മലയാളത്തിന്റെ പ്രിയകവിതകൾ – വൈലോപ്പിള്ളി
അവതാരിക: ഓ എൻ വി
വൈലോപ്പിള്ളിയുടെ ചരമത്തിനു ശേഷം ‘സമ്പൂര്‍ണ്ണകൃതികള്‍’ കൂടാതെ, തെരഞ്ഞെടുത്ത കവിതാസമാഹാരങ്ങള്‍ തന്നെ പലതുണ്ടായി. ഇനിയും ഉണ്ടാവും. ഒരര്‍ത്ഥത്തില്‍ അവ ഇനിയും വായിച്ചു തീരാത്ത കവിതകളാണ്. കാലം ഏറ്റുവാങ്ങിയ ആ കവിതകളില്‍ നിന്നു തെരഞ്ഞെടുത്ത പുതിയൊരു സമാഹാരമാണിത്. ‘കന്നി ക്കൊയ്ത്ത്’ മുതല്‍ ‘മകരക്കൊയ്ത്ത്’ വരെയുള്ള ഒരു നീണ്ട ജീവിതയാത്രയെ അടയാളപ്പെടുത്തുന്ന നാഴികക്കല്ലുകള്‍ പലതുണ്ട്. എത്രയെത്ര എണ്ണപ്പെട്ട കൃതികള്‍! ചില ലഘു കൃതികള്‍ പോലും മാറ്റിനിര്‍ത്താന്‍ വിഷമമുണ്ടാക്കുന്നു. ഉദാ: ”അരിയില്ലാഞ്ഞിട്ട്”, ”കവിയും സൗന്ദര്യബോധവും”. വൈലോപ്പിള്ളിക്കവിതയിലെ മുത്തുകള്‍ തന്നെയാണവ. തന്റെ കന്നിക്കൊയ്ത്തില്‍ത്തന്നെ പതിരില്ലാത്ത, കതിര്‍ക്കനമുള്ള കറ്റകള്‍ മാത്രം കാഴ്ച വച്ച ആ കാവ്യകര്‍ഷകന്റെ വിളവെടുപ്പിന്റെ സമൃദ്ധിയെപ്പറ്റി പുതിയ വായനക്കാരന് സമഗ്രമായൊരവബോധമുണ്ടാവാന്‍ ഈ സമാഹാരമുപകരിച്ചെങ്കില്‍ എന്നു മാത്രമാശിക്കുന്നു.
. ”മലയാള കവിതയിലെ യുഗപരിവര്‍ത്തനത്തിന് ”ഹരിഃശ്രീ” കുറിച്ച കവിനാദങ്ങളില്‍ ‘ശ്രീ’ തന്നെയാണദ്ദേഹ”മെന്ന ഡോ. എം. ലീലാവതിയുടെ അഭിപ്രായമനുസ്മരിച്ചുകൊണ്ട് പറയട്ടെ- ”കന്നിക്കൊയ്ത്ത്”, വൈലോപ്പിള്ളി മലയാളകവിതയുടെ നെറ്റിയില്‍ ചാര്‍ത്തിയ ആദ്യത്തെ ശ്രീതിലകമാണ്. വൈലോപ്പിള്ളിയുടെ ജീവിത ദര്‍ശനത്തിന്റെ സൗന്ദര്യാത്മകമായ ആദിസ്ഫുരണമതിലുണ്ട്. പില്‍ക്കാലത്തെഴുതിയ ഓരോ കവിതയിലും അതിന്റെ ക്രമികമായ വികാസമുണ്ട്. അതിന്റെ പരമശോഭയിലേക്കുള്ള പ്രയാണമാണ് ആ സര്‍ഗ്ഗ സപര്യയാകെത്തന്നെ. ആരും ഒരു നദിയിലൊന്നിലധികം തവണ മുങ്ങുന്നില്ല എന്നത് ജീവിതനദിയെ സംബന്ധിച്ചും നേരാണ്. ഓരോ നിമിഷവും മുന്നില്‍ കാണുന്ന നീരൊഴുകി നീങ്ങുന്നു. പിന്നാലെ പിന്നാലെ പുതിയ നീരൊഴുക്ക് വന്നുപോകുന്നു. വാഴ്‌വിന്റെ വയലേലകളിലും വിതയും കൊയ്ത്തും തലമുറകളിലൂടെ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. ഇന്നത്തെ കൊയ്ത്തുകാരെ മരണം കവര്‍ന്നു കൊണ്ടുപോയാലും പുതിയ വിതയേറ്റാനും, വിള കൊയ്യാനും പുതിയ കൊയ്ത്തുകാര്‍ വരുന്നു. ഈ സത്യം സൗന്ദര്യാത്മകമായി ആവിഷ്‌കരിച്ചിട്ട്, കവി ചോദിക്കുന്നു, നമ്മെക്കൊണ്ട് ചോദിപ്പിക്കുകയും ചെയ്യുന്നു:
ജീവിതത്തിന്‍ കൊടിപ്പടം താഴ്ത്താന്‍?”
