പശ്ചാത്തലം ഇതാണ്: പാലിയത്തെ ഗോവിന്ദനച്ചന്റെ പടയാളികളിലൊരാളായ കണ്ണന്‍നായരുടെ പലായനം വേണ്മനാടുള്ള കാളമനയിലേക്കായിരുന്നു. കാളമന കായലിനോട് ചേര്‍ന്നുള്ള മനക്കാരുടെ സ്ഥലത്ത് കണ്ണന്‍നായര്‍ ജീവിതത്തിന്റെ മേല്‍ക്കൂര മേഞ്ഞു. തുടര്‍ന്ന് നോവല്‍ വികാസം പ്രാപിക്കുന്നത് പടയാളിയുടെ കാര്യസ്ഥനായുള്ള ചുവടുമാറ്റത്തിലൂടെയും പുതിയ തലമുറയുടെ വളര്‍ച്ചയിലൂടെയുമാണ്. അതോടൊപ്പം സംഭവിക്കുന്ന സാമൂഹികമാറ്റങ്ങളിലൂടെയും അമ്പാട്ട് വീട്ടുകാര്‍ കാളമന പറമ്പുകാരായി മാറുന്നതിലൂടെയുമാണ്. ആ നാലു തലമുറകളിലെട കഥാപാത്രങ്ങളുടെ പ്രണയവും നൈരാശ്യങ്ങളും ജീവിതവ്യഥകളും നോവലിസ്റ്റ് അതീവസൂക്ഷ്മതയോടെ കൈകാര്യം ചെയ്തിട്ടുണ്ട്. കണ്ണന്‍നായര്‍ വശം പാലിയത്തച്ചന്‍ കാളമന നമ്പൂതിരിക്ക് കൊടുത്തയച്ച ഓലയെഴുത്ത് കാളമന ചെപ്പേടുകളായി സിദ്ധാര്‍ത്ഥനിലേക്ക് എത്തിച്ചേരുകയാണ്. ആ തിരിച്ചറിവ് അയാളിലുണ്ടാക്കുന്ന പടയാളിയുടെ ആവേശം കളരിമുദ്രകളോടെയും ചുവടുവെയ്പുകളോടെയുമാണ് നോവലില്‍ വിവരിക്കപ്പെടുന്നത്. ഉമ്മത്തിന്‍തുരുത്തില്‍ അമ്പാട്ട് വീടിന്റെ പരിണാമങ്ങളും ജീവിതങ്ങളുടെ ഉയര്‍ച്ചയും താഴ്ചയും പ്രതിസന്ധികൡലൂടെയുമുള്ള സഞ്ചാരത്തില്‍ മാടശ്ശേരി വീട്ടുകാരായി പരിണാമം പ്രാപിക്കുന്നതും കയ്യൊതുക്കത്തോടെ സന്നിവേശിക്കപ്പെടുന്നു. വീറുറ്റ പ്രണയജീവിതത്തിലേക്ക് അരണ്ട വെളിച്ചത്തിലൂടെ കയറിവന്ന സാറയേപ്പോലെ വ്യക്തിത്വമുള്ള കഥാപാത്രങ്ങള്‍ നോവലിനെ സമ്പന്നമാക്കുന്നുണ്ട്.
ഉള്‍ക്കൃഷ്ടമായ ഈ നോവലിനെ ചുരുങ്ങിയ വാക്കുകള്‍ കൊണ്ടാണെങ്കിലും ഒന്നു പരിചയപ്പെടുത്താന്‍ അവസരം കിട്ടിയത് ഒരു ഭാഗ്യമായി ഞാന്‍ കരുതുന്നു.