Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the loginizer domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /home/u922960642/domains/greenbookslive.com/public_html/wp-includes/functions.php on line 6114

Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the wordpress-seo domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /home/u922960642/domains/greenbookslive.com/public_html/wp-includes/functions.php on line 6114
മഞ്ഞിൽ ഒരുവൾ - വായനാനുഭവം - നിർമ്മല - Green Books India
Wednesday, January 22, 2025

മഞ്ഞിൽ ഒരുവൾ – വായനാനുഭവം – നിർമ്മല

ജേ സി ജെ
1
സ്തനാർബ്ബുദത്തിന്റെ പാത താണ്ടുന്ന സ്ത്രീയുടെ വിചാരവികാരങ്ങൾ അവരുടെ അനുഭവതലത്തിൽ കടന്നു നിന്ന് മനസ്സിലാക്കുന്നതെങ്ങിനെ? ഒരു പക്ഷേ, ഒരു ഡോക്ടറേയും എഴുത്തുകാരിയെയും വേർതിരിക്കുന്ന പ്രധാന അതിർവരമ്പ് അവിടെ തുടങ്ങുന്നു എന്ന് പറയാം. ഡോക്ടർ രോഗിയിൽ നിന്ന് രോഗിയിലേക്ക് നീങ്ങുമ്പോൾ എഴുത്തുകാരി രോഗിയുടെ പ്രതലത്തിന് ഒരു സാർവ്വലൗകീക മാനം സൃഷ്ടിച്ചുണ്ടാക്കുന്നു.

‘കരചരണ ശ്രവണനാസികകൾ ഛേദിച്ചു ഭൂനരകമാം ചുടുകാട്ടിൻ’ നടുവിൽ തള്ളപ്പെട്ട ഒരു പതിതയുടെ ചിത്രം ഓർമ്മയിൽ വരുന്നുണ്ടോ? അത് അവൾ ചെയ്ത തെറ്റിന്റെ ശിക്ഷയായിരുന്നല്ലോ. തെറ്റ് ചെയ്യാതെ ശിക്ഷിക്കപ്പെടുന്നവരുടെ കഥയും പറയപ്പെടേണ്ടതു തന്നെ. തെറ്റെന്നും ശിക്ഷയെന്നും അശ്വിനിയുടെ ജീവിതാനുഭവങ്ങളെ വകതിരിച്ചു കാണിക്കുന്നത് തന്നെ ഒരു വലിയ തെറ്റാണ്. വല്ലാത്ത ഒരു ഏകാന്തതയുടെ ചുടലപ്പറമ്പിൽ അശ്വിനി അകപ്പെടുന്നതു കണ്ടിട്ട് അങ്ങിനെ പറഞ്ഞു പോയതാണ്. ‘ഇലയും കുലയുമരിഞ്ഞു ഇടവെട്ടി മുറിച്ചിട്ട മലവാഴത്തടിപോലെ’ ജീവിതം മാറിമറിഞ്ഞു പോകുമെന്ന് സൗഭാഗ്യകാലത്ത് ആർക്കും ചിന്തിക്കാൻ കഴിയില്ല. ഒന്നുകിൽ അവിടെക്കിടന്ന് ചീഞ്ഞളിഞ്ഞ് ഇല്ലാതായി തീരുക അല്ലെങ്കിൽ ഉയിർത്തെഴുന്നേൽക്കുക. പുതിയ അറിവോടെ പുതിയ ബോധ്യങ്ങളോടെ പുതിയ ഒരു ലോകത്തിലേക്ക്. അങ്ങിനെ ഉയിർത്തെഴുന്നേൽക്കുന്നു നിർമ്മലയുടെ കഥാപാത്രം.

