Thursday, October 10, 2024

മുറിവേറ്റവരുടെ പാതകൾ

ഹരിത സാവിത്രി എന്ന ഹരിത ഇവാൻ എന്ന വ്യക്തിയെ,എഴുത്തുകാരിയെ അറിഞ്ഞു തുടങ്ങുന്നത്.അവരുടെ എഴുത്ത് fbയിലൂടെയാണ് പരിചയപ്പെടുന്നത്.വിദേശ രാജ്യങ്ങളെ കുറിച്ചുള്ള ചില എഴുത്തുകൾ ഓടിച്ചു വായിച്ചു,യാത്രാകുറിപ്പുകൾ.ഹരിത ഒരു നോവൽ വിവർത്തനം ചെയ്തിട്ടുണ്ടെന്നറിഞ്ഞതോടെ വലിയ ഉത്സാഹമായി.കാരണം പാവങ്ങൾ വായിച്ച കാലത്തോടെ വിദേശനോവലുകളിലുള്ള,വിവർത്തനങ്ങളിലുള്ള ഭ്രമം ഒരു ബാധയായത്,പിന്നീട് എം.കൃഷ്ണൻനായർ സറിൻറെ എഴുത്തുകളിലൂടെ വിസ്മയാവഹമായി മാറിയ അവയിൽ ചിലതിൻറെയെങ്കിലും പരിഭാഷകൾ തേടിപ്പിടിച്ച് വായിച്ചത്.ഇപ്പോളും വൻ താത്പര്യം വിദേശരചനകളോട്,സംഘടിപ്പിച്ച് വായിക്കാൻ ശ്രമിക്കുന്നു.
ഇതിങ്ങിനെ പോകുമ്പോളാണ് യൂറോപ്യൻ രാജ്യങ്ങളിലൂടെയുള്ള ഹരിതയുടെ സഞ്ചാരക്കുറിപ്പുകളെ കുറിച്ചറിയുന്നതും,കൗതുകാതിരേകത്തോടെ വായിച്ചു തുടങ്ങുന്നതും.മുറിവേറ്റവരുടെ പാതകൾ എന്ന ശീർഷകത്തെ അക്ഷരാർത്ഥത്തിൽ സാക്ഷാത്ക്കരിക്കുന്ന ഇതിലെ ഓരോ അധ്യായവും കഥകൾപോലെ മനോഹരമാണ്,ജീവിതംപോലെ ആഞ്ഞുകൊത്തുന്നതാണ്.
യൂറോപയൻ നാടുകൾ അവയുടെ ഭൂതകാല പ്രൗഡിയുടെ അടയാളങ്ങളോടെ എത്രയോ നാളുകൾക്കുമുൻപ് മനസ്സിൽ കയറിക്കൂടിയവയാണ്.വാൻഗോഗിൻറെ ജീവിതചരിത്രം മാത്രമല്ല അദ്ദേഹത്തിൻറെ രചനകളുടെ പശ്ചാത്തലവുമൊക്കെ വായനയിലൂടെ അറിഞ്ഞൊരാൾക്ക് ഈ യാത്രയെഴുത്തുകൾ അതിൻറെ ഗ്രാമീണമായ ചന്ത ചമയങ്ങളാൽ ഹൃദയകാരിയാണ്.അതേപോലെ പഴയ പ്രോഗ്രസ് പബ്ലിക്കേഷൻസിൻറെ റഷ്യൻ രചനകൾ വായിച്ചവർക്കും ചിരപരിചിതമാണ് ഈ നാട്ടുവഴികൾ പലതലരീതിയിൽ.സംഭവങ്ങളേക്കാൾ തീർച്ചയായും ഗ്രാമവർണങ്ങളിലാകൃഷ്ടപ്പെടുന്നുണ്ടെങ്കിലും ഹരിതയുടെ വാക്കുകളിൽ നിവരുന്ന ജീവിത സന്ദർഭങ്ങൾ പലപ്പോളും അതിൻറെ വക്കുകളിൽ പൊടിഞ്ഞ രക്തവും കണ്ണീരും വല്ലാത്തൊരനുഭവം വായനക്കാരനിലേയ്ക്ക് കുടഞ്ഞിടുന്നു.
