Thursday, November 21, 2024

ദുബായ്പ്പുഴ ഒരു സെമി ഫിക്ഷൻ നോവൽ – മാധ്യമം വാരിക , രാഹുൽ രാധാകൃഷ്ണൻ 

ലയാളത്തിൽ ഇറങ്ങിയ പ്രവാസ പുസ്തകങ്ങളിൽ വളരെ ശ്രദ്ധേയമാണ് ദുബായ്പ്പുഴ . ഒന്നിലേറെ സർവകലാശാലകളിൽ ഡിഗ്രി വിദ്യാർത്ഥികൾക്ക് പഠന വിഷയമായി ഈ കൃതി തിരഞ്ഞെടുത്തിട്ടുണ്ട് . ഇരുപതു പതിപ്പുകൾ പിന്നിട്ട ഈ കൃതിയുടെ ഏറ്റവും സമകാലികമായ നിരൂപണമാണ് മാധ്യമം പ്രസിദ്ധീകരിച്ച ദുബായിപ്പുഴയെ കുറിച്ചുള്ള രാഹുൽ രാധാകൃഷ്ണന്റെ ഈ ലേഖനം . 
ദുബായിപ്പുഴ എന്ന നീർച്ചാലിന്റെ ഇരുകരകൾ 
രു സെമിഫിക്ഷൻ ആയി കരുതാവുന്ന കൃഷ്ണദാസിന്റെ ‘ദുബായ്പ്പുഴ’ എന്ന കൃതി ദുബായ് ക്രീക്കിനു ചുറ്റുമുള്ള അനുഭവങ്ങളെ  കുറിച്ചുള്ള ആഖ്യാനമാണ്. എഴുപതുകളിൽ പ്രവാസജീവിത ആരംഭിച്ച ലേഖകന്റെ മൂന്നു പതിറ്റാണ്ടോളം നീണ്ട അനുഭവങ്ങൾ  ദുബായ്പ്പുഴ എന്ന് വിശേഷിപ്പിക്കുന്ന നീർച്ചാലിന്റെ ഇരുകരകളിലും ഭ്രമണം ചെയ്യുന്നു. ദുബായിപ്പുഴ എന്ന രൂപകത്തിനു ചുറ്റും കറങ്ങുന്ന ജീവിതങ്ങളുടെ സമഗ്രചിത്രമാണ് കൃഷ്ണദാസ് പ്രകാശനം ചെയ്യുന്നത്.
കരകളിൽ നിർത്തിയിട്ടിരുന്ന നൂറുകണക്കിന് പത്തേമാരികളിലൂടെ സജീവമായ വ്യവഹാരങ്ങളെയും കരയിലെ ചെറുവാണിഭങ്ങളെയും അന്നത്തെ കാലത്തെ കച്ചവടങ്ങളെയും  മരുഭൂമിയിൽ ചൂടിലും കാറ്റിലും സ്വപ്‌നങ്ങൾ കണ്ടിരുന്ന മനുഷ്യരുടെയുംവിജയിച്ചവരുടെയും പരാജയപ്പെട്ടവരുടെയും എഴുത്തുകാരുടെയും തൊഴിലാളികളുടെയും ഓർമയുടെ ഡോക്യുമെന്റ് എന്നതിലുപരിയായി സാഹിത്യാഖ്യാന മായി അവതരിപ്പിക്കുകയാണ്. വിപ്ലവത്തെ കുറിച്ചുള്ള ചിന്തകളും യുദ്ധത്തെ പറ്റിയുള്ള ആശങ്കയും എഴുപതു കളുടെ വിശ്വാസപ്രമങ്ങളുമായി ജീവിച്ചവരുടെ ആധികളും ഏറ്റുവാങ്ങിയത് ദുബായ് പ്പുഴയായിരുന്നു.
മടുപ്പിക്കുന്ന ഗൃഹാതുരതകളില്ലാതെ
പ്രവാസലോകത്തിന്റെ മടുപ്പിക്കുന്ന ഗൃഹാതുരത കളില്ലാതെ സാംസ്കാരികമായും രാഷ്ട്രീയമായുമുള്ള കാഴ്ചപ്പാടോടെ ജീവിതത്തെ കാണുന്ന സമീപനമാണ് ആഖ്യാനത്തെ സൂക്ഷ്മമാക്കുന്നതെന്നു വ്യക്തം. എണ്ണനിക്ഷേപം അന്വേഷിച്ചു പരിചയമില്ലാത്ത ഇടങ്ങളി ലൂടെ നീങ്ങുന്ന അഭയാർത്ഥിക്കൂട്ടം  പുതിയ മണ്ണും  പുതിയ ഭാഷയും പുതിയ ഗന്ധവും അന്വേഷിക്കു ന്നതോടെ പല വിധത്തിലുള്ള സാംസ്കാരികതുറവി സംഭവിക്കുന്നു. എഴുപതുകളിലെ ഗൾഫ് കുടിയേറ്റത്തിന്റെ തീക്ഷ്ണത പ്രസരിപ്പിക്കുന്ന ഒരു അധ്യായമാണ് ഈ പുസ്തകത്തിലെ ‘അഭയാർത്ഥികൾ’. ഭാഷ കൊണ്ടും അനുഭവചിത്രീകരണം കൊണ്ടും സാഹിത്യഗരിമയുള്ള  പ്രസ്തുതഅദ്ധ്യായം മരുഭൂമിയിലേക്കുള്ള യാത്രയുടെ തീപ്പൊള്ളലും കൊടുംതണുപ്പും വെളിപ്പെടുത്തുകയാണ്.