പാമ്പിന്റെ പടം പോലെ ഭർത്താവ് ഉരിഞ്ഞു മാറിപ്പോകുന്നു. ആത്മാംശമായ മകൾ അകന്നുപോയാലും അമ്മയുടെ ഉള്ളിൽ അവൾ ഇല്ലാതാവുക അസാധ്യം തന്നെ. മകളിൽ അമ്മയുണ്ട്, മാറിടം നഷ്ടപ്പെട്ട സ്ത്രീയായി. മകളുടെ നിറഞ്ഞമാറിൽ നോക്കിയ മാതാവിനെ എന്തെന്തു ഭീതികളാണ് കടന്നു പിടിച്ചത്. ആ നോട്ടവും, പറയാതെ പറയുന്ന ആശങ്കകളും നോവലിലെ ഏറ്റവും മനോഹരമായ ധ്വനിപ്രകാരങ്ങളായി അനുഭവപ്പെട്ടു.

നനഞ്ഞ പഞ്ഞിക്കഷണത്തിൽ തീ പിടിക്കില്ല എന്നും ദു:ഖത്തിന്റെ ചൂടാൽ വരണ്ട് ഉണങ്ങിയ അന്തരംഗത്തിൽ ജ്ഞാനാഗ്നി പടർന്നു കത്തും എന്നും നമുക്കറിയാം. ചൂടാൽ വരണ്ട ബാലരംഭയായി മാറി അശ്വിനീഹൃദയം. കാതലുള്ള മരത്തിന്റെ കഥ പറയാനാണ് നിർമ്മല പരിശ്രമിച്ചത്. കാതലുള്ള ഒരു സ്ത്രീ ജന്മത്തിന്റെ എന്ന് അർത്ഥശങ്കയ്ക്കിടയില്ലാതെ തന്നെ പറയണം. കൂടുതൽ വിവരിച്ചാൽ നോവൽ വായിച്ചിട്ടില്ലാത്തവരുടെ വായനാസുഖത്തെ അതില്ലാതാക്കും. നോവൽ വായനയിലേക്ക് ഒരു കാലടിപ്പാത തെളിയിക്കുക എന്നതാണ് ഒരു നല്ല നോവൽ വായിച്ച ഈ വായനക്കാരന്റെ ലക്ഷ്യം.

