Friday, September 20, 2024

ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ സാഹിത്യ വീക്ഷണം കെജിഎസ്ന്റെ കാവ്യഭാവനയിലൂടെ…

ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ സാഹിത്യ വീക്ഷണം 

ഒന്ന് 
ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ സാഹിത്യ വീക്ഷണം  എന്ന് പറയുന്നത് അനുഭവിച്ചു തീർത്ത ഒരു പഴയ കാലഘട്ടത്തിന്റെ അടരുകളിൽ നിന്ന്  രൂപപ്പെടുന്നവയാണ്. അത്  വ്യക്തി ബോധത്തിൽ നിന്നും വ്യക്തിബോധത്തിലേക്കു സഞ്ചരിക്കുന്നവ യാണ് .എല്ലാവര്ക്കും ഒരേ വീക്ഷണമുണ്ടാകണമെന്നില്ല  എന്നർത്ഥം. ചിലരൊക്കെ  എന്നും യാഥാസ്ഥികത്തിന്റെയും സ്വാർത്ഥത യുടെയും കൊട്ടകൊത്തളങ്ങളിൽ ഉറങ്ങി  കിടക്കും. അവരെ ചരിത്രം റിപ്പവാൻവിങ്കൽ മാർ എന്ന് വിളിക്കും . എന്റെ ബോധമണ്ഡലത്തെ സ്വാധീനിച്ച  കെജിഎസ് ന്റെ പുതിയ കവിതാ സമാഹാരമാണ് “തകഴിയും മാന്ത്രിക കുതിരയും “. ഒരു കവിയുടെ അനുഭവം സ്വന്തം അനുഭവമാകുന്ന ഒരു രാസ വിദ്യകൂടി ഇവിടെ   രൂപം കൊള്ളുന്നു .
1999 ഏപ്രിൽ മാസത്തിൽ ആണ് തകഴി നമ്മെ വേർപെട്ടു പോകുന്നത്. ഞാൻ ആകട്ടെ ഓപ്പറേഷൻ തീയറ്ററുകൾക്കിടയിൽ ജനി  മൃതികളിലൂടെ കടന്നു പോകുന്ന ഒരു കാലഘട്ടം. പുതിയ നൂറ്റാണ്ടു യാഥാർഥ്യമാകുമ്പോൾ മാത്രമേ ഞാൻ തകഴി ചേട്ടന്റെ മരണം തിരിച്ചറിയുന്നുള്ളു .പിന്നീട് ഞാൻ ആ  വീട്ടിൽ പോയപ്പോൾ കാത്ത ചേച്ചിമാത്രമേ ഉണ്ടായിരുന്നുള്ളു . ചേച്ചി വിളമ്പിയ അനുഭവ ജ്ഞാനത്തിന്റെ ഇഡലിയും കഴിച്ചു ഞങ്ങൾ ഇറങ്ങിയ ഓർമ്മ വരുന്നു . ഇപ്പോൾ ഇതാ  കുട്ടനാടിന്റെ  ഉൾച്ചൂടിലേക്കു   കെജിഎസ് കവിതയെ ഇറക്കി കൊണ്ട് വരുമ്പോൾ , തനറെ ശവ കുടീരത്തിൽ നിന്ന് തകഴിയും  ഇറങ്ങി വരുന്നു .

രണ്ട്

ജ്ഞാനാനുഭൂതികളുടെ ഒരു വലിയ കലവറയാണ് കെ.ജി.എസിന്റെ പുതിയ സമാഹാരം ‘തകഴിയും മാന്ത്രികക്കുതിരയും’.ചരിത്രത്തിന്റെ കുതിപ്പും കവിതയുടെ കുതിപ്പും ഏതാണ്ടൊപ്പത്തിനൊപ്പം. ഇരുപതാം നൂറ്റാണ്ടിന്റെ പാതി അനുഭവിച്ചുതീര്‍ത്ത കവി, യൗവ്വനത്തിന്റെ തീക്ഷ്ണമായ ദിനങ്ങള്‍ പിന്നിട്ട്, ഇരുപത്തൊന്നാം നൂറ്റാണ്ടിൽ നിൽക്കുന്നു. ഇന്നത്തെ ജീവിതസന്ദർഭങ്ങളിൽ പെരുകുന്ന വെല്ലുവിളികൾ ആഴത്തിലറിഞ്ഞും സൂക്ഷ്മമായി നേരിട്ടും അനീതിയോട് കലഹിച്ചും സംഭവിച്ചവ ഈ കവിതകൾ. ഇവയിൽ നാമറിയുന്നു ചരിത്രത്തിലെ ഏറ്റവും പുതിയ നിമിഷത്തിന്റെ പരുഷ യാഥാർത്ഥ്യം . നവോത്ഥാന വെളിച്ചത്തിന് ശേഷവും നാട്ടിൽ പടരുന്ന ജാതി മത വെറുപ്പും സ്ത്രീപീഡനവും നാഗരികാർത്തിയും പൗരത്വഭ്രാന്തും മറ്റനേകം ഹിംസകളും ചേർന്ന പുതിയ സമയക്കയ്പ്പിന്റെ നിശിത വിശകലനം തരുന്ന ഉൾക്കാഴ്ചകളുടെ സാരസാന്ദ്രത ഈ കവിതകളുടെ ആഴവും അഴകും മൂല്യവും നിർവചിക്കുന്നു . പ്രതിരോധദാർഢ്യം മനുഷ്യത്വത്തിന്റെ പതാകയാവുന്ന കവിതകൾ.