‘
പഥേര്‍ പാഞ്ചാലി’യിലെ ദുര്‍ഗ്ഗ എന്ന പെണ്‍കിടാവിന്, അയലത്തെ തൊടിയില്‍ നിന്നൊരു പഴുത്ത പേരയ്ക്ക എടുത്തു തിന്നതിന് അമ്മയുടെ കൈയില്‍ നിന്ന് തല്ലും ശകാരവും കിട്ടുന്നതും, പിന്നെ അകാലത്തില്‍ ദുര്‍ഗ്ഗയെ മരണം അപഹരിച്ചപ്പോള്‍ ആ കുടുംബമാകെ തീരാദുഃഖത്തില്‍ മുഴുകുന്നതും മറ്റും ആ ചലച്ചിത്രത്തിലാദ്യമായി കണ്ടപ്പോള്‍, ഞാന്‍ വൈലോപ്പിള്ളിയുടെ ‘മാമ്പഴ’ത്തിലെ സമാനമായ ആ ദുരന്ത ദുഃഖമോര്‍ത്തിരുന്നുപോയി. വെറും ഒരു മാമ്പഴംകൊണ്ട് മലയാള മനസ്സിനാകെ മധുരം പകര്‍ന്ന കവി എന്നു വൈലോപ്പിള്ളി വിശേഷിപ്പിക്കപ്പെട്ടതിലത്ഭുതമില്ല.
വൈലോപ്പിള്ളി, ചന്ദ്രന്റെ ചിരിയായ നിലാവിനെക്കണ്ട് ആഹ്ലാദിക്കുമ്പോഴും, അതിന്റെ മറുഭാഗത്തുണ്ടാകാവുന്ന കരിനിഴല്‍പ്പാടുകളെക്കുറിച്ചു സങ്കല്പിക്കുകയും, അതില്‍ വ്യാകുലനാവുകയും ചെയ്യുന്നു. ഏതിന്റെയും മറുപുറം കൂടി കണ്ടറിഞ്ഞാലേ സത്യത്തിന്റെ ദര്‍ശനം പൂര്‍ത്തിയാവൂ. ആ വിശ്വാസം അസുഖകരമായ അനുഭവങ്ങളിലേക്കു നയിച്ചെന്നു വരാം. എന്നാലും, വൈലോപ്പിള്ളി സത്യത്തിന്റെ സമഗ്ര ദര്‍ശനം തേടുന്നു. എന്തിനെപ്പറ്റിയും പുകഴ്ത്തിയും ഇകഴ്ത്തിയും മാറിമാറിപ്പറയുന്ന ചപലമോ ചഞ്ചലമോ ആയ കാല്പനികസ്വഭാവത്തിന്റെ മറുദിശയിലായിരുന്നു വൈലോപ്പിള്ളി. സ്വന്തം ഭര്‍ത്താവിനെ ഉപേക്ഷിച്ച് തന്റെ അമ്മ മറ്റൊരാളെ വേള്‍ക്കുകയുണ്ടായെന്ന സത്യം എത്ര കയ്പുറ്റതായാലും, വേദനിപ്പിക്കുന്നതായാലും കവി അതുമായി പൊരുത്തപ്പെടുന്നു.
സ്വീകരിച്ചിതെന്നമ്മ മറ്റൊരുത്തനെ ക്രമാല്‍.”
