അതിശക്തവും കാവ്യാത്മകവുമായ ഭാഷയില്‍ വളരെ സംഘര്‍ഷാത്മകമായ വിഷയങ്ങള്‍ നിറഞ്ഞ കഥാലോകം സൃഷ്ടിച്ച വി ടി നന്ദകുമാറിന്റെ ഇരുപത്തിയൊന്നാം ചരമവാര്‍ഷിക ദിനമാണിന്ന്. നോവലിസ്റ്റും, ചെറുകഥാകൃത്തും, നാടകകൃത്തും, ഗാനരചയിതാവുമായിരുന്ന വി ടി നന്ദകുമാര്‍ 1925 ജനുവരി 27 ന് കൊടുങ്ങല്ലൂരില്‍ ജനിച്ചു.
കുറച്ചുകാലം മെഡിക്കല്‍ റെപ്രസന്റേറ്റീവായി ജോലി ചെയ്തതിനു ശേഷം അദ്ദേഹം യാത്ര എന്ന വാരികയുടെ പത്രാധിപരായി പ്രവര്‍ത്തിച്ചു. ദൈവത്തിന്റെ മരണം, ഭാന്താശുപത്രി, രക്തമില്ലാത്ത മനുഷ്യന്‍, വണ്ടിപ്പറമ്പന്മാര്‍, ദേവഗീതം, തവ വിരഹേ വനമാലീ, ഞാന്‍ ഞാന്‍ മാത്രം, വീരഭദ്രന്‍, രണ്ടു പെണ്‍കുട്ടികള്‍, സമാധി, ഇരട്ടമുഖങ്ങള്‍, നാളത്തെ മഴവില്ല്, ഞാഞ്ഞൂല്‍, സൈക്കിള്‍,
ആ ദേവത, പാട്ടയും മാലയും, രൂപങ്ങള്‍ എന്നീ നോവലുകളും പ്രേമത്തിന്റെ തീര്‍ഥാടനം, സ്റ്റെപ്പിനി, കൂകാത്ത കുയില്‍, കല്‍പ്പടകള്‍, ആശ എന്ന തേരോട്ടം, നീലാകാശവും കുറേ താരകളും, ഒരു നക്ഷത്രം കിഴക്കുദിച്ചു എന്നീ ചെറുകഥാസമാഹാരങ്ങളും, ഏഴുനിലമാളിക, കിങ്ങിണി കെട്ടിയ കാലുകള്‍, മഴക്കാലത്തു മഴ പെയ്യും, സ്ത്രീ-അവളുടെ ഭംഗി എന്നീ നാടകങ്ങളും രചിച്ചു. ജയദേവന്റെ ഗീത ഗോവിന്ദത്തെ അടിസ്ഥാനമാക്കിയുള്ള നോവലാണ് തവ വിരഹേ വനമാലി. വണ്ടിപ്പറമ്പന്‍മാര്‍ ചരിത്രനോവലാണ്.
രണ്ടു പെണ്‍കുട്ടികള്‍, രക്തമില്ലാത്ത മനുഷ്യന്‍, ധര്‍മ്മയുദ്ധം എന്നീ നോവലുകള്‍ക്ക് ചലച്ചിത്രാവിഷ്‌കാരങ്ങളുണ്ടായി. സ്വവര്‍ഗ്ഗാനുരാഗം പ്രമേയമാക്കിയ ആദ്യത്തെ മലയാള നോവലെന്ന സവിശേഷതയുണ്ട് രണ്ടു പെണ്‍കുട്ടികള്‍ക്ക്. ധര്‍മ്മയുദ്ധം, അശ്വരഥം എന്നീ സിനിമകള്‍ക്ക് സംഭാഷണമെഴുതിയതും വി ടി നന്ദകുമാര്‍ ആയിരുന്നു.
2000 ഏപ്രില്‍ 30 ന് വി ടി നന്ദകുമാര്‍ അന്തരിച്ചു.