ഇ എം എസ് നമ്പൂതിരിപ്പാട്
(1909 ജൂണ്‍ 13 – 1998 മാര്‍ച്ച് 19)
കേരളം എക്കാലത്തും ശ്രദ്ധയോടെ കേട്ടിരുന്ന ശബ്ദമായിരുന്നു ഇ എം എസിൻ്റേത്. രാജ്യത്തെ ഏറ്റവും ജനപിന്തുണയുള്ള കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ സമുന്നത നേതാവെന്ന നിലയില്‍ ഇ എം എസിൻ്റെ അളന്നു മുറിച്ച അഭിപ്രായപ്രകടനങ്ങള്‍ ഇന്‍ഡ്യയുടെ രാഷ്ടീയ-സാംസ്‌കാരിക വേദികളിലും മാദ്ധ്യമലോകത്തും ഗൗരവപൂര്‍വ്വം ചര്‍ച്ച ചെയ്യപ്പെട്ടു.
സമൃദ്ധമായി എഴുതിയിരുന്ന രാഷ്ട്രീയക്കാരനായിരുന്നു അദ്ദേഹം. കൗമാരകാലത്തു തന്നെ ആരംഭിച്ച രചനാസപര്യ മരിക്കുന്ന ദിവസം രാവിലെയും ഇ എം എസ് മുടക്കിയില്ല. എഴുത്തും വായനയും ഒഴിച്ചുകൂടാനാകാത്ത ചര്യയായിരുന്നു, ഇ എം എസി ന്. പാര്‍ട്ടിയുടെ ഔദ്യോഗിക പ്രസിദ്ധീകരണങ്ങളിലും മറ്റ് ആനുകാലികങ്ങളിലും ഇ എം എസ് നിരന്തരം എഴുതിക്കൊണ്ടിരുന്നു. മലയാളത്തിലും ഇംഗ്ലീഷിലുമുള്ള അദ്ദേഹത്തിൻ്റെ ലേഖനങ്ങളും പംക്തികളും എക്കാലത്തും വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടു.
ഒരു നിമിഷം പോലും പാഴാക്കാതെ അക്ഷീണം പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഇ എം എസ് തൻ്റെ ജീവിതകാലം മുഴുവന്‍ കേരളത്തിൻ്റെ രാഷ്ട്രീയ-സാംസ്‌കാരിക ചരിത്രത്തോടൊപ്പം സാര്‍ത്ഥകമായി സഞ്ചരിച്ചു. ലോകത്തിലാദ്യമായി ബാലറ്റു പേപ്പറിലൂടെ അധികാരത്തില്‍ വന്ന കമ്യൂണിസ്റ്റു മന്ത്രിസഭയുടെ നായകനായിരുന്നു ഇ എം എസ്. (ബാലറ്റു പേപ്പറിലൂടെ അധികാരത്തില്‍ വന്ന ആദ്യത്തെ ഭരണകൂടം തൻ്റേതാണെന്നു പറയുന്നതില്‍ വസ്തുതാപരമായി തെറ്റുണ്ടെന്ന് എപ്പോഴും ചൂണ്ടിക്കാണിച്ചിരുന്നത് ഇ എം എസ് തന്നെയാണ്. ഇറ്റലിക്കടുത്തുള്ള സാന്‍ മാരിനോ എന്ന കൊച്ചുരാജ്യത്ത് 1942 നും 1947 നുമിടയില്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു കമ്യൂണിസ്റ്റ് ഭരണകൂടം ഉണ്ടായിരുന്നു എന്ന് അദ്ദേഹം ഓര്‍മ്മിപ്പിക്കാറുണ്ടായിരുന്നു. ഭൂപരിഷ്‌കരണവും പുതിയ വിദ്യാഭ്യാസ നയങ്ങളുമടക്കം ആദ്യ ഇ എം എസ് സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികളോടുള്ള യാഥാസ്ഥിതിക സമൂഹത്തിൻ്റെ എതിര്‍പ്പ് കോണ്‍ഗ്രസിൻ്റെയും സാമുദായിക സംഘടനകളുടെയും നേതൃത്വത്തില്‍ വിമോചനസമരമായി ഉരുള്‍പൊട്ടി.
ഇ എം എസ്സിനെ ഈയം പൂശി
ഈയലുപോലെ ഇല്ലത്തേയ്ക്കു പറപ്പിക്കും
എന്നും
കുമ്പിളില്‍ കഞ്ഞികുടിപ്പിക്കും
തമ്പ്രാനെന്നു വിളിപ്പിക്കും
എന്നുമൊക്കെയുള്ള മുദ്രാവാക്യങ്ങള്‍ ഇവിടെ മുഴങ്ങിക്കേട്ടു. അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ആദ്യത്തെ കമ്യൂണിസ്റ്റു സര്‍ക്കാരിനെ പിരിച്ചു വിടാന്‍ നിര്‍ബന്ധിതനായി.