(ആ ”മറ്റൊരുത്തനെ” എന്ന പ്രയോഗത്തിലെ അനാദരവ് ശ്രദ്ധേയം.)
”പഴവുമുപ്പേരിയും തന്‍പരാതിയുമായി
വഴിയില്‍ കാത്തേ നിന്നൂ വാത്സല്യനീതന്‍ താതന്‍.”
അത്രിപത്‌നിയായ അനസൂയ ആശ്രമവാടത്തിലെത്തിയ സീതയെ അംഗരാഗവും ആടയാഭരണങ്ങളുമൊക്കെ നല്‍കി സല്‍ക്കരിച്ചിട്ട്, ഒരു സ്വകാര്യമോഹം പ്രകടിപ്പിക്കുന്നു – പണ്ട് സ്വയംവരപ്പന്തലി ലേയ്ക്കാനയിക്കപ്പെട്ട മുഹൂര്‍ത്തത്തിലെ നവവധൂ വേഷത്തില്‍ സീതയെ തനിക്കു കാണണമെന്ന്! ചിരകാലവ്രതകാര്‍ക്കശ്യം കൊണ്ടൊന്നും വറ്റിപ്പോകുന്നതല്ലാ മാതൃവാത്സല്യമെന്ന മഹനീയ സത്യമാണ് വൈലോപ്പിള്ളി ”ഉജ്ജ്വലമുഹൂര്‍ത്ത”ത്തിലൂടെ ആവിഷ്‌കരിക്കുന്നത്. കവിയുടെ സര്‍ഗ്ഗസപര്യയിലെ ഒരു സമുജ്ജ്വല മുഹൂര്‍ത്തത്തില്‍ പിറന്ന കവിതയത്രേ ഉജ്ജ്വലമുഹൂര്‍ത്തം.
വൈലോപ്പിള്ളിക്കു ശാസ്ത്രബോധവും, ചരിത്രബോധവും, സൗന്ദര്യബോധവും പരസ്പരപൂരകങ്ങളാണ്. കലകളെയും മാനവിക വിഷയ ങ്ങളെയും ആസ്പദമാക്കിയുള്ള സംസ്‌കാരവും, ശാസ്ത്രസാങ്കേതിക വിഷയങ്ങളിലധിഷ്ഠിതമായ സംസ്‌കാരവും, വലിയൊരു വിടവ് സൃഷ്ടിച്ചുകൊണ്ട് തമ്മിലകന്നുപോകുന്നു എന്നു നിരീക്ഷിച്ച സി.പി. സ്‌നോ പോലും, സംഗീതത്തിന് ‘ശാപമോക്ഷം’ നല്‍കിയിട്ടുണ്ട്. കാരണമുണ്ട്: സംഗീതമെന്നത് ‘അല്പം കാറ്റും അല്പം കണക്കു’മാണല്ലോ! അങ്ങനെ ഗണിതശാസ്ത്രത്തിന്റെ പൊയ്ക്കാലിന്മേല്‍ വേണം സംഗീതകലയുടെ അതിജീവനം! എന്നാല്‍ വൈലോപ്പിള്ളിയുടെ കവിഭാവനയെ ശാസ്ത്രം പോറലേല്പിച്ചില്ലെന്നല്ല, കൂടുതല്‍ നിശിതമാക്കുക കൂടി ചെയ്തിട്ടുണ്ട്. ഡോ. സോമര്‍ വെല്ലിനെപ്പോലെ വിശ്രുതനായൊരു സര്‍ജന്‍, ഒരു ജീവനെ രക്ഷിക്കാനായിട്ടായാലും തന്റെ കത്തി മൂലം ഒരു പാവം മനുഷ്യനുണ്ടായ വേദനയെ മുരളീനാദത്തിലൂടെ പൊറുപ്പിക്കുന്ന കഥ വെറുതേ പറയുകയല്ല, കലയെയും ശാസ്ത്രത്തെയും സമന്വയിക്കുന്ന ഒരു വീക്ഷണമതിലുണ്ട്.”കത്തിയാല്‍, മരുന്നിനാല്‍,
മാറാത്ത നോവും മാറ്റാ-
നൊത്തിടാമൊരുല്‍കൃഷ്ട-
ഭാവഹര്‍ഷത്താല്‍ മാത്രം!
