നിയമമാണ് ഞാന്‍ പഠിച്ചത്. 1990 ല്‍ അഭിഭാഷകനായി. കുറച്ചുകാലം മനുഷ്യാവകാശത്തിനായുള്ള അഭിഭാഷകനായി പരിശീലനം നടത്തി. എന്നാല്‍ പിന്നീട് എന്റെ ജീവിതഗതി മാറി. 1996 ല്‍ പോലീസിന്റെ മര്‍ദ്ദനമേറ്റ് എനിക്ക് ഗുരുതരമായ പരിക്ക് പറ്റി. കുര്‍ദ്ദിഷ് ആഭ്യന്തരയുദ്ധം രൂക്ഷമായിരുന്ന ആ സമയത്ത് തെരുവില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു; ഏകദേശം 17000 പേരാണ് കൊല്ലപ്പെട്ടത്. എന്നെപ്പോലെയുള്ളവര്‍ – മനുഷ്യാവകാശ അഭിഭാഷകര്‍, എഴുത്തുകാര്‍, പത്രപ്രവര്‍ത്തകര്‍ – ആയിരുന്നു മുഖ്യലക്ഷ്യം.
രക്ഷപ്പെട്ട ഭാഗ്യവാന്മാരിലൊരാളായിരുന്നു ഞാന്‍. അതിനുശേഷം പത്തുവര്‍ഷത്തോളം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ എനിക്ക് നേരിടേണ്ടിവരികയുണ്ടായി- അതെന്നെ ജര്‍മ്മനിയിലെത്തിച്ചു, അവസാനമായി ഞാനൊരു അഭയാര്‍ത്ഥിയായി ബ്രിട്ടനിലെത്തി. പീഡനത്തിനിരയായ ഇരകളെ സഹായിക്കുന്ന ലണ്ടനിലെ ഒരു പ്രത്യേക സ്ഥാപനത്തില്‍ നിന്നും എനിക്ക് ചികിത്സ ലഭിക്കുകയുണ്ടായി. പക്ഷെ നിങ്ങള്‍ പാശ്ചാത്യരാജ്യത്ത് ഒരു അഭയാര്‍ത്ഥിയാണെങ്കില്‍, നിങ്ങളുടെ യോഗ്യതകള്‍ അവിടെ ഒന്നുമല്ല. അതിനാല്‍ വിദേശത്തായിരുന്നപ്പോള്‍, നോവലുകളെഴുതാന്‍ തുടങ്ങി. അഭിഭാഷകനായി പോയ ഞാന്‍ തുര്‍ക്കിയില്‍ ഒരു നോവലിസ്റ്റായി മടങ്ങിയെത്തി. എനിക്കിപ്പോഴും അഭിഭാഷകലൈസന്‍സ് ഉണ്ട്, അത് വലിയൊരു നേട്ടമാണ്. തുര്‍ക്കിയില്‍ നിരവധി പത്രപ്രവര്‍ത്തകര്‍, അക്കാദമിക്കുകള്‍, ആക്ടിവിസ്റ്റുകള്‍ ജയിലിലടയ്ക്കപ്പെട്ടിട്ടുണ്ട്. ആര്‍ക്കും അവരെ ജയിലില്‍ പോയി സന്ദര്‍ശിക്കുവാന്‍ സാധിക്കുകയില്ല. എന്നാല്‍ അവരെ സന്ദര്‍ശിക്കുവാനും പിന്തുണ അറിയിക്കുവാനും എന്റെ ലൈസന്‍സ് മൂലം എനിക്ക് സാധിക്കുന്നു.
ഏകദേശം പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഞാന്‍ മടങ്ങിയെത്തിയത്, തുര്‍ക്കിയില്‍ താമസമാക്കുകയെന്നത് എന്റെ തീരുമാനമായിരുന്നില്ലെങ്കിലും. പാതിജീവിതകാലം തുര്‍ക്കിയിലും പാതി യുകെയിലെ കേംബ്രിഡ്ജിലുമായി ചെലവഴിക്കുകയെന്നതായിരുന്നു എന്റെ സ്വപ്‌നം. കേംബ്രിഡ്ജ് നിങ്ങള്‍ക്ക് പുസ്തകങ്ങളെഴുതുവാനും ഗവേഷണം നടത്തുന്നതിനും അനുയോജ്യമായ മനോഹരമായൊരു നഗരമാണ്. കുറച്ചുവര്‍ഷങ്ങളോളം ഞാനങ്ങനെ ജീവിച്ചു. പക്ഷെ പിന്നീട് തുര്‍ക്കിയിലെ അവസ്ഥ മോശമായി, അതെന്നെ മടങ്ങുവാന്‍ നിര്‍ബന്ധിതനാക്കി, പ്രധാനമായും വൈകാരികമായി. എന്റെ രാജ്യത്തിന് എന്നെപ്പോലുള്ളവരെ ഇപ്പോള്‍ ആവശ്യമുണ്ടെന്ന് എനിക്ക് തോന്നി.
