Saturday, July 27, 2024

ഉഷ്ണരാശിയിലെ കെ.വി പത്രോസ് എന്തുകൊണ്ട് നിഷ്കാസിതനാകുന്നു

കെ വി മോഹന്‍കുമാറ എഴുതുന്നു .

ഉഷ്ണരാശി കരപ്പുറത്തിന്റെ ഇതിഹാസം എന്ന നോവലിലെ നെടുംതൂണ്‍ കഥാപാത്രങ്ങളിലൊന്നായിരുന്നു കെ.വി.പത്രോസ് എന്ന കുന്തക്കാരന്‍ പത്രോസ്. കെ.വി.പത്രോസിനെ മാറ്റിനിര്‍ത്തിക്കൊണ്ട്, പുന്നപ്ര-വയലാര്‍ സമരഗാഥ നമുക്ക് എഴുതാന്‍ കഴിയില്ല. ഉഷ്ണരാശി പുന്നപ്ര-വയലാര്‍ സമരകാലഘട്ടം പശ്ചാത്തലമാക്കി എഴുതിയ ഒരു ചരിത്രപശ്ചാത്തലമുള്ള സമകാലിക നോവലാണ്. അതിന്റെ ചരിത്രപശ്ചാത്തലത്തിലൂടെ പോകുമ്പോള്‍ പുന്നപ്ര-വയലാര്‍ സമരത്തിന് നേതൃത്വം നല്‍കിയ, സമരത്തിന്റെ ഡിക്ടേറ്റര്‍ ആയിരുന്ന കെ.വി.പത്രോസിനെ നമുക്കൊരിക്കലും വിസ്മരിക്കാന്‍ കഴിയില്ല. അദ്ദേഹത്തിന്റെ പങ്ക് ചെറുതായിക്കാണാനും കഴിയില്ല.
സായുധവിപ്ലവമെന്നൊരു സ്വ്പനം മനസ്സില്‍ താലോലിച്ചുനടന്നൊരു കമ്മ്യൂണിസ്റ്റ് സഖാവായിരുന്നു അദ്ദേഹം. പി.കൃഷ്ണപ്പിള്ളയുടെ പ്രോത്സാഹനത്തിലൂടെയാണ് കമ്മ്യൂണിസ്റ്റ്പ്രസ്ഥാനത്തില്‍ അദ്ദേഹം ഉയര്‍ന്നുവന്നത്. പുനെയില്‍ നടന്ന കമ്മ്യൂണിസ്റ്റ്പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കായുള്ള സായധക്യാമ്പില്‍ തിരുവിതാംകൂറില്‍ തിരുവിതാംകൂറില്‍ നിന്നും തെരഞ്ഞെടുത്ത് അയയ്ക്കപ്പെട്ട സഖാവായിരുന്നു അദ്ദേഹം. അവിടെവെച്ച് തോക്കേന്തിയ സായുധപരിശീലനത്തില്‍ പങ്കെടുത്തു. അവിടെ വെച്ചാണ് അദ്ദേഹം സഖാവ് രണദിവയെ പരിചയപ്പെടുന്നത്. ഈ ക്യാമ്പിന് പിന്നില്‍ വലിയൊരു സന്ദേശമുണ്ടായിരുന്നു. ആ സന്ദേശം മറ്റൊന്നുമല്ല, കമ്മ്യൂണിസ്റ്റ്പ്രസ്ഥാനം ഇന്ത്യയില്‍ വേരോടണമെങ്കില്‍ ഇവിടെയൊരു സായുധവിപ്ലവം ആവശ്യമാണ്.
നമുക്കറിയാം, അതൊരു സ്വാതന്ത്ര്യസമരകാലഘട്ടമായിരുന്നു. ഒരു ഭാഗത്തുകൂടെ സ്വാതന്ത്ര്യസമരം നടക്കുമ്പോഴും മറുഭാഗത്ത് ബ്രിട്ടീഷ്‌മേധാവിത്വത്തിന്റെ പീഡനങ്ങളേക്കാള്‍ ജന്മിമേധാവിത്വത്തിന്റെ പീഡനങ്ങളാണ് ജനങ്ങള്‍ അനുഭവിച്ചുകൊണ്ടിരുന്നത്. ജന്മിമുതലാളിത്വസമൂഹത്തില്‍ നിന്നും ഭാരതത്തെ മോചിപ്പിക്കാനായി ഒരു സായുധവിപ്ലവത്തിലൂടെ മാത്രമേ കഴിയൂ എന്ന് വിശ്വസിച്ചിരുന്ന നിരവധി നേതാക്കന്മാര്‍ അന്ന് കമ്മ്യൂണിസ്റ്റ്പ്രസ്ഥാനത്തില്‍ ഉണ്ടായിരുന്നു. അതിലൊരാളായിരുന്നു സഖാവ് രണദിവെ. പുനെയില്‍ നിന്നും കെ.വി.പത്രോസ് മറ്റൊരാളായിട്ടാണ് തിരിച്ചുവന്നത്. ഒരു സായുധവിപ്ലവത്തിലൂടെ എങ്ങനെ തിരുവിതാംകൂറിനെ പിടിച്ചെടുക്കാന്‍ കഴിയും എന്നൊരു ചിന്തയായിരുന്നു അദ്ദേഹത്തിന്റെ മനസ്സില്‍.
സത്യത്തില്‍ പുന്നപ്ര ക്യാമ്പാക്രമണം എന്നുപറയുന്നത് വയലാറിലെ വെടിവെപ്പുമായി തുലനം ചെയ്യാവുന്നൊരു സംഭവമല്ല. ഒക്ടോബര്‍ 27 ന്, തുലാം 10 ന് വയലാറില്‍ നടന്നത് സഖാക്കളുടെയും അഭയംതേടി വന്ന സാധാരണക്കാരായ ജനങ്ങളുടെയും നേരെ പട്ടാളം നടത്തിയ ഒരു കടന്നാക്രമണമായിരുന്നു. കായലിന്റെ മൂന്ന് ഭാഗത്തുനിന്നും വളഞ്ഞ് ജനങ്ങളെയും കമ്മ്യൂണിസ്റ്റ് സഖാക്കളെയും പട്ടാളം വെടിവെച്ചുകൊല്ലുകയായിരുന്നു. എന്നാല്‍ പുന്നപ്രയില്‍ നടന്നത് അങ്ങനെയല്ല. തുലാം 7 ന് പുന്നപ്രയില്‍ നടന്നത് സഖാക്കള്‍ ആലപ്പുഴയില്‍ നിന്നും ആലപ്പുഴയുടെ പല ഭാഗങ്ങളില്‍ നിന്നും ജാഥയായി പുന്നപ്ര ക്യാമ്പിന്റെ നേര്‍ക്ക് ആക്രമണം നടത്തുകയായിരുന്നു. അങ്ങോട്ടാണ് ആക്രമണം നടത്തിയത്. അതിന്റെ പിന്നിലെ പ്രേരകശക്തി കെ.വി.പത്രോസായിരുന്നു. പത്രോസിനെ അതിന് പ്രേരിപ്പിച്ചതിന് കാരണം മറ്റൊന്നുമായിരുന്നില്ല. തോക്കുകള്‍ പിടിച്ചെടുക്കുക എന്ന ഒറ്റകാരണമായിരുന്നു. തിരുവിതാംകൂറില്‍ സര്‍ സിപിക്കെതിരെ സമരം ചെയ്യണമെങ്കില്‍ തോക്കുകള്‍ ആവശ്യമാണെന്ന ഒരു ധാരണയില്‍ നിന്ന് പുന്നപ്ര പോലീസ് ക്യാമ്പിലുണ്ടായിരുന്ന 50 തോക്കുകള്‍ പിടിച്ചെടുക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് പോലീസ്‌ക്യാമ്പിനു നേര്‍ക്ക് മാര്‍ച്ച് നടക്കുന്നത്. പല ഭാഗങ്ങളില്‍ നിന്നും സമരഭടന്മാര്‍ വന്ന് പോലീസ് ക്യാമ്പ് വളയുകയായിരുന്നു. അന്ന് കെ.