ഈ കവി വിദൂരസ്ഥലകാലങ്ങള്‍ താണ്ടി മനുഷ്യരാശിയോടൊപ്പം മനഃസഞ്ചാരം നടത്തിയിട്ടുണ്ട്. ‘കൊറിയയില്‍, സീയൂളില്‍’, ‘ഇരുളില്‍’ എന്നീ കവിതകള്‍ യഥാക്രമം കൊറിയയുടെയും ആഫ്രിക്കയുടെയും വിമോചനപ്പോരാട്ടങ്ങളില്‍ ധീരസാഹസികമായി ആത്മബലിയര്‍പ്പിച്ചവരുടെയടുത്തേക്കു നമ്മെ കൊണ്ടുപോകുന്നു. സീയൂളിലെ അഭിമാനിനിയായ ആ തന്വിയിലൂടെയും, ആഫ്രിക്കയിലെ പാട്രിസ് ലുമുംബയിലൂടെയും മോചനത്തിന്റെ ബലിക്കല്ലിലര്‍പ്പിക്കപ്പെട്ട മനുഷ്യജന്മങ്ങളെയാകെ കവി ഓര്‍മ്മിപ്പിക്കുന്നു. വെടിയുണ്ടയ്ക്കിരയാവുന്നതിനു തൊട്ടുമുമ്പ് ആ കൊറിയന്‍ വധു പാടുന്ന പ്രേമഗാനം ഏതു രാജ്യത്തെയും ധീരോദാത്തമായ സ്വാതന്ത്ര്യാഭിമാനത്തിന്റെ ഗാനമാണ്. വൈലോപ്പിള്ളിക്ക് ചരിത്രത്തിലെ ചാരുദൃശ്യങ്ങളിലൊന്നാണ് കാറ്റില്‍ കരിയില പോലെമ്പാടും പാറിയലഞ്ഞ യഹൂദര്‍ക്കു കേരളം ഒരുക്കിക്കൊടുത്ത ആവാസസ്ഥാനം.
പണ്ടു പിതൃഭൂവില്‍നിന്നും
പുറംതള്ളപ്പെട്ടു പുകഴ്-
ക്കൊണ്ടൊരു സംസ്‌കാരത്തിന്റെ
വാണിഭമേറ്റി,
കാറ്റുകള്‍ക്കു കളിപ്പാട്ട-
മായ പായക്കപ്പലേറി,
കാവല്‍ നില്‍ക്കും താരകള്‍ തന്‍
സൂചന നോക്കി”
”നീളെയുണ്ടാം പല ശൈല-
കൂടമെല്ലാം യഹോവായില്‍
നീല നിലയങ്കിയിലേ
ചെന്നു മുത്തുന്നു”
എന്ന സത്യമുണ്ടല്ലോ, അതിന്നു ചവുട്ടിയരക്കപ്പെടുന്നു എന്നത് മറ്റൊരു സത്യം! പുരാതന റോമിലെ അങ്കത്തട്ടുകളില്‍, വിശക്കുന്ന സിംഹങ്ങള്‍ക്കു മുന്നിലേക്കെറിയപ്പെട്ട യഹൂദന്റെ നിലവിളി ചരിത്ര ത്തിന്റെ അകഗുഹകളില്‍നിന്ന് ഇന്നും മുഴങ്ങുന്നു. ഹിറ്റ്‌ലറുടെ ഗ്യാസ് ചേമ്പറില്‍ നിന്ന് അതേ നിലവിളി കഴിഞ്ഞ നൂറ്റാണ്ടില്‍ നാം കേട്ടതാണ്. ആന്‍ഫ്‌റാങ്ക് എന്ന യഹൂദബാലിക അവളുടെ നിഷ്‌കളങ്കമായ ഡയറിക്കുറിപ്പുകളിലൂടെ നമ്മെയും കരയിച്ചിട്ടില്ലേ? പക്ഷേ, ഇന്ന് യഹൂദ ഭരണാധികാരികളുടെ പീഡനത്തിനു വിധേയമായ മനുഷ്യജന്മങ്ങളുടെ നിലവിളി പലസ്തീനില്‍ നിന്നുയരുമ്പോള്‍, ചരിത്രം ഒരു പെരുമ്പാമ്പിനെപ്പോലെ വളഞ്ഞും പുളഞ്ഞുമിഴയുകയാണെന്ന് നമുക്കു തോന്നിയേക്കാം. വിട വാങ്ങുന്ന ജൂതരുടെ സ്വഗതാഖ്യാനമായ ഈ കവിത വായിക്കുന്ന ഏതു കേരളീയനുമഭിമാനത്തോടെ ഓര്‍ക്കാം- നമ്മുടെ മണ്ണ് ജൂതനും അറബിക്കും ‘സോദരത്വേന വാഴുന്ന മാതൃകാസ്ഥാന’മാണൊരുക്കിയതെന്ന്.”മനസ്സിലെന്നുമുണ്ടാവട്ടെ” എന്നു കവി ആശിച്ച ഇത്തിരി കൊന്നപ്പൂവും, പിന്നെ, തുമ്പയും മുക്കുറ്റിയും പൂക്കൈതയും കാശിത്തുമ്പയും പിച്ചിപ്പൂവുമെല്ലാം നിറഞ്ഞ തോട്ടത്തിലാണ് വൈലോപ്പിള്ളിയുടെ കവി ഭാവന വിഹരിക്കുന്നത്- എന്നാല്‍, ലില്ലിപ്പൂക്കളെപ്പറ്റി പാടുമ്പോള്‍, കവി അത്യപൂര്‍വങ്ങളായ അനുഭൂതി മേഖലകളിലേക്കു നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു. ”ഏതോ പ്രാര്‍ത്ഥനാമണിനാദം കേട്ടിളം നക്ഷത്രങ്ങളുണരുന്നതു പോലെ, കൂട്ടിലെത്തൈമുട്ടകള്‍ വിരിയുന്നതുപോലെ” അവ വിടരുമ്പോള്‍, ”അനുരാഗിണിയായ കന്യതന്‍ ശ്വാസം പോലെ അതിപാവനമായ ഗന്ധവുമായി” അവ മുന്നില്‍ വിടര്‍ന്നു നില്ക്കുമ്പോള്‍,” ദിവ്യദര്‍ശനമൊന്നു കണ്ടു നില്പതുപോലെ കവിക്കനുഭവപ്പെടുന്നു. മറ്റൊരിടത്ത് ലില്ലിപ്പൂക്കളെ ഋഷികന്യകമാരായും കവി കാണുന്നു. ”കലഹിച്ച കാലത്തിലാവഴി പോകും പൗരകമനീ കമനര്‍ക്കു തമ്മിലുള്‍പ്രേമം ചേര്‍ക്കാന്‍” ആ കണ്ണുകളില്‍ ഗൂഢമായെഴുതുന്ന ‘ഗന്ധദ്രവം’ ഈ പൂക്കളില്‍ കവി (ഷേക്‌സ്പിയറുടെ Midsummer Nights Dreamലെ കഥാതന്തു അനുസ്മരിച്ചു കൊണ്ട്) കണ്ടെത്തുന്നു.
വിശ്വത്തിന്റെ ഏതു കോണില്‍ നിന്നും, ലില്ലിപ്പൂക്കളെപ്പോലെ ”മുന്തിയ വിരുന്നുകാരായി” കല്പനകളും ഇമേജുകളും വൈലോപ്പിള്ളിക്കവിതയില്‍ സ്വഛന്ദം കടന്നു വരുന്നു.
