Friday, September 20, 2024

Olga Tokarczuk – പ്രകൃതിയിലേക്ക് തുറന്ന്‌വെച്ചുള്ള കണ്ണുകൾ 

പ്രകൃതിയിലേക്ക് തുറന്ന്‌വെച്ചുള്ള കണ്ണുകൾ 

നോബല്‍സമ്മാനജേതാവായ ഓള്‍ഗ ടോകാര്‍ചുകിന്റെ
അസ്ഥികള്‍ക്കുമേല്‍ ഉഴുതുമറിയ്ക്കപ്പെട്ട നിന്റെ കലപ്പകള്‍ എന്ന നോവല്‍ നമ്മെ മാധവ്ഗാഡ്‌ലിനെയും ഗാഡ്ഗില്‍വിരുദ്ധപ്രക്ഷോഭങ്ങളുടെ ഇരുണ്ട രാഷ്ട്രീയത്തിലേക്കും കൊണ്ടു പോകുന്നുണ്ടോ ?

നോബല്‍പുരസ്‌കാരം നേടിയ ഓള്‍ഗോ ടോകാര്‍ചുകിന്റെ ‘അസ്ഥികള്‍ക്കുമേല്‍ ഉഴുതമറിച്ച നിന്റെ കലപ്പകള്‍’ എന്ന നോവല്‍ മാനവരാശിയുടെ ഭാവിജീവിതത്തിലേക്കുള്ള ചൂണ്ടുവിരല്‍ ഉയര്‍ത്തുന്നതാണ്. പോളണ്ടിനും ചെക്ക്പ്രദേശങ്ങള്‍ക്കിടയിലെ അതിര്‍ത്തിഗ്രാമമാണ് നോവലിന്റെ ആഖ്യാനപരിസരമെങ്കിലും നമ്മുടെ കേരളത്തിനും പാകമാകുന്ന ചിന്തകളും ആകുലതകളും സന്ദേശങ്ങളും ഈ നോവല്‍ പറയുന്നുണ്ട്. അതുകൊണ്ടുതന്നെ നമ്മുടെ ഭാവിയുടെ ദര്‍ശനമാണ് നോവലില്‍ സൂചിതമാകുന്നതെന്ന് പറയാം. പുള്ളിപ്പുലിയെ കൊന്ന് ഭക്ഷിച്ചവരെ അറസ്റ്റുചെയ്ത സംഭവവും  എരിയുന്ന പന്തമെറിഞ്ഞ് ആനയെ ചുട്ടുകൊന്ന സംഭവവും നമ്മള്‍ വായിച്ചത് ഒരേ ദിവസത്തെ വാര്‍ത്തയായിട്ടാണ്. അലിവിന്റെയും കാരുണ്യത്തിന്റെയും സഹജീവിസ്‌നേഹത്തിന്റെയും വറ്റാത്ത സ്രോതസ്സെന്ന് മനുഷ്യനെ വാഴ്ത്തിയ ഒരുകാലത്ത് നിന്ന് പുരോഗമനത്തിന്റെയും നവോത്ഥാനത്തിന്റെയും ഒരുകാലത്തേക്ക് എത്തിച്ചേര്‍ന്നുവെന്ന് അവകാശപ്പെടുന്ന മനുഷ്യന് പ്രധാനമായും നഷ്ടമായത് അവന്റെ സഹജീവിസ്‌നേഹമവും അവനിലെ കാരുണ്യത്തിന്റെ ജീവത്സ്പന്ദനങ്ങളുമായിരുന്നില്ലേ എന്ന ചോദ്യം പ്രസക്തമാണ്.
