കൈത്തഴമ്പ് – തകഴിയും മാന്ത്രികകുതിരയും എന്ന കവിതയെകുറിച്ച് മധുസൂദനൻ.
(ലോകതലത്തിലുള്ള പ്രശസ്ത ചിത്രകാരനാണ് മധുസൂദനൻ . ലോകത്തിലെ പ്രശസ്തമായ പല ഗാലറികളിലും മധുസൂദനന്റെ ചിത്രങ്ങൾ ഉണ്ട് . കേരള ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മധുസൂദനൻ സംവിധാനം ചെയ്ത ബൈയോസ്കോപ് എന്ന ചിത്രത്തിന് അഞ്ചു പുരസ്‌കാരങ്ങളും സ്പെഷ്യൽ ജൂറി പുരസ്കാരവും ലഭിക്കുകയുണ്ടായി.)
‘കൈത്തഴമ്പ്’ എഴുതാന്‍ പ്രേരണയായത് കെജിഎസും കെജിഎസിന്റെ ‘തകഴിയും മാന്ത്രികക്കുതിരയും’ എന്ന കവിതയുമാണ്. ഇത് കവിതയുടെ അനുഭവക്കുറിപ്പു മാത്രമാണ്. ഡോറിസ് സാല്‍സിദോയുടെ വര്‍ക്കുകള്‍ പല ഗാലറികളിലായി ഇതിനുമുമ്പ് കണ്ടിട്ടുണ്ട്. ആ വര്‍ക്കുകള്‍ക്കും കെജിഎസിന്റെ കവിതകള്‍ക്കും തര്‍ക്കോവ്‌സ്‌കിയുടെ സിനിമകള്‍ക്കും കുമാരനാശാനും എന്നില്‍ വളരെയധികം സ്വാധീനം ചെലുത്താന്‍ കഴിഞ്ഞിട്ടുണ്ട് എന്ന് ഞാന്‍ മനസ്സിലാക്കുന്നത് ഈ ലേഖനം എഴുതുമ്പോഴാണ്.
കുട്ടനാടിനെക്കുറിച്ചു പ്രശസ്തമായ ഒരു പുരാണകഥയുണ്ട്. മഹാഭാരതത്തിലെ ഖാണ്ഡവദാഹം എപ്പിസോഡുമായി ബന്ധപ്പെട്ടുകൊണ്ടുള്ള മറ്റൊരു തീക്കഥ. ഐതിഹ്യങ്ങളിലും പുരാണങ്ങളിലും കുട്ടനാട് ഒരു വന്‍ കാടായി സങ്കല്പിക്കപ്പെട്ടിരുന്നു. പാണ്ഡവര്‍ ഇന്ദ്രപ്രസ്ഥത്തില്‍ താമസിക്കുമ്പോള്‍ വേനലിന്റെ കെടുതി അസഹ്യമായിത്തീര്‍ന്നു. അവര്‍ ചെന്നതു ഭംഗിയുള്ള പൊയ്കകളും പക്ഷിമൃഗാദികളും സസ്യലതാദികളും മനോഹരങ്ങളായ പുഷ്പങ്ങളും വന്‍വൃക്ഷങ്ങളുടെ തണലുകളും നിറഞ്ഞ കുട്ടനാടെന്ന നിബിഡ വനത്തിലേക്കായിരുന്നു.
കുട്ടനാട്ടില്‍ പാണ്ഡവര്‍, പൊയ്കയില്‍ ജലക്രീഡ ചെയ്തും വൃക്ഷത്തണലുകളിരുന്നും സന്തോഷകരമായി ജീവിച്ചുവരുമ്പോള്‍ അവിടേയ്ക്ക് അഗ്നിദേവന്‍ കടന്നുവന്നു. അയാള്‍ അവരെ തന്റെ പൂര്‍വകഥകള്‍ കേള്‍പ്പിക്കുകയും കുട്ടനാട് ഭക്ഷിക്കുന്നതിന് സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തു. എങ്ങനെയായാലും അഗ്നി ദേവന്റെ വിശപ്പ് ശമിപ്പിക്കാന്‍ വേണ്ടത് ചെയ്യാമെന്ന് പാണ്ഡവരും ശ്രീകൃഷ്ണനും സമ്മതിക്കുകയും ചെയ്തു.
