ഓരോ ദുരൂഹമരണത്തിനു പിന്നിലും ഒരായിരം കഥകളുണ്ടായിരിക്കും.
ആടുകണ്ണൻ ഗോപിയുടെ മരണം അത്തരത്തിലുള്ള നിറംപിടിപ്പിച്ച പല
കഥകളുടെ വാതിലുകളായിരുന്നു തുറന്നിട്ടത്. ആരായിരുന്നു കൊന്നത്?
എന്തിനായിരുന്നു?
കേരളത്തിലെ എഴുപതുകളിലും എൺപതുകളുടെ ആദ്യവും ഇത്തരത്തിലുള്ളകൊലപാതകങ്ങൾ ധാരാളം അരങ്ങേറിയിരുന്നു. അന്നത്തെ രാഷ്ട്രീയസാഹചര്യത്തിൽ ചില കൊലപാതകങ്ങൾക്കു പുതിയ മാനങ്ങൾവന്നുകൊണ്ടിരുന്നു. ചൂഷകവർഗത്തെ എതിരിടാൻ ആയുധം കയ്യിലെടുത്തുകുറേപേർ രംഗത്തിറങ്ങിയപ്പോഴാണു കേരള രാഷ്ട്രീയത്തിൽ ചുവപ്പിനു
നിറം കൂടിയത്. പാവപ്പെട്ടവരുടെ ജീവിതം പ്രയാസത്തിലാക്കിയ
പലരുടെയും തലകൾ അറുക്കപ്പെട്ടു. ചിലരെ ഇതു പേടിപ്പിച്ചപ്പോൾ ചിലർക്കത് ആശ്വാസമായിരുന്നു. ചൂഷകവർഗത്തിന്റെ നീരാളിപ്പിടിത്തത്തിൽ നിന്നു ചിലർ മോചിക്കപ്പെട്ടു.
അത്തരമൊരു സാഹചര്യത്തിലായിരുന്നു ഗോപിയും കൊല്ലപ്പെട്ടത്.
സ്വാഭാവികമായും കൊലപാതകം നക്സലൈറ്റ് ആക്രമണമായി
ചിത്രീകരിക്കപ്പെട്ടു. ഗോപി കൊല്ലപ്പെടേണ്ടവനാണെന്നു നാട്ടുകാർക്ക്
അഭിപ്രായമുണ്ടായിരുന്നു. അധികാരത്തിന്റെയും പണത്തിന്റെയും
പിൻബലത്തിൽ അയാൾ പലരുടെയും ജീവിതം സ്വന്തം ഇഷ്ടത്തിനനുസരിച്ചു
മാറ്റാൻ ശ്രമിച്ചിരുന്നു. അതിനോടുള്ള ചെറുത്തുനിൽപ്പായിരുന്നോ
ഗോപിയുടെ കൊലപാതകം എന്നാണ് ടി. അജീഷ് എഴുതിയ ‘ആടുകണ്ണൻ
ഗോപി’ എന്ന നോവൽ അന്വേഷിക്കുന്നത്.
‘ചത്തിട്ടും അടയാത്ത’ ആ ആടുകണ്ണ് നോവലിലുടനീളം വായനക്കാരനെ
തുറിച്ചുനോക്കുന്നുണ്ട്. ആ കണ്ണാണു കഥകളെ പുതിയ സ്ഥലങ്ങളിലേക്കു
വായനക്കാരനെ കൊണ്ടുപോകുന്നത്. ചത്തിട്ടും അടയാത്ത ആ കണ്ണിനു
പറയാനുള്ളതു വായനക്കാരന്റെ നെഞ്ചിടിപ്പേറ്റും.
മലബാറിലെ, പ്രത്യേകിച്ചു കോഴിക്കോടു ജില്ലയിലെ
എഴുപത്–എൺപതുകളിലെ രാഷ്ട്രീയ–സാംസ്കാരിക–സാമ്പത്തിക
പശ്ചാത്തലത്തിലാണു ആടുകണ്ണന്റെ മരണത്തിന്റെ ദുരൂഹത പറയുന്നത്.
അന്നത്തെ ഭാഷ, ജീവിതം എന്നിവയെല്ലാം അതുപോലെ തന്നെ
ചിത്രീകരിക്കാൻ നോവലിസ്റ്റ് ശ്രമിച്ചിട്ടുണ്ട്.
ജനകീയ സാംസ്കാരികവേദിയുടെ നേതൃത്വത്തിൽ കോഴിക്കോട്ടു നടന്ന പല
സമരങ്ങളും പോരാട്ടങ്ങളും നോവലിൽ പശ്ചാത്തലമായി വരുന്നുണ്ട്. ഒരു
ചരിത്രനോവൽ കൂടിയാണു ആടുകണ്ണൻ ഗോപിയെന്ന് ഉറപ്പിച്ചു പറയാം.