രാഷ്ട്രീയമില്ലാത്തവരോ രാഷ്ട്രീയത്തില്‍ ഇടപെടാത്തവരോ ആയ ആളുകള്‍ ഫേസ്ബുക്കില്‍ ചിലത് പങ്കുവെച്ചുവെന്നതിന്റെ പേരില്‍ മാത്രം അറസ്റ്റുചെയ്യപ്പെടുന്നു. സമൂഹമാധ്യമത്തില്‍ പങ്കുവെച്ചുവെന്നതിന്റെ പേരില്‍ ആയിരത്തിലധികം പേരാണ് ജയിലില്‍. തന്റെ മകന് സ്‌കൂളില്‍ പോകുന്നതിനായി ട്രൗസര്‍ വാങ്ങുവാന്‍ സാധിക്കാതെ ഒരു സാധാരണക്കാരന്‍ കുറച്ചുദിവസങ്ങള്‍ക്ക് മുമ്പ് ആത്മഹത്യ ചെയ്യുകയുണ്ടായി. ഈ വാര്‍ത്ത പ്രസിദ്ധീകരിച്ച ഒരു പത്രപ്രവര്‍ത്തകന്‍ ഇന്നലെ അറസ്റ്റുചെയ്യപ്പെടുകയുണ്ടായി. എന്താണ് കുറ്റമെന്ന് ഇതുവരെയും ഞങ്ങള്‍ക്ക് അറിയാന്‍ കഴിഞ്ഞിട്ടില്ല. തുര്‍ക്കിയില്‍ ഇന്നിത് സാധാരണമാണ്, അസാധാരണമായി കരുതാനാവില്ല. ഇത് ജനങ്ങള്‍ക്ക്, പത്രപ്രവര്‍ത്തകര്‍ക്ക്, എല്ലാവര്‍ക്കും ഉള്ള സന്ദേശമാണ്. അതിശയോക്തി കൂടാതെ പറയട്ടെ, തൊണ്ണൂറ് ശതമാനം മാധ്യമങ്ങളും നേരിട്ട് സ്വന്തമായുള്ളതോ എര്‍ദോഗാന്‍സര്‍ക്കാരിന്റെ ആളുകളുടെ സൃഷ്ടിയോ ആണ്.
ഒരേയൊരു വഴി ഉറക്കെ വിമര്‍ശിക്കുകയെന്നതാണ്. ഭാഗ്യവശാല്‍ തുര്‍ക്കിയില്‍ സര്‍ക്കാരിനെതിരെ ജനങ്ങളുടെ ശക്തമായൊരു പ്രതിപക്ഷമുണ്ട്- പത്രപ്രവര്‍ത്തകര്‍, അഭിഭാഷകര്‍, എഴുത്തുകാര്‍- അവര്‍ തങ്ങളുടെ വീക്ഷണം പരസ്യമായി പ്രഖ്യാപിക്കുന്നു. അതുകൊണ്ടാണ് സര്‍ക്കാര്‍ വളരെ പരുക്കമായി ഇടപെടുന്നത്. ചില രാജ്യങ്ങളില്‍ ഏകാധിപതികള്‍ പൗരപ്രതിപക്ഷത്തെ തടയാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. പുടിന്‍ അത് റഷ്യയില്‍ നടപ്പിലാക്കുന്നു. അദ്ദേഹം അതിനുപയോഗിക്കുന്ന ആയുധങ്ങള്‍ നമുക്കറിയാവുന്നതാണ്- കൃത്രിമപ്പണികള്‍, തടങ്കല്‍, ‘നിഗൂഢമായ’ കൊലപാതകങ്ങള്‍. ഏകാധിപതികള്‍ ഓരോരുത്തരും മറ്റേയാളെ അനുകരിക്കുകയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു- എര്‍ദോഗാന്‍ പുടിനെ അനുകരിക്കുകയും ട്രംപ് എര്‍ദോഗാനെ അനുകരിക്കുകയും ചെയ്യുന്നു പലവിധത്തില്‍.
കുസെ (നോര്‍ത്ത്) എന്റെ വ്യക്തിപരമായ ചരിത്രത്തില്‍ നിന്നും ഉണ്ടായതാണ്. എന്റെ അമ്മ എപ്പോഴും നാടോടിക്കഥകള്‍ പറയാറുണ്ട്. ഞാന്‍ വളരുമ്പോള്‍ ഞങ്ങളുടെ ഗ്രാമത്തില്‍ വിദ്യുത്ച്ഛക്തി ഉണ്ടായിരുന്നില്ല, എണ്ണവിളക്കുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കഥകള്‍ കേള്‍ക്കാന്‍ ഞങ്ങള്‍ ഒത്തുകൂടും. കുര്‍ദ്ദിഷ്ഭാഷയിലെ കഥപറച്ചിലിന്റെ ശക്തിയും ചുറ്റുപാടുകളും എന്നെ സ്വാധീനിച്ചിട്ടുണ്ട്. അത് മറ്റൊരു ഭാഷയില്‍ അതിജീവിക്കാന്‍ ഞാനാഗ്രഹിച്ചു. എന്നാല്‍ ഞാന്‍ മാത്രമായിരുന്നില്ല, നിരവധിപേര്‍ അങ്ങനെ ചെയ്യുന്നത് എനിക്കറിയാമായിരുന്നു. ഞാന്‍ നോവലുകളെഴുതുമ്പോള്‍, ഒരിക്കലും രാഷ്ട്രീയം പിന്തുടര്‍ന്നിരുന്നില്ല. ഏത് നിമിഷവും നോവലിനുള്ള നാലോ പത്തോ ആശയങ്ങള്‍ എഴുതാനായി എനിക്കു മുന്നിലുണ്ടായിരുന്നു. ഒന്ന് തീര്‍ക്കുമ്പോള്‍, അടുത്ത് എന്ത് എഴുതണമെന്നും അതിനടുത്തത് എന്തെഴുതണമെന്നും എനിക്കറിയാമായിരുന്നു. അങ്ങനെയാണ് എന്റെ മസ്തിഷ്‌കം പ്രവര്‍ത്തിച്ചിരുന്നത്
ഗ്രീന്‍ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ ഈ ലിങ്കിലൂടെ വാങ്ങാം
Burhan Sonmez (greenbooksindia.com)
ബുർഹാൻ സോമൻസ്… ഒരു അർത്ഥത്തിൽ ഭാഗ്യവാൻ… എഴുതാൻ ദാരുണമായ വിഷയങ്ങൾ ഉണ്ടല്ലോ…