കുട്ടനാട് കത്താന്‍ തുടങ്ങി. കത്തുന്ന കാട്ടില്‍ നിന്നു രക്ഷപ്പെടുവാന്‍ വഴിയില്ലാതെ ജീവജാലങ്ങള്‍ ചാവാനാരംഭിച്ചു. കുട്ടനാടിനെ രക്ഷിക്കാനായി ഇന്ദ്രന്‍ യുദ്ധസന്നദ്ധനായി, ആകാശത്തു കാര്‍മേഘങ്ങളെ സൃഷ്ടിച്ചു, മഴപെയ്യിച്ചു. അര്‍ജ്ജുനന്‍ ശരകൂടം നിര്‍മ്മിച്ച് അഗ്നിയെ മഴവെള്ളത്തില്‍ നിന്നും രക്ഷിച്ചു കൊണ്ടിരുന്നു. ഇങ്ങനെയാണ് കുട്ടനാട് എന്ന ഹരിതവനം കത്തിയമര്‍ന്നത്. ഈ കഥയുടെ തെളിവുകള്‍ പോലെ കുട്ടനാട്ടിലെ ആറുകളില്‍നിന്നും പുഴകളില്‍ നിന്നും കത്തിയ, വലിയ കറുത്ത മരത്തടികള്‍ കണ്ടെത്തിയിട്ടുണ്ട്. ഈ മരത്തടികളെ ‘കാണ്ടാമരം’ എന്നാണ് വിളിക്കുന്നത്. ചുട്ടനാട് കുട്ടനാടെന്നും അറിയപ്പെടാന്‍ തുടങ്ങി. കുട്ടനാട്ടിലെ പല സ്ഥലനാമങ്ങളും കത്തിയമര്‍ന്ന കരി ചേര്‍ന്നതാണ്.
കൈനകരി, മാമ്പഴക്കരി, ഊരിക്കരി, മിത്രക്കരി, ചങ്ങന്‍കരി, ചേന്നങ്കരി, പാണ്ടന്‍കരി, രാമന്‍കരി, ഓല്തറകരി, പടിഞ്ഞാറെകരി, മേനോന്‍കരി, തുരുത്തുമാലില്‍ കരി, പാഴ്‌മേടുമേല്‍ക്കരി, പുത്തന്‍ കേളന്‍കരി, നാറാണത്തുകരി ഇങ്ങനെ പല കരിസ്ഥലങ്ങള്‍ ഒന്നുചേര്‍ന്ന നാടാണ് കുട്ടനാട്. വരയ്ക്കാനായി എനിക്ക് ചാര്‍ക്കോള്‍ (കരി കൊണ്ടുണ്ടാക്കുന്ന ചോക്കുകഷണങ്ങളും പെന്‍സിലുകളും) കിട്ടിയിരുന്നത് ഈ പ്രദേശങ്ങളില്‍ നിന്നായിരിക്കണം.
ഈ കരിനിലങ്ങളുടെ അടുത്തായിരുന്നു തകഴി എന്ന പ്രദേശം. തകഴിയിലെ കര്‍ഷകനും അഭിഭാഷകനും എഴുത്തുകാരനുമായ തകഴിച്ചേട്ടനാണ് കെജിഎസിന്റെ ‘തകഴിയും മാന്ത്രികക്കുതിരയും’ എന്ന കവിതയില്‍ വയല്‍ ആരോ കട്ടു കൊയ്യുന്നുവെന്ന് പേടിസ്വപ്നം കണ്ടു ഞെട്ടിയുണരുന്നത്.