വി.പത്രോസ് ഉദ്ദേശിച്ചതുപോലെ 6 തോക്കുകള്‍ പിടിച്ചെടുക്കുകയും ചെയ്തു. തോക്കുകളേ പിടിച്ചെടുക്കാന്‍ കഴിഞ്ഞുള്ളൂ. ആ തോക്കുകള്‍ ഉപയോഗിക്കാന്‍ കഴിയാത്തവയായിരുന്നു. കാരണം, അതിനുള്ളില്‍ വെടിയുണ്ടകള്‍ ഇല്ലായിരുന്നു. ഒടുവില്‍ ഈ തോക്കുകള്‍ എന്ത് ചെയ്യണമെന്നുള്ള ആലോചന വന്നു. വെടിയുണ്ടയില്ലാത്ത തോക്കുകള്‍ കൊണ്ട് എന്തുചെയ്യാന്‍ കഴിയും. വേമ്പനാട്ടുകായലില്‍ കരിമ്പനാവളവ് എന്നുപറയുന്ന സ്ഥലത്ത് കൊണ്ടുപോയി വെള്ളത്തില്‍ കെട്ടിത്താഴ്ത്താനാണ് അവസാനം തീരുമാനമെടുത്തത്. സര്‍ക്കാരിന്റെ തോക്കുകള്‍ കൈവശം വെയ്ക്കുന്നത് കടുത്ത ശിക്ഷയാണ്. പോലീസ് അതിനുവേണ്ടി തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. സര്‍ സിപിയുടെ പോലീസ് സംശയിക്കുന്നവരുടെയെല്ലാം വീട്ടില്‍ തിരച്ചില്‍ നടത്തുന്നുണ്ട്. ആ തോക്കുകള്‍ ഒരിക്കലും സുരക്ഷിതമല്ലെന്ന് കണ്ടിട്ടാണ് സഖാവ് എസ് സുകുമാരനും കെ.വി.പത്രോസും ഒക്കെക്കൂടി ആലോചിച്ച് ഒടുവില്‍ ഈ തോക്കുകള്‍ കരിമ്പാനവളവില്‍ കെട്ടിത്താഴ്ത്തുന്നത്. ഇപ്പോഴും കരിമ്പാനവളവില്‍ എസ്‌കവേറ്റ് ചെയ്യുകയാണെങ്കില്‍ അടിത്തട്ടില്‍ ആ തോക്കുകള്‍ കണ്ടെടുക്കാന്‍ കഴിയും.
സായുധവിപ്ലവത്തിന് തുടക്കം കുറിയ്ക്കുക, അങ്ങനെ കമ്മ്യൂണിസ്റ്റ്പ്രസ്ഥാനത്തിന് അധികാരത്തില്‍ വരുവാനുള്ള വഴിതുറക്കുക, ജന്മിത്വമുതലാളിത്തപീഡനങ്ങളില്‍ നിന്നും സാധാരണക്കാരെ രക്ഷിക്കുക എന്ന മഹത്തായൊരു ഉദ്ദേശ്യത്തോടെയാണ് ശരിക്കും കെ.വി.പത്രോസ് അതിന് ആസൂത്രണം നടത്തിയത്. തുടര്‍ന്ന് പൊതുപണിമുടക്ക് നടത്താന്‍ നിശ്ചയിച്ചപ്പോഴും അതുവേണ്ടി ശക്തമായി വാദിച്ചതും പട്ടാളത്തിനെയും പോലീസിനെയും ചെറുത്തുനില്‍ക്കാന്‍ വാരിക്കുന്തവുമേന്തി സായുധവിപ്ലവത്തിന് ആഹ്വാനം നല്‍കിയതുമെല്ലാം കെ.വി.പത്രോസാണ്. അതിനെല്ലാം പ്രേരണയായത് പത്രോസിന് പുനെയില്‍ നിന്നും സായുധപരിശീലനവും അന്നത്തെ കമ്മ്യൂണിസ്റ്റ്പാര്‍ട്ടിയിലെ ഉന്നതശീര്‍ഷരായ നേതാക്കളായ സഖാക്കളുടെ പ്രോത്സാഹനവും പിന്തുണയും അവരില്‍ നിന്നും കിട്ടിയ വീര്യവുമൊക്കെയായിരുന്നു.