തനിക്കു ചുറ്റുമുള്ള ചരിത്രവും രാഷ്ട്രീയവും 
ദുബായ്പ്പുഴ വ്യത്യാസമാവുന്നത് നാടിനെക്കുറിച്ചുള്ള പറഞ്ഞുമടുത്ത സ്മൃതിചിത്രങ്ങളിൽ അഭിരമിക്കാതെ വിദേശാനുഭവങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നത് കൊണ്ടുകൂടിയാണ്. അറബ് രാജ്യങ്ങളുടെ രാഷ്ട്രീയവും ഇന്ത്യ- പാകിസ്ഥാൻ ബന്ധവും യമനിലെ വിപ്ലവവും ഒക്കെ ചർച്ചാവിഷയമാക്കുകയും നാടിന്റെ ഓർമയിൽ മുങ്ങിത്തപ്പുന്ന ‘പ്രവാസിയെ’ അതിൽ കാണാത്തതും ഇതിന്റെ പ്രത്യേകതയായി പറയാം. ചരിത്രത്തിന്റെ വേരുപടലം ഖനനം ചെയ്തുകൊണ്ടുള്ള വിവരങ്ങൾ  ജീവിതാവസ്ഥകളോടൊപ്പം ചേർത്തുവെക്കുന്ന തരത്തിലാണ് ആഖ്യാനം മുന്നോട്ടുനീങ്ങുന്നത്. ദുബായിയിലെ ഭരണാധികാരിമാരുടെ വിവരങ്ങളും ക്വാറ്റ് എന്ന പേരിലുള്ള ലഹരിപദാര്ഥം ചവയ്ക്കുന്ന അറബ് വംശജരും അറബ്-ഇസ്രായേലി യുദ്ധത്തിന്റെ ഉത്കണ്ഠകളും ഇന്ത്യ-പാകിസ്ഥാൻ സംഘർഷവും എല്ലാം ‘ദുബായ്പ്പുഴ’യെ കൂടുതൽ ചടുലമാക്കുന്നു.
വെസ്റ്റ് ബാങ്ക് എന്ന ഇരുണ്ട ലോകം  
 ദുബായിയിൽ നിന്ന് അബുദാബിയിൽ എത്തിയപ്പോൾ കോർണിഷ് കടൽത്തീരമായിരുന്നു  ലേഖകന് കൂട്ടായത്. അവിടെ വെച്ച് പരിചയപ്പെട്ട സുവാദ് എന്ന സ്ത്രീയെ കുറിച്ച് അദ്ദേഹം ഓർക്കുന്നു  പലസ്തീൻ  എന്ന വികാരം തന്നെ മന:പൂർവം തിരോഭവിപ്പിക്കുന്ന തരത്തിൽ അധികൃതർ ഒരു ജനതയോട്  പെരുമാറുന്നത് എത്ര സ്പഷ്ടമായാണ് എഴുത്തുകാരൻ ‘സുവാദ് റണ്ടീസി’ എന്ന അധ്യായത്തിൽ അവതരിപ്പിക്കുന്നത്! ചിതറിപ്പോയ മനുഷ്യക്കൂട്ടത്തിന്റെ പ്രതിനിധികളായ പലസ്തീൻ വംശജർ 1948 മുതൽ പല കാലങ്ങളിലായി പലായനം ചെയ്യുകയാണ്. ആളും അർത്ഥവുമില്ല ശത്രുക്കൾക്ക് എതിര് കല്ലുകളറിഞ്ഞുകൊണ്ടുള്ള അവരുടെ പ്രതിരോധം എങ്ങനെ ഫലവത്താകും എന്നാണ് ആലോചിക്കേണ്ടത്.