പതിനേഴ് അധ്യായങ്ങളുള്ള ഈ പുസ്തകത്തിലെ തുടക്കംമുതൽ പർവ്വതങ്ങളുടെ വധു എന്ന അധ്യായം വരെ വായിച്ചു കഴിഞ്ഞപ്പോൾ ഈ പുസ്തകത്തെ കുറിച്ചെഴുതാതെവയ്യെന്നായി.കാരണം പർവ്വതങ്ങളുടെ വധു അത്രമേൽ തീവ്രമാണ്.കഥകളേക്കാൾ വിചിത്രമായ ജീവിതത്തിൻറെ രേഖകളാണ്.ഹരിതയത് വാക്കുകളുടെ കുപ്പിച്ചില്ലുകൾ കൊണ്ട് വരയുകയാണ്.ഹൃദയത്തിൽ ,മനസ്സിൽ തറഞ്ഞ ഒരമ്പ്.മൂളിപ്പറക്കുന്നതുപോലുള്ള ശബ്ദകാഠിന്യത്തോടെ ഹരിത ഞാൺവലിച്ചു വിടുമ്പോൾ നാം ഈ അധ്യായത്തിലെ പ്രധാന കഥാപാത്രത്തിൻറെ നൈരാശ്യവും ഹോപ് എന്ന അവളുടെ മകളുടെ ഓമനത്വവും മറക്കാൻ കഴിയാതെ വീർപ്പുമുട്ടുന്ന അവസ്ഥയിലെത്തും.സൻഹദ് എന്ന സ്വവർഗ്ഗാനുരാഗിയെ,അവളുടെ തുടയിലെ പൊള്ളിപ്പടർന്ന അടയാളത്തെ,അവൾ ഒരു യാചകനായ ഗായകനിൽ നിന്ന് ഗർഭം ധരിക്കുന്നത്,അവളെ കൊത്തിക്കീറുന്നത് അവൾ അനാഥയാക്കപ്പെടുന്നത്,തൻറെ ഒരേഒരു പ്രതീക്ഷയായ ഹോപിനെ ദത്തുകൊടുക്കുന്നത് ഇങ്ങനെ അലറിപ്പായുന്ന സങ്കടങ്ങളുടെ കെട്ടഴിഞ്ഞുവീഴുന്നത് എല്ലാം സഹനകാലത്തിൻറെ അതിരുകളെ തകർത്ത് പ്രവഹിക്കുന്നു,അതെ അവൾ സൻഹദ് ഹൃദയം ചീന്തിയെടുത്തോരു നിലവിളിയാണ്.ഇതേപോലെ ബിക്കിനിയെന്ന മറ്റൊരധ്യായം ഒട്ടൊരു ഹാസ്യാംശം കലർന്നതാണ്.യോയെസ് എന്ന അധ്യായം വിപ്ലവംവും രഹസ്യപ്പോലീസും ഇതല്ലാതെ വിപ്ലവകാരികൾപ്പോലും ഒരു പോരാളിയുടെ സാധാരണജീവിതകാമനകളെ എങ്ങനെ ഒറ്റുകൊടുക്കുന്നു എന്നതിൻറെ നേർവെവരണമാണ്.
കാടകത്തേയ്ക്കുള്ള യാത്ര,ഗ്രാമപാതകളിലൂടെയുള്ള യാത്ര,പാതകൾക്കരുകിലെ കാഴ്ച്ചകൾ പലവിധത്തിലുള്ള ഭക്ഷ്യവസ്തുക്കൾ ഇവയത്രയും വാക്കുകളിലേയ്ക്ക് പകർന്ന് ആ വാക്കുകളുടെ നർത്തനമാക്കി എഴുത്തിനെ മാറ്റുന്ന ഹരിത സാവിത്രി യാത്രയ്ക്ക് ഉന്മാദ നിർഭരമായ പ്രലോഭനമുണർത്തുന്നു.ഈ വാക്കുകൾ അതിശയോക്തിയല്ലെന്ന് മുറിവേറ്റവരുടെ പാതകൾ സാക്ഷ്യം വഹിക്കുന്നു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

8,824FansLike
0FollowersFollow
0SubscribersSubscribe

Latest Articles