അന്ത്വാന്‍ ഡി സെയിൻ്റ് എക്‌സ്യൂപെറി
(29 ജൂണ്‍, 1900-31 ജൂലൈ, 1944)
എഴുത്തുകാരന് മാത്രമല്ല, വൈമാനികനുമായിരുന്നു, അന്ത്വാന്‍ ഡി സെയിൻ്റ് എക്‌സ്യൂപെറി. വൈമാനികജീവിതത്തില്‍ ഉള്‍ച്ചേര്‍ന്ന സാഹസികതയ്ക്കൊപ്പം അനുപമമായ ഒരു സാഹിത്യപ്രമേയവും എക്‌സ്യൂപെറി കണ്ടെത്തി. ജീവന്‍ പണയം വച്ചുകൊണ്ടുള്ള ഗഗനസഞ്ചാരത്തെ ഒരു കവിയുടെ കാല്പനിക മനസ്സോടെ ആസ്വദിക്കുകയായിരുന്നു അദ്ദേഹം. ഒരേ സമയം യോദ്ധാവും കവിയുമായിരിക്കുകയെന്ന അത്യപൂര്‍വ്വതയായിരുന്നു എക്‌സ്യൂപെറിയുടെ നാല്പത്തിനാലു വര്‍ഷം മാത്രം നീണ്ടു നിന്ന ജീവിതത്തിൻ്റെ സാക്ഷാത്കാരം. സതേണ്‍ മെയില്‍, നൈറ്റ് ഫ്‌ളൈറ്റ്, വിന്‍ഡ് സാന്‍ഡ് ആന്‍ഡ് സ്റ്റാഴ്‌സ്, ഫ്‌ളൈറ്റ് റ്റു അരാസ്, ലെറ്റര്‍ റ്റു എ ഹോസ്‌റ്റേജ് തുടങ്ങിയ കൃതികളിലൂടെ വിശ്വപ്രസിദ്ധനായ എക്‌സ്യൂപെറി തൻ്റെ ആകാശനൗകയെ മാനവികതയുടെ ആത്യന്തിക നന്മകളിലേയ്ക്കുള്ള പര്യവേഷണ വാഹനമാക്കി.
1943 ല്‍ അദ്ദേഹം രചിച്ച ദി ലിറ്റില്‍ പ്രിന്‍സ് (കൊച്ചു രാജകുമാരൻ) എന്ന കൃതി ഒരു മോഡേണ്‍ ക്ലാസിക് ആയി ലോകമെങ്ങുമുള്ള സാഹിത്യാസ്വാദകര്‍ ഇന്നും കൊണ്ടാടുന്നു. നിഷ്‌ക്കളങ്കനായ ഒരു ബാലനിലൂടെ മുതിര്‍ന്നവര്‍ക്കുള്ള വലിയൊരു സന്ദേശം പകര്‍ന്നു നല്‍കുന്നുണ്ട് ഈ പുസ്തകം. ഏറ്റവും ലളിതമായ കാര്യങ്ങള്‍ക്കാണ് ജീവിതത്തില്‍ വലിയ മൂല്യമുള്ളതെന്ന ഒരോര്‍മ്മപ്പെടുത്തലാണ് ആ സന്ദേശം. മറ്റുള്ളവരുമായി പങ്കുവയ്ക്കുമ്പോഴാണ് എത്ര വലിയ സമ്പത്തും മൂല്യവത്താകുന്നതെന്നും കൊച്ചു രാജകുമാരന്‍ മുതിര്‍ന്നവരോടു പറയുന്നു. ജീവിതത്തിൻ്റെ വൈവിധ്യമാര്‍ന്ന പ്രകൃതത്തെപ്പറ്റി ഒത്തിരി പാഠങ്ങള്‍ വായിച്ചെടുക്കുകയാണ് അന്ത്വാന്‍ ഡി സെയിൻ്റ് എക്‌സ്യൂപെറി. സ്‌നേഹത്തെപ്പറ്റിയും ഏകാന്തതയെപ്പറ്റിയും ജീവിതത്തെപ്പറ്റിയുമുള്ള അത്യപൂര്‍വ്വമായ ആഖ്യാനമായി മാറുന്നു കൊച്ചു രാജകുമാരൻ്റെ കഥ. ജീവിതത്തില്‍ പരമപ്രധാനമായിട്ടുള്ളത് സ്‌നേഹമാണെന്ന് കൊച്ചുരാജകുമാരനും വൈമാനികനുമായുള്ള സംവാദത്തിലൂടെ എക്‌സ്യൂപെറി സൂചിപ്പിക്കുന്നു. കുട്ടികളെയും വലിയവരെയും ഒരുപോലെ ആകര്‍ഷിക്കുന്ന കൃതി.
ലിങ്കിൽ ക്ലിക് ചെയ്യുക
കൊച്ചു രാജകുമാരന്‍ (അന്ത്വാന്‍ ഡി സെയിൻ്റ് എക്‌സ്യൂപെറി)