എഴുത്തുകാരന്റെ സഹപ്രവർത്തകയായിരുന്ന സുവാദ് പലസ്തീൻകാരിയായിരുന്നു. സ്വരാജ്യത്ത്  നിന്ന് നിർബന്ധിതമായി പുറത്തുപോകേണ്ടിവന്നവർ ജോർദാനിലും  കുവൈറ്റിലും  അറബ് എമിറേറ്റ്സ്‍ലും അഭയം കണ്ടെത്തി. ഓസ്ലോ ഉടമ്പടിയും അമേരിക്കയുടെ ഇടപെടലുകളും   ശരിയായ പ്രശ്നപരിഹാരമായുമില്ല. വളരെക്കാലത്തിനു ശേഷം വെസ്റ്റ്ബാങ്ക് സന്ദർശിക്കാൻ പോയ സുവാദിന് കൃത്യസമയത്ത് മടങ്ങിയെത്താനായില്ല. അവസരം കാത്തിരുന്നത് പോലെ അധികൃതർ അവരെ ജോലിയിൽ നിന്ന് പിരിച്ചുവിടാൻ തീരുമാനിച്ചു. ‘പ്രാകൃതനിയമങ്ങൾ നിലനിൽക്കുന്ന ഒരു ഇരുണ്ടലോകമാണ്’ വെസ്റ്റ് ബാങ്ക് എന്ന സുവാദിന്റെ വാദം ചെവിക്കൊള്ളാൻ ആരുമുണ്ടായില്ല . തങ്ങളുടെ ഭൂമിക്ക് അറിയാം ആരാണ് യഥാർത്ഥ അവകാശി എന്ന പലസ്തീൻകാരുടെ വിശ്വാസം സ്ഥാപിക്കുന്നത് അങ്ങേയറ്റം ദുഷ്കരമാണെന്നാണ് സുവാദിന്റെ അനുഭവവും സൂചിപ്പിക്കുന്നത്.
സാർവലൗകികമായ മാനം
മരുഭൂമിയിലെ ‘പീഡനപർവ’ത്തിനൊടുവിൽ, കണ്ണെത്താദൂരത്തെ മണൽപ്പരപ്പിലൂടെ കാട്ടുമുയലുകളും വിഷപ്പാമ്പുകളും കുറുനരികളും വിഹരിക്കുന്ന ദൃശ്യ ങ്ങളും  മണൽപ്പരപ്പിലെ  അദൃശ്യവും  അഗാധവുമായ  ഗർത്തങ്ങളെ പറ്റി ബോധ്യപ്പെടലും പ്രവാസികളായ സർഗാത്മകഎഴുത്തുകാരുടെ പ്രമേയങ്ങളുടെ നീക്കിയിരു പ്പാവേണ്ടതാണ്. എങ്കിലും അവർ സ്വന്തം നാട്ടിൽ ‘തെങ്ങോലകൾ പീലി നിവർത്തി’ ആടുന്നത് എഴുതാ നാണ്  താല്പര്യപ്പെട്ടത്. “ഇതെന്റെ ആത്മകഥയാണ് സ്നേഹിതാ. മരണം ഒരു വിളിപ്പാടകലെയുണ്ടെന്നു ഞാനറിയുന്നു. ഇതുപോലൊന്ന് എഴുതാൻ എനിക്കി നിയും ആകുമോ? ഇതെന്റെ സുഹൃത്തുക്കളും ബന്ധു ക്കളും വായിക്കണം” എന്ന കെ പി എം അലിയുടെ അനുഭവമാകും മിക്കവരും അഭിമുഖീകരിച്ചിട്ടുണ്ടാകുക എന്നത് തീർച്ചയാണ്. ‘ഭയപ്പാടുകൾക്കിടയിൽ അസ്തിത്വം നഷ്ടമാവുന്ന പ്രവാസത്തെ’ കുറിച്ച് എഴുതുമ്പോഴും അതിനു  സാർവലൗകികമായ മാനം നൽകാൻ കൃഷ്ണ ദാസ് ബദ്ധശ്രദ്ധനാണ്.
പലായനവും  രാഷ്ട്രീയവും മതവും പട്ടിണിയും ദാരിദ്ര്യവും വഞ്ചനയും വർഗീയലഹളയും വിഷയങ്ങളാവുന്ന പുസ്തകത്തിൽ  അറബികളും ഇന്ത്യക്കാരും പാകിസ്ഥാൻകാരും യെമനികളും പലസ്തീൻകാരും ഈജിപ്റ്റുകാരും  കിഴക്കൻ ആഫ്രിക്കക്കാരും ഭാഗമാവുന്നു. ഒരു മലയാളി എഴുതിയ പ്രവാസരേഖയായി മാറാതെ മനുഷ്യമണ്ഡലത്തിന്റെ പൊതുരേഖയായി പരിണമിക്കാൻ ദുബായ്പ്പുഴയ്ക്ക് കഴിഞ്ഞിരിക്കുന്നു. ഇതൊരു എഴുത്തുകാരന്റെ ഓർമ്മപ്പുസ്തകം എന്നതിലുപരിയായി അനുഭവങ്ങളുടെ തീയുപ്പ് നിറഞ്ഞ, ഭാഷയിൽ ഭാവന ഒളിപ്പിച്ചുവെച്ച, കഥകളും കവിതാശകലങ്ങളും എഴുത്തുകാരും സൂചകങ്ങളാവുന്ന സാഹിത്യകൃതിയാണ്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

8,824FansLike
0FollowersFollow
0SubscribersSubscribe

Latest Articles