രാഷ്ട്രീയവിഷയങ്ങളില്‍ മാത്രം ഒതുങ്ങിനിന്നിരുന്നില്ല ഇ എം എസിൻ്റെ സര്‍ഗ്ഗാത്മകാന്വേഷണങ്ങള്‍. കലയും സാഹിത്യവും സിനിമയും വിദ്യാഭ്യാസപരിഷ്‌കരണവുമടക്കമുള്ള മേഖലകളില്‍ സജീവമായി ഇടപെട്ടുകൊണ്ട് തൻ്റെ മൗലികമായ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും അദ്ദേഹം കാലാകാലങ്ങളില്‍ പൊതുസമൂഹത്തിനു മുന്നില്‍ അവതരിപ്പിച്ചു. എല്ലാ കാഴ്ചപ്പാടുകളിലും മാര്‍ക്‌സിയന്‍ ദര്‍ശനത്തിൻ്റെ വിട്ടുവീഴ്ചയില്ലായ്യ്മ ഉണ്ടായിരുന്നുവെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാണിച്ചിട്ടുമുണ്ട്. എങ്കിലും പ്രസിദ്ധമായ വിക്കോടുകൂടിയ ഇ എം എസിൻ്റെ പ്രസംഗങ്ങള്‍ നിങ്ങിനിറഞ്ഞ സദസ്സുകളില്‍ മലയാളികള്‍ ക്ഷമാപൂര്‍വ്വം കേട്ടു. ഓരോ കാലഘട്ടത്തിനും യോജിച്ച രാഷ്ട്രീയ സമസ്യകള്‍ കുറിക്കു കൊള്ളും വിധം രാജ്യത്തിൻ്റെ പൊതുമണ്ഡലത്തില്‍ അവതരിപ്പിക്കുന്നതില്‍ ഇ എം എസ് സമര്‍ത്ഥനായിരുന്നു. അത്തരം വലിയ ചര്‍ച്ചകള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കും പലപ്പോഴും വിവാദങ്ങള്‍ക്കും വഴി തെളിച്ചു. കേരള രാഷ്ട്രീയത്തിൻ്റെ ഗതിവിഗതികള്‍ നിര്‍ണ്ണയിച്ച പല തീരുമാനങ്ങുടെയും ബുദ്ധികേന്ദ്രം ഇ എം എസ് ആയിരുന്നു.
ഇ എം എസിനെ വിമര്‍ശിക്കാറുണ്ടായിരുന്ന ചില മുഖ്യധാരാ മാദ്ധ്യമങ്ങള്‍ അദ്ദേഹത്തെ പ്രശംസകള്‍ കൊണ്ടു മൂടാനും മടികാണിച്ചിട്ടില്ല. പക്ഷേ, രാഷ്ട്രീയ പ്രതിയോഗികളുടെ പ്രശംസാവചനങ്ങള്‍ക്കു പിന്നിലെ ചതിക്കുഴികള്‍ തിരിച്ചറിയാനുള്ള വിവേചനബുദ്ധി ഇ എം എസ് എക്കാലത്തും പ്രകടിപ്പിച്ചു. ഒരു പ്രലോഭനങ്ങള്‍ക്കും അദ്ദേഹം വഴങ്ങിയില്ല. വ്യക്തിജീവിതത്തിലെ ലാളിത്യം കൊണ്ട് വലിയൊരു രാഷ്ടീയ മാതൃകയാകാനും ഇ എം എസിനു കഴിഞ്ഞു.
ഇന്‍ഡ്യയിലെ ഇടതുപക്ഷാനുഭാവികളുടെ മാത്രമല്ല, പ്രത്യയശാസ്ത്രപരമായി എതിര്‍ചേരിയിലുള്ളവരുടേയും സ്‌നേഹാദരങ്ങളേറ്റു വാങ്ങിയ ഇ എം എസ് 1998 മാര്‍ച്ച് 19 ന് ജീവിതത്തില്‍ നിന്നു വിടവാങ്ങിയതോടെ രാജ്യത്തിൻ്റെ ചരിത്രത്തിലെ സംഭവബഹുലമായ ഒരു രാഷ്ട്രീയയുഗത്തിനും തിരശ്ശീല വീണു.
വര്‍ഷങ്ങള്‍ക്കു മുന്‍പ് തൃശ്ശൂര്‍ സെൻ്റ് തോമസ് കോളേജില്‍ ഇൻ്റർമീഡിയറ്റിനു പഠിക്കുമ്പോള്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തില്‍ പങ്കെടുക്കാന്‍ വേണ്ടി അദ്ധ്യയനം ഉപേക്ഷിച്ച ഇ എം എസിനെപ്പറ്റി അന്നത്തെ ഒരു ചരിത്രാദ്ധ്യാപകന്‍ പറഞ്ഞു – “എൻ്റെ ഏറ്റവും മിടുക്കനായ ചരിത്രവിദ്യാര്‍ത്ഥി പഠനമുപേക്ഷിക്കുന്നതില്‍ എനിക്കു ദുഃഖമില്ല. ചരിത്രം പഠിക്കാനല്ല, രചിക്കാനാണ് അവൻ്റെ നിയോഗം.”
കാലവും ചരിത്രവും ആ ഗുരുവിൻ്റെ വാക്കുകള്‍ ശരിവെച്ചു.
ഇന്‍ഡ്യന്‍ രാഷ്ട്രീയചരിത്രത്തിലെ ഒരദ്ധ്യായത്തിൻ്റെ പേരാണ് ഇ എം എസ്.