ഒരു മദയാനയുടെ മനസ്സിലൂടെ പ്രാകൃതകാമനകളുടെ കാനന പ്രവേശം നടത്തുന്ന ‘സഹ്യന്റെ മകന്‍’ മലയാളത്തിലുണ്ടായിട്ടുള്ള അപൂര്‍വസുന്ദരമായ ഒരു ദുരന്തകാവ്യമാണ്. ഉത്സവത്തിനിടയ്ക്ക് മദം പൊട്ടിയ ആനയെ വെടിവച്ചു വീഴ്ത്തിയപ്പോള്‍, എമ്പാടും നെട്ടോട്ടമോടിയ ആളുകള്‍ക്കും ക്ഷേത്രാധികാരികള്‍ക്കും ആശ്വാസം തോന്നിയിരിക്കാം. പക്ഷേ, കവിതയുടെ പര്യവസാനത്തില്‍, ആ മദയാനയുടെ മരണവിളി പുത്രസങ്കടം സഹിയാത്ത സഹ്യന്റെ ഹൃദയത്തില്‍ ‘ചെന്നു മാറ്റൊലിക്കൊണ്ടൂ’ എന്നു വായിക്കുമ്പോള്‍, നമ്മുടെ സഹാനുഭൂതി ആ (പാവം) മദഗജത്തിലേക്കും, അതിന്റെ ദുരന്തത്തില്‍ നിശ്ശബ്ദ ദുഃഖമനുഭവിക്കുന്ന സഹ്യനിലേക്കും നീളുന്നു. അപൂര്‍വവും മൗലികവുമായ ശോഭ കൊണ്ട് ഈ കവിത വേറിട്ടു നില്‍ക്കുന്നു.
‘
‘അരിയവളപ്പിന്നര്‍ബ്ബുദമായാ സര്‍പ്പവനത്തെക്കണ്ട്” അഗ്നി കൊളുത്തി നിലമൊരുക്കി തെങ്ങും വാഴയും അടയ്ക്കാമരവും നട്ടു നനച്ചതിന്റെ കഥ പറയുന്ന ”സര്‍പ്പക്കാട്” ഒരു പരിസ്ഥിതിവിരുദ്ധ ക്കവിതയാണെന്ന്, വാച്യാര്‍ത്ഥത്തിനപ്പുറം പോകാന്‍ കഴിയാത്ത വര്‍ക്കു തോന്നിയേക്കാം. നാം സംരക്ഷിക്കാന്‍ കടപ്പെട്ട കാവും കാടുമൊന്നുമല്ലാ, അന്ധവിശ്വാസങ്ങളുടെ കുടിയിരിപ്പുകളാണ് വെട്ടിനശിപ്പിക്കാന്‍ കവി ആവശ്യപ്പെടുന്നതെന്ന് അസന്നിഗ്ധമായി വെളിപ്പെടുത്തുന്ന ഈരടികളതിലുണ്ട്.
അന്ധതയില്‍ കുടിവച്ചു പെരുത്തൊരു
ദേവതമാരേ! നിങ്ങടെ പടലാല്‍
നൊന്തുഞെരങ്ങീ മാനവജീവിത-
മഗ്നി കൊളുത്തുകയായീ ഞങ്ങള്‍!
പോരെങ്കില്‍, പുതിയ തലമുറയോട് കവി പറയുന്നു:
ഒട്ടും പേടിക്കേണ്ടെന്‍ മകനേ!
മണ്ണറ പൂകിയ ഞാഞ്ഞൂളുകള്‍ തന്‍
പുറ്റുകളാ,ണിവയല്ലോ നമ്മുടെ
പുതിയ യുഗത്തിലെ നാഗത്താന്മാര്‍!
ഇതോടൊപ്പം ചേര്‍ത്തു വായിക്കാവുന്നൊരു കവിതയാണ് ‘മല തുരക്കല്‍’. മനുഷ്യാദ്ധ്വാനത്തിന്റെ മഹനീയതയില്‍ വിശ്വസിക്കു ന്നൊരു കവിക്കു മാത്രമേ അതെഴുതാന്‍ കഴിയൂ.
