ജോണി ലൂക്കോസിന്റെ എഴുത്തുകാര്‍ എഴുതാത്തത് എന്ന പുസ്തകം ഇങ്ങനെ കുറേ പറച്ചിലുകളുടെ പുസ്തകം ആണ്. അതായത് മാധ്യമപ്രവര്‍ത്തകനായ ജോണി ലൂക്കോസ് നമ്മുടെ വലിയ എഴുത്തുകാരുമായി നടത്തിയ അഭിമുഖങ്ങള്‍ ആണ് ഇതിന്റെ ഉള്ളടക്കം. നാം ടെലിവിഷനില്‍ കേള്‍ക്കുകയും കാണുകയും പിന്നെ മാഞ്ഞുപോവുകയും ചെയ്ത ആ പറച്ചിലുകള്‍ അങ്ങനെ മായ്ച്ചു കളയേണ്ടതല്ലെന്ന അനുഭവം ആണ് ഈ പുസ്തകം ഏറെ തരിക.
കുശാഗ്രബുദ്ധിയായ അഭിമുഖകാരന്‍ കണിശമായ ചോദ്യങ്ങളാലും സാന്ദര്‍ഭികമായ ഉപചോദ്യങ്ങളാലും എഴുത്തുകാരെ സമീപിക്കുമ്പോള്‍ അവര്‍ അവരുടെ വലിയ ആകാശത്തുനിന്നു ഭൂമിയിലേക്ക് ഇറങ്ങി വരുന്നത് ഇതിലെ ഏറ്റവും സാധാരണ കാഴ്ചയാണ്. അതായത് സാധാരണ മനുഷ്യരെ പോലെ അവരും ചിരിക്കുകയും പ്രതിരോധിക്കുകയും ഒളിക്കുകയും ചെയ്യുന്നു. അങ്ങനെ ബൗദ്ധികമായ ഔന്നത്യത്തിനു മറച്ചു പിടിക്കാന്‍ ആവാത്ത വിധം എഴുത്തുകാരനിലെ മനുഷ്യനെ ജോണി ലൂക്കോസ് തന്ത്രപൂര്‍വം നമ്മുടെ മുന്നില്‍ നിര്‍ത്തിത്തരുന്നു. എഴുത്തുകാര്‍ ഇവയൊന്നും എഴുതാന്‍ ഇടയില്ല. അതുകൊണ്ടുതന്നെ പുസ്തകത്തിന്റെ പേര് കൃത്യം.
പത്രപ്രവര്‍ത്തന രംഗത്ത് പ്രവര്‍ത്തിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് തന്റെ മുന്നിലുള്ള വ്യക്തിയെ വാര്‍ത്തയാക്കി മാറ്റുന്ന അഭിമുഖകാരന്റെ കൗശലവും നിരീക്ഷിക്കാം.
എം. കൃഷ്ണന്‍നായരെ മോഹിപ്പിച്ചത്, അഴീക്കോടിന്റെ സൗന്ദര്യം, ഒ.എന്‍.വിയുടെ ഭക്തിയും വിഭക്തിയും, സാനുവിലെ വൈവിധ്യം; വൈരുദ്ധ്യം, പത്മനാഭന്റെ വിധിയും മുന്‍വിധിയും, ഡോ. ലീലാവതി മറക്കാത്ത കാര്യങ്ങള്‍, എം.എന്‍. വിജയന്റെ സ്വാതന്ത്ര്യം, അസുരനല്ല ദേവന്‍, കുഞ്ഞബ്ദുള്ള റിപ്പബ്ലിക്, രാധാകൃഷ്ണന്റെ ഭയപ്പാടുകള്‍, സേതുവിന് ആരെയാണ് ഇഷ്ടം?, സുഗതകുമാരിയുടെ ശത്രുക്കള്‍, വിഷ്ണുവിന്റെ സംശയങ്ങള്‍, പെരുമ്പടവത്തിന്റെ പ്രതികാരം, മുകുന്ദന്റെ രാഷ്ട്രീയം, ആനന്ദിന്റെ ഇന്ത്യയും സക്കറിയയും, സച്ചിദാനന്ദന്റെ പ്രകോപനങ്ങള്‍, ചുള്ളിക്കാടിന്റെ കലഹങ്ങള്‍ എന്നിങ്ങനെ ജോണി ലൂക്കോ
സ് കൊടുത്ത തലവാചകങ്ങള്‍ സ്വയം സംസാരിക്കുന്നവയാണ്. ആമുഖത്തില്‍ അദ്ദേഹം ഇങ്ങനെ എഴുതുന്നു.