ഒരുഭാഗത്ത് പ്രകൃതിസ്‌നേഹികളെന്ന് മുദ്രവാക്യമുയര്‍ത്തുകയും മറുഭാഗത്ത് ജന്തുക്കളെ വേട്ടയാടിപ്പിടിച്ച് ഭക്ഷിച്ച് തൃപ്തിയടയുകയും ചെയ്യുന്ന വിരോധാഭാസം മനുഷ്യന് മാത്രം അവകാശപ്പെട്ടതാണ്. സാംസ്‌കാരികനവോത്ഥാനത്തിന്റെ മുന്‍നിരവക്താക്കളെന്ന് അവകാശപ്പെടുന്ന കേരളീയരും ഇക്കാര്യത്തില്‍ ഒട്ടും പുറകിലല്ലെന്ന യാഥാര്‍ത്ഥ്യവും വിസ്മരിക്കാനാവുന്നതല്ല. ലോകമഹാത്ഭുതങ്ങളിലൊന്നായി യുനെസ്‌കോ വിലയിരുത്തിയ പശ്ചിമഘട്ടത്തിന്റെ നിലനില്പിനെ അത്യന്തം അപകടകരമായ അവസ്ഥയിലേക്ക് തള്ളിവിടുന്നതില്‍ നമ്മളുടെ പങ്കും ചെറുതല്ല.

   പശ്ചിമഘട്ടത്തിന്റെ സംരക്ഷകനായെത്തിയ മാധവ് ഗാഡ്ഗില്‍കമ്മിറ്റിയെ നാടുകടത്തുവാന്‍ മുന്നില്‍ നിന്നതും നമ്മള്‍ മലയാളികള്‍ തന്നെയാണ്. പാരിസ്ഥിതികധ്വംസനത്തിന്റെയും മൃഗഹിംസയുടെയും നൃശംസനീയമായ സമകാലികാനുഭവങ്ങളില്‍ നിന്നുകൊണ്ടുവേണം നമുക്ക് ടോകാര്‍ചുകിന്‍ന്റെ ഈ നോവല്‍ വായിക്കാന്‍. 2018 ലും 2019 നമ്മള്‍ അഭിമുഖീകരിച്ച രണ്ട് പ്രളയങ്ങള്‍, പശ്ചിമഘട്ടത്തിന്റെ നിലനില്പ് ആശങ്കാജനകമെന്ന ഏറ്റവുമൊടുവിലെ യുനെസ്‌കോ റിപ്പോര്‍ട്ട് ഇതെല്ലാം ഈ നോവലിന്റെ അനുബന്ധമായി കൂട്ടിവായിക്കേണ്ട വിഷയങ്ങളാണ്.   
എക്കാലത്തും കേരളത്തിന്റെ ഭരണകൂടവും മതപുരോഹിതവിഭാഗങ്ങളും സ്ഥാപനവത്ക്കരിക്കപ്പെട്ട മതങ്ങളും പരിസ്ഥിതിധ്വംസനത്തിന്റെ പ്രോത്സാഹകരായിരുന്നു. കേരളത്തിന്റെ പാരിസ്ഥിതികഭൂപടത്തെ മാറ്റിവരച്ചേക്കാവുന്ന ഗാഡ്ഗില്‍കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിനെതിരെ ശക്തമായി മുന്നോട്ട് വന്നത് സംഘടിതകത്തോലിക്കാവിഭാഗവും പുരോഹിതരുമായിരുന്നുവെന്നതും ചിന്തനീയമാണ്. കുടിയേറ്റ കര്‍ഷകരുടെ പേരില്‍ വന്‍കിട തോട്ടമുടമകളെയും ക്വാറിമുതലാളിമാരെയും പിന്തുണയ്ക്കുന്ന സമീപനം തന്നെയായിരുന്നു പലപ്പോഴും അക്രമോത്സുകമായിരുന്നു ഗാഡ്ഗില്‍വിരുദ്ധസമരങ്ങളുടെ പിന്നിലെ അജണ്ട. ഇന്നും നമ്മുടെ പരിസ്ഥിതിവിലോലമേഖലകളെ കൃത്യമായി അടയാളപ്പെടുത്തുവാന്‍ സാധിച്ചിട്ടില്ലെന്നുള്ളതാണ് ഇതിന്റെയെല്ലാം അനന്തരഫലം. പശ്ചിമഘട്ടം മുഴുവന്‍ ഒലിച്ചിറങ്ങിപ്പോയാലും മതതാത്പര്യത്തിനും കോര്‍പ്പറേറ്റ്താത്പര്യത്തിനും എതിരെ ശബ്ദിക്കാന്‍ തയ്യാറാവാത്ത ഭരണാധികാരികളും ഇതില്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. ഓള്‍ഗയുടെ നോവലിലെ നായികാകഥാപാത്രമായ ജനീനാ ദസ്ജെയ്ക് ഒരു ഒറ്റയാള്‍പോരാട്ടത്തിലൂടെ അതിജീവനത്തിന്റെ ശബ്ദമാകുന്നുണ്ട്. ഒരുപക്ഷെ പശ്ചിമഘട്ടത്തിനുവേണ്ടി ശബ്ദിച്ച മാധവ്ഗാഡ്ഗിലിനെപ്പോലെ.