നമുക്കൊരിക്കലും കെ.വി.പത്രോസിനോട് അതൃപ്തി തോന്നേണ്ട കാര്യമില്ല. കാരണം അദ്ദേഹമത് ചെയ്തത് സദുദ്ദേശ്യത്തോടെയായിരുന്നു. പക്ഷെ കല്‍ക്കത്ത തീസിസിനുശേഷം പില്‍ക്കാലത്ത് പുനഃപരിശോധനയില്‍ പാര്‍ട്ടിയും പ്രസ്ഥാനവും അതിനെ തള്ളിപ്പറഞ്ഞപ്പോള്‍ കെ.വി.പത്രോസിനെപ്പോലുള്ള സായുധവിപ്ലവത്തിന് ആഹ്വാനം നല്‍കിയ, നേതൃത്വം നല്‍കിയ, അതിന് പ്രേരണയായ, വളരെ ആത്മാര്‍ത്ഥതയുള്ള ഒരു സമരസഖാവ് പിന്തള്ളപ്പെട്ടു, പുറത്താക്കപ്പെട്ടു.
അദ്ദേഹത്തിന്റെ അവസാനകാലങ്ങള്‍ ഉഷ്ണരാശിയില്‍ പറയുന്നുണ്ട്. പാര്‍ട്ടിയുടെ അവിടത്തെ ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ ചെന്നാല്‍പ്പോലും ആരും തിരിഞ്ഞുനോക്കാത്തൊരു അവസ്ഥയായിരുന്നു. ലോക്കല്‍കമ്മിറ്റി ഓഫീസിന്റെ പുറത്തെ ബഞ്ചില്‍ പോയി വിദൂരങ്ങളിലേക്ക് നോക്കി അദ്ദേഹം വെറുതെയിരുന്നിട്ട് മടങ്ങിപ്പോരുമായിരുന്നു. ആ മടക്കയാത്ര കമ്മ്യൂണിസ്റ്റ്പ്രസ്ഥാനത്തില്‍ നിന്നുള്ള മടക്കയാത്രകൂടിയായിരുന്നു. കമ്മ്യൂണിസ്റ്റ്പ്രസ്ഥാനത്തില്‍ നിന്നുതന്നെ അദ്ദേഹം നിഷ്‌കാസിതനായി. പില്‍ക്കാലത്ത് ജീവിതവൃത്തിക്കുവേണ്ടി മറ്റുപല കാര്യങ്ങളും ചെയ്തതായിട്ട് നമുക്കറിയാം. മീന്‍കച്ചവടം, തടുക്ക്കച്ചവടം, അലുമിനിയം കച്ചവടം അങ്ങനെ പലതും.
ഒരിക്കല്‍ 57 ലെ കമ്മ്യൂണിസ്റ്റ്മന്ത്രിസഭ അധികാരമേറ്റതിനുശേഷം മുഖ്യമന്ത്രി ഇ.എം.എസ്. പ്രസംഗിക്കുന്നൊരു വേദിയുടെ അരികില്‍പോലും ഉപജീവനാര്‍ത്ഥം വില്പനയില്‍ ഏര്‍പ്പെടേണ്ടിവന്നിട്ടുണ്ട്. ആ നിലയ്ക്ക്, കമ്മ്യൂണിസ്റ്റ്പ്രസ്ഥാനത്തില്‍ നിന്നും, അധികാരത്തിന്റെ ഇടനാഴികളില്‍, എല്ലാം പിന്തള്ളപ്പെട്ടൊരു കമ്മ്യൂണിസ്റ്റുകാരന്‍ എന്ന നിലയ്ക്കാണ് കെ.വി.