2
സ്ത്രീസ്വാതന്ത്ര്യം ഈ നോവലിന്റെ അന്തർദ്ധാരയാകുന്നു. ഒരു ജന്മത്തിൽ രണ്ടു ജന്മം എന്ന് പറയുന്നത് പോലെയാണ് ഈ സ്വാതന്ത്ര്യം അശ്വിനിയെ തേടിയെത്തുന്നത്. മുട്ടയ്ക്കുള്ളിൽ ഒരു ജന്മം, അല്ലെങ്കിൽ കൊക്കൂണിനുള്ളിൽ ആദ്യജീവിതം എന്നൊക്കെ നാം പറയാറില്ലേ. പുറന്തൊടുകൾ പൊട്ടിച്ച് പുറത്തു വന്ന് ആദ്യത്തേതിൽ നിന്ന് വ്യത്യസ്തമായി മറ്റൊരു ജീവിതം. പ്രകൃതിയിൽ അത് വളരെ നൈസർഗ്ഗീകമായി നടക്കുന്നു. അത്രയ്ക്ക് എളുപ്പത്തിൽ മനുഷ്യജീവിതത്തിൽ സംഭവിക്കുന്നില്ല താനും. സമൂഹം അടിച്ചേൽപ്പിക്കുന്ന അസ്വാതന്ത്ര്യത്തിന്റെ അടരുകൾ വെറുതെയങ്ങ് അടർത്തി മാറ്റാൻ പറ്റുകയില്ല. രോഗം ഇവിടെ വെറും രാസത്വരകമായി പ്രവർത്തിക്കുന്നു. ജോലി, ആഡംബരം, ദാമ്പത്യം എന്ന കപടനാടകം, സുഹൃത്തുക്കൾ എന്ന മുഖംമൂടികൾ ഒക്കെ പൊളിഞ്ഞു വീഴുന്ന പുറംതോടുകളാണ്. ഒക്കെ ഒഴിഞ്ഞ് പോകുമ്പോൾ അതിനുള്ളിൽ കിടന്ന് വിങ്ങിയവർ അനുഭവിക്കുന്ന ഒരു ഭാരക്കുറവുണ്ട്. രോഗത്തിന്റെ പാതയിലൂടെ യാണെങ്കിലും അശ്വിനി തന്നിൽ തന്നെ ഉരുവായി വരുന്ന സ്വാതന്ത്ര്യത്തെ തിരിച്ചറിയുന്നു. മുലകൾ നഷ്ടപ്പെട്ടവൾക്ക് ചിറകുകൾ മുളയ്ക്കുന്നു. ജീവിതം ഒരു പരിധിക്കപ്പുറത്തേക്ക് ജീവിച്ചു തീർത്ത ഏത് വായനക്കാരനും(ക്കാരിയ്ക്കും) , കഥാപാത്രത്തോടൊപ്പം അത് അനുഭവവേദ്യമാകും. അത് സ്ത്രീ സ്വാതന്ത്ര്യം മാത്രമായി ചുരുക്കുന്നതെങ്ങിനെ എന്ന് ആരെങ്കിലും ചോദിച്ചാൽ അശ്വിനിയുടെയും അവരുടെ അമ്മയുടെയും ജീവിതത്തെ ഒന്ന് താരതമ്യം ചെയ്‌താൽ മതിയാവും എന്നാണ് ഉത്തരം.
3
ജോലിയുടെ ഭാഗമായി ശസ്ത്രക്രീയ നടക്കുന്ന മുറികളിൽ ധാരാളം സമയം ചെലവഴിച്ചിട്ടുണ്ട് ഈ കുറിപ്പെഴുതുന്നയാൾ. മുറിച്ചെടുത്ത സ്തനം കരത്തിലെടുത്ത് അത് പരിശോധനക്ക് വിധേയമാക്കുമ്പോൾ ഒരു വല്ലാത്ത ഫീലിംഗ് ഉണ്ടാവാറുണ്ട്. ഓപ്പറേഷൻ ടേബിളിൽ കിടക്കുന്ന വ്യക്തിയെക്കുറിച്ച്, അവരുടെ ഉറ്റവരെക്കുറിച്ച്, അവരിൽ ഈ മുറിപ്പാട് വരുത്തുന്ന മാറ്റങ്ങളെക്കുറിച്ച് ഒരു നിമിഷമെങ്കിലും ചിന്തിച്ചു പോകും.

എന്റെ ഒരു (സുന്ദരിയായ) സഹപ്രവർത്തക അടുത്തയിടയ്ക്ക് രണ്ടു സ്തനങ്ങളും നീക്കം ചെയ്ത് കൃത്രിമ സ്തനങ്ങൾ വെച്ചു പിടിപ്പിച്ചു വീണ്ടും ജോലിയിൽ പ്രവേശിച്ചു. ആളാകെ മാറിപ്പോയി കേട്ടോ. അകത്തും പുറത്തും. അവിടെയാണ് ഒരു സാധാരണ വ്യക്തിയും എഴുതുന്ന വ്യക്തിയും തമ്മിലുള്ള വേർതിരിവ് നാം കാണുന്നത്. കടന്നു നിൽക്കാനും അതിലൂടെ തന്റെതായ ഒരു ലോകം മെനെഞ്ഞെടുക്കാനും മറ്റുള്ളവരെ അതിലേക്ക് കൂട്ടിവരുത്താനും സൃഷ്ടി കർത്താവിന് മാത്രമേ കഴിയു. ഈ ദുരന്തലോകത്തിൽ അസൂയാവഹമാണ് ആ പ്രത്യേക പദവി.
**
To buy: https://greenbooksindia.com/novels/manjil-oruval-nirmala
Amazon Kindle Edition: Amazon – USA
https://www.amazon.co.in/Manjil-Oruval-Malayalam-Nirmala-ebook/dp/B09N9JRDBR
https://www.amazon.ca/Manjil-Oruval-Malayalam-Nirmala-ebook/dp/B09N9JRDBR

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

8,824FansLike
0FollowersFollow
0SubscribersSubscribe

Latest Articles