ഈ വെളിവുകൾ നോക്കൂ:

”യൗവ്വനം പറഞ്ഞ സ്വപ്നങ്ങളേക്കാള്‍ നേരുകള്‍
വാര്‍ദ്ധക്യമെന്നോട് പറയുന്നു.”
”ഏത് വൃദ്ധനിലുമുണ്ട് ലേശം ഭീഷ്മര്‍,
ലേശം ഭൂതാവേശവും.
വേണ്ട ചിലതില്ലാത്തതും
വേണ്ടാത്ത ചിലതുള്ളതും വാര്‍ദ്ധക്യം;
ദാര്‍ശനിക കാവ്യം.
വൃദ്ധരെല്ലാം ചേര്‍ന്നൊരു മഹാവാര്‍ദ്ധക്യം
ലോകത്തിന്റെ നേര്‍ച്ചരിത്രം.”

ആയതിനാല്‍, യൗവ്വനം നഷ്ടമായി എന്ന തോന്നല്‍ വേണ്ടേ വേണ്ട. വീണ്ടെടുക്കാനാവാത്ത വിധം വീണു പോയിട്ടില്ലൊന്നും എന്നത് വാർദ്ധക്യത്തിന്റെ വിവേകം എന്നതോടൊപ്പം എന്നും മനുഷ്യർ തളരാതെ കാക്കേണ്ട ഇച്ഛാശക്തി കൂടിയാണ്. ഇന്ന് വാക്കുകൾ വിളയേണ്ടുന്നത് ആത്മവിശ്വാസത്തിന്റെ ഈ വയലിൽ നിന്നാണ്. വിളനാശവും ഭാവിനാശവും സ്വത്വനാശവും വരുത്തുന്ന പരദേശി അധിനിവേശത്തിന്റെ മാന്ത്രികക്കുതിരയെ തുരത്താൻ കഴിയുന്ന സഹജ പ്രതിരോധം നാട്ടിൽ ത്തന്നെയുണ്ട്. കണ്ടൻ മൂപ്പൻ തെളിവ്.

”വേണ്ട വിഷാദം, ഇച്ഛാനഷ്ടം,
നേരമുണ്ടിനിയുമാര്‍ക്കും പടുവൃദ്ധരേ, നമുക്ക്
തിരുത്താനും ജയിക്കാനുമൊടുങ്ങാത്ത സാധ്യത.”

“വാര്‍ദ്ധക്യം ദാർശനികകാവ്യം” എന്ന ഉൾവെളിവിൽ വ്യക്തിയുടെ പ്രായമല്ല ഉൾക്കാഴ്ചയുടെ ഇച്ഛാഭദ്രതയാണ് വാർദ്ധക്യദർശനത്തിന്റെ കാതൽ. ചരിത്രത്തിലെ ഏറ്റവും പുതിയ നിമിഷത്തിലെ നീതിനിഷേധങ്ങളും ഉൽക്കണ്ഠകളും ആവശ്യപ്പെടുന്ന പ്രതിബോധ സമഗ്രതയും ദിശാബോധവും സ്വത്വബോധവും മനുഷ്യാവകാശ ആവാഹനവും ഈ കവിതകളില്‍ ഉയര്‍ത്തെഴുന്നേല്‍ക്കുന്നു.

തകഴിയും മാന്ത്രികക്കുതിരയും
അങ്ങനെയൊരു മേല്‍വിശകലനമാണ് ഒരു സര്‍റിയലിസത്തിന്റെ കാറ്റായി തകഴിയും മാന്ത്രികക്കുതിരയും എന്ന കവിതയില്‍ ഉയരുന്നത്.

”മറ്റുള്ളോരുടെ സ്വപ്നം ഞാന്‍ വിശ്വസിച്ചു, പല കാലം.”