പത്രോസിനെ പില്‍ക്കാലത്ത് നമുക്ക് കാണാന്‍ കഴിഞ്ഞത്. മരിക്കുന്നതിന് മുമ്പ് അദ്ദേഹം തന്റെ സുഹൃത്തിനോട് പറഞ്ഞ വാക്കുകള്‍ വല്ലാതെ ആഘാതമേല്‍പ്പിക്കുന്നതാണ്. രക്തസാക്ഷികള്‍ അന്ത്യവിശ്രമം കൊള്ളുന്ന പുന്നപ്രയിലെ ചുടുകാട്ടില്‍ തന്നെ മറവുചെയ്യരുതെന്നും എസ്എന്‍ഡിപി ശ്മശാനത്തിലേക്ക് ജഡം സംസ്‌കരിക്കാവൂയെന്നും കമ്മ്യൂണിസ്റ്റ്പാര്‍ട്ടിയിലെ ഒരു സഖാവിനെപോലും തന്റെ മരണവാര്‍ത്ത അറിയിക്കരുതെന്നും പറഞ്ഞതായിട്ടാണ് രേഖപ്പെടുത്തിക്കാണുന്നത്. ഇതെത്രത്തോളം വാസ്തവമാണെന്ന് എനിക്കറിയില്ല. പക്ഷെ, കമ്മ്യൂണിസ്റ്റ്പ്രസ്ഥാനത്തില്‍ നിന്നുതന്നെ അദ്ദേഹം പൂര്‍ണ്ണമായിട്ടും പില്‍ക്കാലത്ത് അകന്നുപോയിരുന്നു. എന്നാല്‍ കമ്മ്യൂണിസ്റ്റ്പ്രസ്ഥാനത്തിനുവേണ്ടി ജീവിച്ചിരുന്ന കാലത്ത് ഇത്രയേറെ കമ്മ്യൂണിസ്റ്റ്പ്രസ്ഥാനത്തോട് ആത്മാര്‍ത്ഥതയുള്ളൊരു സഖാവുണ്ടായിരുന്നോ എന്നുപോലും സംശയിക്കേണ്ടിയിരിക്കുന്നു. ഇ.എം.എസ് സഖാവും കൃഷ്ണപ്പിള്ള സഖാവും എ.കെ.ജി.സഖാവും ഉള്‍പ്പെടെയുള്ള അന്നത്തെ മുന്‍നിര നേതാക്കന്മാരെല്ലാവരും തന്നെ പത്രോസിന്റെ വീട്ടിലെ ആതിഥ്യം അനുഭവിച്ചിട്ടുള്ളവരാണ്. ദാരിദ്ര്യത്തില്‍ കഴിയുന്ന കാലത്തുപോലും കമ്മ്യൂണിസ്റ്റ് സഖാക്കളുടെ ഒരു അഭയകേന്ദ്രമായിരുന്നു പത്രോസിന്റെ വീട്. അത്രമാത്രം ആ പ്രസ്ഥാനവുമായി ഇഴുകിച്ചേര്‍ന്നൊരു സഖാവായിരുന്നു കെ.വി.പത്രോസ്. ഞാനും വിശ്വസിക്കുന്നൊരു കാര്യമാണ്, അദ്ദേഹം പറയുന്നുണ്ട്, കൃഷ്ണപ്പിള്ള സഖാവ് ജീവിച്ചിരുന്നെങ്കില്‍ തീര്‍ച്ചയായിട്ടും കെ.വി.പത്രോസ് കമ്മ്യൂണിസ്റ്റ്പ്രസ്ഥാനത്തില്‍ നിന്നും പുറത്ത് പോകില്ലായിരുന്നു. 48 ല്‍ കൃഷ്ണപ്പിള്ള സഖാവ് പാമ്പുകടിയേറ്റ് മരിക്കാനിടയായ സംഭവമാണ് ശരിക്കും പത്രോസിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ കാരണമായത്. കൃഷ്ണപ്പിള്ള സഖാവ് ജീവിച്ചിരുന്നെങ്കില്‍ ഒരിക്കലും കെ.വി.പത്രോസ് എന്ന വിപ്ലവകാരിയെ അദ്ദേഹം തള്ളിപ്പറയില്ലായിരുന്നു. പാര്‍ട്ടില്‍നിന്നും കെ.വി.പത്രോസ് ഒരിക്കലും നിഷ്‌കാസിതനാവുമായിരുന്നില്ല.