പാരിസ്ഥിതികമായ ഉത്കണ്ഠകളെ മുന്‍നിര്‍ത്തിയുള്ള ആഖ്യാനങ്ങള്‍ മലയാളത്തിന് അപരിചിതമല്ല. പരിസ്ഥിതിയും മനുഷ്യനും തമ്മിലുള്ള സമരസങ്ങളുടെയും കലഹങ്ങളുടെയും കഥകള്‍ നമ്മുടെ സാഹിത്യം പലപ്പോഴായി ചിന്തിച്ചിട്ടുള്ള വിഷയങ്ങള്‍തന്നെ. അസ്ഥികള്‍ക്ക് മേല്‍ ഉഴുതുമറിയ്ക്കപ്പെട്ട നിന്റെ കലപ്പകള്‍ കേവലം പാരിസ്ഥിതികമായ ഉത്കണ്ഠകളോ ആശങ്കകളോ മുന്‍നിര്‍ത്തി മാത്രം രചിക്കപ്പെട്ടകൃതിയല്ല. മനുഷ്യന്റെ പാരിസ്ഥിതികമായ ദര്‍ശനങ്ങളുടെ പൂര്‍ണ്ണത അവന്റെ സഹജീവിസ്നേഹത്തെക്കൂടി ഉള്‍ക്കൊള്ളുമ്പോഴേ സാധ്യമാകൂയെന്ന ബഹുതലസ്പര്‍ശിയും സാരവത്തായതുമായ ഒരു ചിന്തയെയാണ് ഓള്‍ഗോ ഈ നോവലില്‍ മുന്നോട്ട് വെയ്ക്കുന്നത്. പരിസ്ഥിതി എന്നത് ഓള്‍ഗയെ സംബന്ധിച്ചിടത്തോളം മനുഷ്യന്റെ ആത്മീയമായ ഉണ്മയുടെ അവിഭാജ്യാംശമാണ്. പരിസ്ഥിതിയെ അതുകൊണ്ടുതന്നെ ഒരുനിലയ്ക്കും ഒഴിച്ചുനിര്‍ത്തിക്കൊണ്ടുള്ള വികസനചിന്തകളോ ജീവസന്ധാരണതാത്പര്യങ്ങളോ അനുവദിക്കപ്പെട്ടുകൂടായെന്നാണ് ഓള്‍ഗ പറയുന്നത്. സസ്യാഹാരത്തോട് കടുത്ത  താത്പര്യം പുലര്‍ത്തുന്ന ഓള്‍ഗ സസ്യാഹാരാനുശീലനത്തെ ഭാവിയുടെ ദര്‍ശനമായി ചൂണ്ടിക്കാട്ടുവാനും മടിയ്ക്കുന്നില്ല. എന്നാല്‍ സമകാലികസാമ്പത്തികദര്‍ശനമായ ചങ്ങാത്തമുതലാളിത്തം ഉയര്‍ത്തിപ്പിടിക്കുന്ന ജീവിതസമവാക്യങ്ങള്‍ക്കിടയില്‍ ചതഞ്ഞരഞ്ഞ് വികൃതമാകാനേ ഇത്തരം ആത്മീയദര്‍ശനങ്ങള്‍ക്ക് സാധിക്കൂവെന്ന യാഥാര്‍ത്ഥ്യവും നമുക്ക് മുന്നിലുണ്ട്. പുതിയ കാലസന്ധിയില്‍ മൂലധനതാത്പര്യങ്ങളോട് രമ്യതപ്പെടാതെ ഒരു ദര്‍ശനത്തിനും നിലനില്‍ക്കാനാവില്ലതാനും. അതുകൊണ്ടുതന്നെ 2010 ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ഈ നോവലിനോട് നമ്മുടെ കേരളത്തോട് സംവദിക്കാന്‍ ഏറെയുണ്ടുതാനും.