ആന്ദ്രെ തര്‍ക്കോവ്‌സ്‌കിയുടെ (Andrei Tarkovsky) സിനിമകളിലെ സ്വപ്നദൃശ്യം പോലൊന്ന്. കെജിഎസ് കവിതകളിലെ പതിവു സൂക്ഷ്മതകളോടെ. തര്‍ക്കോവ്‌സ്‌കി സ്വപ്നങ്ങളെ ചിത്രീകരിച്ചത് യാഥാര്‍ഥ്യത്തെ ചിത്രീകരിക്കുന്നതിനേക്കാള്‍ ശ്രദ്ധയോടും സൂക്ഷ്മതയോടുമാണ്. അയാളുടെ സ്വപ്നദൃശ്യങ്ങളില്‍ ലിയോണാര്‍ഡോയ്ക്കും ബ്രൂഗെലിനും പിയറോ ഡെല്ലാ ഫ്രാന്‍സിസ്‌കയ്ക്കും കൂടുതല്‍ തെളിമ, അഴക്, അത് പകരുന്ന അറിവ്. കടലോരത്തെ മണല്‍പ്പരപ്പില്‍ ചിതറിയ ആപ്പിള്‍ക്കൂട്ടങ്ങള്‍, മഴ നനയുന്ന കുതിരകള്‍, മഞ്ഞുമലയിലെ ബാലന്റെ നെറുകയില്‍ ചിറകടിച്ചെത്തുന്ന പറവ, കത്തുന്ന വിറകിലേക്ക് നീട്ടിവെച്ച കൈപ്പത്തികള്‍, കണ്ണാടിയിലെ തീജ്വാല…..
കെജിഎസിന്റെ കവിതയിലുമുണ്ട് സ്വപ്നദൃശ്യത്തിലെ അതിസൂക്ഷ്മ പരിചരണങ്ങള്‍. സ്വപ്നം കഴിഞ്ഞ ഇരുട്ടില്‍ വയലിലേക്കിറങ്ങിയ തകഴിച്ചേട്ടന്‍ ആദ്യം കാണുന്നത് സ്വപ്നത്തിലെന്ന പോലെ തന്നെ; പണ്ടേ മരിച്ചുപോയ ഒരു കര്‍ഷകനെ. കണ്ടന്‍ മൂപ്പനെ. കണ്ടന്‍ മൂപ്പന് ‘പണ്ടേ മരിച്ചു’ പോയ മങ്കൊമ്പിലെ കാടിയാഴത്തു വയലിലെ പള്ളത്തു മൂത്ത പറയന്റെ ഛായയുണ്ട്. നെറ്റിയിലെ ദൈന്യം തിളക്കിയ ഭൂപടമറുകും കൈത്തഴമ്പും എല്ലാം ഒരേപോലെ. പള്ളത്തു മൂത്ത പറയനു കുട്ടനാടിന്റെ തീചരിത്രം പോലെ ഒരു ഭൂതകാലമുണ്ട്.
കാടിയാഴത്തെ വയലില്‍ നെല്ലു വിളഞ്ഞുകിടന്നപ്പോള്‍ ഒരിക്കല്‍ മട വീണ് എല്ലാം നശിച്ചുപോകുമെന്ന മട്ടായി. ജന്മി പ്രശ്‌നം വെച്ചുനോക്കിയപ്പോള്‍ ഒരു മനുഷ്യക്കുരുതി മാത്രമേ പരിഹാരമായി കണ്ടുള്ളൂ. ജന്മിയുടെ അടിയാന്‍ കൊച്ചിട്ട്യാതി മടകെട്ടിപ്പൊക്കാന്‍ വിദഗ്ദ്ധനായ മൂത്ത പറയനെ കൊണ്ടുവന്നു. കൊമ്പും ചളിയും കൊണ്ട് മട കെട്ടി ഉയര്‍ത്താന്‍ കട്ടയിട്ടു കൊടുക്കുമ്പോള്‍ ജന്മി ചതിയില്‍ പള്ളത്തു മൂത്ത പറയനെ കട്ടയ്ക്കടിയിലേക്കു വീഴ്ത്തി. നിമിഷങ്ങള്‍ക്കകം മൂത്ത പറയന്‍ കട്ടയ്ക്കടിയിലായി. ജന്മിയും കൂട്ടരുംകൂടി കട്ടയും കൊമ്പും ചവറുമിട്ടു മട നല്ലതുപോലെ ഉറപ്പിച്ചു. അക്കൊല്ലത്തെ കൊയ്ത്തിനു ജന്മിക്കു നല്ല വിളവുകിട്ടി.