ഞാന്‍ മനസ്സിലാക്കിയ പത്രോസിനെ നോവലില്‍ എനിക്ക് മഹത്വവത്ക്കരിക്കാതിരിക്കാന്‍ കഴിയില്ല. ആ കെ.വി.പത്രോസ് എന്നെ സംബന്ധിച്ചിടത്തോളം ഒരു കമ്മ്യൂണിസ്റ്റ്‌സഖാവ് എന്ന നിലയ്ക്ക് വളരെ ഉന്നതശീര്‍ഷനാണ്. പാര്‍ട്ടിക്കുവേണ്ടിയും താന്‍ വിശ്വസിക്കുന്ന പ്രത്യയശാസ്ത്രത്തിനുവേണ്ടിയും തികഞ്ഞ ആത്മാര്‍പ്പണത്തോടെ പ്രവര്‍ത്തിച്ച ഒരു മഹാനായ കമ്മ്യൂണിസ്റ്റുകാരനായിരുന്നു കെ.വി.പത്രോസ് എന്ന് പറയാതിരിക്കാന്‍ കഴിയില്ല. പല കമ്മ്യൂണിസ്റ്റുകാര്‍ക്കും അദ്ദേഹമൊരു മാതൃകയാകേണ്ടതാണ്. അത്രമാത്രം വ്യക്തിതാത്പര്യങ്ങളില്ലാതെ, പാര്‍ട്ടിതാത്പര്യങ്ങള്‍ക്ക് മാത്രമായി, പ്രസ്ഥാനത്തിന്റെ താത്പര്യങ്ങള്‍ക്ക് മാത്രമായി ജീവിച്ച ഒരു കമ്മ്യൂണിസ്റ്റ് സഖാവായിരുന്നു കെ.വി.പത്രോസ്. ആ നിലയ്ക്കാണ് ഉഷ്ണരാശിയിലെ പത്രോസിനെ വരച്ചുകാണിക്കുന്നത്. അങ്ങനെയല്ലാതെ ചെയ്യുന്നത് ഏറ്റവും വലിയ അനീതിയായിരിക്കും. അതുകൊണ്ട്, കെ..വി.പത്രോസ് എന്തായിരുന്നോ അതുപോലെയാണ് ഞാന്‍ ഉഷ്ണരാശിയില്‍ വരച്ചുകാണിച്ചത്.
എന്നാല്‍, നോവല്‍ വായിച്ച ചിലയാളുകള്‍ക്ക് അതില്‍ അതൃപ്തിയുണ്ടായിരുന്നുവെന്ന് പില്‍ക്കാലത്തുണ്ടായ ചില വിവാദങ്ങളില്‍ നിന്നും പരാമര്‍ശങ്ങളില്‍ നിന്നും മനസ്സിലാക്കാന്‍ കഴിഞ്ഞു. സോഷ്യല്‍മീഡിയയിലൂടെയും മറ്റും ചിലര്‍ വിമര്‍ശിക്കുകയുണ്ടായി. നോവലിനെക്കുറിച്ച് നൂറിലധികം വേദികളില്‍ ചര്‍ച്ച നടന്നു. ആലപ്പുഴ ജില്ലയില്‍ നടന്ന പല ചര്‍ച്ചാവേദികളിലും കെ.വി.പത്രോസിനെ പ്രൊജക്ട് ചെയ്ത് കാണിച്ചതിനെ കുറിച്ച് ഒരേസമയം ഇകഴ്ത്തിയും പുകഴ്ത്തിയും പറയുകയുണ്ടായി. പത്രോസിനെ അടുത്തറിയാവുന്ന കമ്മ്യൂണിസ്റ്റുസഖാക്കളും അദ്ദേഹത്തിന്റെ ജീവിതകാലം അടുത്തറഞ്ഞവരും എന്റെ ചിത്രീകരണം വളരെ നന്നായിട്ടുണ്ടെന്ന് പറഞ്ഞുവെങ്കിലും പത്രോസിനെ അറിയാത്ത പലരും അദ്ദേഹത്തെ മനസ്സിലാക്കാന്‍ ശ്രമിക്കാത്തവരും അതിനെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയുമുണ്ടായി. ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ ഞാനാ വിഷയത്തില്‍ നിസ്സഹായനാണ്. എഴുത്തുകാരന്‍ സത്യം, വസ്തുത പറയേണ്ടവനാണ്. എന്നെ സംബന്ധിച്ച് ഞാന്‍ വരച്ചുകാട്ടിയ വസ്തുത ഞാനവതരിപ്പിച്ച കെ.വി.പത്രോസായിരുന്നു.
ഉഷ്ണരാശി കരപ്പുറത്തിന്റെ ഇതിഹാസം ഇവിടെ വാങ്ങാം

https://greenbooksindia.com/index.php?category_id=0&search=ushnara&submit_search=&route=product%2Fsearch

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

8,824FansLike
0FollowersFollow
0SubscribersSubscribe

Latest Articles