ഇടശ്ശേരി ഗോവിന്ദന്‍ നായര്‍
(23 ഡിസംബര്‍ 1906-16 ഒക്‌റ്റോബര്‍ 1974)
എനിക്കു രസമീ നിമ്‌നോന്നതമാം
വഴിക്കു തേരുരുള്‍ പായിക്കല്‍
ഇതേതിരുള്‍ക്കുഴി മേലുരുളട്ടെ,
വിടില്ല ഞാനീ രശ്മികളെ
-ഇടശ്ശേരി (അമ്പാടിയിലേയ്ക്ക് വീണ്ടും)
ശുഭാപ്തിവിശ്വാസം ഇടശ്ശേരിക്കവിതയുടെ ഓരോ വാതില്‍പ്പടികളിലും ജനവാതിലുകളിലും മണ്‍ചിരാതുകളായി തിളങ്ങുന്നു. കേരളത്തിൻ്റെ ഗ്രാമീണ കാര്‍ഷിക സംസ്‌കൃതിക്കൊപ്പം ഉദാത്തമായ ദര്‍ശനങ്ങളും രാഷ്ട്രീയ ബോധവും അദ്ദേഹം കവിതകളില്‍ എക്കാലത്തും പ്രദര്‍ശിപ്പിച്ചു പോന്നു.
1962 ല്‍ ആകാശവാണി കോഴിക്കോട് നിലയം പ്രക്ഷേപണം ചെയ്ത ഇടശ്ശേരിയുടെ ഒരു പ്രഭാഷണം എൻ്റെ പണിപ്പുര എന്ന പേരില്‍ പിന്നീട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആരാധകരോ സ്‌നേഹിതരോ ഇല്ലാത്ത എൻ്റെ ഇപ്പോഴത്തെ പണിപ്പുരയ്ക്ക് ഒരു നാട്ടുമ്പുറത്തെ കരുവാൻ്റെ ആലയോടാണ് സാദൃശ്യം’ എന്ന് കവി അന്നു പറഞ്ഞു. ആലയില്‍ പണിതീര്‍ക്കുന്ന ‘മടവാളുകള്‍’ കവിയുടെ ‘കരുവാത്തി’ പരിശോധിച്ച് അഭിപ്രായം പറയും: ‘എന്താ ഇത്ര സംശയിക്കാനുള്ളത്? ഇങ്ങനെത്തന്നെയല്ലേ, ഒരു മടവാള്?’
കാരിരുമ്പിനെ മെരുക്കുന്ന തീയുടെ ചൂടുണ്ടായിരുന്നു ഇടശ്ശേരിയുടെ എഴുത്തുമുറിക്കുള്ളിലെന്ന് അദ്ദേഹത്തിൻ്റെ കവിതകള്‍ വായിച്ചാലറിയാം.
‘ഇടയ്ക്കു കണ്ണീരുപ്പു പുരട്ടാതെന്തിനു ജീവിത പലഹാരം’
എന്നും
‘എനിക്കു രസമീ നിമ്‌നോന്നതമാം വഴിക്കു തേരുരുള്‍ പായിക്കല്‍’ എന്നും എഴുതിയത് ഈ ആലയുടെ ഉഷ്ണത്തിലിരുന്നാണ്.
‘പേടിയെ വിട്ടിനി മറ്റൊന്നിനെയും പേടിക്കാനില്ലുലകത്തില്‍’ എന്നെഴുതിയ കവിയുടെ നാല്പത്തിയേഴാം ചരമവാര്‍ഷികമാണ് ഇന്ന്.
പ്രണാമം.
ലിങ്കിൽ ക്ലിക് ചെയ്യുക
മലയാളത്തിൻ്റെ പ്രിയകവിതകൾ (ഇടശ്ശേരി)
https://greenbooksindia.com/edassary/malayalathinte-priya-kavithakal-edassery-edassary