പോളണ്ടിനും ചെക്കിനും ഇടയിലെ ഒരു ഉള്‍ഗ്രാമത്തില്‍ തന്റെ വിശ്രമകാലജീവിതം നയിക്കാനെത്തുന്ന ജനീനാ ദസ്ജെയ്ക് എന്ന വിരമിച്ച എഞ്ചിനീയറാണ് ഈ നോവലിലെ കേന്ദ്രബിന്ദു എന്നതുതന്നെ നോവലിനെ ഒരു സ്ത്രീപക്ഷവായനക്ക് സമര്‍ത്ഥമാക്കുന്നുണ്ട്. എന്നാല്‍ ഇത് നോവലിന്റെ പാരായണപരിമിതയാകുന്നില്ലെന്നു മാത്രമല്ല, നോവലിന്റെ ബഹുവിധപാരായണസാധ്യതകളില്‍ ഒന്നുമാത്രവുമാണ്. സ്ത്രീ എന്നതിനൊപ്പം അവരൊരു വൃദ്ധയുമാണ്. എന്നിരിക്കിലും താന്‍ കണ്ടെത്തുന്ന ദര്‍ശനങ്ങളെ വളരെ തന്മയത്വത്തോടെ പ്രയോഗവത്ക്കരിക്കാന്‍ അവര്‍ക്ക് കഴിയുന്നുണ്ട്. ഇവിടെ അവര്‍ തെരഞ്ഞെടുക്കുന്നത് അദ്ധ്യാപനജീവിതമാണ്, കാരണം മണ്ണിന്റെയും മനുഷ്യന്റെയും മൃഗങ്ങളുടെയും മണമുള്ള കവിതകളെ ആത്മീയമായി ഉള്‍ക്കൊള്ളുവാനുള്ള അവരുടെ ത്വര തന്നെ. അത്തരം കവിതകളുടെ പരിഭാഷ ദസ്ജെയ്കിനെ സംബന്ധിച്ചിടത്തോളം ആനന്ദപൂര്‍ണ്ണമായ ആത്മീയവൃത്തിയാണ്. ജീവിതം ആത്മീയപൂര്‍ണ്ണമായിരിക്കണം എന്ന് ദസ്ജെയ്ക് ഉറച്ചുവിശ്വസിക്കുന്നു. ഇന്നത്തെ സംഘടിതമതജീവിതത്തിനകത്ത് ബഹിഷ്‌കൃതമാണ് ഈ ആത്മീയത. സ്ഥാപനവത്ക്കരിക്കപ്പെട്ട മതങ്ങളുടെ അപ്പുറത്തേക്ക് പോകുമ്പോഴേ മനുഷ്യന് ഈ ആത്മീയത സാക്ഷാത്കരിക്കാനാവൂ എന്നും ദസ്ജെയ്കിന് കൃത്യമായി അറിയാനാവുന്നുണ്ട്. മലഞ്ചെരിവിലെ കുഗ്രാമത്തില്‍ ഒറ്റപ്പെട്ടൊരു ജീവിതം അവള്‍ തെരഞ്ഞെടുക്കുന്നത് അതുകൊണ്ടുതന്നെയാണ്. മണ്ണും മനുഷ്യനും മൃഗങ്ങളും സഹവസിക്കുന്നൊരു ജീവിതമാണ് ദസ്ജെയ്കിനെ സംബന്ധിച്ചിടത്തോളം സ്വപ്‌നം.
