ചാരവൃത്തിക്കേസ് അന്വേഷിച്ച കേരള പോലീസിന്റെ പ്രത്യേക അന്വേഷണസംഘം തലവനായിരുന്ന സിബി മാത്യൂസ്, സുപ്രീംകോടതി കേസ് അവസാനിപ്പിച്ചുവെങ്കിലും കേസില്‍ അവശേഷിക്കുന്ന ചില ചോദ്യങ്ങള്‍ ‘
നിര്‍ഭയം‘ എന്ന പുസ്തകത്തിന്റെ ഏറ്റവും പുതിയ എഡിഷനില്‍ (അഞ്ചാം പതിപ്പ്) ഉന്നയിക്കുകയുണ്ടായി. 25 വര്‍ഷത്തിനു ശേഷം കേസിന്റെ അവസാനനടപടിക്രമങ്ങളിലേക്ക് കടക്കുന്ന പശ്ചാത്തലത്തില്‍ ഏറ്റവും ഒടുവിലത്തെ സംഭവവികാസങ്ങളെ കുറിച്ച് സിബി മാത്യൂസ് പ്രതികരിക്കുന്നു:
2018 ലാണ് ഈ കേസിന് തീരുമാനമായത്. 50 ലക്ഷം രൂപ നമ്പി നാരായണന് നഷ്ടപരിഹാരമായി നല്‍കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. കേരളസര്‍ക്കാറിനോടാണ് അത് കൊടുക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നത്. അതനുസരിച്ച് സര്‍ക്കാര്‍ കൊടുക്കുകയും ചെയ്തു. ആ വിധിയില്‍ തന്നെ അവസാന പാരഗ്രാഫില്‍ നിര്‍ദ്ദേശിച്ചിരുന്നു- ഈ കേസ് എങ്ങനെ ഉണ്ടായി, നമ്പി നാരായണനെയും മറ്റും എങ്ങനെയാണ് അറസ്റ്റുചെയ്യാനിടയായത്, അതിലെന്തെങ്കിലും ഗൂഢാലോചനയുണ്ടോ, ഉണ്ടെങ്കില്‍ അതിനുത്തരവാദികളായ ഉദ്യോഗസ്ഥര്‍ ആരൊക്കെയാണ്, ഇത് കണ്ടുപിടിക്കാന്‍ വേണ്ടി ഒരു കമ്മിറ്റിയെ നിയോഗിക്കുകയുണ്ടായി. ഇത് കമ്മീഷന്‍ അല്ല. കമ്മീഷനെന്ന് പത്രക്കാര്‍ എഴുതുന്നത് തെറ്റാണ്. കമ്മീഷന്‍ എന്നുപറഞ്ഞാല്‍ കമ്മീഷന്‍ ഓഫ് എന്‍ക്വയറീസ് ആക്ട് പ്രകാരം ഗവര്‍മെന്റാണ് അത് പുറപ്പെടുവിക്കേണ്ടത്, കോടതിയല്ല. അതുകൊണ്ട് ഒരു കമ്മിറ്റി പ്രവര്‍ത്തിക്കണം എന്നാണ് കോടതി നിര്‍ദ്ദേശിച്ചത്. ആ കമ്മിറ്റിയുടെ അദ്ധ്യക്ഷനായി റിട്ടയേഡ് സുപ്രീം കോടതി ജഡ്ജി ഡി.കെ.ജെയിനെ നിശ്ചയിക്കുകയുണ്ടായി. സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും ഓരോ പ്രതിനിധികളെയും ഈ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. ഈ കമ്മിറ്റിയുടെ പ്രവര്‍ത്തനം കഴിഞ്ഞ രണ്ടാം വാരത്തില്‍ ആരംഭിച്ചു. നമ്പി നാരായണന്റെ സ്റ്റേറ്റ്‌മെന്റ് എടുത്തതായി അറിയുന്നു. എനിക്ക് നോട്ടീസ് ലഭിച്ചിട്ടില്ല.
