Thursday, October 10, 2024

സിഗ്മണ്ട് ഫ്രോയ്ഡിൻ്റെ ജീവിതം

സിഗ്മണ്ട് ഫ്രോയ്ഡിൻ്റെ ജീവിതത്തെ അവലംബിച്ച്   ഡോ. ഷാഫി മുത്തലിഫ് എഴുതി ഗ്രീൻ ബുക്സ് പ്രസിദ്ധീകരിച്ച  സ്വപ്ന സഞ്ചാരിയെന്ന കൃതി സ്വപ്നങ്ങളുടെയും  മനസിൻ്റെയും ആഴങ്ങൾ പരിചയപ്പെടുത്തിക്കൊണ്ടുള്ള നോവൽ രൂപമാണ്, ആത്മകഥയെന്ന് തോന്നിപ്പിക്കുമെങ്കിലും.
‘നിങ്ങളുടെ ആത്മാവ് നിങ്ങൾക്കു വേണ്ടി എഴുതുന്ന പുസ്തകത്തിലെ മിഴിവാർന്ന ചിത്രങ്ങളാണ് സ്വപ്നങ്ങൾ’ – എന്ന ഉദ്ധരണിയോടെ തുടങ്ങുന്ന ഒന്നാമദ്ധ്യായം വർണാഭമായ ഒരു സ്വപ്നത്തെ വിവരിക്കുന്നു.  ‘അവസാന രാത്രിയിൽ’ എന്ന ആഖ്യാതാവിൻ്റെ  മരണം വർണ്ണിക്കുന്ന  അദ്ധ്യായമാണ് അവസാനത്തേത്.
 id, ego, super ego,  ത്രയങ്ങളോ, അബോധ, ഉപബോധ, ബോധ ത്രയങ്ങളോ എന്നു തോന്നിക്കും വിധം കറുത്തപക്ഷികൾ  മൂന്നെണ്ണമുണ്ട് പുറംചട്ടയിൽ. കടൽനീലിമയുടെ പശ്ചാത്തലത്തിനു മുന്നിൽ ആഴമുള്ള മിഴികളുമായി നിൽക്കുന്ന സിഗ്മണ്ട് ഫ്രോയ്ഡിൻ്റെ ചിത്രവും  മുഖപടത്തിലുണ്ട്.
ചട്ടക്കൂടിൻ്റെ ചങ്ങലക്കെട്ടുകൾ തകർക്കുന്ന പുതു നോവലുകളുടെ കാലത്ത് യഥാതഥമായ നോവലിൻ്റെ ചട്ടക്കൂടിലല്ലല്ലോ ഈ കൃതി എന്ന് ചിന്തിക്കേണ്ട കാര്യമില്ല.
എഴുത്തുകാരൻ ഭാവനയിൽ നിന്ന് കഥാപാത്രങ്ങളോ സന്ദർഭങ്ങളോ ഇവിടെ സൃഷ്ടിച്ചിട്ടില്ല. ഫ്രോയ്ഡിൻ്റെ സമകാലികരാണ് ഇതിലെ കഥാപാത്രങ്ങൾ. ഉത്തമ പുരുഷ ആഖ്യാനമായതിനാൽ ചില അദ്ധ്യായങ്ങൾ  ഡയറിക്കുറിപ്പ് പോലെയോ കേസ് ഡയറി പോലെയോ തോന്നിച്ചേക്കാം. ഒതുക്കമുള്ള ഈ കൃതി പലപ്പോഴും ഇതൊക്കെ ചേർന്നതാണ് എന്നു പറയാം.  ഫ്രോയ്ഡ് തൻ്റെയും ചുറ്റുപാടുള്ളവരുടേയും  ജീവിതത്തെ മനശാസ്ത്രപരമായി വിലയിരുത്തുന്ന രീതിയിൽ എഴുതപ്പെട്ടിരിക്കുന്ന ഈ കൃതി മനശാസ്ത്ര വിദ്യാർത്ഥികളെയും ആസ്വാദകരെയും ഒരു പോലെ തൃപ്തിപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതാണെന്ന് കരുതേണ്ടതുണ്ട്.
ജൂതവംശത്തിൻ്റ ഉത്ഭവത്തിൻ്റെയും മോശ (moses)യുടെയും കഥ, ഈഡിപ്പസിൻ്റെയും ഹാംലറ്റിൻ്റേയും കഥകൾ എന്നിവ അവയുടെ മനശാസ്ത്ര വശങ്ങൾ സഹിതം പ്രതിപാദിക്കുന്നു.
  ഈ ചെറുപുസ്തകത്തിൽ ആറ്  ഡസൻ അദ്ധ്യായങ്ങൾ ഉണ്ടെന്നത് കുറച്ചൊക്കെ അത്ഭുതപ്പെടുത്തുന്നു.  പക്ഷെ  ഒന്നര പേജിലോ രണ്ടു പേജിലോ  നിൽക്കുന്ന ചെറു  അദ്ധ്യായങ്ങൾ പലതും പ്രഭാതത്തിൽ നമ്മെ ഉറക്കം വിട്ടുണർത്തുന്ന സ്വപ്നത്തുമ്പികളെ പോലെ  മനോഹരമാണ്. ചില അദ്ധ്യായങ്ങളുടെ പേരുകൾ അത്യാകർഷകമാണ്.