‘ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസ് അഭിമുഖത്തിന് നല്ലൊരു നിര്‍വചനം നല്കി – ‘അഭിമുഖം പ്രണയം പോലെയാണ്. രണ്ടുപേര്‍ക്കും ആഗ്രഹമുണ്ടെങ്കിലേ അതു നന്നാവൂ. അല്ലെങ്കില്‍ അഭിമുഖസംഭാഷണം ചോദ്യങ്ങളും ഉത്തരങ്ങളും മാത്രമായി അവശേഷിക്കും. ഈ യാന്ത്രികമായ പ്രവൃത്തിയില്‍നിന്ന് ഒരു കുട്ടി
യുണ്ടായേക്കാം. പക്ഷേ അതെക്കുറിച്ച് നല്ല സ്മരണ ഉണ്ടാവില്ല. നല്ല സ്മരണകള്‍ തന്ന അഭിമുഖങ്ങളാണ് ഈ സമാഹാരത്തില്‍. നന്നാവണം എന്ന് അതിഥികള്‍ കൂടി ആഗ്രഹിച്ചതുകൊണ്ട് ഉണ്ടായത്. ആസ്വാദകരും ആരാധകരും വേണ്ടത്ര ഉണ്ടെന്നാലും സംഭാഷണം അവര്‍ക്കുവേണ്ടി മാത്രമാക്കാതെ മനസ്സു തുറന്നുവെച്ചവര്‍. അവര്‍ എന്നോടു കാട്ടിയ സൗമനസ്യം കൂടിയാണ് ഈ അഭിമുഖങ്ങള്‍.’
വി എസ് നിറഞ്ഞു നില്‍ക്കും പുസ്തകം
എനിക്ക് വളരെ കൗതുകം തോന്നിയ മറ്റൊരു കാര്യം സംസാരിക്കുന്നതു എഴുത്തുകാരാണെങ്കിലും ഒരു രാഷ്ട്രീയ നേതാവ് ഈ പുസ്തകത്തില്‍ നിറഞ്ഞു നില്‍ക്കുന്നു എന്നതാണ്. അത് മറ്റാരുമല്ല വിഎസ് തന്നെ.
വിഎസിനെ ആദരിക്കുന്നവര്‍, ഇകഴ്ത്തുന്നവര്‍… അങ്ങനെ രണ്ടു തരക്കാരുമുണ്ട് ഇതില്‍. തന്റെ കാലത്തേ വിഎസ് എങ്ങനെ സ്വാധീനിച്ചു എന്നതിന്റെ തെളിവായാണ് ഞാന്‍ ഈ വാക്കുകളെ കാണുന്നത്.
പിന്നെ വിഎസ്സിന്റെ രാഷ്ട്രീയ ജീവിതത്തിനു പകരമല്ല നമ്മുടെ ഏതു എഴുത്തുകാരന്റെയും ഏറ്റവും വലിയ കൃതിയും എന്ന് വിശ്വസിക്കുന്നത് കൊണ്ടു ചിലപ്പോഴൊക്കെ ചിലരുടെ വാക്കുകളോട് എനിക്ക് ഈറ തോന്നി. എന്നാല്‍ അത് തീര്‍ത്തും വ്യക്തിപരമായ ഇഷ്ടാനിഷ്ടത്തിന്റെ പ്രശ്‌നമാണെന്ന് സമ്മതിക്കുന്നു. എന്നാല്‍ മലയാളത്തിന്റെ എഴുത്തുകാര്‍ രാഷ്ട്രീയത്തില്‍ എത്ര മാത്രം ചവിട്ടി നില്‍ക്കുന്നു എന്നു കാണാന്‍ ആ വാക്കുകള്‍ ഇട നല്‍കുന്നുണ്ട്.
എന്തായാലും നമ്മള്‍ കടന്നു പോയ കാലത്തെ ജീവസ്സ് ഉള്ളതാക്കി തീര്‍ത്ത എഴുത്തുകാരെ കണ്ണാടിയില്‍ എന്ന വണ്ണം കാട്ടിത്തരുന്ന, തികച്ചും പാരായണക്ഷമമായ, ഹൃദ്യമായ ഒരു ഗ്രന്ഥമായി എഴുത്തുകാര്‍ എഴുതാത്തതിനെ നിസ്സംശയം കാണാം.
കുറിപ്പ് : കലവൂർ രവികുമാർ