ആ സ്വപ്നങ്ങള്‍ നെയ്തവരുടെ കൂട്ടത്തില്‍ മാര്‍ക്‌സ്, ലെനിന്‍, ടോള്‍സ്റ്റോയ്, ഗോര്‍ക്കി, ബല്‍സാക്ക്, കേസരി, മോപ്പസാങ്, തകഴിയുടെ ഭാര്യ കാത്ത, കാരൂര്‍, ഫ്‌ളാബേര്‍, ബഷീര്‍ എന്നിവര്‍ അണിനിരക്കുന്നു. ആരോ കട്ട് കൊയ്യാന്‍ വരുന്നുവെന്ന തകഴി എന്ന വലിയ സാഹിത്യകാരന്റെ ദുഃസ്വപ്നങ്ങളിലാണ് ഊര്‍ന്നുവീഴുന്നത്.
ജീവിതവിജ്ഞാനത്തിന്റെ പല നന്മകള്‍ ലോകത്ത് ഒത്തുചേര്‍ന്നിട്ടും ഇനിയും അസന്തുഷ്ടമായ ഒരു ലോകം ബാക്കിയുണ്ട്. തന്റെ പാടത്ത് കണ്ടന്‍മൂപ്പന്റെ ആത്മാവ് ഒരു ദുഃസ്വപ്നമായി പാതിരാവില്‍ അലയുന്നു. പേരുകേട്ട ആ വിതക്കാരനെ പണ്ട് ജന്മിമാര്‍ മണ്ണിട്ടുമൂടി ചിറയെ ബലം വെപ്പിച്ചുവത്രെ.
കവിതയുടെ കാല്പനികതയും ഭാവഭംഗിയും ഒരു സര്‍റിയലിസ്റ്റിക് ചിത്രമായി മാറുന്നതിവിടെയാണ്.

”കുഞ്ചിനിലാവ്
കണ്ടത്തിലൊരു പരദേശി
മാന്ത്രികക്കുതിര
മൂന്നാള്‍ പൊക്കം, തൂവെള്ള തീനാവ്…
ആ ചതിക്കുതിരയില്‍ നിന്ന്
മാരകമൊരു സൈന്യപ്പാതിര
അത് മേഞ്ഞിടം തരിശ്.”

വിതയേയും കൃഷിയേയും സ്‌നേഹിച്ച കണ്ടന്‍മൂപ്പന്‍

”തുറന്ന് വിട്ടു, കുഴിമാടങ്ങളില്‍ നിന്ന്
ഞാനെന്റെ ചാത്തന്മാരെ…”

പ്രതിരോധത്തിന്റെ അലയൊലികള്‍ക്കൊടുവില്‍ കനകവയല്‍ കാര്‍ന്നൊടുക്കുമ്പോള്‍ നെല്ലും മീനും ചീവീടും പുല്‍ത്തളിരും ചെറുമഞ്ഞും നീര്‍ക്കോലിയും നീര്‍ത്തുമ്പിയും നേര്‍മൊഴിയും നീറി ചീയുന്ന ജൈവനാശത്തിന്റെ നാറ്റം കവിയുടെ നാസാരന്ധ്രങ്ങളില്‍ പതിയുന്നു. എന്നാലും ലോകത്തെ മാറ്റിയെഴുതാന്‍ പ്രതിരോധവുമായി ആവേശംകൊള്ളുന്ന ഒരു കാഹളം ഈ കവിതയില്‍ മുഴങ്ങുന്നു.

കവി ഇതെഴുതുമ്പോള്‍ സമകാലികമായ മറ്റു യാഥാര്‍ത്ഥ്യങ്ങളെയാണ് പൊരുളാക്കിയത്. ഇപ്പോഴാകട്ടെ വടക്ക് ഡല്‍ഹിയെ പ്രതിരോധിച്ചുകൊണ്ട് കര്‍ഷകര്‍ കൊയ്ത്തുപാടത്തെ ട്രാക്ടറുകളുമായി ചെങ്കോട്ടയെ വളയുകയാണ് എന്ന യാഥാര്‍ത്ഥ്യവും.

തന്റെ മുൻമുറക്കാരനായ വൈലോപ്പിള്ളിയുടെ കന്നിക്കൊയ്ത്തിന്റെ വിഷാദച്ഛവി നിറഞ്ഞ ഒരു പാടം ഈ കവിതയിലുമുണ്ട്. ആഴത്തിൽ അതിജീവനവിത്തുകൾ വീണത്.

-Krishnadas

Book getting ready – will publish soon!

Contact:8589095304

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

8,824FansLike
0FollowersFollow
0SubscribersSubscribe

Latest Articles