മനശാസ്ത്രം വിഷയമാകുമ്പോൾ ഗഹനത തോന്നിക്കോട്ടെ എന്നു കരുതി വരികളിൽ  സ്ഥൂലതയോ ദുരൂഹതയോ  കൊണ്ടുവരാൻ ശ്രമിച്ചിട്ടില്ല. പക്ഷെ വരികൾക്കും  വരികൾക്കിടയിലും ആഴമൊളിപ്പിച്ചിട്ടുണ്ട് പലപ്പോഴും.
ഫ്രോയ്ഡിൻ്റെ കുട്ടിക്കാലത്തു നിന്നും തുടങ്ങി മരണം വരെയുള്ള കാലത്തെ ഋജുവായി ഫ്രോയ്ഡിൻ്റെ ആഖ്യാനത്തിലൂടെ അവതരിപ്പിക്കുകയാണ് നോവലിസ്റ്റ് ചെയ്തിട്ടുള്ളത്.
ഫ്രോയ്ഡ് മാതാവായ  അമേലിയയെ സ്മരിക്കുന്ന രണ്ടാമദ്ധ്യായത്തിൻ്റെ  പേര് ‘സ്വർണ്ണക്കുട്ടനും കിനാവള്ളികളും’   എന്നാണ്.  അമ്മയേക്കാൾ വളരെ പ്രായവ്യത്യാസമുള്ള തൻ്റെ പിതാവിനെ ഫ്രോയ്ഡ് പരിചയപ്പെടുത്തുന്ന  ഒരു ‘വയസ്സൻ സിംഹം’ എന്ന മൂന്നാമദ്ധ്യായത്തിൽ  അടിച്ചേൽപ്പിക്കപ്പെടുന്ന സന്മാർഗചിന്തകളെപറ്റി പരാമർശിക്കുന്നു. കുട്ടിക്കാലത്ത് സഹനത്തിൻ്റെ സ്വർണ്ണക്കുരിശുകൾ ചാർത്തപ്പെട്ട്  ഒതുങ്ങേണ്ടി വന്ന  തൻ്റെ അഞ്ചു സഹോദരിമാരെപ്പറ്റി  പറയുന്ന ‘ഹിസ്റ്റീരിയ’ എന്ന അടുത്ത അദ്ധ്യായത്തിൽ  അദ്ധ്യായത്തിൽ  വിഗ്രഹപ്പുറന്തോടുകൾ ഭഞ്ജിച്ച് പുറത്തേക്കൊഴുകിയ    തൃഷ്ണകളുടെ ലാവാ പ്രവാഹത്തെയാണ് താൻ പിൽക്കാലത്ത് രോഗികളായി നേരിടേണ്ടി വന്നതെന്നും  ഈ മനോ വിദഗ്ദൻ പറയുന്നുണ്ട്.
ഈ നാലു അദ്ധ്യായങ്ങളിൽ തന്നെ ഫ്രോയ്ഡിൻ്റെ  മനശാസ്ത്ര തത്വങ്ങളുടെ അടിസ്ഥാന ശിലകൾ വെളിവാകുന്നു.
 പുകയുന്ന തലച്ചോറുമായി വിയന്ന യൂണിവേഴ്സിറ്റിയിൽ  മെഡിസിനു ചേർന്ന ഫ്രോയ്ഡ്  പിന്നീട് പുകച്ചുരുളുകളുടെ പീഡയേറ്റു വാങ്ങുന്നതും കൊക്കോ ഇലകളിൽ  ലഹരിയുടെ ഊർജ്ജസ്വലതക്കായി പരീക്ഷണം  നടത്തുന്നതും,  നം കാണുന്നു.
മാർഗരീത്തയുമായുള്ള പ്രണയകുതൂഹലത്തെ കുറിച്ചും,  മകൾ അന്നയെ കുറിച്ചും  മനശാസ്ത്രപരമായ കാഴ്ചപ്പാടിലൂടെയേ ഫ്രോയ്ഡിന് നമ്മോട് വിവരിക്കാനാകൂ.
ഗുസ്താവോ യുങ്ങ്, ഓട്ടോ ഗ്രോസ്സ്, ടോസ്ക്, ഫ്ലീസ്, ഷാർകോ എന്നിവരൊക്കെ  ശിഷ്യന്മാർ / സൈക്കോ  അനലിസ്റ്റുകൾ / സഹപ്രവർത്തകർ എന്ന നിലയിൽ മാത്രമല്ല പലപ്പോഴും ഈ സൈക്കോ അനലിസ്റ്റിൻ്റെ  സ്പെസിമെനുകൾ കൂടിയായിരുന്നു.
