ഏതു രാജ്യത്തായാലും സ്ത്രീയെന്ന മനുഷ്യാകാരം മാറ്റിനിര്‍ത്തപ്പെടേണ്ടവളാണെന്ന പൊതുബോധത്തോടാണ് തസ്ലീമ എന്നെന്നും പൊരുതി നില്‍ക്കുന്നത്. സ്‌ത്രൈണജീവിതത്തിന്റെ അവകാശങ്ങള്‍ക്കും അവര്‍ക്കര്‍ഹതപ്പെട്ട നീതിക്കും വേണ്ടി എപ്പോഴും അവര്‍ കലഹിച്ചുകൊണ്ടേയിരിക്കുന്നു. തസ്ലീമ എന്ന സ്ത്രീ കടന്നുപോയ ജീവിതവഴികള്‍ പ്രക്ഷുബ്ധവും അപ്രതീക്ഷിതങ്ങളുമായിരുന്നു. അവരുടെ തെളിമയാര്‍ന്ന മനസ്സില്‍ പതിഞ്ഞ സ്വന്തം അനുഭവങ്ങളുടെ തനിമയോടെയുള്ള എഴുത്തുകളാണ് അവരുടെ രചനകള്‍. അത് യാഥാസ്ഥിതികരേയും മതമൗലികവാദികളേയും അസ്വസ്ഥരാക്കുന്നുണ്ടെങ്കിലും കേരളീയ സമൂഹവും വായനക്കാരും തസ്ലീമയുടെ രചനകളെ അതീവതാല്പര്യത്തോടെ മാത്രമേ സ്വീകരിച്ചിട്ടുള്ളൂ.
ബഹിഷ്‌കരിക്കപ്പെട്ടവരുടെയും അരികുവല്‍ക്കരിക്കപ്പെട്ടവരുടെയും നിസ്വരുടെയും സ്‌ത്രൈണപക്ഷത്തിന്റെയും തൂലികയാണ് എക്കാലവും തസ്ലീമ നസ്‌റിന്‍. സമത്വത്തിന്റെ ഒരു ലോകത്തെയാണ് അവര്‍ സ്വപ്‌നം കാണുന്നത്. ജീവിതത്തിന്റെ സമസ്ത മേഖലകളിലുമുള്ള അസമത്വത്തിന്റെ നേര്‍ക്ക് വിരല്‍ ചൂണ്ടിക്കൊണ്ട് നിലനില്ക്കുന്ന ഈ എഴുത്തുകാരി എന്നും സ്ത്രീകളുടെ ദൈന്യതകള്‍ക്കും സങ്കടങ്ങള്‍ക്കും ഒപ്പം ചേര്‍ന്നുനില്‍ക്കുന്നു. ഏത് അനീതിയുടെ നേര്‍ക്കും കണ്ണയയ്ക്കുന്നു. സാമ്പത്തികഭദ്രതയുടെയും ലൈംഗിക സ്വാതന്ത്ര്യത്തിന്റെയും പുതിയ ആകാശങ്ങളെ സ്വന്തമാക്കുന്ന സ്ത്രീകഥാപാത്രങ്ങള്‍, സ്വവര്‍ഗ്ഗരതിയുടെ സ്വാതന്ത്ര്യലഹരി നുണയുന്ന കഥാപാത്രങ്ങളെ ആവിഷ്‌കരിക്കുമ്പോള്‍ വരുംകാലത്തിന്റെ നവദിശാബോധത്തെയാണ് എഴുത്തുകാരി അടയാളപ്പെടുത്തുന്നത്.