അന്വേഷണത്തിൽ നിന്ന് ഒഴിവാക്കിയ കാര്യങ്ങൾ :
ഈ കേസുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും ഇതോടെ അവസാനിക്കുമെന്ന് കരുതുന്നു. സിബഐ, കേരളപോലീസ്, കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ എന്നീ മൂന്ന് ഏജന്‍സികള്‍ അന്വേഷിച്ച കേസാണിത്. ആദ്യം മുതലേ ഈ മൂന്ന് ഏജന്‍സികളുടെ നിലപാടുകളില്‍ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. പക്ഷെ സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു. കോടതിയില്‍ സമര്‍പ്പിച്ച ആ അന്വേഷണറിപ്പോര്‍ട്ട് ചോദ്യം ചെയ്യാന്‍ അന്നത്തെ സംസ്ഥാനസര്‍ക്കാര്‍ തയ്യാറായില്ല. പിന്നീട് 1996 ജൂണില്‍ ഇടതുപക്ഷസര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ വീണ്ടും ഈ കേസ് അന്വേഷിക്കണമെന്ന് ഉത്തരവിട്ടിരുന്നു. ആ ഉത്തരവ് നിയമപ്രകാരം നിലനില്‍ക്കുകയില്ലന്ന് 1998 ല്‍ സുപ്രീംകോടതി വിധിച്ചു. മറിയം റഷീദയും ഫൗസിയയും ഇന്ത്യയില്‍ എന്തിന് വന്നു? ശാസ്ത്രജ്ഞന്മാരുമായുള്ള അവരുടെ ബന്ധപ്പെടലിന്റെ ഉദ്ദേശ്യമെന്തായിരുന്നു? അവര്‍ പറഞ്ഞതൊക്കെ സത്യമാണോ? ഇങ്ങനെയുള്ള കാര്യങ്ങളൊന്നും ഒരു കോടതിയും പിന്നീട് പരിശോധിച്ചിട്ടില്ല. ഒരിക്കല്‍ സിബിഐക്ക് കേസ് വിടുകയും രണ്ടുകൊല്ലം കഴിഞ്ഞ് മറ്റൊരു സര്‍ക്കാര്‍ വന്ന് അത് റദ്ദാക്കുകയും വീണ്ടും സംസ്ഥാന ഗവര്‍മെന്റിന്റെ കീഴില്‍ അന്വേഷണം നടത്തുകയും ചെയ്യണമെന്നുള്ള ഉത്തരവ് നിയമപ്രകാരം നിലനില്‍ക്കുമോ എന്ന കാര്യം മാത്രമേ സുപ്രീം കോടതി പരിശോധിച്ചിട്ടുള്ളൂ. ഈ ഗവര്‍മെന്റ് ഓര്‍ഡര്‍ സുപ്രീംകോടതി റദ്ദാക്കി. അതുകൊണ്ട് ആ ചോദ്യങ്ങള്‍ അവസാനിക്കുന്നു.
അന്വേഷണ ഉദ്യോഗസ്ഥര്‍ എന്തോ വലിയ തെറ്റ് ചെയ്തു എന്നൊരു ധാരണയാണ് മാധ്യമങ്ങള്‍ സൃഷ്ടിച്ചത്. അത് തിരുത്താന്‍ ബാദ്ധ്യസ്ഥരായ രാഷ്ട്രീയനേതാക്കള്‍ അത് ചെയ്തില്ല.
കാരവൻ മാസികയുടെ നവംബര്‍ ലക്കം:
ഏറ്റവുമൊടുവില്‍, ഡല്‍ഹിയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന കാരവന്‍ എന്ന മാസികയില്‍ സിബിഐ ചാരക്കേസ് അട്ടിമറിച്ചുവെന്ന വ്യക്തമായൊരു റിപ്പോര്‍ട്ട് അതിന്റെ 2020 നവംബര്‍ ലക്കത്തില്‍ വരികയുണ്ടായി. അതിന്റെ കാര്യകാരണങ്ങളെല്ലാം അതില്‍ വിശദീകരിക്കുന്നുണ്ട്.