എന്നാല്‍ പരിസ്ഥിതിക്കുവേണ്ടി ശബ്ദിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഭരണകൂടങ്ങളും പ്രസ്ഥാനങ്ങളും ക്രിസ്ത്യന്‍പുരോഹിതരുമെല്ലാം മനുഷ്യരാശിക്ക് വിനാശകരമായ പ്രവൃത്തികള്‍ക്ക് കൂട്ടുനില്‍ക്കുന്നവരാണെന്ന് ചുരുങ്ങിയ സമയം കൊണ്ട് ദസ്ജെയ്ക് തിരിച്ചറിയുന്നു. എന്നിരുന്നാലും അവള്‍ക്ക് പ്രതികരിക്കാതിരിക്കാനാവില്ല. ഈ പ്രതികരണം അവളുടെ ജീവിതത്തെ സങ്കീര്‍ണ്ണമാക്കുന്നുണ്ടെങ്കിലും ശാന്തഗംഭീരമായ ബാഹ്യജീവിതം കൊണ്ട് അതിനെ സുരക്ഷിതമായി മറച്ചുപിടിയ്ക്കുന്നു. അവളുടെ ക്ഷുഭിതമായ ചോദ്യങ്ങളെ പരിഹാസത്തോടെയും ഉദാസീനതയോടെയുമാണ് അധികാരിവര്‍ഗ്ഗം നേരിടുന്നത്. പോളണ്ടിലെ ഭരണകൂടം ഒരു മതാനുകൂലതാത്പര്യം സൂക്ഷിച്ചുപോരുന്നതാണെന്ന് അറിയാവുന്നതാണല്ലോ. ഒരു കോമാളിയെയന്നതുപോലെയാണ് അവര്‍ ദസ്ജെയ്കിനെ പരിഗണിക്കുന്നത്. പുഴയ്ക്കുവേണ്ടിയും മരത്തിനുവേണ്ടിയും മണ്ണിനുവേണ്ടിയുമൊക്കെയുള്ള നായ്ക്കകള്‍ക്കും കുറുക്കനും വേണ്ടിയുള്ള ശബ്ദങ്ങളെ പരിഹാസ്യത്തോടെയാണ് അവര്‍ നേരിടുന്നത്. പിന്നീട് ദസ്ജെയ്ക് അധികാരികളുടെ കണ്ണിലെ കരടാവുന്നു. ചോദ്യം ചെയ്യാന്‍ തുടങ്ങിയ ഒരാളെ നിശ്ശബ്ദയാക്കുകയെന്നത് ലളിതമായൊരു പ്രവൃത്തിയല്ലല്ലോ. ദസ്ജെയ്കിന്റെ മൃഗസ്നേഹമാണ് അവളെ കൂടുതല്‍ പരിഹാസ്യയാക്കുന്നത്. എന്നാല്‍ നിയമപരിപാലകരാകേണ്ടവര്‍ നിയമലംഘകരാകുമ്പോള്‍ ദസ്ജെയ്കിന്റെ പ്രതികരണമാര്‍ഗ്ഗം മറ്റൊരു രീതിയിലാകുന്നു. ഇതോടെ നോവലിന്റെ ആഖ്യാനം കൂടുതല്‍ സങ്കീര്‍ണ്ണവും ദുരൂഹവുമായിത്തീരുന്നു.
