഭവങ്ങളിലൂടെ ബംഗ്ലാദേശിലെ ന്യൂനപക്ഷപീഡനങ്ങളുടെ ക്രൂരമായ യാഥാര്‍ത്ഥ്യങ്ങളിലേക്കുമാണ് തസ്ലീമ കൊണ്ടുപോകുന്നത്.
പുറത്തിറങ്ങി ആറുമാസത്തിനുള്ളില്‍ അരലക്ഷം കോപ്പികള്‍ വിറ്റഴിഞ്ഞ ലജ്ജ ബംഗ്ലാദേശിന്റെ ചരിത്രത്തില്‍ മാത്രമല്ല, ലോകചരിത്രത്തില്‍ തന്നെ ഇടംപിടിച്ചു. ലോകത്തന്നുവരെ ഒരു എഴുത്തുകാരിക്കും നേരിടേണ്ടിവരാത്തവിധമുള്ള മതശാസനയുടെ ചാട്ടവാറാണ് തസ്ലീമയ്ക്ക് നേരെ ഉയര്‍ന്നത്. ജന്മനാട്ടില്‍ നിന്നും പലായനം ചെയ്യേണ്ടിവന്ന എഴുത്തുകാരിയുടെ ജീവിതം ഇന്നും അനേകം അനിശ്ചിതത്വങ്ങളിലൂടെ തുടര്‍ന്നുപോരികയാണ്. മതശക്തികള്‍ പിന്തുണനല്‍കുന്ന ഭരണകൂടത്തിനു മുന്നില്‍ മനുഷ്യജീവന് വിലയില്ലെന്ന യാഥാര്‍ത്ഥ്യം തസ്ലീമ പങ്കുവെയ്ക്കുമ്പോള്‍ അത് ലോകമനഃസാക്ഷിയുടെ മുമ്പില്‍ വലിയൊരു ലജ്ജതന്നെയാണ്.
ഇരുളു കാര്‍ന്നുതിന്നുമ്പോഴും മാനവികതയുടെ വെളിച്ചം പൂര്‍ണ്ണമായും അണഞ്ഞുപോയിട്ടില്ലെന്ന സത്യവും ഈ നോവല്‍ മുന്നോട്ട് വെയ്ക്കുന്നുണ്ട്. മറ്റൊരു മതത്തില്‍ ജനിച്ചതിന്റെ പേരില്‍ തന്റെ ജന്മനാട്ടില്‍ അനുഭവിക്കേണ്ടിവരുന്ന പീഡനം സുധാമോയിയുടെ കുടുംബത്തിന്റെ മാത്രം അനുഭവമല്ല. കാലങ്ങളായി ബംഗ്ലാദേശില്‍ തുടര്‍ന്നുപോരുന്ന ന്യൂനപക്ഷപീഡനങ്ങളുടെയും പലായനങ്ങളുടെയും ഒരു കേവലദൃശ്യം മാത്രമാണിത്.
പുറത്തിറങ്ങി മൂന്ന് ദശകങ്ങളാകുമ്പോള്‍ ഈ നോവല്‍ മുന്‍നിര്‍ത്തുന്ന ഉത്കണ്ഠയുടെയും ആശങ്കയുടെയും ചോദ്യങ്ങള്‍ക്ക് കൂടുതല്‍ മൂര്‍ത്തത കൈവന്നിരിക്കുകയാണ്. ഏത് കൊടിയേക്കാളും ഉയര്‍ന്നു പാറുന്നതാണ് മാനവികതയുടെ സ്പന്ദനങ്ങള്‍ എന്ന, ഈ നോവലിന്റെ അന്തസ്സത്ത വീണ്ടും വീണ്ടും ഉയര്‍ത്തിപ്പിടിക്കേണ്ട കാലം കൂടിയാണിത്. അതുകൊണ്ടുതന്നെ ലജ്ജ ഏതുകാലത്തും ഒരു അനിവാര്യമായ വായനയായി തീരുന്നു.