‘യുഗപരിവര്‍ത്തനവും’ ‘കണ്ണീര്‍പ്പാട’വും പരസ്പരപൂരകങ്ങളായ കവിതകളാണ്. നഗരത്തെയപേക്ഷിച്ച് ജീവിതതാളം മന്ദഗതിയി ലാണെന്നു നാം കരുതാറുള്ള നാട്ടുമ്പുറത്തുപോലും വന്നലയ്ക്കുന്ന മാറ്റങ്ങള്‍, സുന്ദരമായ ചില ‘മിനിയേച്ചര്‍’ ചിത്രങ്ങളിലെന്ന മാതിരി ഈ കൃതികളില്‍ പ്രത്യക്ഷപ്പെടുന്നു. നാട്ടിന്‍പുറത്തെ വയലോരത്തു കൂടി സഞ്ചരിക്കുന്ന കവിയും പത്‌നിയും കാണുന്ന രണ്ടു ദൃശ്യങ്ങള്‍ അടുത്തടുത്തുവച്ചു പരിശോധിക്കാം:
മുന്‍നിലയ്‌ക്കൊഴിഞ്ഞുവന്ദിച്ചൊരാക്കുടിക്കാരന്‍
ഒന്നു ഞാന്‍ തിരിഞ്ഞു നോക്കീടവേ കാണായ്, ക്രൂരം
തന്‍ നെടുംകരമുഷ്ടി ചുരുട്ടിയുയര്‍ത്തുന്നൂ!
ഞാനതു കാണ്‍കെ,ത്തല ചൊറിയും ഭാവത്തോടും
മ്ലാനമാം ചിരിയോടും നടന്നാനവന്‍ വീണ്ടും.
(യുഗപരിവര്‍ത്തനം)
എല്ലാം കണ്ടതാ തെക്കേ-
ത്തുരുത്തിലൊരുകൊച്ചന്‍
കല്ലുപോലിരിക്കുന്നു.
എത്ര നിര്‍വികാരമി-
പ്പുതുതാം തലമുറ!
ഇത്തിരി ദൂരം മാറി-
നിന്നു നാമീറന്‍ മാറ്റാന്‍!
(കണ്ണീര്‍പ്പാടം)
പിന്നില്‍ നിന്ന് മുഷ്ടി ചുരുട്ടിയുയര്‍ത്തുകയും, മുമ്പില്‍ നിന്ന് തല ചൊറിഞ്ഞു മ്ലാനമായി ചിരിക്കുകയും ചെയ്യുന്നവന്റെ ഭാവപ്പകര്‍ച്ച യില്‍ ഒരു കാലപ്പകര്‍ച്ചയുടെ ചിത്രമാണ് നാം കാണുന്നത്. രണ്ടാമ ത്തേതില്‍ തീര്‍ത്തും നിര്‍വികാരവും നിരാര്‍ദ്രവുമായ ഒരു തലമുറ യാവിര്‍ഭവിച്ചു കഴിഞ്ഞതിന്റെ ചിത്രവും!
മാറുന്ന കാലാവസ്ഥയോടു പ്രതികരിച്ചു പാടുന്ന ഋതുബോധമുള്ള ഒരു പക്ഷി വൈലോപ്പിള്ളിക്കവിതയിലുണ്ട്. ‘പരിണാമഗാഥ’യെഴുതിയത്, തൃശൂരിന്റെ പ്രാന്തപ്രദേശമായ കുറ്റൂര്‍ ദേശത്തെ അധികരിച്ചാണെങ്കിലും, കേരളത്തിലെയും ലോകത്തിലെയാകെത്തന്നെയും മാറ്റങ്ങള്‍ സുസൂക്ഷ്മമായി നിരീക്ഷിക്കുന്ന ഒരു കവിയെന്ന നിലയ്ക്ക് അദ്ദേഹത്തിന്റെ കവിതകള്‍ പലതും ‘പരിണാമഗാഥകളാ’ണ്. ലോകത്തിന്റെ ഏതോ കോണില്‍ സംഭവിക്കുന്ന ദുരന്തത്തിന്റെ സങ്കടവും, സമാധാനത്തിനും സമൃദ്ധിക്കും വേണ്ടിയുള്ള മനുഷ്യയത്‌നങ്ങളുടെ സാഫല്യത്തിനായുള്ള പ്രാര്‍ത്ഥനകളും, ജീവിതത്തിന്റെ കൊടിപ്പടം താഴുകയില്ലെന്നുള്ള ശുഭകാമനയും എല്ലാം ഉള്‍ച്ചേര്‍ന്ന ദര്‍ശനത്തിന്റെ തിളക്കം ഈ കവിതകളിലുണ്ട്. ”കവിയും സൗന്ദര്യ ബോധവും” പോലെയുള്ള കൊച്ചുകവിതകളിലും സ്വന്തം കാവ്യാഭിവീക്ഷണം മ
ന്ത്രത്തകിടിലെന്ന പോലെ കുറിച്ചുവച്ചിട്ടുണ്ട്. സമൂഹത്തെ ബാധിക്കുന്ന ഏറ്റവും വലിയ വ്യാധിയായ ദാരിദ്ര്യത്തെപ്പറ്റി, നിസ്സംഗമായി പറയുന്ന ഒരു ക്രൂരഫലിതം പോലെയുള്ള ”അരിയില്ലാഞ്ഞിട്ട്” എന്ന കൊച്ചുകവിതയും വായനക്കാരില്‍ ശക്തമായൊരാഘാതമേല്‍പിക്കുന്നു.