 ഷാപ്പനാർ, യുങ്ങ് എന്നിവരുമായുള്ള  വേദനിക്കാത്ത അകലം  ( മുള്ളൻപന്നികളുടെ സ്നേഹ ദൂരം) പാലിച്ച അടുപ്പത്തെക്കുറിച്ച് പറയുന്നതിനൊപ്പം
 തോമസ് മൻ, അഗതാ ക്രിസ്റ്റി, ഡാർവിൻ, ഐൻസ്റ്റൈൻ, ദാലി, ഹിറ്റ്ലർ പോലുള്ള സമകാലിക വ്യക്തിത്വങ്ങളേയും നമ്മെ പരിചയപ്പെടുത്തുന്നു.
സെർജി എന്ന ചെന്നായമനുഷ്യൻ ലാൻഡർ എന്ന എലിമനുഷ്യൻ എന്നിവരെക്കുറിച്ചുള്ള അദ്ധ്യായങ്ങൾ ജിജ്ഞാസപ്പെടുത്തുന്നതാണ്.
മതമെന്ന മായപ്പൊന്മാൻ,
ആൾക്കൂട്ട മനസ്, ജൂത വിരോധം, സയണിസം, നാർസിസം, ലോക മഹായുദ്ധം, ആൻ്റി സെമിറ്റിസം, അതിനെതിരെ രൂപം കൊണ്ട ഹസ്ക്കല കൂട്ടായ്മ എന്നിവയെക്കുറിച്ചും, ഹാംലറ്റ്, ഈഡിപ്പസ് എന്നി കഥകളെ കുറിച്ചുമൊക്കെ അവയിൽ   അന്തർലീനമായ മനശാസ്ത്ര വശങ്ങളിൽ ഊന്നിക്കൊണ്ടാണ്  വിവരിക്കുന്നത്.
ജൂതനെന്ന നിലയിൽ ഫ്രോയ്ഡിന് ഏൽക്കേൽക്കേണ്ടി വന്ന തിക്താനുഭവങ്ങൾ നോവലിൽ എമ്പാടും കാണാം.
പഴയ ഈഡിപ്പൽ പ്രവണതയുടെ കുറ്റബോധത്തിൻ്റെ മേഘങ്ങളാണ് സംസ്കാരത്തിൻ്റെ  മഴത്തുള്ളികളായി ഗോത്രങ്ങളുടെ മേൽ പതിച്ചത് എന്നും,
ജീവിതാവേശ(eros) ത്തിന് എതിരായ നശീകരണ പ്രവണത (Thanatos)യെ സമൂഹം കടിഞ്ഞാണിടുമ്പോഴുണ്ടാകുന്ന  സമ്മർദങ്ങളെക്കുറിച്ചും, ഈ പ്രവണത നിയന്ത്രിക്കാൻ സമൂഹം എടുക്കുന്ന നിലപാടുതറയിൽ നിന്ന് രൂപപ്പെടുന്ന Super Ego യെ കുറിച്ചുമെല്ലാം ‘സംസ്കാരത്തിൻ്റെ മറുവശങ്ങൾ’ എന്ന അദ്ധ്യായത്തിൽ വിശദമാക്കുന്നു.
ജൂതമതം രൂപപ്പെട്ട കാരണത്തെ കുറിച്ചുള്ള അനുമാനവും,  മോശയുടെ കൊലപാതകം ഉളവാക്കിയ കുറ്റബോധത്തിൽ നിന്നാണ് പ്രവാചക സങ്കൽപം ജൂതമതത്തിൽ നിലവിൽ വന്നത് എന്നതു പോലെയുള്ള  ഫ്രോയ്ഡിൻ്റെ മറ്റ്  അനുമാനങ്ങളും നിഗമനങ്ങളും ഈ കൃതിയിൽ കാണാം.
താൻ നട്ടുനനച്ചു വളർത്തിയ സൈക്കോ അനാലിസിസിൻ്റെ സാങ്കേതിക വശങ്ങളെ ലളിതമായി അവതരിപ്പിച്ചിട്ടുണ്ട്. അതുപോലെ സ്വപ്നവിശകലനത്തിൻ്റെ അടിസ്ഥാന തത്വങ്ങളും.
Free Association, transference, counter transference എന്നിവയേയും, OCD, ഫോയ്ഡിയൻ സ്ലിപ്പ്സ്,  എന്നിവയെക്കുറിച്ചുമൊക്കെ ആസ്വാദകർക്ക് അനൽപമായ അറിവു നേടാനാകുന്നതും ഈ നോവൽ വായനയിൽ നിന്നുള്ള ബോണസാണ്.
Sudheer Attambully

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

8,824FansLike
0FollowersFollow
0SubscribersSubscribe

Latest Articles