യാഥാസ്ഥിതികമായ സാഹിത്യ നിരൂപണ ശൈലിയില്‍ നിന്നും തികച്ചും വ്യതിരിക്തമായ ഒന്നായിരുന്നു കൃഷ്‌ണന്‍ നായരുടേത്. പടിഞ്ഞാറന്‍ സാഹിത്യമെന്ന ലോകത്തിന്റെ കവാടം കേരളത്തിലെ വായനക്കാര്‍ക്ക് തുറന്നു കൊടുത്തു.
മലയാളകൃതികളുടെ മൂല്യം നിര്‍ണ്ണയിക്കുന്നതിന് വിശ്വസാഹിത്യത്തിലെ വിലപ്പെട്ട രചനകളുമായി അവയെ താരതമ്യം ചെയ്യുക എന്നതായിരുന്നു, ഈ നിരൂപകന്റെ രീതി. ‘ചെമ്മീന്‍ നല്ല പ്രേമകഥയാണെങ്കിലും ജാപ്പനീസ് എഴുത്തുകാരന്‍ യുക്കിയോ മിഷിമയുടെ ‘ദി സൗണ്ട് ഒഫ് ദി വേവ്‌സ്’ എന്ന നോവലിന് ഉത്‌കൃഷ്ടത കൂടും’ എന്നാവും തകഴിയുടെ കൃതിയെ വിലയിരുത്തുമ്പോള്‍ കൃഷ്‌ണന്‍ നായരുടെ വാക്കുകള്‍..
ലോകസാഹിത്യത്തിൽ അഗാധമായ അറിവുണ്ടായിരുന്ന അദ്ദേഹം തെക്കേ അമേരിക്ക മുതൽ യൂറോപ്പുവരെയും, ആഫ്രിക്ക മുതൽ ജപ്പാൻ വരെയുമുള്ള എഴുത്തുകാരെ കേരളത്തിലെ വായനക്കാർക്കു പരിചയപ്പെടുത്തി.
പാബ്ലോ നെരൂദ, മാർക്വേസ്, തോമസ് മാൻ, യമക്കാവ തുടങ്ങിയ വിശ്വസാഹിത്യകാരന്മാരെ മലയാളികളുടെ വായനാമേശ യിലെത്തിക്കുന്നതിൽ കൃഷ്ണൻ നായരുടെ പങ്കു ചെറുതല്ല.
സൗമ്യസ്വഭാവിയും ശാന്തനും ആഥിത്യമര്യാദക്കാരനുമായിരുന്ന കൃഷ്ണൻ നായർ സാഹിത്യ വിമർശനത്തിൽ രചിതാവിന്റെ പേരുനോക്കാതെ കണിശതയും വിട്ടുവീഴ്ചയില്ലായ്മയും ദയയില്ലായ്മയും പുലർത്തി.. ഏതൊരു എഴുത്തുകാരനെയും മുഖം നോക്കാതെ വിമർശിക്കുന്ന അദ്ദേഹത്തിന്റെ പാരമ്പര്യം അദ്ദേഹതിന്റെ കാലശേഷം അപ്രത്യക്ഷമായി എന്ന് വേണം പറയാൻ .വിമര്ശങ്ങളെ വലിയ എഴുത്തുകാർ അസഹിഷ്ണുതയോടെ വീക്ഷിച്ചിരുന്നെങ്കിലും ഉള്ളുകൊണ്ടു അവർക്കു കൃഷ്ണൻ നായരെ ബഹുമാനമായിരുന്നു . സ്വന്തം ലേഖനങ്ങളെപ്പോലും ‘സാഹിത്യ പത്രപ്രവർത്തനത്തിന്റെയും ഏഷണിയുടെയും ഒരു അവിയൽ’ എന്നു വിശേഷിപ്പിച്ച അദ്ദേഹം അനുബന്ധമായി, ‘അതുകൊണ്ടാണല്ലൊ, ചുമട്ടുതൊഴിലാളികൾവരെയും 35 വർഷമായി സാഹിത്യ വാരഫലം വായിക്കുന്നത്’ എന്നും കൂട്ടിച്ചേർത്തു. രസകരമായ രചനാശൈലിയും കുറിക്കു കൊള്ളുന്ന നർമവും മലയാളികളുടെ ജീവിത ശൈലിയെക്കുറിച്ചുള്ള നിശിതവും ഹാസ്യാത്മകവുമായ നിരീക്ഷണങ്ങളും സാഹിത്യ വാരഫലത്തെ വായനക്കാർക്കു പ്രിയങ്കരമാക്കി.
അതിഗഹനമായ വായനയുടെ ഉടമയായിരുന്നു കൃഷ്ണൻ നായർ. ഓട്ടോറിക്ഷാ ഡ്രൈവർമാർ മുതൽ കോളേജ് പ്രൊഫസർമാർ വരെയും നവ കവികൾ മുതൽ വിദ്യാർത്ഥികൾ വരെയും സാഹിത്യവാരഫലത്തിന്റെ പുതിയ ലക്കങ്ങൾക്കുവേണ്ടി കാത്തിരുന്നു. മലയാള സാഹിത്യത്തിൽ മൗലികമായ എഴുത്തുകാർ ഇല്ലെന്നും ടോൾസ്റ്റോയിയും തോമസ് മാനുമായി താരതമ്യപ്പെടുത്തുമ്പോൾ മലയാള സാഹിത്യകാരന്മാർ കുള്ളന്മാരാണെന്നും അദ്ദേഹം വിശ്വസിച്ചു.