പള്ളത്തു മൂത്തപറയന്റെ തനിഛായയുള്ള കണ്ടന്‍ മൂപ്പനാണ് നടരാജവിഗ്രഹത്തിലെ ശിവനടനം പോലെ കെജിഎസിന്റെ കവിതയില്‍ സ്വപ്നത്തിലേക്കിറങ്ങി നില്ക്കുന്നത്. എല്ലാ വിശദാംശങ്ങളോടെയും കെജിഎസ്, തര്‍ക്കോവ്‌സ്‌കി സിനിമ കാണിക്കുന്നുണ്ട്. മാഞ്ഞെന്നു തോന്നിച്ച മാന്ത്രികക്കുതിര, കാറ്റില്‍ ബോംബര്‍പ്പുക പോലെ അതിന്റെ വാല് നീണ്ടുലയുന്നത്, മൊണ്‍സാന്റോയുടെ വിഷമരുന്ന് അതിന്റെ വായില്‍നിന്ന് ഉരുകിയൊലിക്കുന്നത്. എല്ലാം സൂക്ഷ്മമായി പറഞ്ഞിരിക്കുന്നു.
ശിബ്ബോലെത്
‘ശിബ്ബോലെത്’ എന്നാല്‍ ഒരു പാസ്‌വേര്‍ഡ് ആണ്, ജീവിതത്തിലേക്കോ മരണത്തിലേക്കോ കടക്കാനുള്ള ഒരു അടയാള വാക്യം. അക്കരെ കടത്താനായി ബൈബിളില്‍ പറയുന്ന, പല അര്‍ത്ഥങ്ങളുള്ള ഒരു വാക്ക്. ‘എഫ്രായീമില്‍ നിന്നുള്ള ഒളിച്ചോട്ടക്കാരില്‍ ആരെങ്കിലും വന്ന്, ‘എന്നെ അക്കരെ കടക്കാന്‍ അനുവദിക്കേണമേ’ എന്നു പറയുമ്പോള്‍ ഗിലെയാദിലെ ജനങ്ങള്‍ അയാളോട് ഇങ്ങനെ ചോദിക്കും: ‘നീ ഒരു എഫ്‌റായീമിയനോ?’ ‘അല്ല’ എന്ന് അയാള്‍ പറയുമ്പോള്‍ അവര്‍ അയാളോട് പറയും: ‘എങ്കില്‍ ശിബ്ബോലെത് എന്നു പറയൂ.’ അത് ശരിയായി ഉച്ചരിക്കാന്‍ കഴിയാത്തതുകൊണ്ട് അയാള്‍ ‘സിബ്ബോലെത്’ എന്നു പറയും. അപ്പോള്‍ അവര്‍ അയാളെ പിടിച്ചു യോര്‍ദാന്‍ കടവുകളില്‍ വെച്ചു കൊല്ലും. അങ്ങനെ എഫ്രായീമരില്‍ നാല്പത്തീരായിരം പേര്‍ അവിടെ അക്കാലത്തു നിലംപതിച്ചു.’ (ന്യായാധിപര്‍ 1112, പഴയ നിയമം).