അന്തിമമായി ഈ കേസിനെ കുറിച്ച് ഞാന്‍ പറയുന്നതില്‍ അര്‍ത്ഥമില്ല. ആരു അംഗീകരിച്ചാലും ഇല്ലെങ്കിലും എനിക്ക് എന്റേതായ നിലപാടുണ്ട് ഈ കേസില്‍. സത്യസന്ധമായ ഒരു അന്വേഷണറിപ്പോര്‍ട്ടാണ് കാരവനില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത് എന്നാണ് എന്റെ അഭിപ്രായം. അതുകൂടാതെ അന്ന് കേന്ദ്ര ഇന്റലിജന്‍സില്‍ ഒരു സീനിയര്‍ ഉദ്യോഗസ്ഥനായിരുന്ന എം.കെ.ധര്‍ ഓപ്പണ്‍ സീക്രട്ടസ് എന്നൊരു പുസ്തകം എഴുതിയിട്ടുണ്ട്. ഇതിലെ ഒരു അദ്ധ്യായം ഐഎസ്ആര്‍ഓ കേസിനെ സംബന്ധിച്ചാണ്. ഇതില്‍ പറഞ്ഞ കാര്യങ്ങളൊന്നും ആരും ചോദ്യം ചെയ്തിട്ടില്ല. പക്ഷെ കോടതിക്ക് സത്യം കണ്ടുപിടിക്കണമെന്ന താത്പര്യം എപ്പോഴും ഉണ്ടാകണമെന്നില്ല. കോടതിയുടെ മുമ്പില്‍ വന്ന ചോദ്യം, കേരള സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ക്കെതിരെ നടപടിയെടുത്തില്ല, സിബിഐ ഒരു റിപ്പോര്‍ട്ട് അയച്ചിട്ട് നടപടിയെടുക്കാതെ വെച്ചുകൊണ്ടിരുന്നു എന്നൊക്കെയായിരുന്നു. നടപടി എന്നുപറഞ്ഞാല്‍ ഞങ്ങളുടെ ഭാഗത്ത് തെറ്റുണ്ടോ എന്ന് അന്വേഷിക്കേണ്ടതുണ്ടായിരുന്നു. 15 വര്‍ഷത്തോളം ഒരു തീരുമാനവും എടുക്കാതിരുന്ന ഈ ഫയലില്‍ ഉമ്മന്‍ചാണ്ടി സര്‍ മുഖ്യമന്ത്രിയായിരുന്ന 2011 ല്‍ ഒരു തീരുമാനമെടുത്തു. കേരള പോലീസിലെ ഉദ്യോഗസ്ഥന്മാര്‍ അവരുടെ കര്‍ത്തവ്യം മാത്രമേ ചെയ്തിട്ടുള്ളൂവെന്നും അതുകൊണ്ട് നടപടിയുടെ ആവശ്യമില്ലെന്നും ഗവര്‍മെന്റ് ഉത്തരവിട്ടു. ആ ഉത്തരവ് ചോദ്യം ചെയ്തുകൊണ്ടാണ് നമ്പി നാരായണന്‍ ആദ്യം ഹൈക്കോടതിയിലും പിന്നീട് സുപ്രീം കോടതിയിലും പോയത്. ഒരു നടപടിയുടെയും ആവശ്യമില്ലെന്നും സര്‍ക്കാര്‍ തീരുമാനമാണ് അന്തിമമെന്നും സിബിഐ അല്ല തീരുമാനമെടുക്കേണ്ടതെന്നും കേരള ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ച് വിധിച്ചു. അതിനെതിരെയാണ് സുപ്രീംകോടതിയില്‍ പോയത്. അതിന്റെ വിധിയാണ് 2018 ല്‍ ഉണ്ടായത്.
സത്യവും നീതിയും പലപ്പോഴും ഈ ലോകത്ത് അട്ടിമറിയ്ക്കപ്പെടുന്നു. എന്നിരുന്നാലും മൂടിവെയ്ക്കപ്പെട്ട സത്യങ്ങള്‍ എന്നെങ്കിലും പുറത്തുവരുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു. തീര്‍ച്ചയായും ദൈവത്തിന്റെ കോടതി ഉണ്ടെന്നു മാത്രമല്ല പ്രകൃതി എന്നത് സത്യത്തില്‍ നിലനില്‍ക്കുന്നതുമാണ്. ഇന്നല്ലെങ്കില്‍ നാളെ തെറ്റ് ചെയ്തവന്‍ അതിന് സമാധാനം പറയേണ്ടിവരും. അങ്ങനെയാണ് ഞാനിപ്പോഴും വിശ്വസിക്കുന്നത്. സത്യാവസ്ഥ എന്നെങ്കിലും പുറത്തുവരുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ജയിന്‍കമ്മിറ്റിയുടെ അന്വേഷണം നിര്‍ഭയമായി നേരിടും. സത്യവും നീതിയും അനുസരിച്ച് തീരുമാനമുണ്ടാകുമെന്നുതന്നെയാണ് എന്റെ പ്രത്യാശ. നമ്മുടെ രാജ്യത്തിന്റെ മുദ്രവാക്യം സത്യമേവ ജയതേ എന്നാണല്ലോ. അത് മാറ്റാന്‍ ആരെക്കൊണ്ടും സാധിക്കില്ല. ഞാനതില്‍ ഉറച്ചുവിശ്വസിക്കുന്നു. പലപ്പോഴും ഈ ലോകത്ത് സത്യവും നീതിയും അട്ടിമറിയ്ക്കപ്പെടുന്നു.
പുസ്തകം വാങ്ങുവാൻ ചുവടെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. https://greenbooksindia.com/experience/Nirbhayam:-Oru-IPS-Officerude-Anubhavakurippukal