വര്‍ത്തമാനകാല സമൂഹത്തിന്റെ കറുത്ത ലോകങ്ങള്‍
വര്‍ത്തമാനകാല സമൂഹത്തിന്റെ ദാരുണമായ വശങ്ങളിലേക്കു കണ്‍തുറക്കുന്നവയാണ് ഈ സമാഹാരത്തിലെ മറ്റു കഥകളും. ലഹരിറാക്കറ്റില്‍പ്പെട്ട് കൊല്ലപ്പെടുന്ന മകളുടെയും അതിന്റെ ആഘാതത്തില്‍ മരിക്കുന്ന അമ്മയുടെയും ജീവിതം അവതരിപ്പിക്കുന്ന ‘എപ്പിലെപ്‌സി’യിലും മകളും കുഞ്ഞും പ്രസവത്തില്‍ മരിക്കുന്നത് നിസ്സഹായമായി കണ്ടിരിക്കേണ്ടിവരുന്ന പിതാവിന്റെ ചിത്രം അവതരിപ്പിക്കുന്ന ‘ജനിക്കാത്തവരുടെ ശ്മശാന’ത്തിലും അനാഥത്വഭയത്താല്‍ റെയില്‍പ്പാളത്തില്‍ തലവച്ചു മരിച്ച സഹായിപ്പയ്യന്റെ ഓര്‍മയില്‍ വിഭ്രാന്തിയനുഭവിച്ചുകൊണ്ട് തീവണ്ടിയോടിക്കുന്ന ലോക്കോ പൈലറ്റിനെ ചിത്രീകരിക്കുന്ന ‘ഹോംകോഷ’നിലുമെല്ലാം വ്യഥിതമായ മനുഷ്യാവസ്ഥയുടെ പല മുഖങ്ങള്‍ നമുക്കുകാണാം. (അവതാരികയില്‍നിന്ന് – പി.കെ. രാജശേഖരന്‍)
‘ജനിക്കാത്തവരുടെ ശ്മശാനം’ എന്ന സമാഹാരം പലതരത്തിലും വ്യത്യസ്തത പുലര്‍ത്തുന്ന കഥകള്‍ ഉള്‍ക്കൊള്ളുന്നു. കാവ്യാത്മകമായ ഉള്‍ക്കാഴ്ചകള്‍ പ്രകടിപ്പിക്കുന്നവയാണിതിലെ പല കഥകളും. ആസ്വദിച്ചു കഴിഞ്ഞാലുടന്‍ വിസ്മരിക്കാന്‍ പറ്റുന്ന കഥകളല്ല അവ. നമ്മള്‍ നിരീക്ഷിക്കാന്‍ വിട്ടുപോകുന്ന ലോകത്തെയാണ് ചിലപ്പോഴെങ്കിലും അദ്ദേഹം അവതരിപ്പിക്കുന്നത്. മനുഷ്യന്റെ കാപട്യത്തിന്റെ ആഴങ്ങളും വഴികളും അവതരിപ്പിക്കുന്നതിനൊപ്പം, മാനുഷികതയുടെയും നിസ്വാര്‍ത്ഥതയുടെയും സ്‌നേഹാധിക്യത്തിന്റെയും തെളിച്ചമുള്ള വെളിച്ചവും അവതരിപ്പിക്കുന്നതിലൂടെ ദുരന്തത്തിനപ്പുറമുള്ള പ്രത്യാശയുടെ വീഥികളിലേക്ക് കഥാകൃത്ത് നമ്മെ കൊണ്ടുപോകുന്നു. സവിശേഷമായ ഒരു പ്രാദേശികഭാഷാസ്പര്‍ശംകൊണ്ട് ചൈതന്യവത്താണ് പല കഥകളും. കഥാപാത്രങ്ങളുടെ ഹൃദയഭാവങ്ങളും സാംസ്‌കാരികപശ്ചാത്തലവും അനുസരിച്ച് ആ ഭാഷമാറുന്നു. (ശ്മശാനങ്ങളിലെ ഉയിര്‍പ്പുകള്‍- ഡോ. ബിന്ദു ഡി.)
ജനിക്കാത്തവരുടെ ശ്മശാനം – എസ്. ദേവമനോഹര്‍
Book Available Here – janikkathavarude smasanam