കൊളംബിയന്‍ ആര്‍ട്ടിസ്റ്റ് ഡോറിസ് സല്‍സിഡോ (Doris Salcedo) 2007-08ല്‍ ലോകപ്രസിദ്ധമായ റ്റേറ്റ് മോഡേണ്‍ (Tate Modern) ഗാലറിയിലെ വിശാലമായ ടര്‍ബന്‍ ഹാളില്‍ തന്റെ ഏറ്റവും പുതിയ കല അവതരിപ്പിച്ചിരുന്നു. അവര്‍ ഹാളിന്റെ തറയില്‍ അതിസൂക്ഷ്മമായി പണിയെടുത്തു നിര്‍മ്മിച്ച 548 അടി നീളമുള്ള ഒരു വിടവ് (crack) ആണ് കലാസൃഷ്ടി. ആഴമുണ്ട് എന്നു തോന്നിക്കുന്ന വലിയൊരു മുറിവ്, പിളര്‍പ്പ്, അതിര്, വേര്‍പാട്, അകല്‍ച്ച. കൊളംബി
യയിലെ പ്രക്ഷുബ്ധമായ രാഷ്ട്രീയ സാഹചര്യങ്ങളായിരുന്നു ഡോറിസിന്റെ കലയെ സ്വാധീനിച്ചിരുന്നത്. ഡോറിസിന്റെ കുടുംബാംഗങ്ങളില്‍ പലരും കൊളംബിയയുടെ ദുരൂഹമായ രാഷ്ട്രീയ കാരണങ്ങളാല്‍ അപ്രത്യക്ഷരായിട്ടുണ്ട്. അപ്രത്യക്ഷരാകുന്ന മനുഷ്യരും കൊളംബിയയിലെ വിസ്മൃതിയിലായ ഗ്രാമങ്ങളും ജൈവപ്രകൃതിയും ആലംബമില്ലാതെയാടുന്ന വീടുകളും അവയ്ക്കുള്ളിലെ തേയ്മാനം വന്ന വസ്തുക്കളുമാണ് ഡോറിസിന്റെ കലാസൃഷ്ടികള്‍ക്കു ആധാരമായിട്ടുള്ളത്. കസേരകള്‍ ഭരണകൂട വാസ്തുശില്പങ്ങള്‍ക്കുമേല്‍ നടന്നുകയറുന്നത്, കട്ടിലില്‍ പറ്റിപ്പിടിച്ചിരിക്കുന്ന കുട്ടികളുടെ നേര്‍ത്ത കുപ്പായങ്ങള്‍, മരഅലമാരയില്‍ മുളച്ചുപൊന്തിയ നെല്‍ച്ചെടികള്‍, രാഷ്ട്രീയഇരകളുടെ മൃതദേഹങ്ങള്‍ പുതപ്പിക്കുവാന്‍ സശ്രദ്ധം തുന്നിയുണ്ടാക്കിയ ചുവന്ന റോസാ ദളങ്ങളുടെ പുതപ്പ്, മൃഗത്തോലുകൊണ്ട് വായമൂടി മുടിനാരുകൊണ്ട് തുന്നിക്കെട്ടിയ ചെരുപ്പുകള്‍…
ഡോറിസിന്റെ റ്റേറ്റ് മോഡേണ്‍ ഗാലറിയില്‍ പ്രദര്‍ശിപ്പിച്ച കലാസൃഷ്ടിയുടെ പേര് ‘ശിബ്ബോലെത്’ എന്നായിരുന്നു. ഡോറിസിന്റെ വിള്ളലുകള്‍ മനുഷ്യശരീരത്തിലെ നാഡീഞരമ്പുകള്‍ പോലെ ലോകമാകെ നേര്‍ത്ത ഒരു കറുത്ത ഗര്‍ത്തമായി പടര്‍ന്നു കിടക്കുന്നു. ഭൂമദ്ധ്യരേഖ കടന്ന് പല രാജ്യങ്ങളുടെ അതിര്‍ത്തികളിലൂടെ ഇന്ത്യയുടെ തെക്ക് കന്യാകുമാരിവരെ നീളുന്ന നെടുങ്കനൊരു വിള്ളല്‍!