മനസ്സിലങ്കുരിക്കുന്ന ഭാവങ്ങള്‍ വാങ്മയരൂപമാര്‍ജ്ജിക്കുമ്പോള്‍, അതിന് വന്യമായൊരു വളര്‍ച്ച(wild growth)യല്ലാ, വൈലോപ്പിള്ളി ക്കവിതയില്‍ സംഭവിക്കുന്നത്. കാണെക്കാണെ പടര്‍ന്നുപന്തലിക്കുന്ന ഒരു അരയാലിന്റെ ചേലുള്ള പി.കുഞ്ഞിരാമന്‍
ചെറുപൂമ്പാറ്റേ! നിന്‍ ചിറകില്‍?
ഒറ്റയൊറ്റക്കവിതകളെപ്പറ്റിയുള്ള വര്‍ത്തമാനം ഇനി സമാപിപ്പിക്കട്ടെ. അതിനുമുമ്പ്, ഈ സമാഹാരത്തില്‍ പൂര്‍ണ്ണമായൊതുക്കാനാവാത്ത ”കുടിയൊഴിക്കലി”നെപ്പറ്റിക്കൂടി രണ്ടു വാക്ക്: ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ മലയാളകവിതയിലെന്നല്ലാ, ഭാരതീയ കവിതയിലാകെത്തന്നെയുണ്ടായ ഏറ്റവും പ്രധാനപ്പെട്ട കൃതികളിലൊന്നാണ് ”കുടിയൊഴിക്കല്‍”. വര്‍ഗ്ഗ സ്വഭാവങ്ങളും, വര്‍ഗ്ഗബന്ധങ്ങളും സൂക്ഷ്മമായും സൗന്ദര്യാത്മകമായും ഇഴ പേര്‍ത്തെടുത്തു കാട്ടുന്ന കൃതിയാണത്. അതിലെ ”ചീവീടുകളുടെ പാട്ട്” എന്ന അവസാന ഭാഗം ഒരര്‍ത്ഥത്തില്‍ കവിയുടെ സത്യവാങ്മൂലമാണ്.
ലൊറ്റ മാനുഷന്‍ മാഴ്കിടും കാലം
നിദ്ര ചെയ്‌വീല നിത്യശാന്തിക്കായ്
മൃത്യുവിന്‍ മടി പൂകിയോരാരും!”
എല്ലാ പരിവര്‍ത്തനങ്ങളും ”സ്‌നേഹസുന്ദരപാതയിലൂടെ” യായെങ്കില്‍ എന്നാശിക്കുന്ന കവി ”ദേവലോകം തുറന്നിടും താക്കോല്‍/കേവലം മണ്‍തുരുമ്പില്‍ കിടപ്പൂ” എന്നു ചൂണ്ടി ക്കാട്ടുന്നു. ആ ദേവലോകം തന്നെയല്ലേ, വിപ്ലവതത്ത്വശാസ്ത്ര ങ്ങള്‍ വരച്ചുകാട്ടുന്ന വാഗ്ദത്ത ഭൂമി? എങ്കില്‍, അവിടേക്കുള്ള മഹാപ്രസ്ഥാനങ്ങള്‍ക്കു മംഗളം നേര്‍ന്ന് ഊര്‍ദ്ധ്വബാഹുവായി നില്ക്കുന്ന ഒരു കവിയെയാണ് നാം ‘കുടിയൊഴിക്കലി’ല്‍ കാണുന്നത്.
Buy: https://greenbooksindia.com/vailoppally-sreedhara-menon