സ്ഥലകാലങ്ങളെക്കുറിച്ചുള്ള വായനക്കാരുടെ സങ്കല്പങ്ങളെ അട്ടിമറിക്കുന്ന ഭാഷയാണ് യവ്‌ഗെനി വൊദലാസ്‌കിൻ്റേത്. സമയമാപിനികള്‍ക്ക് അപ്രാപ്യമായ അനന്തതയുടെ ഒരു ലോകം അദ്ദേഹം സൃഷ്ടിക്കുന്നു. മിത്തും സ്വപ്‌നവും പ്രകൃതിയും ഇടകലരുന്ന ആദ്ധ്യാത്മികമാനങ്ങളുള്ള രചനാലോകമാണത്.
1964 ല്‍ റഷ്യയിലെ കീവില്‍ ജനിച്ച വൊദലാസ്‌കിന്‍ അറിയപ്പെടുന്ന സാഹിത്യവിമര്‍ശകന്‍ കൂടിയാണ്. 1986ല്‍ കീവ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ഭാഷാശാസ്ത്രത്തില്‍ ഉന്നതബിരുദം കരസ്ഥമാക്കിയ വൊദലാസ്‌കിന്‍ സെൻ്റ് പീറ്റേഴ്സ്ബര്‍ഗിലെ പുഷ്‌കിന്‍ ഹൗസില്‍ നിന്ന് സാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടി. ഇപ്പോള്‍ സെൻ്റ് പീറ്റേഴ്സ്ബര്‍ഗില്‍ ഇതേ സ്ഥാപനത്തില്‍ ജോലി നോക്കുന്നു.
സൊലോവ്യോവ് ആന്‍ഡ് ലോറിനോവ് എന്ന ആദ്യ നോവല്‍ തന്നെ വൊദലാസ്‌കിനെ ശ്രദ്ധേയനാക്കി. ലാറുസ് എന്ന നോവലില്‍ മദ്ധ്യകാല റഷ്യയില്‍ ജീവിച്ചിരുന്ന ഒരു വിശുദ്ധശുശ്രൂഷകൻ്റെ കഥയാണ് അദ്ദേഹം പറയുന്നത്. വൊദലാസ്‌കിനെ ആഗോള പ്രശസ്തനാക്കിയ ഈ നോവല്‍ ഒരാധുനിക റഷ്യന്‍ ക്ലാസിക്കായാണ് പരിഗണിക്കപ്പെടുന്നത്. റഷ്യയിലെ സമുന്നത ദേശീയ പുരസ്‌കാരമായ ബിഗ് ബുക്ക് പ്രൈസ്, യാസ്നാ പല്യാന അവാര്‍ഡ് തുടങ്ങിയ അംഗീകാരങ്ങള്‍ നേടിയ നോവലാണിത്.
മനുഷ്യശരീരം ശീതീകരിച്ച് ദ്രാവക നൈട്രജനില്‍ നിരവധി വര്‍ഷങ്ങള്‍ സൂക്ഷിക്കുകയും പിന്നീട് മഞ്ഞ് ഉരുക്കി ജീവിതത്തിലേക്ക് കൊണ്ടുവരികയും ചെയ്യുന്ന പരീക്ഷണത്തിന് വിധേയനാകുന്ന ഇന്നക്കെഞ്ചി. ശരീരത്തിന് നൂറില്‍ കൂടുതല്‍ വര്‍ഷങ്ങള്‍ പ്രായമുണ്ടെങ്കിലും പ്രണയിനിയായിരുന്ന അനസ്താസ്യയുടെ പേരക്കുട്ടിയെ വിവാഹം കഴിക്കാന്‍ കഴിയുന്ന യൗവ്വനവും പ്രസരിപ്പും മനസ്സും അയാള്‍ക്ക് സ്വായത്തമായിരുന്നു. അയാള്‍ കണ്ടെത്തുന്ന ഭൂതകാലം റഷ്യന്‍ വിപ്ലവത്തിൻ്റെ സന്തോഷകരമല്ലാത്ത അദ്ധ്യായങ്ങളാണ്. 1923 ല്‍ സളോവ്ത്‌സ്‌കി കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പില്‍ അകപ്പെട്ടുപോയ ഇന്നക്കെഞ്ചി പെത്രോവിച്ച് വര്‍ത്തമാനകാലത്തിലിരുന്ന് ചരിത്രത്തിൻ്റെ പൊരുള്‍ തേടുന്നു.
ആധുനിക റഷ്യയുടെ ക്യാപിറ്റലിസ്റ്റ് അന്തരീക്ഷത്തില്‍ ബോള്‍ഷെവിക് കാലഘട്ടത്തിൻ്റെ ഫോസില്‍ പോലെ ജീവിക്കുകയാണ് ദി ഏവിയേറ്റര്‍ എന്ന നോവലിലെ കേന്ദ്രകഥാപാത്രമായ ഇന്നക്കെഞ്ചി. റഷ്യയുടെ ചരിത്രത്തിലെ തീര്‍ത്തും പരസ്പരവിരുദ്ധ സ്വഭാവമുള്ള രണ്ടു കാലഘട്ടങ്ങള്‍ക്കിടയില്‍ അയാള്‍ ഒരു പ്രേതരൂപം പോലെ കാണപ്പെടുന്നു. ഇരുമ്പുമറയ്ക്കുള്ളില്‍ ദീര്‍ഘകാലം കഴിഞ്ഞുകൂടിയ ഒരു ജനതയുടെ സങ്കീര്‍ണ്ണമായ മാനസികാവസ്ഥയെ വൊദലാസ്‌കിന്‍ ഈ കഥാപാത്രത്തിലൂടെ അപഗ്രഥിക്കുന്നു.
ലാറുസ് എന്ന നോവല്‍ ഗ്രീന്‍ ബുക്‌സ് ലാറുസ് എന്ന വിശുദ്ധന്‍ എന്ന പേരിൽ പ്രസിദ്ധീകരിച്ചു. ദി ഏവിയേറ്ററിൻ്റെ പരിഭാഷ നീലാകാശത്തില്‍ നിന്ന് എന്ന പേരിലാണ് പുറത്തുവന്നത്. സി എസ് സുരേഷ് റഷ്യന്‍ ഭാഷയില്‍ നിന്ന് നേരിട്ടു വിവര്‍ത്തനം ചെയ്ത പുസ്തകങ്ങളാണിവ.
ലിങ്കില്‍ ക്ലിക് ചെയ്യുക
ലാറുസ് എന്ന വിശുദ്ധന്‍ (യവ്‌ഗെനി വൊദലാസ്‌കിന്‍)
https://greenbooksindia.com/evgenil-vodolazkin/laurus-enna-vishudhan-evgenil-vodolazkin
നീലാകാശത്തില്‍ നിന്ന് (യവ്‌ഗെനി വൊദലാസ്‌കിന്‍)
https://greenbooksindia.com/neelakaasathil-ninnu-evgenil-vodolazkin