കുട്ടനാട്ടില്‍ ആവിള്ളലിന്റെ മറുകരെയായിരുന്നു തകഴിവയല്‍ക്കരയില്‍ തൂവെള്ള നിറവും തീനാവുമുള്ള പരദേശി മാന്ത്രികക്കുതിര നിന്നത്. അത് നിന്നയിടം മുഴുവന്‍ തരിശായിരുന്നു. ‘കനക വയല്‍ കാര്‍ന്നൊടുക്കുമ്പോള്‍ കൊള്ളക്കുതിരയൊലിപ്പിച്ച രാസഊറലില്‍ നെല്ലും മീനും ചീവീടും പുല്‍ത്തളിരും ചെറുമഞ്ഞും നീര്‍ക്കോലിയും നീര്‍ത്തുമ്പിയും’ വീഴുന്നത് ഡോറിസിന്റെ ഇരുട്ടു നിറഞ്ഞ ഭീമാകാരന്‍ വിള്ളലിലേക്കാണ്. ഭൂമിയുടെ അവകാശി
കളായ അവര്‍ പണ്ടൊരിക്കല്‍ ഭൂമിയുടെ കറുത്ത വിള്ളലിലേക്ക് വീണുപോയ സീതയോടൊപ്പം ചേര്‍ന്നു പാടുന്നുണ്ട്.
‘ജനയത്രി! വസുന്ധരേ! പരം
തനയസ്‌നേഹമൊടെന്നെയേന്തി നീ
തനതുജ്ജ്വലമഞ്ചഭൂവിലേ
ക്കനഘേ! പോവതു ഹന്ത! കാണ്മു ഞാന്‍.
ഗിരിനിര്‍ഝരശാന്തിഗാനമ-
ദ്ദരിയില്‍ കേട്ടു ശയിക്കുമങ്ങു ഞാന്‍
അരികില്‍ തരുഗുല്മസഞ്ചയം
ചൊരിയും പൂനിര നിത്യമെന്റെമേല്‍.
മുകളില്‍ കളനാദമാര്‍ന്നിടും
വികിര ശ്രേണി പറന്നു പാടിടും
മുകില്‍ പോലെ നിരന്നു മിന്നുമ
ത്തകിടിത്തട്ടില്‍ മൃഗങ്ങള്‍ തുള്ളിടും.’
ചിന്താവിഷ്ടയായ സീത: കുമാരനാശാന്‍
ഒരു പഴയ വിപ്ലവകാരി (സ്വയം വിശ്വസിച്ചു നടന്ന) സ്വവിജ്ഞാനം എതോ കാര്യസാദ്ധ്യത്തിൻ RSS, ബിെ ജെ പ്പി ലാവണത്തിെലെ ത്തിക്കാൻ പെടാ പാടുപെടുന്ന ദയനീയചിത്രം . ഈ വിജ്ഞാന വിപ്ലവം ഓണാട്ടുകരയും കുട്ടനാടും തൊണ്ടെ| തൊടാതെ വിഴുങ്ങാൻ പഴയ IRPSA ഒറ്റുകൊടുത്തും , തമസ്ക്കരിച്ചും മുേന്നേറിയ സമയമല്ലിത്. പുസ്തക വിജ്ഞാനം ഇപ്പോൾ നന്നായി ഗൂഗിൾ ഭഗവാൻ തരുന്നുണ്ട്. അതുകൊണ്ടു തെന്നെ ഈ മിക്സ്ങ്ങ് എല്ലാവർക്കും മനസിലാകും ചെയ്യുന്ന ആൾക്കൊഴിച്ച്