ക്രിസ്തുമതത്തിനു നേരെ ദസ്ജെയ്ക് ഉയര്‍ത്തുന്ന ചോദ്യങ്ങളും സമകാലികലോകത്ത് ഏറെ പ്രസക്തമാണ്. സഭ ഹൂബര്‍ട്ട് എന്ന നായാട്ടുകാരനെ വിശുദ്ധനായി പ്രഖ്യാപിക്കുകയും നായാട്ടുകാര്‍ക്കുവേണ്ടി നില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ പള്ളിയില്‍ വെച്ച് പരസ്യമായി ദസ്‌ജെയ്ക് ഫാദര്‍ റസലിനെ വിചാരണചെയ്യുന്നു. അയാളുടെ കാപട്യത്തെ തുറന്നുകാട്ടുന്നു. ആ പള്ളി നായാട്ടുകാരാണ് നിര്‍മ്മിച്ചിരിക്കുന്നതെന്ന യാഥാര്‍ത്ഥ്യം പരിസ്ഥിതിസ്‌നേഹിയായ ദസ്ജെയ്കിന് ഒരിക്കലും ഉള്‍ക്കൊള്ളാനാവുന്നതല്ല. പുരോഹിതനെ പരസ്യമായി വിചാരണ ചെയ്തതിന്റെ പേരില്‍ സ്‌കൂളിലെ ജോലിയും അവള്‍ക്ക് നഷ്ടമാകുന്നുണ്ട്. കരുണയുടെയും സ്നേഹത്തിന്റെയും പ്രതീകമാകേണ്ട പുരോഹിതരും മതവുമെല്ലാം യഥാര്‍ത്ഥ ആത്മീയതയ്ക്ക് നേരെ പുറംതിരിഞ്ഞുനില്‍ക്കുന്നവരാണെന്ന് അവള്‍ ചൂണ്ടിക്കാട്ടുന്നു. എല്ലാ ജീവജാലങ്ങളും മനുഷ്യന്റെ ജീവിതത്തെ പുഷ്ടിപ്പെടുത്തുവാനുള്ളതാണെന്ന കത്തോലിക്കാമതത്തിന്റെ പ്രമാണത്തെ അവള്‍ ചോദ്യം ചെയ്യുന്നു. മൃഗനായാട്ടിനെ സാധൂകരണം നല്‍കുന്ന മതനിലപാടിനെ അംഗീകരിക്കാനവള്‍ക്ക് ആവില്ല. അതുകൊണ്ടുതന്നെ നിഷേധിക്കാതെ ദസ്ജെയികിന് മുന്നോട്ട് പോകാനാവില്ല.
സ്ഥാപനവത്ക്കരിക്കപ്പെട്ട മതങ്ങള്‍ എന്നും ആത്മീയതക്ക് എതിരെയാണ് ശബ്ദിക്കുക. പ്രകൃതിക്കോ ജീവജാലങ്ങള്‍ക്കോ വേണ്ടി അതിന് പറയാനൊന്നുമില്ല. ഉണ്ടെങ്കില്‍ തന്നെ അത് വെറും ആലങ്കാരികമായ വാക്കുകള്‍ മാത്രമാണ്. മനുഷ്യന്റെ പ്രമാണങ്ങളായി അത് വാഴ്ത്തിപ്പാടുന്നത് അധാര്‍മ്മികശക്തികളുടെ അപദാനങ്ങളാണ്. വേട്ടക്കാരന്റെ കണ്ണില്‍പ്പെട്ട പേടിച്ചരണ്ട മാന്‍പേടയുടെ ആര്‍ദ്രമായ ചിത്രം ഒരു പുരോഹിതനെയും വേദനിപ്പിക്കുന്നില്ല. മനുഷ്യന്റെ രസനയെ പോഷിപ്പിക്കുവാനുള്ള വിഭവങ്ങള്‍ മാത്രമായി ഏതൊരു ജീവജാലവും അംഗീകരിക്കപ്പെട്ടിരിക്കുന്നു. കുടിയേറ്റക്കാരന്റെ അതിജീവനത്തിന്റെ പേരില്‍ കൈയേറ്റക്കാരനെ പിന്താങ്ങുന്ന സഭാനേതൃത്വം ഗാഡ്ഗില്‍കമ്മീഷനെ നാടുകടത്താന്‍ തെരുവിലിറങ്ങിയ ചരിത്രം നമുക്ക് മുന്നിലുണ്ട്. ഗാഡ്ഗില്‍ നാടുനീങ്ങിയതിന്റെ വേദനാകരമായ പ്രത്യാഘാതങ്ങളായിരുന്നു വയനാട്ടിലെ പുത്തൂമലയിലും മൂന്നാറിലെ പെട്ടിമൂടിയിലും നിലമ്പൂരിനുടത്ത പോത്തുകല്ലിലും നമ്മള്‍ കണ്ടത്. മണ്ണിലാണ്ടുപോയത് ആരൊക്കെയെന്നുപോലും അറിയാതെ എത്രയോ പേരുടെ ജീവനാണ് പ്രകൃതിയെടുത്തത്. ഒരേസമയം ഒരുഭാഗത്ത് പ്രകൃതിക്ക് വേണ്ടി ശബ്ദിക്കുകയും മറുഭാഗത്ത് സ്വന്തം കുക്ഷിപൂരണത്തിനായി സ്‌നേഹിച്ച് വളര്‍ത്തുന്ന മൃഗങ്ങളെപോലും ദാക്ഷിണ്യമില്ലാതെ കൊന്നുതിന്നുകയും ചെയ്യുന്ന വിരോധാഭാസവും വിചാരണചെയ്യപ്പെടേണ്ടതുതന്നെയാണ്. പ്രകൃതി എന്നുപറയുമ്പോള്‍ ഈ വണ്ണാത്തിപ്പുള്ളുകളും കലമാനും കുറുക്കനും നായ്ക്കളും എല്ലാം ഉള്‍പ്പെടുന്നതുകൂടിയാണ്. പ്രകൃതിയിലെ പല ജീവജാലങ്ങളും മനുഷ്യന്റെ സ്വാര്‍ത്ഥമായ അധിനിവേശത്തിനിരയായി വംശനാശത്തിനിരയായിക്കൊണ്ടിരിക്കുന്ന സത്യവും നമുക്കുമുന്നിലുണ്ട്.
വില്യം ബ്ലേക്കിന്റെ കവിതകള്‍ ഇഷ്ടപ്പെടുന്ന, ഒരുപക്ഷെ മനുഷ്യനേക്കാളുപരി മൃഗങ്ങളെ സ്നേഹിക്കുന്ന, പ്രകൃതിക്കുവേണ്ടി ജീവിതം മാറ്റിവെയ്ക്കുന്ന, നാളത്തെ തലമുറയുടെ അതിജീവനത്തിന് കരുണയും സ്നേഹവും കൂടിയേ തീരൂവെന്ന് വിശ്വസിക്കുന്ന ദസ്ജെയിക്ക്, ഓള്‍ഗ ടോകാര്‍ചുക് എന്ന എഴുത്തുകാരിയുടെ ആത്മാംശമുള്ള കഥാപാത്രമാണെന്ന് പറയാം. നാടകീയമായ ആഖ്യാനപരിചരണത്തിലൂടെ നാളത്തെ തലമുറയുടെ അതിജീവനത്തിനുള്ള ദര്‍ശനങ്ങള്‍ പങ്കുവെയ്ക്കുമ്പോഴും ദാര്‍ശനികമായ ഒരു ഘടനയെയല്ല നോവലിനുവേണ്ടി ഓള്‍ഗ സ്വീകരിച്ചിരിക്കുന്നത്. ദുരൂഹമായ കൊലപാതകങ്ങളും സ്ഥലകാലരാശികള്‍ക്കപ്പുറത്തെ സൂചനകളായ ജ്യോതിഷവും എല്ലാം ഈ രചനയെ വേറൊരു വിതാനത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുപോകുന്നുണ്ട്. അസ്ഥികള്‍ക്കുമേല്‍ ഉഴുതുമറിയ്ക്കപ്പെട്ട കലപ്പകള്‍ ലോകം ഇന്ന് നേരിടുന്ന അനേകം പ്രശ്നങ്ങള്‍ക്കുള്ള ഉത്തരങ്ങളിലേക്കുള്ള യാത്രയാണ്. മനുഷ്യനേക്കാള്‍ വിലയുണ്ട് ഒരു ഉറുമ്പിന്റെ സൈ്വരസഞ്ചാരത്തിനെന്ന തിരിച്ചറിവ് ഈ നോവലിന്റെ പാരായണപാഠങ്ങളില്‍ ഒന്നുമാത്രം. പ്രകൃതിയിലേക്കുള്ള മടക്കം തന്നെയാണ് ഏറ്റവും വലിയ തിരിച്ചറിവ്.
Previous articleDr. Nikhilesh Menon
Next articleP.F. Mathews

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

8,824FansLike
0FollowersFollow
0SubscribersSubscribe

Latest Articles